Saturday, July 6, 2013

സരിതവിപ്ലവം!

ആശയവിനിമയ രംഗത്ത് അതിഭയങ്കരമായ വിപ്ലവമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. സ്വന്തമായി ഒരു ഉപകരണം (ഫോണ്‍ എന്ന് പറയാന്‍ സഭ്യത അനുവദിക്കുന്നില്ല) പോലുമില്ലാത്ത മുഖ്യമന്ത്രിയും, ശിങ്കിടികളും തുടങ്ങി വെച്ച്, ചില മന്ത്രിമാരും, ചില എം എല്‍ എ മാരും എന്തിന് ചോട്ടാ നേതാക്കന്മാര്‍ വരെ മുന്‍കയ്യെടുത്തു ‘വിളിച്ചു’ വരുത്തിയ വിപ്ലവം!

സ്ത്രീ നാമധേയങ്ങള്‍ ചിലപ്പോള്‍ വിപ്ലവങ്ങള്‍ക്ക് അപാര മാനങ്ങള്‍ നല്‍കാറുണ്ട്. പണ്ട് ഷക്കീല എന്ന ഒരു നാമം മലയാള സിനിമാ ചരിത്രത്തിനു നല്‍കിയ വിപ്ലവകരമായ സംഭാവന നമ്മള്‍ മറന്നിരിക്കാനിടയില്ല! (ആ പേര് പകര്‍ന്നു നല്‍കിയ കോരിത്തരിപ്പുകള്‍ ഇപ്പോളും പല രോമകൂപങ്ങള്‍ക്കിടയിലും കുടുങ്ങികിടപ്പുണ്ടെന്നും, അവയെ ഇക്കിളി കൂട്ടി പുറത്തു കൊണ്ടുവരാന്‍ ഷക്കീലയുടെ ഹാസ്യാവതാരം ഉടനുണ്ടെന്നും വാര്‍ത്തകള്‍ക്കിടയില്‍ എവിടയോ വായിച്ചു.)

ഇവിടെ ഇപ്പോള്‍ ഒന്നല്ല രണ്ടാണ് സ്ത്രീ നാമധാരികള്‍.

ഒരാളെ വിളിച്ചെന്നതാണ് സംഭവമെങ്കില്‍, മറ്റെയാള്‍ വിളിച്ചപ്പോള്‍ വിളി കേട്ടതും, അവിടെ പോയി കരിക്ക് കുടിച്ചതും ഒക്കെ സംഭവത്തിന്‍റെ തുടര്‍ച്ച. വിളികള്‍ പത്തൊന്‍പതു സെക്കന്‍റ് മുതല്‍ നാനൂറു സെക്കന്‍റ് വരെ നീണ്ടു പോയി എന്ന് വാര്‍ത്ത! വിപ്ലവം തന്നെ. എന്തായിരിക്കും ഇത്രയും സെക്കന്‍റ് നീളത്തില്‍ വിനിമയം (തെറ്റിദ്ധരിക്കല്ലേ, ആശയം തന്നെയാണുദ്ദേശിച്ചത്) ചെയ്തിട്ടുണ്ടാവുക?

ഭാഗവതമോ അല്ല കൊണ്ഗ്രെസ്സ് ചരിതം തന്നെയോ ആയിരിക്കില്ല എന്നുറപ്പുണ്ട്, പഴയ പീ സീ സീ പ്രസിഡന്‍റ്ന്. കാരണം പ്രസ്തുത വിളികളെല്ലാം രാത്രിയിലാണ് വിളിക്കപ്പെട്ടത്‌. ഇനി ഇതൊന്നും രാത്രിയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന വല്ല ഇണ്ടാസും ഇറക്കിയിട്ടുണ്ടായിരുന്നോ ആവോ ടിയാന്‍ ആ കസേരയിലിരുന്ന കാലത്ത്.

ഏതായാലും ചാനലുകള്‍ ചാകര കൊയ്യുന്നു. വിളികളും, വളികളും ചര്‍ച്ച ചെയ്തു പെരുപ്പിക്കുന്നു. ക്ഷീരമെത്രയുണ്ടായാലും വിവാദങ്ങളല്ലേ അവര്‍ക്ക് ടി ആര്‍ പി എത്തിച്ചു കൊടുക്കുകയുള്ളൂ.

ഭരണകക്ഷം, (ക്ഷമിക്കണം, വിയര്‍ത്തു നാറി ഇരിക്കുകയല്ലേ, നാക്കൊന്നുടക്കി.) ഭരണപക്ഷം ജാള്യത മറയ്ക്കാന്‍ വിളികളെല്ലാം ജനങ്ങള്‍ക്ക്‌ വേണ്ടി, ജനങ്ങള്‍ക്ക്‌ വേണ്ടി എന്ന് അലമുറയിടുന്നു. നഗ്നനായ രാജാവ് എന്‍റെ വസ്ത്രങ്ങള്‍ സ്ഥാനത്ത് തന്നെ എന്ന് സ്വയം ആശ്വസിക്കുന്നു.

പ്രതിപക്ഷമാണെങ്കില്‍ സ്വപ്രഖ്യാപിത ക്രിയാത്മകത നിയമസഭയിലും, പുറത്തും പ്രദര്‍ശിപ്പിച്ച് വശം കെട്ടിരിക്കുന്നു. ഇവര്‍ ഒന്നിറങ്ങിയിരുന്നെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിന് ഒരുക്കം ചെയ്യാമായിരുന്നു എന്ന് മനോഗതം.

പോലീസിനും പുലിവാല് പിടിച്ച അവസ്ഥയാണ്. സിനിമാ താരത്തെ പിടിച്ചു ജീപ്പില്‍ കയറ്റാമോ? അവര്‍ക്കൊക്കെ എസ്കോര്‍ട്ട് പോയ പരിച്ചയമല്ലേ ഉള്ളൂ. പിന്നെ നാളെ വകുപ്പ്‌ മന്ത്രിയുടെ ചോദ്യം വന്നാല്‍ ആര് മറുപടി പറയും?

കേസും കൂട്ടവുമൊക്കെ അവിടെയിരിക്കട്ടെ. പണം പോയവന് പോയി. ഇനി ഇതും വെച്ച് ആര്‍ക്കൊക്കെ എന്തൊക്കെ നേടാമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്, ശ്രമിക്കുന്നത്, പരിശ്രമിക്കുന്നതും.


സരിതവിപ്ലവം ജയിക്കട്ടെ!