രാവിലെ മുതൽ പെയ്യുന്ന മഴയൊന്നു മാറിനിന്നപ്പോൾ പതിവ് നടത്തം തെറ്റിക്കണ്ട എന്ന് കരുതി മുറിയിൽ നിന്നിറങ്ങിയതാണ്. നനഞ്ഞു പുണരുന്ന ഒരുതരം തണുത്ത കാറ്റ് പുറത്തു കാത്തിരിക്കുന്നുണ്ടായിരുന്നു. സൂര്യനസ്തമിച്ചിട്ടില്ലെങ്കിലും മേഘങ്ങൾ മൂടിനിൽക്കുന്ന ചക്രവാളം സന്ധ്യാപ്രതീതിയുണ്ടാക്കി ചുവന്നിരുന്നു. ഇരുട്ട് മണത്ത തെരുവ് വിളക്കുകൾ സൂര്യാംശമേറ്റെടുത്ത് സ്വയം പ്രകാശിക്കുകയും ചെയ്തിരുന്നു.
വീടിനുമുന്നിലെ പാർക്കിങ് ഏരിയ വെള്ളത്തിൽ മുങ്ങിക്കിടന്നു. രണ്ടു വണ്ടികൾക്കിടയിൽ നൊസ്റാൾജിയയിൽ മുങ്ങിക്കുളിച്ച ഒരച്ഛൻ കുറെ കടലാസു തോണികൾ മകനെ ഏൽപ്പിച്ചു ഫോണിലെ കാമറയിൽ ഭൂതകാലക്കുളിർ നിറയ്ക്കാനുള്ള ശ്രമത്തിലാണ്. വലിയ താത്പര്യമൊന്നുമില്ലാതെ ആ മകൻ 'ദിസ് ഈസ് നോട് ഹാപ്പനിംഗ് അച്ഛാ' എന്ന് ധൃതി കൂട്ടുന്നു. ഒടുവിൽ അതിലെ വന്ന ഒരു പച്ചയുടെ (പാകിസ്ഥാനികളെ ഞങ്ങൾ സ്നേഹത്തോടെ അങ്ങിനെയാണ് വിളിക്കാറ്) കയ്യിൽ ഫോൺ കൊടുത്ത് അച്ഛനും മകന്റെ കൂടെ കൂടുന്നു. അവരുടെ തോണികൾ കാലയന്ത്രത്തിൽ യാത്ര തുടങ്ങുന്നു. എന്റെ യാത്ര മുന്നോട്ട് തന്നെ.
ശനിയാഴ്ചകളിൽ തിരക്കുപിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കാൽനടപ്പാത ഇന്ന് വിജനമാണ്. ഒരു ഡെലിവറി ബോയ് തന്റെ സ്കൂട്ടറിൽ അക്ഷമനായി കാത്തുനിൽക്കുന്നതല്ലാതെ പെഡസ്ട്രിയൻ സിഗ്നലിൽ വേറെ ആരുമില്ല. കുറച്ചു താഴ്ന്നു കിടക്കുന്ന റോഡിൽ വെള്ളം നിറഞ്ഞ് ചെറുതല്ലാത്ത ഒരു ട്രാഫിക് ബ്ളോക് രൂപപ്പെട്ടിട്ടുണ്ട്. ചില കാറുകൾ ആരോടെന്നില്ലാതെ ഹോണടിച്ച് ദേഷ്യപ്പെടുന്നുണ്ട്.
വെള്ളക്കെട്ടുകൾ ഒഴിവാക്കി മുന്നോട്ട് പോകുന്നതിനിടയിൽ വാട്സാപ്പിൽ മഴയുടെ വിവിധ ചിത്രങ്ങൾ വന്നിറങ്ങിക്കൊണ്ടിരുന്നു. മഴയും മഴമേഘങ്ങളും മഴവെള്ളവും മഴവില്ലും ഫോണിന്റെ സ്റ്റോറേജ് ടാങ്ക് നിറച്ചു.
എന്നും വെളിച്ചത്തിൽ ബഹളമുണ്ടാക്കി കുളിച്ചു നിൽക്കാറുള്ള ടർഫിൽ ഇന്ന് ഇരുട്ടും നിശ്ശബ്ദതയും മാത്രം. മഴ പെയ്തത് കൊണ്ടാവണം ഗ്രൗണ്ടിൽ കളിക്കാനും കളി കാണാനും ആരുമില്ല. ടർഫിന്റെ ഗേറ്റിനു മുന്നിൽ വെള്ളം കെട്ടിക്കിടക്കുന്നത് വൈപ്പർ ഉപയോഗിച്ച് ഫുട്പാത്തിലേക്ക് തെറിപ്പിച്ചു കളയുന്ന വൃത്തിയായി വസ്ത്രം ധരിച്ച ചെറുപ്പക്കാരൻ എന്നെ കണ്ട ഭാവമില്ല. മുന്നോട്ടു നടന്നാൽ ആ വെള്ളം എൻ്റെ ദേഹത്തു തെറിച്ചു വീഴും. അല്ലെങ്കിൽ ഫുട്പാത്തിൽ നിന്നിറങ്ങി റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം ചാടിക്കടന്ന് ഒഴിഞ്ഞു മാറി പോകണം. വല്ല വണ്ടിയും വന്നാൽ റോഡിലെ ചെളിയും വെള്ളവും മേലാസകലം അഭിഷേകം ചെയ്യും.
അയാളുടെ പണി മുടക്കേണ്ട എന്ന് ഞാൻ റോഡിലേക്കിറങ്ങി. വെള്ളക്കെട്ട് വലം വെച്ച്, ചളിയിൽ ചവിട്ടാതിരിക്കാൻ പ്രയാസപ്പെട്ട് നിൽക്കെ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. എന്നെയും നോക്കി നിൽക്കുകയാണ് അയാൾ. സംസാരിക്കാൻ പൊതുവായ ഒരു ഭാഷ ഞങ്ങൾക്കിടയിൽ ഇല്ലെന്നു മനസ്സിലാക്കി നിങ്ങൾക്കിതിലെ പോകാൻ വേണ്ടിയല്ലേ ഞാൻ ഇത് നിർത്തിയത് എന്ന ഭാവത്തോടെ അയാൾ കൈ കൊണ്ട് ഫുട്പാത്തിലേക്ക് വഴി ചൂണ്ടിക്കാട്ടി.
നീട്ടിയൊന്നു ചിരിച്ച് ഫുട്പാത്തിലേക്ക് തിരിച്ചു ചാടിക്കയറി അയാൾ കേൾക്കത്തക്ക വിധത്തിൽ ഞാൻ വിളിച്ചു പറഞ്ഞു, 'ശുക്രൻ.' തലയാട്ടി ചിരിച്ച് അയാൾ അത് വരവ് വെച്ചു.
തണുത്തിരുന്ന മനസ്സും ശരീരവും നനഞ്ഞലിഞ്ഞു. മനുഷ്യൻ മുന്നോട്ട് നടന്നു.




