Wednesday, October 25, 2023

യു ആര്‍ സ്റ്റില്‍ അലൈവ്?

‘ഹലോ ബ്രദര്‍. വെയ്നിന്ത സടീഷ്? യു ആര്‍ സ്റ്റില്‍ അലൈവ്?

ഞെട്ടിയത് ഞാനാണ്. ഹലോ എന്ന് മാത്രം പറഞ്ഞ് ഒരു സസ്പെന്‍സ് ഉണ്ടാക്കാന്‍ ഉള്ള എന്‍റെ ശ്രമം പൊളിഞ്ഞു. ഒറ്റ വാക്കില്‍ എന്‍റെ ശബ്ദം തിരിച്ചറിഞ്ഞ് ഒരു സ്നേഹപ്പടക്കം എന്‍റെ ചെവിയില്‍ പൊട്ടിച്ച് അവന്‍ ആഹ്ളാദപ്രകടനം തുടങ്ങി.

മുനീറിനെ വിളിച്ചത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ്. അവധി ദിവസത്തെ വിരസത ഇങ്ങനെ ഫോണ്‍ സംഭാഷണങ്ങളിലൂടെ മറികടക്കാന്‍ പറ്റുമെന്ന് കണ്ടുപിടിച്ചത് അടുത്തകാലത്ത്. രാവിലെ തന്നെ ഫോണില്‍ ശേഖരിച്ചിട്ടുള്ള നമ്പറുകള്‍ തിരഞ്ഞ് പഴയ കൂട്ടുകാരെ വിളിച്ചു ഞെട്ടിക്കുന്നത് ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു എല്ലാ ഞായറാഴ്ച്ചകളിലും. നമ്പറുകള്‍ കുറെ പേരുടെ മാറിയിട്ടുണ്ട്. ചിലരൊക്കെ ഔപചാരികതയില്‍ ഒതുക്കും. മൌനം പാലിക്കും പിന്നെ ഫോണ്‍ വെക്കും. മുനീറിനെ പോലെ ചിലര്‍ പ്രസരിപ്പോടെ നമ്മെ ആനന്ദിപ്പിക്കും.

ഏഴോ എട്ടോ വര്‍ഷങ്ങള്‍ ആയിട്ടുണ്ടാവും മുനീറിനെ കണ്ടിട്ട്. ടൊയോട്ട ഷോറൂമില്‍ വെച്ച് പരിചയപ്പെട്ടതാണ് പന്ത്രണ്ട് കൊല്ലം മുന്‍പ്. ആളുകളെ സന്തോഷിപ്പിക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് തമാശയിലൂടെ ഉത്തരം പറയാനും ഉള്ള അവന്‍റെ താത്പര്യം, എത്ര ദേഷ്യത്തില്‍ സംസാരിച്ചാലും തീരെ മുഷിയാതെയുള്ള മറുപടി ഇതെല്ലാം അവന്‍റെ ഫോണ്‍ നമ്പര്‍ സൂക്ഷിച്ചു വെക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഇടക്കൊക്കെ ആഫ്റ്റര്‍ സെയ്ല്സ് സര്‍വീസ് എന്ന് പറഞ്ഞ് അവന്‍ ഇങ്ങോട്ടും സര്‍വീസ് കംപ്ലൈന്റ്റ്‌ എന്ന് ഞാന്‍ അങ്ങോട്ടും സൗഹൃദം മിനുക്കിക്കൊണ്ടിരുന്നു.  

ആ തടിച്ച ശരീരവും എപ്പോഴും ചിരിച്ചു കൊണ്ട് കളിപറയുന്ന ഊര്‍ജ്ജസ്വലതയും ഓര്‍ത്തപ്പോള്‍ നമ്പര്‍ മാറിയിട്ടുണ്ടാവും എന്നെ മറന്നിട്ടുമുണ്ടാകാം, എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി.

കുശലാന്വേഷണങ്ങള്‍ക്കിടെ കുടുംബത്തെയും കുട്ടികളെയും പറ്റി മാതാപിതാക്കളെ പറ്റി ജോലിയെ പറ്റി ഒക്കെ അവന്‍ ചോദിച്ചു. മക്കളെ പിരിഞ്ഞു നില്‍ക്കുന്ന വേദനയെ പറ്റി പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു.

‘ഗുഡ് ഐ ഡിഡ് നോട്ട് മാരി.’

‘തിരിച്ചു പോകുമ്പോള്‍ നിന്നെ സ്വീകരിക്കാന്‍ നിന്റെ കുടുംബവും കുട്ടികളും നിന്റെ വീട്ടില്‍ കാത്തിരിക്കുന്നുണ്ടാവും. അവര്‍ നിന്നെ സ്നേഹം കൊണ്ട് പൊതിയും. അവരെ ദൈവം അനുഗ്രഹിക്കട്ടെ.

ബട്ട്‌ വെന്‍ ഐ ഗോ ബാക്ക്, ഐ വില്‍ ബി ഗോയിംഗ് ബാക്ക് ടു എ ഗ്രൈവ്.’  

അവന്‍ അത്രയും പറഞ്ഞപ്പോള്‍ മാത്രമാണ് അവന്‍റെ പാലസ്തീനി പശ്ചാത്തലം ഞാന്‍ മറന്നല്ലോ എന്ന് വിഷണ്ണനായത്. തിരിച്ചുപോവാന്‍ ഒരു രാജ്യം പോലുമില്ലാത്ത പ്രവാസിയാണ് ഞാന്‍ എന്ന് ഒരിക്കല്‍ അവന്‍ പറഞ്ഞത് അന്ന്  മനസ്സില്‍ ഒരു കൊടുങ്കാറ്റൊരുക്കിയിരുന്നു.

അവര്‍ അനുഭവിക്കുന്ന യുദ്ധാവസ്ഥയെ മറന്ന് കുടുംബത്തിന്‍റെ സൌഖ്യം അന്വേഷിച്ചത് അനുചിതമായി എന്ന് വിഷമിച്ചു കുറച്ചു നേരം നിശ്ശബ്ദനായി പോയി.

‘സാരമില്ല. ഞങ്ങള്‍ക്ക് ഇതൊക്കെ ശീലമാണ്.’ എന്ന് ഒരു ചെറു പുഞ്ചിരി ശബ്ദത്തില്‍ കലര്‍ത്തി അവന്‍ എന്‍റെ വിഷമത്തിന് മരുന്ന് കുറിച്ചു.

‘ദിസ്‌ ടൈം ഐ ലോസ്റ്റ്‌ മൈ ബാബ. മൈ ബ്രതര്‍ ലോസ്റ്റ്‌ ഹിസ്‌ വൈഫ് ആന്‍ഡ്‌ ഹിസ്‌ ലെഗ്. പിന്നെ കുറച്ച് കസിന്‍സ്, അവരുടെ ഏഴു കുട്ടികള്‍. ഫോര്‍ട്ടീന്‍ ആള്‍ടുഗെതര്‍.’

ഒരു സ്വാഭാവിക സംഭവം വിവരിക്കുന്നത് പോലെ അവന്‍ പറഞ്ഞു. പിന്നെ ഒരു കുഞ്ഞു ഭൂകമ്പം പോലെ ചിരിച്ച് ആവര്‍ത്തിച്ചു.

‘ഗുഡ് ഐ ഡിഡ് നോട്ട് മാരി.’

ഭാര്യയും അഞ്ചുവയസ്സുകാരി മകളും കഴിഞ്ഞ വര്‍ഷം അമ്മയുടെ കൂടെ വധിക്കപ്പെട്ടു അപ്പോള്‍ ഞാന്‍ അവിവാഹിതനല്ലേ എന്ന ലോജിക് താങ്ങാന്‍ എനിക്കായില്ല. എന്‍റെ നെടുവീര്‍പ്പ് ഉച്ചത്തിലുതിര്‍ന്നു.

അവന്‍ നിര്‍വികാരനായി.

‘ഞങ്ങളുടെ ആള്‍ക്കാര്‍ ഉന്നം തെറ്റി വിട്ടതാണ് എന്ന് അവരും അവരുടെ റോക്കറ്റ് ആണ് എന്ന് ഞങ്ങളുടെ കൂട്ടരും. പതിനേഴ്‌ കുട്ടികള്‍, അതിലൊന്ന് എന്‍റെ കുഞ്ഞും.’

‘വീ ആര്‍ ഡെസ്ടിന്‍ട് ടു ഡൈ യംഗ്.’

‘ഈ നമ്പറില്‍ വാട്സാപ് ഇല്ലേ. വീ വില്‍ ബി ഇന്‍ ടച്ച്‌. ലെറ്റ്‌  മീ ഷെയര്‍ സംതിംഗ്.’

അവന്‍ ഫോണ്‍ വെച്ചു. തൊട്ടുപുറകെ രണ്ടുമൂന്ന്  വീഡിയോ എന്‍റെ വാട്സാപ്പില്‍ വന്നു ചേര്‍ന്നു.

രണ്ടോ മൂന്നോ വയസ്സുവരുന്ന ഒരു പെണ്‍കുട്ടി. ഓമനത്തം നിറഞ്ഞ മുഖത്ത് നിറയെ അമ്പരപ്പ്. വെള്ളവും തുണിയും കൊണ്ട് അവളുടെ മുഖവും വായയും കഴുകി തുടക്കുകയാണ് ചുറ്റും നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍. കയ്യില്‍ ചോരപ്പാടുകള്‍ ഉണ്ട്. കാല്‍മുട്ടില്‍ നിന്ന് ചോരപൊടിഞ്ഞിറങ്ങുന്നു.

വേറൊന്നില്‍ കുറച്ചുകൂടി വലിയ ഒരു ആണ്‍കുട്ടി ഇരുന്നു കരയുകയാണ്. അമ്മേ എന്ന് വിളിച്ച് (എനിക്ക് തോന്നിയതാവാം) എങ്ങിക്കരയുകയാണ് അവന്‍. കഴുത്തിലൂടെ ചോര ഒലിച്ചിറങ്ങുന്നു. നെറ്റിയിലെ മുറിവ് ഒരു തുണികൊണ്ട് പൊത്തിപ്പിടിച്ചാണ് അവന്‍ കരയുന്നത്.

പിന്നെയും കുറെ കുട്ടികള്‍ കരയുന്നതും, വാശിപിടിച്ച് അലമുറയിടുന്നതും ഒക്കെ കണ്ടു മനസ്സ് മരവിച്ച് ഞാന്‍ ഫോണ്‍ മാറ്റി വെക്കാന്‍ തുടങ്ങുകയായിരുന്നു. വാട്സാപ്പില്‍ അവന്‍റെ ഓഡിയോ.

‘ആദ്യത്തേതില്‍ എന്‍റെ പെങ്ങളുടെ കുഞ്ഞാണ്. അവളുടെ മുഖത്ത് നിന്ന് വെടിമരുന്നും സിമന്റും ഒക്കെ കഴുകി കഴിഞ്ഞിട്ടേ അവര്‍ ചികിത്സ തുടങ്ങുകയുള്ളൂ. രണ്ടാമത്തേത് ചേട്ടന്റെ മകന്‍. ‘വേയ്ന്‍ അമ്മീ’ (എന്‍റെ അമ്മ എവിടെ?) എന്ന് പറഞ്ഞാണ് അവന്‍ കരയുന്നത്.’

‘എന്ത് ചെയ്യാം. ഞങ്ങള്‍ ഇങ്ങനെ മരിച്ചുകൊണ്ടിരിക്കും. ഹമാസ് സെന്റ്സ് അസ്‌ ഗിഫ്റ്റ്സ് ആന്‍ഡ്‌ ഇസ്രായീല്‍ ഡെലിവേര്സ് തെം.’



6 comments:

  1. സ്നേഹവും കാടത്തവും തമ്മിലുള്ള യുദ്ധത്തിൽ ഒരിക്കൽ സ്നേഹം തന്നെ ജയിക്കും. കൂടുതൽ ആളുകൾ വായിക്കട്ടെ

    ReplyDelete
    Replies
    1. കാവ്യനീതിക്കു വേണ്ടിയുള്ള കാത്തിരിപ്പ് അനന്തമായി നീളാതിരിക്കട്ടെ. സ്നേഹം ജയിക്കട്ടെ. Thank You .

      Delete
  2. ഒരിക്കല്‍ ഞാന്‍ ആലോചിക്കുകയുണ്ടായി യുദ്ധമുഖത്തേക്ക് അയക്കപ്പെടുന്നവർ ദുസ്വപ്നത്തിലെങ്കിലും വെടി ഉതിർക്കുന്നത് താൻ പകുത്തു നൽകിയ തൻറെ മക്കളുടെ ഹൃദയത്തിലേക്കാണെന്നോ, തന്നെ പെറ്റു പോറ്റിയ വയറിലേക്ക് ആണെന്നോ, തോളോട് ചേർന്ന് നിന്ന സാഹോദര്യത്തിലേക്ക് ആണെന്നോ, ചിന്തിച്ചിരുന്നെങ്കിൽ എന്ന്... പക്ഷെ വീട്ടുമുറ്റത്തെ വേലിക്കെട്ടിനെ ചൊല്ലി വെടിയുണ്ടകളെക്കാൾ മൂർച്ചയുള്ള വാക്കുതീർക്കുന്നവർക്കിടയിൽ ആ ചിന്ത പോലും തെറ്റായിരിക്കാം അല്ലേ....


    പക്ഷേ ഒന്നുറപ്പാണ് യുദ്ധം ബാക്കി വെക്കുന്നത് ശവമഞ്ചങ്ങൾ മാത്രമാണ്.... അതും ലോകത്ത് ഏറ്റവും ഭാരമുള്ളവ.... മുനീറിനെ പോലെയുള്ളവരുടെ കണ്ണുനീരിന്റെയും നിസ്സഹായതയുടെയും അതിഭീമഭാരമുള്ള ശവമഞ്ചങ്ങൾ.... പക്ഷെ അവ പണിയപ്പെടുന്നത് മരണപ്പെട്ടവർക്ക് മാത്രമല്ല....

    ReplyDelete
    Replies
    1. സത്യം. ജീവിച്ചിരിക്കുന്ന പരേതര്‍ ആണ് കൂടുതല്‍. എല്ലാ യുദ്ധങ്ങളുടെയും ബാക്കിപത്രം.

      Delete