'സജീ, നിന്റെ കണ്ണുകൾക്ക് എന്തൊരാഴമാണ്. ഒരു കടലിനെ പിടിച്ച് അവിടെ കെട്ടിയിട്ടതു പോലെ.'
സജി, ഒരു പ്രതിബിംബം പോലെ അവൻ എന്റെ കണ്ണിലിരിക്കുന്നു. പെയ്യാത്ത മഴമേഘം പോലെ, വിങ്ങി വിങ്ങി ചുറ്റും ഒരുഷ്ണകാറ്റു തീർത്ത്.
"ഓ. നിനക്കറിയാൻപാടില്ലാത്തതു പോലെ. അതു ഞാൻ പകർത്തിയെടുത്തത് തന്നെ നിന്റെ കണ്ണിൽ നിന്നാ."
ചുമ്മാ. വെറുതെ. എന്നൊക്കെ മനസ്സിലുതിർന്നെങ്കിലും 'യെ ലോണ്ടാ ക്യും രോ രഹാ ഹൈ?' എന്ന്, കരയാത്ത എന്നെ നോക്കി, സാരി കൊണ്ട് തട്ടമിട്ട ഒരു ഹിന്ദിക്കാരി ആണുങ്ങളെ പറ്റിയുള്ള അലിഖിത നിയമം ഓർമിപ്പിച്ചത് അലോസരമുണ്ടാക്കുന്ന ചൂടുകാറ്റായ് മുഖത്തു പ്രതിധ്വനിച്ചു.
"ഓർമ്മയുണ്ടോ, അമ്മയുടെ മൂന്നാമത്തെ ഓപ്പറേഷൻ കഴിഞ്ഞന്നു രാത്രി. ആരോ നിന്നെ വിളിച്ചു പറഞ്ഞു ഈ രാത്രി കഴിയാൻ ബുദ്ധിമുട്ടാണെന്ന്. ചേച്ചിമാരോട് പറയണ്ടാന്നും. ആ ഫോൺ വെച്ചിട്ട് നീ ചുമരിൽ കണ്ണുതാഴ്ത്തി ഊറ്റിയെടുത്തത് ഒഴുകാൻ റെഡിയായി നിൽക്കുന്ന ഒരു കായലുമുഴുവനുമായിരുന്നു. നിസ്സംഗനായി അത് നിന്റെ കണ്ണിന്റെ ആഴത്തിൽ കൺപീലി കൊണ്ടൊളിപ്പിച്ച്, ശാന്തനായി ചുണ്ടും നനച്ച്, ഫ്ളാസ്ക് തരൂ വെളളം വേടിച്ച് വരാം എന്നും പറഞ്ഞ് ചേച്ചിമാർക്ക് കണ്ണു കൊടുക്കാതെ നീ..."
'സജീ നിന്റെ വാക്കുകൾക്കൊപ്പം കണ്ണിലും തിരയടിക്കുന്നു. പെരുമഴയും കൊണ്ടുവരുന്ന ഒരു ശീതക്കാറ്റ് നിന്റെ കവിൾതടങ്ങളിൽ ഊർജ്ജം സ്വരുക്കൂട്ടുന്നതു പോലെ.' നീ തിളക്കുന്നത് കണ്ട് അടിവയറ്റിലെവിടെയോ ഗദ്ഗദം മുളപൊട്ടുന്നുണ്ടോ?
"അന്ന് റോഡ് ക്രോസ് ചെയ്യുമ്പൊ വഴിചോദിച്ച നാഷനൽ പെർമിറ്റിലെ സർദാർജിക്ക് 'സാമ്നേ രുക്നാ നഹി. ചൽതേ രഹനാ' എന്ന് നീ അവസാനിപ്പിച്ചതിന് കാരണം മനസ്സിലായിക്കാണില്ല. റോഡിലെ വെളിച്ചം നിന്റെ കണ്ണിലെ തിരകളുടെ തിളക്കത്തിൽ പ്രതിഫലിച്ചതെന്തുകൊണ്ടെന്ന് ഒരു പക്ഷേ ആശുപത്രിയുടെ ബോർഡ് കണ്ട് അയാൾ തിരിച്ചറിഞ്ഞു കാണും. മരണമില്ലാത്ത മാതാപിതാക്കൾ അയാൾക്കുമുണ്ടാവില്ലല്ലോ. നിന്റെ മുഖത്തന്ന് ഉരുണ്ടുകൂടിയ മേഘഛായങ്ങൾ എന്നിലേക്കു പകർന്നു കാണും. ആ പടയൊരുക്കത്തിന്റെ പ്രതിഫലനമാകാം ഇപ്പോൾ അനുഭവിക്കുന്നത്."
'സജീ, നീ തുളുമ്പുന്നു. പ്രളയം അനിവാര്യമോ?'
"എപ്പോഴും പ്രിയപ്പെട്ട എന്തെങ്കിലും നഷ്ടപ്പെടാൻ തയ്യാറായിരിക്കണം എന്ന് ആശ്വസിപ്പിക്കാൻ പറഞ്ഞ സുഹൃത്തിന്റെ കൈ മുറുകെ പിടിച്ച്, അന്ന് രാത്രി അമ്മയുടെ കൂടെ ഏറ്റവും അടുത്ത് ഉണ്ടാവണം എന്ന വാശിയിൽ നിലത്ത് ഒരു പേപ്പർ വിരിച്ച് ഐസിയുവിന് പുറത്ത് കിടക്കുമ്പോൾ തുളുമ്പാൻ വെമ്പിയ പ്രളയം നിന്നിൽ നിന്ന് കടമെടുത്തതാണ് ഞാൻ. മേഘവിസ്ഫോടനത്തിന്ന് ഇടം കൊടുക്കരുതെന്ന് കൈത്തണ്ടയിൽ കടിച്ചു പിടിച്ചതും ഞാൻ കണ്ടതല്ലേ."
'സജീ...'
"ഉം?"
'ബോബി നിന്നെ ഏട്ടാ എന്ന് വിളിച്ചപ്പോൾ നീ പൊട്ടിചിരിച്ചതെന്തിനായിരുന്നു? തലയിൽ തലോടി സ്വയം നിയന്ത്രിക്കാനാവാതെ പൊട്ടി പൊട്ടി ചിരിച്ച് അതൊരു തേങ്ങലിൽ അവസാനിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ നീ ഗംഭീരമായി അഭിനയിച്ചു. കരച്ചിലിന് നിൻറെ കണ്ണാടിയിൽ ചിരിയുടെ രൂപം തെളിയുമായിരിക്കും.'
"എന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ ഇപ്പൊ ബാക്കിയുണ്ടാവില്ല എന്ന് അൻപതു ദിവസത്തെ ആശുപത്രി ദുരിതം കഴിഞ്ഞ് വീട്ടിലെത്തി കണ്ടപാടെ അച്ഛനോട് അമ്മ പറഞ്ഞില്ലേ. അത് കേട്ട് അച്ഛൻ ചിരിച്ച ചിരിയോളം വരുമോ? കല്യാൺട്ട്യേ എന്ന് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞ അമ്മമ്മയെ അയ്യേ എന്നും പറഞ്ഞു ചിരിച്ചു കാണിച്ച നീയും..."
'ഇനിയും വയ്യ സജീ. എൻറെ കണ്ണിൽ നിന്നും നീയൊന്നിറങ്ങി വാ. നിന്റെ മേഘം ഡോക്ടറുടെ വാക്കുകൾ കേട്ട് പെയ്തൊഴിഞ്ഞു. ആ വാക്കുകളും അയാളുടെ കുടവയറിൽ ചേർന്ന് നീ മുഖത്തെടുത്തു വെച്ച ഭാവപ്പെയ്ത്തും എവിടെയോ തറഞ്ഞു വേദനിപ്പിക്കുണ്ട്. സമയപ്രവാഹത്തിലേക്ക് അതെടുത്തൊഴുക്കാൻ സൗബിൻ ആയി നീ എന്നിൽ നിന്നിറങ്ങണം. പഴയ പല വേഷപ്പകർച്ചകളും കണ്ടു നോക്കി...'
ദിൽ ജീത് ലിയാ സൗബിൻ! ശരിക്കും മനം കവർന്നു!!
കുമ്പളങ്ങി നൈറ്റ്‌സിലെ എല്ലാ വെളിച്ചങ്ങൾക്കും സ്നേഹം.