Thursday, October 31, 2019

തോറ്റ നിഴലിന്റെ പ്രതിഛായ. 

അമ്മയാണ്

മിഠായി കൊതിച്ച കണ്ണുകളുടെ,
ഉമ്മകൾ കൊണ്ടു ചോരപൊട്ടിയ
വരണ്ട ചുണ്ടുകളുടെ,
ചുളുങ്ങിയ പാവാടകളുടെ
മറവിൽ കുതിർന്നവരുടെ,
മുറിഞ്ഞ ദ്വാരങ്ങളിലൂടെ
നീറി വിസർജിച്ചവരുടെ,
മരിച്ചതിന്റെ പേരിൽ 
തൂക്കിലേറിയവരുടെ.

മരിച്ച സ്വപ്നങ്ങൾ പെറുക്കുന്നയമ്മ.

മലർന്നോ കമഴ്ന്നോ
എന്നറിയാതെ മാംസത്തിൽ
കാമം ഛർദ്ദിച്ച നീലരക്തം
കണ്ടു കനലായ് തിളച്ച, മഴയായ് കരഞ്ഞ ഒടുവിൽ കരിക്കട്ടയായ് നനഞ്ഞുപോകാൻ സമ്മതം കിട്ടിയ
പാവമമ്മ.

പാതി തേങ്ങിയും, പാതി
യുറക്കെ ശപിച്ചും
മുഷിഞ്ഞ സാരി തുമ്പഴിച്ചു
നിലത്തു കിടത്തിയ
തൂക്കിലേറി മരിച്ച രൂപങ്ങളിൽ
നായ്പല്ലുകൾ തൊട്ടു കാണിച്ച
അവരുടെ അമ്മ

നീതിയുടെ
ചൂടുള്ള, ചൂരുള്ള ജഡവും,
എന്നും തിളക്കുന്ന സാമൂഹ്യ പാഥേയവും കൈകളിടത്തും വലത്തും കൂട്ടി പിടിച്ച് കരയുവാനാവാതെ പ്രാകി വിതുമ്പുന്ന
തോറ്റ നിഴലിന്റെ പ്രതിഛായ.

അമ്മയാണ്
കൈയ്യൂക്കിന്റെ
പിടിയിൽ പിടയുന്ന ന്യായാസനത്തിന്റെ
ത്രാസ്സിലെ പൊങ്ങിയിരിക്കുന്ന തട്ടിൽ
പൊള്ളുന്ന, മോങ്ങുന്ന നേരിന്റെ അമ്മ. 

Saturday, September 21, 2019

ബംഗാളി

പത്തു പന്ത്രണ്ടു വർഷമായി ഇയാളുടെ കൂടെ അടിമപ്പണിയെടുക്കുന്നു. ഇതിനിടെ ഒരിക്കൽ പോലും ഒരു തെറ്റ് വരുത്തിയിട്ടില്ല. എന്നിട്ടിപ്പോ ഒരു കുഞ്ഞുകാര്യത്തിന് അയാൾക്കറിയാവുന്ന തെറി മുഴുവൻ എന്റെ ചെവിയിലും മുഖത്തും തുപ്പലുകൊണ്ട് അഭിഷേകം ചെയ്തു വെച്ചിരിക്കുന്നു ദുഷ്ടൻ.

രഞ്ജിത് ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്.  നാവു പൊള്ളിയിട്ടും ചായക്ക് ചൂടില്ല എന്ന് ബംഗാളിയെ ചീത്ത വിളിച്ചു. പപ്സിലെ മസാലയ്ക്ക് ഉപ്പു കൂടുതലാണെന്ന് അവന്റെ വീട്ടിലിരിക്കുന്നവരെ കൂടി മനസ്സിലോർത്തു. എന്നിട്ടും പോരാതെ കൈ കഴുകുന്ന പൈപ്പ് ആഞ്ഞു തിരിച്ചു. അതു കരയാതെ തന്നെ തെളിനീർ പൊഴിച്ചു.

ഒരു ചെറിയ പരസ്യ കമ്പനിയിലെ സൂപർവൈസറാണ് രഞ്ജിത്. മാത്യു മുതലാളിയും  ഒരു സെയിൽസ് എക്സിക്യൂട്ടീവും പിന്നെ താനും ഒരു ഫോട്ടോകോപ്പിയറും കൂടെയാകുമ്പോൾ  കമ്പനി മുഴുവനും ആയി.

സപ്ളയറുടെ ക്വട്ടേഷൻ കമ്പനി മാർക്കപ്പ് കൂട്ടാതെ കസ്റ്റമർക്കയച്ചു കൊടുത്തു.  ഈ ഒരു ചെറിയ കൈപ്പിഴയ്ക്കാണ് അയാളുടെ വായിൽ വന്നതെല്ലാം കേട്ടത്. രഞ്ജിത്തിന് കോപം കൊണ്ട് ഇരിപ്പുറയ്ക്കാതെയായി. ബാഗിനുള്ളിൽ കൈയിട്ടു തപ്പി. അതു കയ്യിൽ തടഞ്ഞപ്പോഴാണ് ഒന്നു തണുത്തത്. വൈകിട്ട് സ്വയം മറന്നുറങ്ങാനുളള മരുന്ന്.

അപ്പുറത്തെ ടേബിളിൽ ഷറഫുദ്ദീനും ബാഗിൽ തപ്പുക തന്നെയായിരുന്നു. വിറക്കുന്ന കൈകൾ കൊണ്ട് എത്ര തപ്പിയാലും തലോടിയാലും കറി വെച്ച മത്തി പൊരിച്ചതാവില്ല എന്നറിയാത്തവനല്ല ഷറഫു. 'യ്ക്ക് രണ്ടു കയ്യേളളൂ. അതോണ്ട് വയ്ക്ക്ണത് ണ്ടാക്കി തരാ'ന്ന് പറഞ്ഞപ്പൊ ഓളെ തലയ്ക്ക് രണ്ടെണ്ണം കൊട്ക്കണ്ടതായിനു 'ഹിമാറ്.'

പെണ്ണു കെട്ടിയിട്ട് കൊല്ലം കുറെയായെങ്കിലും ഷറഫൂന് ഉമ്മാന്റെ പൊരിച്ച മത്തീന്റെ സ്വാദ് നാക്കിലുണ്ട്. റംലത്ത് എങ്ങിന്യൊക്കെ ഭക്ഷണണ്ടാക്കിയാലും അയ്ന്റടുത്തെത്തൂല. മത്തി പൊരിക്കാത്തേന് തലാക്ക് ചൊല്ലാനൊന്നും പറ്റൂലാലോ. സഹിക്കുക തന്നെ.

സേവ്യറും സഹികെട്ടു പോയി. ഹോട്ടലിലെ കാഷ്യർ ഹഫദിന്റെ സ്കൂട്ടർ റിപ്പയർ കഴിഞ്ഞു തിരിച്ചു കൊടുക്കാൻ കൊണ്ടവന്നതാ സേവ്യർ. ഒന്നര കിലോമീറ്റർ ഓടാൻ കാൽ മണിക്കൂർ! മൂന്ന് വലിയ കുഴികളിൽ വീണു. കല്ലുരഞ്ഞുണ്ടായ മുറിവിൽ ചളിവെള്ളം തട്ടി നീറുന്നു.   റോഡിലും ഭേദം അപ്പുറത്തെ വയലിലൂടെ ഓടിക്കുന്നതാ. ആരെയയെന്നില്ലാതെ പല്ലിറുമ്മി നാലു തെറി വിളിച്ചു, ഒന്നു കാറിതുപ്പി. 'ഈ നാടു നന്നാവില്ല.'

അങ്ങിനെ വേറെയും ഒരുപാട് പുരുഷപ്രജകൾ ആരോടൊക്കെയോ എന്തിനൊക്കെയോ തിളച്ചുയർന്ന കോപം കണ്ണുരുട്ടിയും പല്ലിറുമ്മിയും മുഷ്ടിചുരുട്ടിയുമൊക്കെ അടിച്ചമർത്തി വെച്ചിരുന്ന ഉച്ചവെയിൽ സന്ദർഭത്തിലാണ്  ചിരിച്ചു കൊണ്ടോടിയ ഒരു യുവാവിനെ ചൂണ്ടി കോയാക്ക പറഞ്ഞത്  'ആ ബംഗാളി എന്തോ കട്ടിട്ട് ഓടണതാണോ?'

'പിടിയവനെ', 'അടിയവനെ'.

ഞൊടിയിട കൊണ്ടാണ് അതൊരൂ കൂട്ടയോട്ടമായത്. പാവം ചങ്ങാതി, എന്തിനെന്നറിയാതെ അവനും ഓടി.

റോഡിലൂടെ, റോഡ് മുറിച്ചു കടന്ന്, പുതിയ ഷോപ്പിംഗ് മാളിനുള്ളിലേക്ക്, പുറത്തേക്ക്. മുന്നിൽ അവൻ; ദൂരെയല്ലാതെ പുറകെ അവരും. ബീവറേജസ് ക്യൂവിനു ചുറ്റും, തൊട്ടപ്പുറത്തുള്ള ഇടവഴിയിലൂടെ, ബാബുവേട്ടന്റെ വർക്ക്ഷോപ്പിലെ കാറുകൾക്കിടയിലൂടെ, പിന്നിലെ പാടവരമ്പിലൂടെ.

അവൻ ക്ഷീണിച്ചു പോയി. അവരാൾക്കൂട്ടമല്ലെ, ഊർജ്ജിതരായ ആൾക്കൂട്ടം. അവരവനെ വളഞ്ഞു.

ഒരടി പൊട്ടി.
'എടാ ബംഗാളീ.'

'യൂപി സെ ഹും. മെ ബേക്കസൂർ ഹും. '

'എടാ യൂപ്പിക്കാരൻ ബംഗാളി. ഇന്നലെ വേറെ പേരല്ലെടാ പറഞ്ഞത്. ഇന്ന് അത് മാറ്യോ? കള്ളൻ.'

'അടിയെടാ.'

പിന്നവിടെ അടിയുടെ പൂരമായിരുന്നു. ചുരുട്ടിവെച്ച മുഷ്ടികൾ അവന്റെ മേൽ പതിച്ചു. ഇറുമ്മിയ പല്ലുകൾ അവനെ കടിച്ചു. ഉരുട്ടിയ കണ്ണുകൾ അവനെ കരിച്ചു.

അവരുടെ മനോവ്യാപാരം ആരും കേട്ടില്ലല്ലോ.

'നീയെന്നെ ചീത്തവിളിക്കും അല്ലെടാ പരട്ട മാത്യു?' 'പൊരിക്കാൻ പറഞ്ഞാ കറിവെക്കുന്ന ബലാല്' 'നിനക്കൊക്കെ പശുവിറച്ചി കഴിക്കണമല്ലടാ?'  'ഒരു ചായ ചോദിച്ചാല് ണ്ടാക്കിക്കോളീന്ന് അല്ലെടീ?'
'ബൈക്ക് വാങ്ങാൻ കാശു ചോദിച്ചിട്ട് ജോലി ചെയ്ത് കാശ് ഉണ്ടാക്കിക്കോന്ന് അല്ലെടോ കിളവാ.' 'തുണി തിരുമ്പി തന്നതും പോരാ അയലില് ഇടാനും ഞാൻ വേണം അല്ലെടീ ____ മോളെ.' അങ്ങിനെ, അങ്ങിനെ...

പാവം യൂപ്പിക്കാരൻ ബംഗാളി. ഇതൊന്നും അവനറിയുന്നില്ലല്ലോ.

കൂട്ടത്തിൽ സേവ്യറിന്റെ ചോദ്യം മാത്രം അവൻ കേട്ടു.

ഈ നാടു നന്നാക്കാൻ നീയൊന്നും സമ്മതിക്കില്ല അല്ലേ?

Thursday, September 19, 2019

ശ്രാദ്ധബലി

ഒരുപിടിയരിമണി
പകുത്തുപിടിച്ചു ഞാൻ
മനസ്സുമുപ്പും നീരും
ചേർത്തു ബലിയായ് തീരാൻ
കെട്ടകാലത്തന്ത്യ
പൂജകളൊന്നുമേ ബാക്കി
വെച്ചിടാതമ്മയ്ക്കു
ശാന്തി, സദ്ചര്യക്കു ശാന്തി.

നിളയോ, നിറഞ്ഞൊഴുകുന്ന
ഖേദമോ, പാപപ്രളയത്തെ
മാറിലേറ്റാൻ സ്വയം ഭാഗീരഥി
തന്നെ തലയിൽ വീണോ?

ഒരുമണിയരി കൊണ്ട്
പിണ്ഡമൂട്ടി, ഞാനൊരു കോടി
യറിവിന്നു മോക്ഷമേകി.
മറുമണിയരി ഞാൻ
പൊതിഞ്ഞെടുത്തു,
തുളസിയിലകൊണ്ടു,
പാപങ്ങൾ പൊറുത്തുകിട്ടാൻ.
വീണ്ടുമൊരുമണിയരി
സ്നേഹത്തിനായുരുട്ടി
ബലിവെച്ചു
വേണ്ടുവോർക്കെല്ലാർക്കുമായ്.

ജപം ചൊല്ലി, വരം തന്നനുഗ്രഹിച്ചു
കർമി മറ്റൊരു സൗജന്യമനുവദിച്ചു
അവിടുണ്ട് ബ്രഹ്മാവ, വിടെ
ശിവൻ. തിരിഞ്ഞിവിടെ 
നാവാമുകുന്ദനെ പ്രാർത്ഥിക്കൂ,
കുളിച്ചു കേറൂ.

'ദക്ഷിണ, പിന്നെ
പരികർമിക്കെന്തങ്കിലും'
പുണ്യം തളിച്ച കൈ നീണ്ടു നിന്നു.

ബലിച്ചോറു ബാക്കി മനസ്സിലുരുട്ടി
ദക്ഷിണയായ് വെച്ചു
നമസ്കരിച്ചു.

'പ്രളയശേഷം
ഇതു നമുക്കായ് പിണ്ഡം
പാപങ്ങളിൽ നിന്ന്
ഭൂമിക്കു മോക്ഷം.'

Sunday, June 23, 2019

കർമഫലം

അച്ഛാ നമുക്കൊരു ഡ്രൈവിനു പോകാം?

പുറത്തു മഴപെയ്യുന്നുണ്ടല്ലോ കുഞ്ഞേ.

അതിനെന്താ നമുക്ക് വാതിൽ ചില്ലുകൾ താഴ്ത്തിയിട്ട് കുഞ്ഞൻ മഴസൂചികൾ മുഖത്ത് കൊളളിച്ച് വേദനിച്ചോണ്ടു പോകാം.

നിനക്ക് പനിപിടിക്കും

ഓ.. അപ്പൊളീ പൂക്കൾക്കും ചെടികൾക്കും മരങ്ങൾക്കുമൊക്കെയോ? പനി തൊട്ടുനോക്കാൻ നെറ്റിപോലുമില്ല അവർക്ക്.

അതെയതെ. വീറച്ചും കൊണ്ട് തലതാഴ്തി നിൽക്കുന്നത് മഴ നനയാനുളള സുഖം കൊണ്ടാണെന്നാ? മേൽക്കൂര ചോരുമ്പോൾ നനഞ്ഞൊതുങ്ങുന്നത് അവരുടെ കർമം. വാ കേറ്.

അച്ഛാ

ഉം?

ഞാനോടിക്കട്ടെ?

ഓകെ. ഗിയറും ഹാന്റ് ബ്രേക്കും തൊടരുത്.

ങ്ഹാ. അല്ല അപ്പൊ മഴ കൊളളാൻ പറ്റില്ലല്ലോ. ഞാനോടിക്കുന്നില്ല.

എങ്കിൽ ഞാൻ മാത്രമോടിക്കാം

അച്ഛാ ആ വളവിൽ സ്പീഡ് കുറക്കാതെ ബ്രേക്ക് ചെയ്യാതെ വളക്കണേ.

ഓ അപ്പോ സീറ്റ് ബെൽറ്റ് ഇടാനുള്ള പരിപാടി ഇല്ല.

പറന്നു നടക്കേണ്ട പ്രായമല്ലേയച്ഛാ. എന്നെ പിടിച്ചു കെട്ടിയിടാതെ..

...

അച്ഛാ

എന്താ

ആ അങ്കിളെന്താ ആ മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നത്?

അതൊരു വിശ്വാസമാണ് കുഞ്ഞേ. മഴപെയ്തു തീരും വരെ മരം പെയ്യില്ല എന്ന വിശ്വാസം. മഴക്കാലത്ത് ബൈക്കുയാത്രക്കാർ റെയ്ൻകോട്ടിനു പുറമെ കരുതുന്ന കവചം.

മഴപെയ്തു തോർന്നാലോ?

ബൈക്കും യാത്രക്കാരനും അവന്റെ സ്വപ്നങ്ങളും അവരുടെ യാത്ര തുടരും.

സ്വപ്നങ്ങളോ?

അതില്ലാത്ത മനുഷ്യരുണ്ടോ കുഞ്ഞേ?

അച്ഛനോ?

ഒരുപാടുണ്ട്.

എന്ത്. മാലാഖമാരും കുതിരകളും പിന്നെ രാജകുമാരനുമൊക്കെ?

ഉം. കൂടെ നിയും.

ഞാനിപ്പൊ കൂടെയില്ലെ. പിന്നെന്തിനാ സ്വപ്നത്തിൽ?

അപ്പോ നീയെപ്പഴും കൂടെയുണ്ടാവുമല്ലോ.

ഉം...

...

അച്ഛാ..

ന്താ

മഴ തോരുന്നതിന് മുൻപ് മരം പെയ്താലോ?

അതാ അങ്കിളിന്റെ കർമഫലം.

അപ്പോ അങ്കിളിന്റെ സ്വപ്നങ്ങൾ നനയില്ലേ.

അവയെപ്പോഴും ഈറനല്ലേ കുഞ്ഞേ. പൊൻവെയിലേറ്റാൽ പൊട്ടിമുളക്കാൻ പാകത്തിന്.

എല്ലാവരുടെയും?

ഹെന്ത്? സ്വപ്നങ്ങളോ?

ഉം. മാനസിക്കുമുണ്ടാവില്ലേ സ്വപ്നങ്ങൾ?

ആരാ ഈ മാനസി?

ബൈപാസിലെ സിഗ്നലിൽ ലൈറ്റുളള ബലൂണും ചപ്പാത്തി പലകയും വിശറിയുമൊക്കെ വിൽക്കുന്ന ആന്റിമാരില്ലേ. അവരുടെ കൂട്ടത്തിലുളളതാ.

അവളുടെ പേരെങ്ങിനെ മനസ്സിലാക്കി നീ?

അവൾക്കു പനി പിടിക്കുമെന്ന് വീട്ടിലിരുത്തിയാൽ ആ വിശറികളൊക്കെ ആരു പിടിക്കും? അടച്ചിട്ട ചില്ലിൽ തട്ടി തുറപ്പിക്കാൻ ആന്റിമാരുടെ കയ്യിൽ നിറയെ സാധനങ്ങൾ ഉണ്ടാവില്ലേ. സിഗ്നൽ  തുറക്കുന്നതിനു മുൻപ് കാശു വാങ്ങാൻ ആരുണ്ടാവും?

ശരി. പക്ഷെ മാനസി ഇതെല്ലാം നിന്നോടെപ്പോൾ പറഞ്ഞു? എന്റെ കൂടെയല്ലാതെ ഇതിലെ എപ്പോഴാ നീ പോയത്?

വെയിൽ കായുന്ന മരത്തിന്റെ ചോട്ടിൽ ഇവരുടെ കർമഫലം മഴയെ തടുക്കുമോ?അവൾ എന്നോട് ചോദിച്ച, ഞാനവൾക്ക് കൊടുക്കാൻ പോകുന്ന ബാർബി സ്റ്റിക്കർ വെയിൽ കൊണ്ടാൽ ബാർബി ഡ്രസ് ആകുമോ?

കുഞ്ഞേ നീയിതെന്തൊക്കെയാ പറയുന്നത്? ഇതൊക്കെ എപ്പോ?

അച്ഛനല്ലേ പറഞ്ഞത് സ്വപ്നങ്ങൾ എല്ലാവർക്കും ഉണ്ടെന്നു. എല്ലാവരും എന്നാൽ ഞാനും ഇല്ലേ.

കുഞ്ഞേ...

കർമഫലം എന്നാണോ അച്ഛാ?











Monday, June 10, 2019

ആസന്നമൃത്യു

മരണം ആസന്നമായിരിക്കുന്നത്രെ. അവളുടെ ശ്വാസഗതിയിലുണ്ടാവുന്ന ചെറിയ വ്യതിയാനങ്ങൾ,   ഓരോ ജീവാംശമായി ചലനം നിലക്കുന്ന ആ കുഞ്ഞു ദേഹം. കണ്ടു നിൽക്കാൻ വയ്യ.  കിടപ്പു മുറിയിലെ ഇരുട്ടിലേക്ക് തൽക്കാലം പിൻവാങ്ങി.

രണ്ടു പകലുകളായേയുളളൂ അവൾ ഞങ്ങളുടെ മുറ്റത്ത് അവതരിച്ചിട്ട്.
ഒരുപാട് കൗതുകവും കുറച്ചു വാത്സല്യവും പെയ്തു നിറച്ച് ഓമനത്തം തുളുമ്പുന്ന കുഞ്ഞുമുഖം കാട്ടി മയക്കി ആ സുന്ദരി കഴിഞ്ഞ കുറെ മണിക്കൂറുകളോളം ഞങ്ങളെ സ്നേഹം കൊണ്ട് നനച്ചു. വട്ടക്കണ്ണുകളും  മുല്ലമൊട്ടോളം പോലുമില്ലാത്ത കൊച്ചുകൊക്കും ആമിയുടെ പോലും കൈപിടിയുടെ കുസൃതിചൂടിലൊതുങ്ങുന്ന പിഞ്ചു ശരീരവും. മഞ്ഞ നിറത്തിലുള്ള മൃദു തൂവലുകൾ കൊണ്ടു പൊതിഞ്ഞ ആ രൂപത്തിൽ തന്നെയുണ്ട് ആരുടേയും ഹൃദയത്തിലേക്കു എളുപ്പവഴി തീർക്കുന്ന മഞ്ഞുപടികൾ.

ഒരു പൂച്ചയുടെ ക്രൗര്യത്തിനിടയിൽ നിന്ന് ജീവനിലേക്ക് അവളെ റാഞ്ചിയെടുത്തത് ദീപുവാണ്. നീലനിറമുളള പ്ളാസ്റ്റിക് കൊട്ടയിലേക്ക് ചേർത്തുവെച്ച് സ്നേഹം കൊണ്ടന്നമൂട്ടിയത് ഞായറാഴ്ചയാഘോഷിക്കാൻ തക്കം പാർത്തിരുന്ന മഞ്ജു. ഓമനയ്ക്കൊരു പേരു തിരഞ്ഞു പിടിച്ചത് മാളു, 'മിട്ടു' എന്ന ചേച്ചിയുടെ സമ്മാനം അവളുടെ സങ്കല്പചെവിയിൽ ഓതിയത് ആമി. ഇനി ഒരു പൂച്ചയും അതിന്റെ നിഴൽ പോലും അവളുടെ വേദനയ്ക്ക് കാരണമാകില്ലെന്ന് ബോഡീഗാർഡാകാൻ മനു. ഇതിനിടയിൽ റോളൊന്നുമില്ലെന്ന് മനസ്സിലായെങ്കിലും നെഞ്ചിൽ വാത്സല്യം തുളുമ്പി നന്ദുവിനെ മടിയിലെടുത്ത എനിക്കും വായിലൊരു വിരൽവെച്ചു ചുറ്റും നടക്കുന്നതും നോക്കിയിരുന്ന നന്ദുവിനും ചുടുകൗതുകം.

'അവൾക്കു പാറിനടക്കാനൊരു കൂടു വേണം' മേലെയാകാശത്തേക്കു പോയി എന്റെ നോട്ടം തിരികെ മഞ്ജുവിന്റെ മുഖത്തെത്തിയപ്പോഴേക്കും ഒരു പുഞ്ചിരി അവിടെ ഓടിയെത്തി. 'അവളു കുഞ്ഞല്ലേ, അത്രേം വലുതു പറ്റില്ല.' അവൾക്കു സ്വന്തമായൊരു കുഞ്ഞാകാശം തേടി ഞങ്ങൾ ഞങ്ങളുടെ മാലാഖമാരെയും തോളിലേറ്റി പുറത്തിറങ്ങി. സന്ധ്യക്ക് കൂടണയുമ്പോൾ അവൾക്കു വേണ്ടിയൊരു കൂടും കൂട്ടും ഞങ്ങൾ സംഘടിപ്പിച്ചിരുന്നു.

രാത്രി വൈകിയും മാളു മനു ആമിത്രയം കിളിക്കൂടിനു ചുറ്റും വലം വെച്ചു മിട്ടുവിനും അവളുടെ ചെക്കനും വേണ്ടി സ്വപ്നഗൃഹം തീർക്കുകയായിരുന്നു. നന്ദുവാകട്ടെ ഞായറാഴ്ച കഴിയാറായി എന്നു സൂചനകിട്ടിയതു പോലെ അമ്മയെ തന്നെ ചുറ്റിപ്പറ്റി നിൽക്കാനും തുടങ്ങി. കട്ടുറുമ്പുകളാവല്ലെ എന്ന് അവർക്ക് മനസ്സിലാകാത്ത പ്രയോഗം എടുത്തു വീശിയ ശേഷമാണ് അവർ തിങ്കളാഴ്ചയെ (ദു)സ്വപ്നം കാണാൻ കിടക്കയിലേക്ക് വലിഞ്ഞു കയറിയത്.

മിട്ടുവിന്റെ കാലിനെന്തോ പറ്റിയിട്ടുണ്ടമ്മെ എന്ന് മാളു മഞ്ജുവിനോടും  പൂച്ച കടിച്ചപ്പോൾ പറ്റിയതാവും മാമയോട് മൃഗാസ്പത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞിട്ടുണ്ട് എന്ന് മഞ്ജു മാളുവിനോടും പറയുന്നത് കേട്ടിട്ടാണ് എന്റെ പ്രഭാതം തിങ്കളാഴ്ചയായി പിറന്നത്. കൂടെ ഞാനും പോയേക്കാം എന്ന എന്റെ ആത്മഗതം അശരീരി ആയോ എന്നു സംശയിച്ച് നിൽക്കുന്ന നേരത്ത് ദീപു റെഡിയായ വിവരം മഴയുടെ ശക്തമായ അകമ്പടിയോടെ ഞാനറിഞ്ഞു.

ബെഡ്റിഗർ എന്ന ഒരു തരം ലൗ ബേഡാണ്. കാലൊടിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് മൃഗാസ്പത്രിയിലെ ഡോക്ടർ തന്റെ വൈദഗ്ദ്ധ്യം തുറന്നു മേശപ്പുറത്തു വെച്ചു. പക്ഷേ സൗകര്യമില്ലാതെ എന്തു ചെയ്യും? ഏതായാലും വിദഗ്ധ ഡോക്ടറുടെ പേരും അഡ്രസും തന്ന് അദ്ദേഹം ഞങ്ങളെ നല്ല വഴി നയിച്ചു.

ഡോക്ടർ ഷിഹാബ്. കുഞ്ഞുകുട്ടികളുടെ പ്രകൃതമുളള ഒരു ജീവസ്നേഹി. മിട്ടുവിന്റെ കൊച്ചു കൊക്കു കൊണ്ടുളള കടി പോലും 'ഹാ പതുക്കെ കടിക്കെടാ' എന്നു കുസൃതിയോടെ ആസ്വദിച്ചു. അതിന്റെ കാലു വലിച്ചും മടക്കിയും പരിശോധിക്കുന്നതിന്റെ കൂടെ ബെഡ്റിഗറിന്റെ ചരിത്രവും പറഞ്ഞു ഡോക്ടർ ഷിഹാബ്. ആസ്ത്രേലിയൻ ലൗബേഡാണത്രെ ബെഡ്ജീ എന്ന് ലോകം സ്നേഹത്തോടെ വിളിക്കുന്ന ബെഡ്റിഗർ. ഈ പേരിന് ആസ്ത്രേലിയൻ ആദിവാസി ഭാഷയിൽ മാംസം എന്നർത്ഥം.

മിട്ടു വേദനയിലായിരുന്നു. ആ വേദനക്ക് മറുമരുന്നു തേടുകയായിരുന്നു ഓരോ തവണ ഡോക്ടർക്ക് കിട്ടിയ കൊത്തിലൂടെയും.  പരീശോധനയുടെ ഓരോ ഘട്ടത്തിലും അവൾ പിടയുകയായിരുന്നു. ഇടയ്ക്ക് ഒരു പിടച്ചിലിനിടയിൽ ആ വട്ടക്കണ്ണുകളിലൊന്ന് എന്റെ കണ്ണുകളിലൊന്നുടക്കി വലിച്ചു.ഒരു കുഞ്ഞു കിളിവേദന നെഞ്ചിൽ നിന്നു താഴോട്ടിറങ്ങി എന്റെ ഇടതു കാലിനെ ചൂടറിയിച്ചു. പിന്നെയൊരു ചെറുകുളിരായ് താഴോട്ടു വീണ് തളളവിരലിൽ മരവിച്ചു.

ശബ്ദമാധുര്യമായി രണ്ടു പകലുകളിൽ ഞങ്ങൾിക്കു ചുറ്റും നിറഞ്ഞു നിന്ന (എന്റെ കൂടി) മിട്ടു അലറിക്കരയുന്നത് ശബ്ദസാഗരത്തിലൊരു മഞ്ഞുമലയായടർന്ന് ഉളളിൽ തറഞ്ഞുരുകിയൊലിക്കുന്നുണ്ടിപ്പോഴും. ഇളം കാലിൽ പ്ളാസ്റ്റർ കൊണ്ടു കെട്ടി അനക്കാതെ വെക്കാൻ ശ്രമിക്കുകയായിരുന്നു ഡോക്ടർ.

പിന്നെ അവൾ അധികം അനങ്ങിയിട്ടില്ല. ഇടയ്ക്കൊന്ന് ആരെയോ അറിയിക്കാനെന്ന മട്ടിൽ ഒന്നനങ്ങാൻ ശ്രമിക്കും പിന്നെ തളർന്ന് കണ്ണൊന്നടച്ചു തുറന്ന് വിശ്രമാവസ്ഥയിലേക്ക് മടക്കം.

കുട്ടികൾക്ക് മിട്ടു ചികിത്സയുടെ ഭാഗമായി വിശ്രമത്തിലാണ്. അവരുടെ ഉത്സാഹം ഒരു ദിവസം നീട്ടിവെക്കാൻ അതുമതി കാരണം. പക്ഷേ നാളെ രാവിലെ അന്വേഷിക്കില്ലെ അവർ? തണുപ്പ് കയറി ശ്വാസമവസാനിച്ച നിലയിൽി മിട്ടുവിനെ അവർ കാണണോ?
 
മിട്ടു യുദ്ധത്തിലാണ്. ശ്വാസം കുരുക്കിട്ടു വലിക്കുന്ന സ്വന്തം ശരീരത്തോട്. തണുത്ത ചിറകുകൾ കൊണ്ട് ചൂടകറ്റാൻ പുതക്കുന്ന മരണമെന്ന അതിശൈത്യത്തോട്.

നാളെ പുലരാൻ നീയുണ്ടാകുമെന്ന് മിട്ടു ഞാനും കരുതട്ടെ.


Tuesday, February 26, 2019

ദിൽ ജീത് ലിയാ സൗബിൻ!


'സജീ, നിന്റെ കണ്ണുകൾക്ക് എന്തൊരാഴമാണ്. ഒരു കടലിനെ പിടിച്ച് അവിടെ കെട്ടിയിട്ടതു പോലെ.'

സജി, ഒരു പ്രതിബിംബം പോലെ അവൻ എന്റെ കണ്ണിലിരിക്കുന്നു. പെയ്യാത്ത മഴമേഘം പോലെ, വിങ്ങി വിങ്ങി ചുറ്റും ഒരുഷ്ണകാറ്റു തീർത്ത്.

"ഓ. നിനക്കറിയാൻപാടില്ലാത്തതു പോലെ. അതു ഞാൻ പകർത്തിയെടുത്തത് തന്നെ നിന്റെ കണ്ണിൽ നിന്നാ."

ചുമ്മാ. വെറുതെ. എന്നൊക്കെ മനസ്സിലുതിർന്നെങ്കിലും 'യെ ലോണ്ടാ ക്യും രോ രഹാ ഹൈ?' എന്ന്, കരയാത്ത എന്നെ നോക്കി, സാരി കൊണ്ട് തട്ടമിട്ട ഒരു ഹിന്ദിക്കാരി ആണുങ്ങളെ പറ്റിയുള്ള അലിഖിത നിയമം ഓർമിപ്പിച്ചത് അലോസരമുണ്ടാക്കുന്ന ചൂടുകാറ്റായ് മുഖത്തു പ്രതിധ്വനിച്ചു.

"ഓർമ്മയുണ്ടോ, അമ്മയുടെ മൂന്നാമത്തെ ഓപ്പറേഷൻ കഴിഞ്ഞന്നു രാത്രി. ആരോ നിന്നെ വിളിച്ചു പറഞ്ഞു ഈ രാത്രി കഴിയാൻ ബുദ്ധിമുട്ടാണെന്ന്. ചേച്ചിമാരോട് പറയണ്ടാന്നും. ആ ഫോൺ വെച്ചിട്ട് നീ ചുമരിൽ കണ്ണുതാഴ്ത്തി ഊറ്റിയെടുത്തത് ഒഴുകാൻ റെഡിയായി നിൽക്കുന്ന ഒരു കായലുമുഴുവനുമായിരുന്നു. നിസ്സംഗനായി അത് നിന്റെ കണ്ണിന്റെ ആഴത്തിൽ കൺപീലി കൊണ്ടൊളിപ്പിച്ച്, ശാന്തനായി ചുണ്ടും നനച്ച്, ഫ്ളാസ്ക് തരൂ വെളളം വേടിച്ച് വരാം എന്നും പറഞ്ഞ് ചേച്ചിമാർക്ക് കണ്ണു കൊടുക്കാതെ നീ..."

'സജീ നിന്റെ വാക്കുകൾക്കൊപ്പം കണ്ണിലും തിരയടിക്കുന്നു. പെരുമഴയും കൊണ്ടുവരുന്ന ഒരു ശീതക്കാറ്റ് നിന്റെ കവിൾതടങ്ങളിൽ ഊർജ്ജം സ്വരുക്കൂട്ടുന്നതു പോലെ.' നീ തിളക്കുന്നത് കണ്ട് അടിവയറ്റിലെവിടെയോ ഗദ്ഗദം മുളപൊട്ടുന്നുണ്ടോ?

"അന്ന് റോഡ് ക്രോസ് ചെയ്യുമ്പൊ വഴിചോദിച്ച നാഷനൽ പെർമിറ്റിലെ സർദാർജിക്ക് 'സാമ്നേ രുക്നാ നഹി. ചൽതേ രഹനാ' എന്ന് നീ അവസാനിപ്പിച്ചതിന് കാരണം മനസ്സിലായിക്കാണില്ല. റോഡിലെ വെളിച്ചം നിന്റെ കണ്ണിലെ തിരകളുടെ തിളക്കത്തിൽ പ്രതിഫലിച്ചതെന്തുകൊണ്ടെന്ന് ഒരു പക്ഷേ ആശുപത്രിയുടെ ബോർഡ് കണ്ട് അയാൾ തിരിച്ചറിഞ്ഞു കാണും. മരണമില്ലാത്ത മാതാപിതാക്കൾ അയാൾക്കുമുണ്ടാവില്ലല്ലോ. നിന്റെ മുഖത്തന്ന് ഉരുണ്ടുകൂടിയ മേഘഛായങ്ങൾ എന്നിലേക്കു പകർന്നു കാണും. ആ പടയൊരുക്കത്തിന്റെ പ്രതിഫലനമാകാം ഇപ്പോൾ അനുഭവിക്കുന്നത്."

'സജീ, നീ തുളുമ്പുന്നു. പ്രളയം അനിവാര്യമോ?'

"എപ്പോഴും പ്രിയപ്പെട്ട എന്തെങ്കിലും നഷ്ടപ്പെടാൻ തയ്യാറായിരിക്കണം എന്ന് ആശ്വസിപ്പിക്കാൻ പറഞ്ഞ സുഹൃത്തിന്റെ കൈ മുറുകെ പിടിച്ച്, അന്ന് രാത്രി അമ്മയുടെ കൂടെ ഏറ്റവും അടുത്ത് ഉണ്ടാവണം എന്ന വാശിയിൽ നിലത്ത് ഒരു പേപ്പർ വിരിച്ച് ഐസിയുവിന് പുറത്ത് കിടക്കുമ്പോൾ തുളുമ്പാൻ വെമ്പിയ പ്രളയം നിന്നിൽ നിന്ന് കടമെടുത്തതാണ് ഞാൻ. മേഘവിസ്ഫോടനത്തിന്ന് ഇടം കൊടുക്കരുതെന്ന് കൈത്തണ്ടയിൽ കടിച്ചു പിടിച്ചതും ഞാൻ കണ്ടതല്ലേ."

'സജീ...'

"ഉം?"

'ബോബി നിന്നെ ഏട്ടാ എന്ന് വിളിച്ചപ്പോൾ നീ പൊട്ടിചിരിച്ചതെന്തിനായിരുന്നു? തലയിൽ തലോടി സ്വയം നിയന്ത്രിക്കാനാവാതെ പൊട്ടി പൊട്ടി ചിരിച്ച് അതൊരു തേങ്ങലിൽ അവസാനിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ നീ ഗംഭീരമായി അഭിനയിച്ചു. കരച്ചിലിന് നിൻറെ കണ്ണാടിയിൽ ചിരിയുടെ രൂപം തെളിയുമായിരിക്കും.'

"എന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ ഇപ്പൊ ബാക്കിയുണ്ടാവില്ല എന്ന് അൻപതു ദിവസത്തെ ആശുപത്രി ദുരിതം കഴിഞ്ഞ് വീട്ടിലെത്തി കണ്ടപാടെ അച്ഛനോട് അമ്മ പറഞ്ഞില്ലേ. അത് കേട്ട് അച്ഛൻ ചിരിച്ച ചിരിയോളം വരുമോ? കല്യാൺട്ട്യേ എന്ന് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞ അമ്മമ്മയെ അയ്യേ എന്നും പറഞ്ഞു ചിരിച്ചു കാണിച്ച നീയും..." 
'ഇനിയും വയ്യ സജീ. എൻറെ കണ്ണിൽ നിന്നും നീയൊന്നിറങ്ങി വാ. നിന്റെ മേഘം ഡോക്ടറുടെ വാക്കുകൾ കേട്ട് പെയ്തൊഴിഞ്ഞു. ആ വാക്കുകളും അയാളുടെ കുടവയറിൽ ചേർന്ന് നീ മുഖത്തെടുത്തു വെച്ച ഭാവപ്പെയ്ത്തും എവിടെയോ തറഞ്ഞു വേദനിപ്പിക്കുണ്ട്. സമയപ്രവാഹത്തിലേക്ക് അതെടുത്തൊഴുക്കാൻ സൗബിൻ ആയി നീ എന്നിൽ നിന്നിറങ്ങണം. പഴയ പല വേഷപ്പകർച്ചകളും കണ്ടു നോക്കി...'

ദിൽ ജീത് ലിയാ സൗബിൻ! ശരിക്കും മനം കവർന്നു!!

കുമ്പളങ്ങി നൈറ്റ്‌സിലെ എല്ലാ വെളിച്ചങ്ങൾക്കും സ്നേഹം.