ഗൃഹാതുരത്വം എന്നൊക്കെ തർജ്ജമ ചെയ്ത് പറയുമ്പോളും നൊസ്റ്റാൾജിയ എന്ന വാക്കിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊള്ളാൻ നമുക്ക് ഒരു വാക്ക് ഇല്ലാതെ വരുന്നു മലയാളത്തിൽ.
പണ്ടെങ്ങോ പെയ്ത ഒരിളം മഞ്ഞിന്റെ തണുപ്പ്, മനസ്സിലെരിവേറ്റിയ ഏതോ ഒരു തീവ്ര വേർപാടിന്റെ ചൂട്, കുളിരു കൂട്ടായി വന്ന ഒരു പനി രാത്രിയുടെ വിയർത്ത മുഷിപ്പ്, ഓര്മകളിറ്റുവീണ ഏതോ പ്രണയനിലാവിന്റെ ശേഷിപ്പ്, ഇതൊന്നുമല്ലാതെ വെറുതെ കളഞ്ഞ സമയത്തിന്റെ വിലയില്ലാതെ പൊതിഞ്ഞെടുത്ത നിമിഷ ശകലങ്ങൾ. അമൂല്യമായ ഈ ഭാവങ്ങളൊന്നും ഗൃഹാതുരത്വം എന്ന് ഉപയോഗിക്കുമ്പോൾ പകർന്നു കിട്ടുന്നില്ല. മാത്രവുമല്ല ചെറിയ ഒരു കൃത്രിമത്വം കടിച്ച്, ഓർമകളുടെ മധുരം തന്നെ ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയിലാവാറുണ്ട് ചിലപ്പോളൊക്കെ മറുവാക്ക് മനനം ചെയ്യുന്ന തിരക്കിൽ ഞാൻ.
മഴക്കാലത്ത് ഓർമകൾക്ക് തെളിച്ചം കൂടാറുണ്ട്. ചെറുപ്പത്തിലെ ഓരോ ഓർമ്മക്കീറിനും മഴക്കാറിന്റെ കുട ചൂടിയ ഒരു തണൽ മേലെയുണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ കാര്മേഘച്ഛവി കണ്ടാൽ മതി ഓർമ്മകൾ കുപ്പായമെടുത്തിട്ട് ഒരിറക്കമാണ്, മഴയിറമ്പത്തേക്ക്.
സൂചിയിൽ നൂല് കോർക്കുകയായിരുന്നു. സൂചിക്കുഴയും നൂൽത്തുമ്പും എതിർ ദിശയിൽ തെന്നിമാറാൻ മത്സരം. കാറ്റൊന്നു വീശിയതേയുള്ളു, മഴയിരമ്പം കേട്ടതേയുള്ളൂ. പകൽവെളിച്ചമൊന്ന് മങ്ങിയതേയുള്ളൂ. സൂചി പിടിച്ച വിരലുകൾ എന്റേതല്ലാതായി. അമ്മയോ ചേച്ചിയോ ആരോ ഒരുപോലെയുള്ള ശബ്ദത്തിൽ എന്റെ കയ്യിലുള്ള നൂലിന് വഴികാണിക്കുന്നു. എന്റെ കൈ വലിച്ചടുപ്പിച്ച് നൂൽത്തുമ്പ് വായിലിട്ടു നനക്കുന്നു. വാത്സല്യം വാക്കുകളിലൂടെ അറിവുകളായി മനസ്സിൽ കയറുന്നു. അവ പിന്നെ എപ്പോഴോ തലച്ചോറിലെ സ്റ്റോറേജ് മെമ്മറിയിൽ ബൈറ്റുകളായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാവും.
പറഞ്ഞുവന്നത് ഓർമകളെ പറ്റിയാണ്. ഗൃഹാതുരത്വം എന്ന് കഠിനമായ പേര് നൽകി വിളിക്കുന്ന ഓർമ്മത്തണുപ്പിനെ പറ്റി. വെറുതെ ഇരിക്കുമ്പോൾ വിളിക്കാതെ വരുന്ന ചിന്താഭൂതങ്ങളെ കുറിച്ചല്ല. മനസ്സിന്റെ താരള്യത്തിൽ ലോകത്തോട് മൊത്തം പ്രണയം വരുമ്പോൾ താനിരുന്നിട്ടുള്ള എല്ലാ ഭൂവിടങ്ങളുടെയും ചലനചിത്രങ്ങൾ ഉള്ളിലെ തിരശീലയിൽ മോഹിപ്പിക്കുന്ന ആശാഭംഗങ്ങളായി പ്രത്യക്ഷപ്പെടുന്ന വികാര പ്രകാശനത്തെ പറ്റി.
ഇയ്യിടെ എന്നെ നനയ്ക്കുന്ന ഓർമ്മമഴകൾ മരുഭൂമിയിൽ നിന്ന് വരുന്നവയാണ്. റാസ് അൽ ഖൈമയിൽ നിന്ന് ദുബായിലേക്കുള്ള പുലർകാല യാത്ര, പുലർച്ചയ്ക്കു തെളിമ നൽകുന്ന ബാങ്ക്‌വിളി. ജഗ്ജീത്തിന്റെ ഗസൽ. മൂടൽ മഞ്ഞിൻറെ വെളുത്ത മറ. വഴിയിൽ കെട്ടും തെളിഞ്ഞും സാന്നിദ്ധ്യം അറിയിക്കുന്ന ഒതുക്കിയിട്ടിട്ടുള്ള വാഹനങ്ങളുടെ മഞ്ഞവെളിച്ചം.
വ്യാഴസന്ധ്യകൾ രാത്രിയിലേക്കും പിന്നെ പാതിരാത്രിയിലേക്കും സഞ്ചരിക്കുന്ന ദുബായ് തെരുവിരമ്പം. ക്ഷീണിച്ചുറങ്ങാൻ തുടിച്ച് പിൻസീറ്റിൽ പരസ്പരം സ്നേഹിച്ചാശ്ലേഷിച്ചു കിടക്കുന്ന കുഞ്ഞുങ്ങൾ. ഷാർജാ റോഡുകളിലെ തിരക്കൊഴിവ്. പാർക്കിങ്ങിന് സ്ഥലം തിരയുന്ന യാത്രാക്ലേശം. പിന്നെ കുറെ ഖോർഫക്കാൻ, അലൈൻ, കൽബ ദീര്ഘയാത്രകൾ.
ചെറിയ മഴച്ചാറൽ. റോഡുകളിൽ വെള്ള കെട്ടുകൾ. നാട്ടിലെ മഴയെ കുറിച്ച് നെടുവീർപ്പുകൾ.
മഴയില്ലാതെ നൊസ്റ്റാൾജിയ വരില്ലാന്ന് വെച്ചാൽ...

No comments:
Post a Comment