Wednesday, October 25, 2023

യു ആര്‍ സ്റ്റില്‍ അലൈവ്?

‘ഹലോ ബ്രദര്‍. വെയ്നിന്ത സടീഷ്? യു ആര്‍ സ്റ്റില്‍ അലൈവ്?

ഞെട്ടിയത് ഞാനാണ്. ഹലോ എന്ന് മാത്രം പറഞ്ഞ് ഒരു സസ്പെന്‍സ് ഉണ്ടാക്കാന്‍ ഉള്ള എന്‍റെ ശ്രമം പൊളിഞ്ഞു. ഒറ്റ വാക്കില്‍ എന്‍റെ ശബ്ദം തിരിച്ചറിഞ്ഞ് ഒരു സ്നേഹപ്പടക്കം എന്‍റെ ചെവിയില്‍ പൊട്ടിച്ച് അവന്‍ ആഹ്ളാദപ്രകടനം തുടങ്ങി.

മുനീറിനെ വിളിച്ചത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ്. അവധി ദിവസത്തെ വിരസത ഇങ്ങനെ ഫോണ്‍ സംഭാഷണങ്ങളിലൂടെ മറികടക്കാന്‍ പറ്റുമെന്ന് കണ്ടുപിടിച്ചത് അടുത്തകാലത്ത്. രാവിലെ തന്നെ ഫോണില്‍ ശേഖരിച്ചിട്ടുള്ള നമ്പറുകള്‍ തിരഞ്ഞ് പഴയ കൂട്ടുകാരെ വിളിച്ചു ഞെട്ടിക്കുന്നത് ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു എല്ലാ ഞായറാഴ്ച്ചകളിലും. നമ്പറുകള്‍ കുറെ പേരുടെ മാറിയിട്ടുണ്ട്. ചിലരൊക്കെ ഔപചാരികതയില്‍ ഒതുക്കും. മൌനം പാലിക്കും പിന്നെ ഫോണ്‍ വെക്കും. മുനീറിനെ പോലെ ചിലര്‍ പ്രസരിപ്പോടെ നമ്മെ ആനന്ദിപ്പിക്കും.

ഏഴോ എട്ടോ വര്‍ഷങ്ങള്‍ ആയിട്ടുണ്ടാവും മുനീറിനെ കണ്ടിട്ട്. ടൊയോട്ട ഷോറൂമില്‍ വെച്ച് പരിചയപ്പെട്ടതാണ് പന്ത്രണ്ട് കൊല്ലം മുന്‍പ്. ആളുകളെ സന്തോഷിപ്പിക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് തമാശയിലൂടെ ഉത്തരം പറയാനും ഉള്ള അവന്‍റെ താത്പര്യം, എത്ര ദേഷ്യത്തില്‍ സംസാരിച്ചാലും തീരെ മുഷിയാതെയുള്ള മറുപടി ഇതെല്ലാം അവന്‍റെ ഫോണ്‍ നമ്പര്‍ സൂക്ഷിച്ചു വെക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഇടക്കൊക്കെ ആഫ്റ്റര്‍ സെയ്ല്സ് സര്‍വീസ് എന്ന് പറഞ്ഞ് അവന്‍ ഇങ്ങോട്ടും സര്‍വീസ് കംപ്ലൈന്റ്റ്‌ എന്ന് ഞാന്‍ അങ്ങോട്ടും സൗഹൃദം മിനുക്കിക്കൊണ്ടിരുന്നു.  

ആ തടിച്ച ശരീരവും എപ്പോഴും ചിരിച്ചു കൊണ്ട് കളിപറയുന്ന ഊര്‍ജ്ജസ്വലതയും ഓര്‍ത്തപ്പോള്‍ നമ്പര്‍ മാറിയിട്ടുണ്ടാവും എന്നെ മറന്നിട്ടുമുണ്ടാകാം, എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി.

കുശലാന്വേഷണങ്ങള്‍ക്കിടെ കുടുംബത്തെയും കുട്ടികളെയും പറ്റി മാതാപിതാക്കളെ പറ്റി ജോലിയെ പറ്റി ഒക്കെ അവന്‍ ചോദിച്ചു. മക്കളെ പിരിഞ്ഞു നില്‍ക്കുന്ന വേദനയെ പറ്റി പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു.

‘ഗുഡ് ഐ ഡിഡ് നോട്ട് മാരി.’

‘തിരിച്ചു പോകുമ്പോള്‍ നിന്നെ സ്വീകരിക്കാന്‍ നിന്റെ കുടുംബവും കുട്ടികളും നിന്റെ വീട്ടില്‍ കാത്തിരിക്കുന്നുണ്ടാവും. അവര്‍ നിന്നെ സ്നേഹം കൊണ്ട് പൊതിയും. അവരെ ദൈവം അനുഗ്രഹിക്കട്ടെ.

ബട്ട്‌ വെന്‍ ഐ ഗോ ബാക്ക്, ഐ വില്‍ ബി ഗോയിംഗ് ബാക്ക് ടു എ ഗ്രൈവ്.’  

അവന്‍ അത്രയും പറഞ്ഞപ്പോള്‍ മാത്രമാണ് അവന്‍റെ പാലസ്തീനി പശ്ചാത്തലം ഞാന്‍ മറന്നല്ലോ എന്ന് വിഷണ്ണനായത്. തിരിച്ചുപോവാന്‍ ഒരു രാജ്യം പോലുമില്ലാത്ത പ്രവാസിയാണ് ഞാന്‍ എന്ന് ഒരിക്കല്‍ അവന്‍ പറഞ്ഞത് അന്ന്  മനസ്സില്‍ ഒരു കൊടുങ്കാറ്റൊരുക്കിയിരുന്നു.

അവര്‍ അനുഭവിക്കുന്ന യുദ്ധാവസ്ഥയെ മറന്ന് കുടുംബത്തിന്‍റെ സൌഖ്യം അന്വേഷിച്ചത് അനുചിതമായി എന്ന് വിഷമിച്ചു കുറച്ചു നേരം നിശ്ശബ്ദനായി പോയി.

‘സാരമില്ല. ഞങ്ങള്‍ക്ക് ഇതൊക്കെ ശീലമാണ്.’ എന്ന് ഒരു ചെറു പുഞ്ചിരി ശബ്ദത്തില്‍ കലര്‍ത്തി അവന്‍ എന്‍റെ വിഷമത്തിന് മരുന്ന് കുറിച്ചു.

‘ദിസ്‌ ടൈം ഐ ലോസ്റ്റ്‌ മൈ ബാബ. മൈ ബ്രതര്‍ ലോസ്റ്റ്‌ ഹിസ്‌ വൈഫ് ആന്‍ഡ്‌ ഹിസ്‌ ലെഗ്. പിന്നെ കുറച്ച് കസിന്‍സ്, അവരുടെ ഏഴു കുട്ടികള്‍. ഫോര്‍ട്ടീന്‍ ആള്‍ടുഗെതര്‍.’

ഒരു സ്വാഭാവിക സംഭവം വിവരിക്കുന്നത് പോലെ അവന്‍ പറഞ്ഞു. പിന്നെ ഒരു കുഞ്ഞു ഭൂകമ്പം പോലെ ചിരിച്ച് ആവര്‍ത്തിച്ചു.

‘ഗുഡ് ഐ ഡിഡ് നോട്ട് മാരി.’

ഭാര്യയും അഞ്ചുവയസ്സുകാരി മകളും കഴിഞ്ഞ വര്‍ഷം അമ്മയുടെ കൂടെ വധിക്കപ്പെട്ടു അപ്പോള്‍ ഞാന്‍ അവിവാഹിതനല്ലേ എന്ന ലോജിക് താങ്ങാന്‍ എനിക്കായില്ല. എന്‍റെ നെടുവീര്‍പ്പ് ഉച്ചത്തിലുതിര്‍ന്നു.

അവന്‍ നിര്‍വികാരനായി.

‘ഞങ്ങളുടെ ആള്‍ക്കാര്‍ ഉന്നം തെറ്റി വിട്ടതാണ് എന്ന് അവരും അവരുടെ റോക്കറ്റ് ആണ് എന്ന് ഞങ്ങളുടെ കൂട്ടരും. പതിനേഴ്‌ കുട്ടികള്‍, അതിലൊന്ന് എന്‍റെ കുഞ്ഞും.’

‘വീ ആര്‍ ഡെസ്ടിന്‍ട് ടു ഡൈ യംഗ്.’

‘ഈ നമ്പറില്‍ വാട്സാപ് ഇല്ലേ. വീ വില്‍ ബി ഇന്‍ ടച്ച്‌. ലെറ്റ്‌  മീ ഷെയര്‍ സംതിംഗ്.’

അവന്‍ ഫോണ്‍ വെച്ചു. തൊട്ടുപുറകെ രണ്ടുമൂന്ന്  വീഡിയോ എന്‍റെ വാട്സാപ്പില്‍ വന്നു ചേര്‍ന്നു.

രണ്ടോ മൂന്നോ വയസ്സുവരുന്ന ഒരു പെണ്‍കുട്ടി. ഓമനത്തം നിറഞ്ഞ മുഖത്ത് നിറയെ അമ്പരപ്പ്. വെള്ളവും തുണിയും കൊണ്ട് അവളുടെ മുഖവും വായയും കഴുകി തുടക്കുകയാണ് ചുറ്റും നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍. കയ്യില്‍ ചോരപ്പാടുകള്‍ ഉണ്ട്. കാല്‍മുട്ടില്‍ നിന്ന് ചോരപൊടിഞ്ഞിറങ്ങുന്നു.

വേറൊന്നില്‍ കുറച്ചുകൂടി വലിയ ഒരു ആണ്‍കുട്ടി ഇരുന്നു കരയുകയാണ്. അമ്മേ എന്ന് വിളിച്ച് (എനിക്ക് തോന്നിയതാവാം) എങ്ങിക്കരയുകയാണ് അവന്‍. കഴുത്തിലൂടെ ചോര ഒലിച്ചിറങ്ങുന്നു. നെറ്റിയിലെ മുറിവ് ഒരു തുണികൊണ്ട് പൊത്തിപ്പിടിച്ചാണ് അവന്‍ കരയുന്നത്.

പിന്നെയും കുറെ കുട്ടികള്‍ കരയുന്നതും, വാശിപിടിച്ച് അലമുറയിടുന്നതും ഒക്കെ കണ്ടു മനസ്സ് മരവിച്ച് ഞാന്‍ ഫോണ്‍ മാറ്റി വെക്കാന്‍ തുടങ്ങുകയായിരുന്നു. വാട്സാപ്പില്‍ അവന്‍റെ ഓഡിയോ.

‘ആദ്യത്തേതില്‍ എന്‍റെ പെങ്ങളുടെ കുഞ്ഞാണ്. അവളുടെ മുഖത്ത് നിന്ന് വെടിമരുന്നും സിമന്റും ഒക്കെ കഴുകി കഴിഞ്ഞിട്ടേ അവര്‍ ചികിത്സ തുടങ്ങുകയുള്ളൂ. രണ്ടാമത്തേത് ചേട്ടന്റെ മകന്‍. ‘വേയ്ന്‍ അമ്മീ’ (എന്‍റെ അമ്മ എവിടെ?) എന്ന് പറഞ്ഞാണ് അവന്‍ കരയുന്നത്.’

‘എന്ത് ചെയ്യാം. ഞങ്ങള്‍ ഇങ്ങനെ മരിച്ചുകൊണ്ടിരിക്കും. ഹമാസ് സെന്റ്സ് അസ്‌ ഗിഫ്റ്റ്സ് ആന്‍ഡ്‌ ഇസ്രായീല്‍ ഡെലിവേര്സ് തെം.’



Wednesday, October 18, 2023

Orphans of God

 It happened on a Sabbat day -
(What better day to break peaceful prayers?)
It was happening on all prayer days.
Duress forces prayers all the time,
You just didn’t know.
 
(Occasional fireworks on tv,
And smoke and skeletons of a town
Must be tiring and no fun
Comfort sure demands more.)
 
They must meet, prayers,
on way to their God
Rockets, missiles and blood.
All the glitter that lit up the sky.
 
Many lost their sleep.
Many, their life.
Elders woke up to plan the day
Children, unawares, were left to sleep,
Eternally.
 
They lied.
(Yes, read it again.)
 
Without limbs, without faces
Even without a head to call theirs,
And some without parents.
Orphans of God.
 
All over the world,
They still wander.
Never answered,
Saying prayers.
Orphans of a world
with no right
To beget, parent, or bury.

സഹായഹസ്തം.

 പ്ലീസ് ഹെൽപ് ബ്രോ

 പച്ച കത്തിയിട്ടുണ്ട്. റോഡ് മുറിച്ചു കടക്കാനുള്ള സിഗ്നൽ. സൈക്കിളുകളുടെയും ഇലക്ട്രിക് സ്കൂട്ടികളുടെയും എന്നെ പോലെ നടക്കാനിറങ്ങിയ മറ്റു പലരുടെയും തിരക്കിൽ കൂടെ ചേർന്ന് നടക്കാൻ തുടങ്ങുകയായിരുന്നു.  അപ്പോളാണ് പുറകിൽ നിന്ന് സഹായാഭ്യാർത്ഥന  കേട്ടത്. തിരിഞ്ഞു നോക്കി. അത് പ്രതീക്ഷിച്ചിരുന്ന പോലെ അയാൾ ധൃതിപ്പെട്ട് വന്ന്  എന്‍റെ വലതു കൈ ബലമായെടുത്ത് ഒരു ഹസ്തദാനത്തിലേക്ക് ചേർത്തു.

 യെസ്?

 ഭായി മെ അബുദബി സെ ആയാ ഹും. ഏക്‌ ഇന്റര്‍വ്യൂ ഥാ.

 ഹിന്ദിയിലേക്ക് ചുവടു മാറ്റി അയാൾ കാര്യം വിശദീകരിച്ചു. രാവിലെ വന്നതാണ്. കയ്യില്‍ കരുതിയ കാശ് മുഴുവന്‍ തീര്‍ന്നു. തിരിച്ച് പോകാൻ കാശില്ല. അവിടത്തെ ബസ് കാർഡ് മാത്രമേ കയ്യിലുള്ളൂ. ഒരു പത്തു രൂപ (ദിർഹം) തരുമോ

 പെഡസ്ട്രിയൻ സിഗ്നലിലേക്ക് കണ്ണ് നട്ടിരുന്ന ഞാൻ മറ്റൊന്നും ഓർക്കാതെ  പഴ്സ് കയ്യിലെടുത്തു.  അയാളുടെ മുഖത്ത് ഒരു മന്ദഹാസം വിടരുന്നത് കണ്ടു. പഴ്സ് കാലിയായിരുന്നു. ഗൂഗ്ള്‍ വാലറ്റ് ഉള്ളത് കൊണ്ട് കാശ് അധികം കയ്യില്‍ വെക്കാറില്ല. ഞാന്‍ നിരാശ ഭാവിച്ച് അയാളുടെ മുഖത്ത് നോക്കി.

ബുസ്താന്‍ സെന്ററില്‍ എ ടി എം ഉണ്ട്  

പഴ്സിലുള്ള എന്‍റെ കാര്‍ഡിലേക്ക് നോക്കി അയാള്‍ റോഡ്‌ സൈഡിലേക്ക് ചൂണ്ടി. അപ്പോഴാണ്‌ അയാളെ ഞാന്‍ ശ്രദ്ധിക്കുന്നത്. ടക് ഇൻ ചെയ്ത ഫുൾ കൈ ഷർട്ട്, ഫോർമൽ പാന്‍റ്, ഒരു ഉദ്യോഗാർത്ഥിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു മുഴുവന്‍ ദിവസത്തെ മുഷിച്ചില്‍ ഒന്നും അയാളുടെ ശരീരഭാഷയിൽ ഇല്ല. ചുളിവുകൾ വീണ നെറ്റി മേലേക്ക് പടർന്നു കഷണ്ടിയായി തുടങ്ങിയിട്ടുണ്ട്.  മീശയില്ലാത്ത മുഖത്ത് ദൈന്യമായ ഒരപേക്ഷാഭാവം.

 കുറച്ച് ദിവസം മുൻപും ഇങ്ങനെ ഒരാൾ സഹായം ചോദിച്ചതായിരുന്നു. ഒരു അത്തറ് കച്ചവടക്കാരൻ. കയ്യിലിരുന്ന രണ്ടു ചെറിയ കുപ്പികൾ എന്‍റെ നേരെ നീട്ടി.

 ദസ് ദിർഹം ഹെ. ഏക് ഫ്രീ ലേലോ.

 വേണ്ടാ എന്ന് തലയാട്ടി നടന്നു നീങ്ങിയ എന്‍റെ മുന്നിൽ വഴി മുടക്കി  അയാൾ വന്ന് നിന്നു.

 തീൻ ദിൻ സേ കുച്ച് ഖായാ നഹി. അഞ്ചോ പത്തോ തരൂ.

 രാത്രി ഭക്ഷണം വാങ്ങാൻ ഇറങ്ങിയതായിരുന്നു.

 കൂടെ വരൂ ഭക്ഷണം വാങ്ങി തരാം.

 വേണ്ട, പൈസ തന്നാൽ ഞാൻ പിന്നീട് കഴിച്ചോളാം.

 സാരമില്ല വരൂ. നമുക്കൊരുമിച്ചിരുന്ന് കഴിക്കാം.

 വിശക്കുന്നവന് ഭക്ഷണം നൽകുന്ന പുണ്യം ഓർത്ത് സ്വാർഥതയോടെ നിർബന്ധിച്ചു.

ഞാൻ എന്തോ അരുതാത്തത് ചെയ്തത് പോലെ  എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അയാൾ എതിർ ദിശയിലേക്ക് വേഗത്തിൽ നടന്നു പോയി.

 സ്ഥിരം പരിപാടിയാണ് ഇക്കാ. കാശൊന്നും കൊടുത്തില്ലല്ലോ?

 മുന്നിലെ സൂപ്പർമാർക്കറ്റിൽ നിന്ന് ഇറങ്ങി വന്ന ചെറുപ്പക്കാരൻ ചിരിച്ചു കൊണ്ട് അഭിനന്ദിച്ചു. എന്തൊരു ലോകമിത് എന്ന് അന്ധാളിച്ചു ഞാൻ അന്ന് ഒരു പൊറോട്ട കൂടുതൽ കഴിച്ചു.

 എന്താവും ഇങ്ങനെയുള്ള കക്ഷികള്‍ എന്‍റെ മുന്നില്‍ തന്നെ വന്ന് ചാടുന്നത്. എന്തു പറഞ്ഞാലും വിശ്വസിക്കുന്ന തരത്തില്‍ ഒരു നിഷ്കളങ്കന്‍ ആണ് ഞാന്‍ എന്ന് എന്‍റെ മുഖം കണ്ടുറപ്പിക്കാന്‍ പറ്റുമോ? ഇനി ഈ അബുദാബിക്കാരന്റെ കഥ എന്താണാവോ?

 ചിന്തകള്‍ക്കിടയില്‍ പച്ച സിഗ്നൽ കത്തിയും കെട്ടും ചുവപ്പിലേക്ക് മാറി.     മുന്നിൽ നിൽക്കുന്ന സുഹൃത്തിന്‍റെ മുഖവും മറ്റു രീതികളും ഒന്നടുത്തു നിരീക്ഷിക്കാൻ ഞാൻ മുതിർന്നു. ഇടയ്ക്ക് ചുറ്റിലും നോക്കുന്നുണ്ട്. കൂടെക്കൂടെ വാച്ചിലും. കള്ളലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കിലും എന്തോ ഒന്ന് അയാളെ വിഷമിപ്പിക്കുന്നുണ്ട്.

 എന്‍റെ കയ്യിലേക്കും പഴ്സിലേക്കും  മാറി നോക്കി ആ ഉദ്യോഗാർത്ഥി അക്ഷമനായി.  അയാളെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി ശാന്തനായി ഞാൻ ചോദിച്ചു.

 പത്ത് ദിർഹം കൊണ്ട് നിങൾ എങ്ങിനെ അബുദാബിയിൽ എത്തുംഞാൻ നിങ്ങൾക്ക് ഒരു നോൾ കാർഡ് വാങ്ങി തരാം അത് ഉപയോഗിച്ച് നിങ്ങൾക്ക് മെട്രോയിൽ ബസ് സ്റ്റാൻഡിലും അവിടെ നിന്ന് അബുദാബി ബസ്സിലും പോകാം.

 വേണ്ട ബ്രോ. താങ്കളെ ബുദ്ധിമുട്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

 സാരമില്ല. മനുഷ്യന് മനുഷ്യനെ സഹായിക്കാൻ ആവുന്നിലെങ്കിൽ പിന്നെ നമ്മുടെ ജീവിതത്തിന് എന്താണ് അർത്ഥം?

 അയാളുടെ കൈ പിടിച്ച് മെട്രോ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ രണ്ടു കാര്യം ഉറപ്പിച്ചു. ഇയാള് പറയുന്നത് ശരിയാണെങ്കിൽ എന്‍റെ ചിലവിൽ ഇയാള് അബുദാബിയിൽ എത്തും. അല്ല വേറെ എന്തങ്കിലും ആണ് കാര്യമെങ്കിൽ അതറിഞ്ഞിട്ട് തന്നെ ബാക്കി.

 എന്‍റെ വേഗത്തിലുള്ള നടത്തം കണ്ടിട്ടാവും അയാൾ നടന്നൊപ്പമെത്തി. പതിഞ്ഞ ശബ്ദത്തിൽ ഞാൻ മാത്രമേ കേൾക്കൂ എന്ന് ഉറപ്പു വരുത്തി കുറ്റബോധത്തോടെ താഴോട്ട് നോക്കി പറഞ്ഞു.

 ബ്രോ ഞാൻ വെറുതെ പറഞ്ഞതാണ്. എന്‍റെ വീട് മുഹൈസ്‌നയിൽ ആണ്. പൈസക്ക് ആവശ്യം വന്നപ്പോൾ ഇതാണ് ഒരു വഴി തോന്നിയത്. സോറി.

 നമുക്കൊരു ചായ കുടിക്കാം

 അയാൾ അനുസരണയോടെ കൂടെ വന്നു. ഒരു പ്രൈവറ്റ് കമ്പനിയിൽ ക്ലറിക്കൽ ജോലിയാണ്. ഭാര്യയും ഏഴ് വയസ്സുള്ള മോനും ഉണ്ട് കൂടെ. ശമ്പളം പകുതിയോളം മുറി വാടകയായി പോകും. ബാക്കി കൊണ്ട് മാസത്തിന്‍റെ രണ്ടറ്റവും കഷ്ടിച്ച് കൂട്ടി മുട്ടിക്കും. കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് ഒരു പനി വന്നു. ഇൻഷുറൻസ് കവറേജ് ഇല്ലാത്ത ഒരു മരുന്ന് ഉണ്ടായിരുന്നത് കൊണ്ട് നൂറു ദിർഹം ചിലവായി.  ഇന്ന് മകൻ ബ്രോസ്റ്റഡ്‌ ചിക്കന്‍ വേണമെന്ന് വാശി പിടിച്ചു. ഇല്ലാത്ത പണം ഉണ്ടാക്കാന്‍ വേണ്ടിയാണ് നുണ പറഞ്ഞ് താങ്കളെ പിടിച്ചു നിർത്തിയത്.

 കാശില്ലെന്ന് എന്തെ മോനോട് പറയാത്തത്?

 ഇതുവരെ അവന്‍ ആവശ്യപ്പെട്ടത് ഒന്നും വാങ്ങി കൊടുക്കാതിരുന്നിട്ടില്ല. കുഞ്ഞല്ലേ അവന്‍ ഇതൊന്നും അറിയണ്ട എന്ന് കരുതി.

അടുത്ത് എവിടെയാണ് ബ്രോസ്റ്റഡ്‌ ചിക്കന്‍ കിട്ടുക എന്ന് ഗൂഗിളില്‍ തിരഞ്ഞു. റോഡിന്‍റെ മറുവശത്ത് കുറച്ചു മുന്നോട്ട് പോയാല്‍ KFC ഉണ്ട്. മെട്രോ സ്റ്റേഷന്‍ വഴി റോഡ്‌ മുറിച്ച് കടക്കാം.

നമുക്ക് വാങ്ങാം. വരൂ.

 ചായയുടെ പൈസ ഫോണിലൂടെ കൊടുത്ത് ഞാന്‍ നടന്നു. അയാള്‍ എന്‍റെ പുറകെ വന്ന് ഒരിക്കല്‍ കൂടി ഹസ്തദാനം ചെയ്തു.

 നിങ്ങള്‍ നല്ലവനാണ്. ദൈവം നിങ്ങള്‍ക്ക് നല്ലത് വരുത്തട്ടെ.

 ഒരു കിഡ്സ്‌ മീലിന്  KFCയില്‍ എത്രയാവും എന്ന് കണക്കു കൂട്ടി നടക്കുമ്പോള്‍ ആണ് അതു സംഭവിച്ചത്. രണ്ടു ചെറുപ്പക്കാര്‍ മുന്നില്‍.

സര്‍, ഞങ്ങള്‍ ഇതുവാങ്ങി വരുമ്പോള്‍ ആണ് ഒരു സുഹൃത്ത്‌ വിളിച്ചത്. ഇന്ന് അവന്‍റെ ബര്ത്ഡേ പാര്‍ടി ആണ്.

 അവരുടെ കയ്യില്‍ പന്ത്രണ്ട് പീസിന്റെ ഒരു ഫാമിലി ബക്കറ്റ്‌.

 ഇത് ഞങ്ങള്‍ താങ്കള്‍ക്ക് തരട്ടെ?  

ഞാനത് വാങ്ങി എന്‍റെ സഹയാത്രികന് കൈമാറി. ഫോണ്‍ എടുത്ത് അവരോടു അക്കൗണ്ട്‌ നമ്പര്‍ ചോദിച്ചു.

ഏയ്‌ കാശൊന്നും വേണ്ട.

 എന്നും പറഞ്ഞ് ധൃതിയില്‍ അവര്‍ നടന്നകന്നു. ഇവരെ എവിടെയാണ് കണ്ടിട്ടുള്ളത് എന്ന് ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നിറഞ്ഞ കണ്ണുമായി അയാള്‍ കൈ കൂപ്പി.

ബ്രോ കഫറ്റീരിയാ സെ ആപ്നേ ഇന്‍കോ യെ ബോലാ ഥാ?