Saturday, December 29, 2012

മാപ്പ്!


സോദരി

നിന്നെ വേട്ടനായ്ക്കള്‍ പിച്ചിച്ചീന്തി, മരിക്കാന്‍ വഴിയിലുപേക്ഷിച്ചു. പെണ്ണായി, ഇന്ത്യക്കാരിയായി ജനിച്ചതിനുള്ള ശിക്ഷ പക്ഷേ അവിടെ തീര്‍ന്നില്ല. ഞങ്ങള്‍ നിന്നെ മരിക്കാന്‍ വിടാതെ ആശുപത്രിയില്‍ കിടത്തി. നിന്‍റെ മാതാപിതാക്കള്‍ക്കും വേണ്ടേ ശിക്ഷ.

നേതാക്കള്‍ പ്രതിഷേധിച്ചു. മാനഭംഗത്തിന് മരണശിക്ഷ! മാധ്യമങ്ങള്‍ക്ക് ആഘോഷമായി. പ്രത്യേക പ്രതിനിധികള്‍ ഊര്‍ജ്ജസ്വലരായി. ഞങ്ങള്‍ നീ ധരിച്ചിരുന്ന വസ്ത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. അതാണോ അവര്‍ക്ക് പ്രചോദനമായത്? നിന്‍റെ ശരീര ഭാഗങ്ങള്‍ പുറത്തു കാട്ടി നീ അവരെ പ്രലോഭിപ്പിച്ചോ? (ഭ്രാന്തന്മാര്‍ക്ക് നിന്‍റെ ശരീരം വെറുമൊരു പ്രതീകം മാത്രമാണെന്ന് ഞങ്ങള്‍ ഉറക്കെ പറഞ്ഞില്ല. അവരുടെ ഉദ്ധരിച്ചു നിന്ന ഈഗോ തേടിയ മറുമരുന്ന് മാത്രമായിരുന്നു നീ. നിനക്ക് പകരം ഒരമ്മൂമ്മയായിരുന്നെന്കില്‍ പോലും അവര്‍ വിടില്ലായിരുന്നു എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ പുരുഷന്മാരായതിന്റെ ദുരഭിമാനം ഞങ്ങളെയും ബാധിക്കുമല്ലോ.)

ഞങ്ങള്‍ നിന്നെ കൊല്ലാതെ കൊന്നു. നിന്‍റെ അച്ഛനമ്മമാരെയും.

എന്നിട്ടും നിന്നെ മരിക്കാനനുവദിച്ചില്ല ഞങ്ങള്‍. ഇരുമ്പ് ദണ്ട് നിന്‍റെ ശരീരത്തില്‍ ഏതെല്ലാം വഴിയില്‍ സഞ്ചരിച്ചു എന്നറിയണമായിരുന്നു. അതുകൊണ്ടെന്തു കാര്യം എന്നല്ലേ, നാളെ കോടതിയില്‍ വക്കീലന്മാര്‍ക്ക് വേണ്ടിവരും. പിന്നെ നിന്‍റെ ശരീരത്തിലെ നഖപ്പാടുകള്‍, നരനായ്ക്കളുടെ പല്ലുകള്‍ തീര്‍ത്ത ചിത്രങ്ങള്‍ എല്ലാം രേഖപ്പെടുത്തേണ്ടേ.

അബോധാവസ്ഥയില്‍, അര്‍ദ്ധബോധാവസ്ഥയില്‍ നീ പുലമ്പിയ വാക്കുകള്‍ അരിച്ചെടുത്ത് ഹ്യുമന്‍ ഇന്റെരെസ്റ്റ്‌ സ്റ്റോറി ഉണ്ടാക്കി. അതുകൊണ്ട് നാല് പത്രം അധികം വിറ്റുപോകുമെങ്കില്‍ അതെന്തിന് വേണ്ടാന്നു വെയ്ക്കണം!

നാണമില്ലാതെ ആസനത്തില്‍ വാലും ചുരുട്ടി ഇരിക്കുന്ന ഭരണ സാരഥികള്‍ക്ക് ജനങ്ങളോട് പറയാനെന്തെന്കിലും വേണ്ടേ. ‘നിന്നെ ഞങ്ങള്‍ക്ക് മരിക്കാന്‍ വിടാനായില്ല. നിന്നെ രക്ഷിക്കാന്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകും. നിനക്കെന്തെങ്കിലും ഒന്ന് സംഭവിച്ചു കിട്ടേണ്ടേ ഞങ്ങള്‍ക്ക് രംഗത്തിറങ്ങാന്‍! ഇനി നിന്നെ ആര്‍ക്കും വിട്ടുകൊടുക്കില്ല’.

നിന്നെ ഇനിയും ഞങ്ങള്‍ മരിക്കാന്‍ വിടില്ല. പ്രതിഷേധിക്കുന്ന ജനങ്ങളെ ഞങ്ങള്‍ വര്‍ഗ്ഗവും വര്‍ണവും പറഞ്ഞു വിഭജിക്കാന്‍ നോക്കി. നടന്നില്ല. ക്രിക്കറ്റിന്‍റെ ദൈവത്തെ തല്‍സ്ഥാനത്തുനിന്നു നീക്കി. എന്നിട്ടും യുവാക്കള്‍ പിന്നോട്ടു പോയില്ല! രാഷ്ട്രപതിയുടെ മകനെക്കൊണ്ട് വരെ പുലഭ്യം പറയിച്ചു. അവരുടെ വീര്യം കൂടിയതെയുള്ളൂ.

നീ മരണാസന്നയായ്‌ കിടക്കുമ്പോള്‍ ഞങ്ങള്‍ വേറെന്തു ചെയ്യും? മരിച്ചെന്നും, ഇല്ല മൃതപ്രായയായെന്നും പറഞ്ഞു നിന്നെ വിദേശത്തേയ്ക്ക് യാത്രയാക്കാം. ഇവിടെ ഒന്ന് തണുക്കുമ്പോള്‍ നിന്‍റെ മൃതദേഹം കൊണ്ടുവരാം,  മുതലക്കണ്ണീരൊഴുക്കാം.

കഴിഞ്ഞില്ല. ഇനി കോടതികളില്‍ ഞങ്ങള്‍ക്ക് നിന്നെ വീണ്ടും ബലാത്സംഗം ചെയ്യേണ്ടിവരും. നിന്‍റെ അമ്മയെയും അച്ഛനെയും സാക്ഷികളാക്കി വീണ്ടും നിന്‍റെ ശരീരത്തില്‍ ഇരുമ്പ് ദണ്ട് പ്രയോഗിക്കേണ്ടി വരും. നിന്‍റെ ശരീരത്തിന്റെ രേഖാചിത്രം വരച്ച് അതില്‍ നഖമെവിടെ, പല്ലെവിടെ എന്ന് തിരയേണ്ടി വരും. ഇതൊന്നും കഴിയാതെ നിന്നെ ഞങ്ങള്‍ ചിതയില്‍ വെക്കില്ല.

പിന്നെ വീണ്ടും ഏതെങ്കിലും ഇടുങ്ങിയ തെരുവില്‍, ഓടുന്ന ബസ്സില്‍ നിന്നും അടുത്ത സഹോദരി പുറത്തു വീഴുന്നത് വരെ നിന്‍റെ ബലാത്സംഗം ഞങ്ങള്‍ ആചരിക്കും, ആഘോഷിക്കും.

ഇപ്പോഴൊരു മെഴുകുതിരി കത്തിച്ചു വെച്ച് നിന്‍റെ ബലി ഞങ്ങള്‍ സ്വീകരിക്കട്ടെ. ഇനി അടുത്ത ഇര വീഴുന്നതുവരെ ഞങ്ങള്‍ക്കിത് മതി.

മാപ്പ്!  

Thursday, December 20, 2012

ഒരു ലഡ്ഡു കഥ

പെണ്ണ് കാണാന്‍ ഒരുങ്ങിക്കെട്ടി ഇറങ്ങുമ്പോള്‍ ദാസന്‍ അച്ഛനോട് ഉറക്കെ സൂചിപ്പിച്ചു. ‘അച്ഛന്‍ വരുന്നതൊക്കെ കൊള്ളാം, പക്ഷെ എനിക്കിഷ്ടപ്പെട്ടാലെ ഞാന്‍ സമ്മതിയ്ക്കൂ.’ അച്ഛനതു മൂളിക്കേള്‍ക്കുകയും ചെയ്തു. അതെ സമയം തന്നെ രണ്ടുപേരും മനസ്സില്‍ വേറെ എന്തോ പറയുകയും ചെയ്തു. ദാസന്റെ മനസ്സിലിരിപ്പ് മനസ്സിലായിട്ടെന്നപോലെ അച്ഛന്‍ ഉത്തരവ് പുറപ്പെടിച്ചു. ‘അവിടെ ഇനി ലഡ്ഡു ഉണ്ടെങ്കില്‍ തന്നെ നീ അങ്ങോട്ട്‌ നോക്കുകയേ വേണ്ട!’ ദാസന്‍ മിഴിച്ചു നിന്ന് പോയി. ‘ദൈവമേ. ഞാന്‍ മനസ്സില്‍ പ്രാര്‍ഥിച്ചത് അച്ഛനെങ്ങാനും കേട്ടോ.’

‘ഇതിപ്പോ മൂന്നാമത്തേതാ ലഡ്ഡു കാരണം മാറിപോകുന്നത്. ഒന്നുകില്‍ നീ നന്നാകണം അല്ലെങ്കില്‍ ലഡ്ഡു നന്നാവണം.’ കഴിഞ്ഞയാഴ്ച പെണ്ണ് കണ്ടുവന്നിട്ടു അച്ഛന്‍ ദാസനെ തല്ലിയില്ലെന്നെ ഉള്ളൂ. അവര്‍ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചു, ലഡ്ഡു സ്വാദ് നോക്കുകയായിരുന്ന അവന്‍ ‘കൊള്ളില്ല, ഒന്നുകൂടി പാകമാകാനുണ്ട്’ എന്ന് പറഞ്ഞു. ബ്രോക്കര്‍ തല്ലുകൊണ്ടെന്നും അച്ഛന്‍ തെറികേട്ടെന്നും...പിന്നെ ഏതായാലും ആ ബ്രോക്കര്‍ ഈ വഴി വന്നിട്ടില്ല.

ലഡ്ഡു ദാസന് ഒരു വിസ്മയമായിരുന്നു. മണിമണി പോലത്തെ ബൂന്തി പഞ്ചസാരപാവില്‍ കുഴച്ച് പച്ചകര്‍പ്പൂരവും കല്‍ക്കണ്ട കഷണങ്ങളും ഉണങ്ങിയ മുന്തിരിയും കൂട്ടി ഉരുട്ടിയെടുത്ത്, ഭാസ്കരേട്ടന്റെ വീട്ടിലെ കല്യാണത്തിന് ഉണ്ടാക്കുന്നത്‌ കണ്ടതാണ്.  എന്തൊരു സ്വാദ്. പിന്നെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഒരു നിമിത്തം പോലെ ലഡ്ഡുവായിരുന്നു ദാസന് കൂട്ട്.

പത്തില്‍ പാസ്സായപ്പോള്‍ അച്ഛന്‍ കൊണ്ടുവന്ന ലഡ്ഡുവില്‍ മുന്തിരി ഇല്ലാ എന്ന് പറഞ്ഞതിന് ആ നല്ല ദിവസം തന്നെ അച്ഛന്റെ വായിലിരിക്കുന്നത് കേട്ടു. അയലത്തെ ചേച്ചി പ്രസവിച്ചപ്പോള്‍ ആ ചേട്ടന്‍ കൊണ്ടുവന്ന ലഡ്ഡുവില്‍ കല്‍ക്കണ്ടവും ഉണ്ടായിരുന്നില്ല. കര്‍പ്പൂരത്തിന്റെ നേര്‍ത്ത ആ മണവും ഉണ്ടായിരുന്നില്ല. അതില്‍ പ്രതിഷേധിച്ച് അത് കഴിക്കാതിരുന്നു. കൌമാരത്തിന്റെ നിഷേധഭാവം എന്നായിരുന്നു അന്ന് നാടക റിഹേഴ്സലിന് പോയപ്പോള്‍ കുത്തുവാക്ക്.

മീശ മുളയ്ക്കുന്ന പ്രായത്തില്‍ ലഡ്ഡുവിന്‍റെ ആ മാറ്റം ദാസന് തീരെ ഇഷ്ടമായില്ല. അവന്‍ അവന്റെ അന്വേഷണം തുടങ്ങി.  തന്‍റെ നാക്കിന്‍തുമ്പത്തുള്ള സ്വാദ്, മൂക്കിന്‍ കോണിലുള്ള മണം, ആ ലഡ്ഡു എവിടെ കിട്ടും?

 

ലഡ്ഡു മാറിക്കഴിഞ്ഞിരുന്നു. മൈസൂര്‍ ലഡ്ഡു, ചുവന്ന ലഡ്ഡു, റവ ലഡ്ഡു പിന്നെയും പല പേരുകളില്‍, പല നിറങ്ങളില്‍, പല സ്വാദുകളില്‍. ദാസനും മാറിയിരുന്നു. മീശ വളര്‍ന്നു, മുടിയില്‍ നിന്ന് എണ്ണമയം തീരെ പോയി, താടി വടിക്കാതെ, കുളിക്കാതെ, വൃത്തിയില്ലാതെ ദാസനും വളര്‍ന്നു വലുതായി.

അച്ഛനും അമ്മയ്ക്കും ആധിയായി. അധ്വാനിയ്ക്കുന്നുണ്ട്, സമ്പാദിയ്ക്കുന്നുണ്ട്, പക്ഷെ ഒന്നിലും അവനൊരു താത്പര്യവും കാട്ടുന്നില്ല. അവനെയൊരു കല്യാണം കഴിപ്പിച്ചാലോ? അവര്‍ ആലോചിച്ചു. അവന്റെ സുഹൃത്തുക്കളോടാലോചിച്ചു. അവരാണ് പറഞ്ഞത് ‘ലഡ്ഡു ആണ് ഒരു വഴി!’

‘ദാസാ’ രാഘവന്‍ അവനോടു പറഞ്ഞു, ‘പാലക്കാട് അടുത്തൊരിടത്ത് നല്ല ലഡ്ഡുവുണ്ടെന്നു കേള്‍ക്കുന്നു. ഒന്ന് പോയി നോക്കിയാലോ?’ അവന്‍ ചാടിയിറങ്ങിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ‘ഒരു വഴിക്ക് പോകുന്നതല്ലേ ഒന്ന് കുളിച്ചു വൃത്തിയായിട്ടു പോകാം’. അവന്‍ അതിനും സമ്മതിച്ചു.

രമണിയുടെ വീടായിരുന്നു അത്. ചായയും പലഹാരങ്ങളും കൊണ്ട് വച്ചപ്പോള്‍ തന്നെ ദാസന്‍ ലഡ്ഡു കയ്യിലെടുത്തു. ‘ആഹാ നല്ല ഉറപ്പുള്ള ലഡ്ഡു! അസ്സല് മണവും, മുന്തിരിയൊക്കെയുണ്ടോ ആവോ?’ അവന്റെ ആത്മഗതം കുറച്ചുറക്കെയായി. വീട്ടുകാര്‍ പരസ്പരം നോക്കി. രമണി ചായയുമായി വരുന്ന വഴി പകുതിയ്ക്ക് നിന്നു. ദാസന്‍ ചോദ്യം ആവര്‍ത്തിയ്ക്കാനെന്ന മട്ടില്‍ തലയുയര്‍ത്തി. രമണിയും അവനും കണ്ണുകള്‍ കൊണ്ട് കഥ കൈമാറി.

‘ഇത് വേണ്ട’ ദാസന്‍ എഴുന്നേറ്റു. അവന്‍ എല്ലാവരോടുമായി പറഞ്ഞു. ‘കുറച്ചു കൂടി നല്ലത് കിട്ടുമോന്നു നോക്കാം’. കൂടെ വന്ന രാഘവനും ദല്ലാളും പരിഭ്രമത്തിനിടയില്‍ യാത്ര പറയാന്‍ പോലും മറന്നു.

അടുത്തതിനു കൂടി രാഘവന്‍ കൂടെ പോയി. വീട്ടുകാരുടെ മാത്രമല്ല, ദാസന്റെ ചീത്ത കൂടി കേട്ടപ്പോള്‍ രാഘവന്‍ മതിയാക്കി. ‘ഒരു നല്ല ലഡ്ഡു പോലും ഉണ്ടാക്കാനാകാത്ത വീട്ടില്‍ നിന്നാണോ ഞാന്‍ പെണ്ണ്കെട്ടെണ്ടത്? ഇതിലും ഭേദം ആദ്യം പോയ ആ പാലക്കാട്ടെ വീടാണ്.’

 എങ്കിലും ദാസന്‍ തന്‍റെ അന്വേഷണം തുടര്‍ന്നു. അസ്സല്‍ ലഡ്ഡുവിനുവേണ്ടി. അവന്റെ വീട്ടുകാര്‍ ഒരു വധുവിനു വേണ്ടിയും.

ഇന്ന് അവന്റെ നാലാമത്തെ സ്വാദുനോക്കലാണ്, അല്ല പെണ്ണുകാണല്‍ ആണ്.

പെണ്ണിന്റെ വീട്ടുകാരോട് ദാസന്റെ അച്ഛന്‍ ആദ്യമേ പറഞ്ഞുവെച്ചിരുന്നു. പാലക്കാട്ടുനിന്നും നല്ല ലഡ്ഡു വാങ്ങി വെയ്ക്കാന്‍. അതിന്‍റെ സുഗന്ധം കൊണ്ട് വേണം ദാസനെ കീഴടക്കാന്‍. അതിന്‍റെ സ്വാദില്‍ മൂക്കും കുത്തി വീഴണം അവന്‍. അങ്ങിനെ അവന്റെ പെണ്ണിനെ തേടിയുള്ള യാത്ര ഇവിടെ അവസാനിപ്പിയ്ക്കണം.

ദാസനും അച്ഛനും കയറിവന്നപ്പോഴേ പുഞ്ചിരിച്ചുകൊണ്ട് പെണ്ണിന്റെ അച്ഛന്‍ സ്വീകരിച്ചു. മുന്നില്‍ നിരന്ന പ്ലേറ്റുകളില്‍ എല്ലാത്തിലും ലഡ്ഡു മാത്രം കണ്ടപ്പോള്‍ ദാസന്റെ കണ്ണുകളും മൂക്കുകളും ഒരുമിച്ചു വികസിച്ചു. നല്ല പച്ചകര്‍പ്പൂരത്തിന്റെ മണം, വിരലുകളോടിച്ചപ്പോള്‍ തന്നെ മുന്തിരിയുടെ മാര്‍ദ്ദവവും, കല്‍ക്കണ്ടത്തിന്റെ ദൃഡതയും. എടുത്തൊരു കടി കടിച്ചതേ ദാസന് ഓര്‍മയുള്ളൂ.

‘രമണീ എനിയ്ക്ക് നീ മതി. ഞാനിതാ വരുന്നൂ പാലക്കാട്ടേയ്ക്ക്.’ ദാസന്‍ അങ്ങിനെ ഇറങ്ങി ഓടുമെന്ന് അവന്റെ അച്ഛനോ അവിടെയുള്ള വേറെ ആരുമോ കരുതിയിട്ടുണ്ടാവില്ല.

ദാസന് അവന്റെ പെണ്ണിനെ കിട്ടി. അവള്‍  ഉണ്ടാക്കിയതല്ലെങ്കിലും അവന്‍ തേടി നടന്ന അസ്സല്‍ ലഡ്ഡുവിന്‍റെ സ്വാദും.

Tuesday, December 18, 2012

സഹിയ്ക്കാനാവുന്നില്ല ഈ നിസ്സഹായാവസ്ഥ!

അച്ഛനുറങ്ങാന്‍ പറ്റുന്നില്ല കുഞ്ഞേ. നീയൊരു പെണ്കുഞ്ഞാണെന്നു പെട്ടെന്നാരോ ഓര്മിപ്പിച്ചത് പോലെ. അറിവും അലങ്കാരവുമല്ല, നിന്റെ സുരക്ഷയാണ് പ്രധാനം എന്ന് ഓര്ക്കാപ്പുറത്ത് തിരിച്ചറിഞ്ഞതു പോലെ, കണ്ണിനും കണ്പോളകള്ക്കുമിടയില്‍ മനസ്സ് പേടിസ്വപ്നങ്ങള്‍ തിരയുന്നതു പോലെ, അങ്ങ് ഡെല്ഹിയില്നി‍ന്ന് ഒരച്ഛന്റെ തേങ്ങല്‍ എന്റെ തളര്ന്ന ചെവിയില്‍ പടരുന്നത് പോലെ.

ഇനിയെനിക്കെങ്ങിനെ ഉറങ്ങാനാകും? നിന്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍, വിലക്കുകളില്ലാതെ നിന്നെ വളര്ത്തണം എന്ന മോഹം, ജീവിതമെന്നാല്‍ എന്ത് എന്ന് നീ സമൂഹത്തില്‍ നിന്ന് പഠിയ്ക്കണം എന്ന സങ്കല്പം എല്ലാം മറന്ന്‌ ഒരു സുരക്ഷാ കവചത്തിനുള്ളില്‍ നിന്നെ തളച്ചിടാന്‍ എനിക്കാവില്ല. നരഭോജികള്‍ ചുറ്റും പതുങ്ങിയിരിക്കുന്നുണ്ടെന്ന്‌ അറിയാതിരിയ്ക്കാനുമാവില്ല. ഇനി ഞാനുണര്‍ന്നിരുന്നല്ലേ പറ്റൂ.

ആണും പെണ്ണും തമ്മില്‍ ബയോളജിക്കല്‍ വ്യത്യാസം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞുതന്നത് മറന്നെയ്ക്കൂ. ആ ബയോളജി തന്നെയാണ് നരാധമന്മാര്ക്ക് പ്രേരണ. ആ വ്യത്യാസം തന്നെയാണ് അവരുടെ ആയുധം. ഭ്രാന്തന്മാര്‍, അതൊന്നുമാത്രമാണ് അവര്ക്ക് ജീവിതം.

കേമമാണത്രേ നമ്മുടെ സംസ്കാരം! ലോകപ്രശസ്തവുമാണ്. പക്ഷെ ഇനി നമ്മള്‍ പ്രശസ്തരാകുന്നത് പിച്ചിചീന്തപ്പെടുന്ന പെണ്കുട്ടികളുടെ പേരിലാകും, സ്വന്തം വീട്ടില്പോലും സുരക്ഷിതരല്ലാത്ത സഹോദരിമാരുടെയും, കുഞ്ഞുങ്ങളുടെയും പേരിലാകും, ആവശ്യം കഴിഞ്ഞു തെരുവിലേയ്ക്ക് മരിക്കാന്‍ ഉപേക്ഷിയ്ക്കപ്പെടുന്ന ബസ്‌ യാത്രക്കാരികളുടെ പേരിലാകും, സൌമ്യമാരുടെയും ശാരിമാരുടെയും പേരിലാകും.

സഹിയ്ക്കാനാവുന്നില്ല ഈ നിസ്സഹായാവസ്ഥ!

അച്ഛനിനി ഉറങ്ങാന്‍ പറ്റില്ല കുഞ്ഞേ. എനിയ്ക്കുണര്ന്നിരുന്നെ പറ്റൂ!

Sunday, December 16, 2012

Troubles of life, a bachelor's account


Nature has strange ways of reminding one about things forgotten. What better way to understand it than being at the receiving end, experience it.  No, I am not talking about remembering birthdays, anniversaries. If you are married or have a girlfriend, you will forget those only once. I don’t refer to people in heaven either. What good can it be to them, if you remember them, than being bothered with thoughts of a meaningless life (in comparison) that was spent on earth?

Bachelor life away from your family can be pretty tedious. Especially if you are left stranded in a society of families, and after having lived in comfort, a good part of your past life, being the father, the husband and taken good care of. You miss your morning cup of tea, the good-bye kiss, the sumptuous office lunch, the warm and laid back evenings, when all you had to do was to watch some TV, listen to some monotonous complaints, gossips and demands - I even miss them, if you ask me. My God, all the rest of the chores were looked after by the missus!

And now I live my life, all to myself, on my own. Studio apartment. Nice view from the balcony. No unwanted visitors, nowhere to go unintended. Cook when you want to cook. Wash when your wardrobe goes out of stock. Drink life to the fullest (soul inspiring ones, those), no one to ponder you with ‘this is the last. Eh!’ Procrastinate all other deeds until the eleventh hour - your phone gets cut, final electricity bill arrives and your place stinks with garbage!

Exactly! I was coming to that. That is where nature’s baton fell on me. I always wanted to keep my small studio clean and devoid of dirt and dust. Always, it is almost three weeks now. Always I promised to do it the next day, or next week, not later than that. And then! The weekend came. I told myself ‘relax, you have two full days.’

Friday is only the first day. Let us relax a bit. Watch a movie. Get up to date on the facebook. There’s still time. Stay late and watch another movie. Saturday! By the time the sun was up, Kohli & Dhoni were giving England some lessons in patience at Nagpur. I have to give them company. Let’s put the washing on. Cleaning … let’s do it another day!

I duly switched the washing machine on. Put the clothes in, selected the water level, filled detergents, fabric softener, and then left it to the machine to take care of my clothes. And was with Kohli and Dhoni until tea (at Nagpur).

There’s no sound more soothing than that of running water. It was so comforting this Saturday, that by the time I realized that it was filling my floor, it was already too late take some corrective measures. I had forgotten to connect the machine’s outlet pipe to the drain hole!

Damage control lasted the whole afternoon and I came out victorious, clean and worked out. On the positive, that will save my jogging for a couple of days at least!

Sunday, December 2, 2012

ആകാശത്തിന്റെ നിറം


ആകാശത്തിന്റെ നിറം മങ്ങിയിട്ടല്ല! തെളിഞ്ഞ ഇളം നീല. മേഘങ്ങളും വെളുത്തിരിയ്ക്കുന്നു നല്ല പഞ്ഞിക്കെട്ടു പോലെ. താഴെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ ആന്റിനകള്‍ സ്വന്തം നിറം പുറത്തെടുത്തിരിക്കുന്നു. നല്ല വെളുത്ത് ചളിയും പൊടിയുമെല്ലാം തീരെ ഇല്ലാതെ. ദുബായ് കഴുകി ഉണക്കാനിട്ടിരിയ്ക്കുകയാണ്.

എന്തായിരുന്നു വെള്ളിയാഴ്ചത്തെ പുകില്. രാവിലെ ഉണര്ന്നെഴുന്നേറ്റത്‌ തന്നെ തകര്‍ത്തു പെയ്തുകൊണ്ടായിരുന്നു. ദൂരെ ജുമൈറ കടപ്പുറത്തുനിന്നു തുടങ്ങി പരന്നുപരന്ന് എയര്‍പോര്‍ട്ട്, ഗിസൈസ്‌ ഇങ്ങു ഷാര്‍ജ വരെ മഴയുടെ ഒരു കര്ട്ടനിട്ട്, മഞ്ഞിന്‍റെ ഒരു പാടയും തീര്‍ത്ത്, കൂടെ കാറ്റും തണുപ്പും. ഇരുപത്തെട്ടു നില മുകളിലായത് കൊണ്ട് ആ വരവ് കണ്ടാസ്വദിയ്ക്കാന്‍ പറ്റി. വെളിച്ചവുമില്ല, തെളിച്ചവുമില്ല. ബാല്കണി നിറയെ പലതുള്ളി പെരുവെള്ളവും. ‘എപ്പ നാട്ടിലെത്തി’ മനസ്സ് എന്ന് ചോദിയ്ക്കണോ.

പിന്നത്തെ പൂരം വൈകിട്ടായിരുന്നു. ഒരു അഞ്ചര ആറോടുകൂടി. വെടിക്കെട്ടും വെളിച്ചവും കെങ്കേമം. ഇടിമിന്നലിന്റെ സംസ്ഥാന സമ്മേളനം എന്ന് നാടന്‍ ഭാഷയില്‍ പറയാം. പേടിച്ച് ബാല്കണിയിലേക്ക് വരാത്തത് കൊണ്ട് കവറേജ് ഏരിയ മനസ്സിലായില്ല. എന്തായാലും ദുബായും ഷാര്‍ജയുടെ തെക്കുഭാഗങ്ങളും കണ്ടും കേട്ടും അറിഞ്ഞു പ്രകൃതിയുടെ വെടിമരുന്നും ലൈറ്റ് എഫെക്ടും. കാലത്തെ മഴയ്ക്ക്‌ നാട്ടില്‍ പോവാത്ത മല്ലൂസ് വൈകിട്ട് എന്തായാലും പോയിട്ടുണ്ടാവും.

ശനിയാഴ്ച കാലത്തെ കാഴ്ചയായിരുന്നു കാഴ്ച! മുന്നില്‍ വലതു ഭാഗത്ത്‌ കടലുണ്ട് എന്ന് മനസ്സില്‍ പറഞ്ഞിരുന്നു എന്നും. ഇന്ന് ‘കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു’ എന്ന പഴയ പദ്യശകലം മൂളി തെളിഞ്ഞു. മെട്രോ സ്റ്റേഷന്‍ കണ്ടിരുന്നത്, ദുബായ് മെട്രോ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിയ്ക്കുന്നത് കണ്ടു. എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനങ്ങള്‍ പറന്നുയര്‍ന്നത് കണ്ടിരുന്നു. ഇന്ന് എമിരേറ്റ്സ്, എയര്‍ ഇന്ത്യ എന്ന് തെളിഞ്ഞു കണ്ടു. ബുര്‍ജ്‌ ഖലിഫ ദൂരെ ഒരു പെന്‍സില്‍ സ്കെച്ച് മാത്രമായിരുന്നത്, ആ കെട്ടിടത്തിന്‍റെ എല്ലാ രൂപഭാവങ്ങളും നിറഞ്ഞു കണ്ടു.

അതെ ദുബായ് നഗരം കഴുകി ഉണക്കാനിട്ടിരിയ്ക്കുകയാണ്. ഷേഖ് സയെദ്‌ റോഡിന്‍റെ ആകാശ ചിത്രം ഇവിടെ നിന്ന് തന്നെ വരച്ചെടുക്കാം, ദൈരയിലെ കുടുസ്സു കെട്ടിടങ്ങളും ഇടയ്ക്കുള്ള ഒഴിഞ്ഞ സ്ഥലങ്ങളും കണ്ട് മനസ്സിലാക്കാം, ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഹോട്ടല്‍ വൃത്തിയായി കാണാം, ഇങ്ങ് അല്‍ നാദയില്‍ എന്‍റെ ഇരുപത്തിയെട്ടാം നിലയിലെ ബാല്കണിയില്‍ നിന്ന്.

മഴദൈവങ്ങളെ, ഇരുപതു ദിവസം തുലാമഴയും കാത്ത് നാട്ടിലിരുന്ന എനിയ്ക്ക് വൈകിയെങ്കിലും, മറുനാട്ടിലെങ്കിലും, തകര്‍പ്പന്‍ മഴയും അതിന്റെ പിന്തുടര്ച്ചയും ഭംഗിയായി കാണിച്ചു തന്നതിന്, അനുഭവിപ്പിച്ചു തന്നതിന് നന്ദി. ഇനി ഇവിടെ (അത്യാഗ്രഹമാണെങ്കില്‍ ക്ഷമിയ്ക്കുക) ആ പച്ചപ്പും, പുഴകളും മലകളും കൂടി...

Tuesday, November 27, 2012

അവധിക്കുറിപ്പുകള്‍


നാട്ടിന്‍പുറത്തുകൂടെയുള്ള യാത്ര. അതിന്‍റെ സുഖമൊന്നു വേറെയാണ്. ശാഖോപശാഖകളോടെ പന്തലിച്ചു നില്‍ക്കുന്ന മരങ്ങള്‍ക്കടിയിലൂടെ, തഴച്ചു വളരുന്ന പടുമുളകള്‍ക്കിടയിലൂടെ, പരുക്കനെങ്കിലും വരകളും വെളിച്ചങ്ങളും നിയന്ത്രിയ്ക്കാനില്ലാത്ത നാടന്‍ വഴികളിലൂടെ, കൃത്രിമത്വമേതുമില്ലാത്ത കുശലാന്വേഷണങ്ങള്‍ക്കിടയിലൂടെ, അത് നവംബറിന്റെ പ്രഭാതമാകുമ്പോള്‍ പിന്നെ പറയാനുണ്ടോ.

ചെറുകുളിരും പേറി ഇളംകാറ്റ് മുഖത്ത് തലോടിക്കടന്നുപോയ നിമിഷങ്ങളിലെപ്പോഴോ ഞാനാ കാഴ്ച കണ്ടു. കാറ്റിനൊപ്പം പുറകോട്ടു പോകുന്ന വഴിയോരക്കാഴ്ച്ചകളില്‍ നിന്നും വേറിട്ടൊരു കാഴ്ച! പര്‍ദ്ദ ധരിച്ചൊരു കൊച്ചു പെണ്‍കുട്ടി! അടിമുടി കറുത്ത രൂപത്തില്‍ വെളുത്ത ഓമനത്വമുള്ള മുഖം. തോളില്‍ കൈ കൊണ്ട് തൂക്കിയിട്ട പ്ലാസ്ടിക് സഞ്ചി. കണ്ണുകളില്‍ ആളിക്കത്തുന്ന നിഷ്കളങ്കത. പുലര്‍കാലത്തെ പ്രകൃതിഭംഗി അവളുടെ കുട്ടിത്തം നിറഞ്ഞാസ്വദിക്കുകയായിരുന്നു. എതിര്‍ദിശയില്‍ മുന്നോട്ടുപോകുന്ന കാറിലിരുന്ന എന്റെ കണ്ണില്‍ നിന്ന് പക്ഷെ ആ ചിത്രം മാഞ്ഞില്ല. വീണ്ടും ഒരു കൂട്ടം കുട്ടികള്‍ കൂടി ഞങ്ങളെ കടന്നു പിന്നോട്ട് പോയി. അവരും ആ കറുത്ത വസ്ത്രത്തില്‍ പൊതിഞ്ഞു തന്നെ. അതേ നിഷ്കളങ്കത തുളുമ്പുന്ന മുഖങ്ങളോടെ തന്നെ.

നമ്മള്‍ മുതിര്‍ന്നവര്‍ എന്താണീ ചെയ്യുന്നത്? ശരിയ്ക്കും മുതിര്‍ന്നവര്‍ തന്നെയോ നമ്മള്‍? സ്വാതന്ത്ര്യത്തിന്റെയും സൌന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും ഒക്കെ അറിവുകള്‍ പകര്‍ന്നു നല്‍കേണ്ട ചെറുപ്രായത്തില്‍ അവര്‍ക്ക് വിലക്കിന്റെയും, വ്യത്യാസത്തിന്റെയും പിന്നെ വെറുപ്പിന്റെയും പാഠങ്ങള്‍ ഓതിക്കൊടുക്കുകയാണോ? തൊപ്പിയും ചന്ദനക്കുറിയും ചിഹ്നങ്ങളാക്കി കുഞ്ഞുമനസ്സുകളില്‍, അവരുടെ ചിന്താശക്തിയ്ക്ക്മേല്‍ മതഭ്രാന്തിന്റെ വിഷചങ്ങല കെട്ടുകയാണോ?

എന്തായാലും പര്ദ്ദകച്ചവടക്കാരുടെ വിപണന തന്ത്രങ്ങള്‍ ഫലിച്ചു. ഭക്തിവ്യവസായികളുടെയും. അവരുടെ പണപ്പെട്ടികള്‍ നിറഞ്ഞു കവിഞ്ഞു. പിറന്നുവീഴുന്ന കുഞ്ഞുങ്ങളെവരെ അവര്‍ ഉപഭോക്താക്കളാക്കി. ഗര്‍ഭസ്ഥശിശുക്കള്‍ ഗര്‍ഭപാത്രത്തിന്റെ സുരക്ഷിതത്വത്തില്‍ മാസങ്ങള്‍കൂടി നിഷ്കളങ്കത കാത്തുവെച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പള്ളി പൊളിച്ച് അമ്പലം പണിയണം എന്ന് പറഞ്ഞുനടന്ന കുറേപേര്‍, വോട്ടു കിട്ടാതെ വന്നപ്പോള്‍ ആ വാശിയുപേക്ഷിച്ച മട്ടാണ്. അതിനും മുന്‍പേ ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കായി കൊണ്ടുനടന്നവര്‍ക്കും സ്ഥിരം നിക്ഷേപമെന്നൊന്നില്ല എന്ന് മനസ്സിലായി. പക്ഷെ ഇവര്‍ അധികാരത്തിന്റെ അപ്പകഷണങ്ങള്‍ക്ക് വേണ്ടി തുപ്പിയ വിഷം നമ്മുടെ ഇടയില്‍ പലയിടത്തായി എരിഞ്ഞുകൊണ്ടിരിയ്ക്കുന്നുണ്ട്.

ഗൃഹാതുരത്വത്തിന്റെ മനശാന്തി തേടി അമ്പലത്തില്‍ പോയ ഞാന്‍ സിംഹഗര്‍ജ്ജനത്തിന്റെയും പകരംവീട്ടലിന്റെയും കാഹളങ്ങള്‍ തിരശ്ശീലയുയര്‍ത്തി മുളംകാലുകളില്‍ ഞെളിഞ്ഞു നില്‍ക്കുന്നതു കണ്ട് നിരാശനായി. ഭക്തി, ഭ്രാന്തിന്നു വഴിമാറികൊടുക്കുന്നത് കണ്ട് ഖിന്നനായി തിരിച്ചു പോരുമ്പോള്‍ ദൈവമേ നിന്റെ വിഷമം നീയാരോട് പറയും എന്നായിരുന്നു എന്റെ മൂകവിചാരം.

Friday, November 2, 2012

നാട്ടിലേയ്ക്ക്‌


വീണ്ടുമൊരവധിയ്ക്ക് ഒരുങ്ങുന്നതിന്റെ ഉത്സാഹത്തിലാണ് ഞാന്‍. ഒരിയ്ക്കല്‍ കൂടി നാട്ടിലേയ്ക്ക്‌. ഇളം മഞ്ഞും തുലാമഴയും ശരണം വിളികളും അരങ്ങൊരുക്കുന്ന നവംബറിന്റെ പ്രഭാതത്തിലെയ്ക്ക്. ഏകാന്തതയ്ക്ക് കൂട്ടിരിയ്ക്കുന്ന തറവാടിന്റെ ഊഷ്മളതയിലേക്ക്. വഴിക്കണ്ണുമായി കാത്തിരുന്ന അമ്മയില്ലാത്ത ശൂന്യതയിലെയ്ക്ക്. അച്ഛന്റെ വരവും കാത്തിരിയ്ക്കുന്ന കുരുന്നുകളുടെ സ്നേഹത്തിലെയ്ക്ക്.

ഇനി ലോകാവസാനം. അതോ ആരംഭമോ? എത്ര കാലമായി ഈ കാത്തിരിപ്പ്‌ തുടങ്ങിയിട്ട്? ദിവസങ്ങളെ ബാക്കിയുള്ളൂ. മിനിട്ടുകള്‍ക്ക് മണിക്കൂറിന്റെ ദൈര്‍ഘ്യം. അതങ്ങിനെയാണ്. ഡിപാര്ച്ചര്‍ ഹാളില്‍ ഇരിയ്ക്കുമ്പോള്‍ വിമാനത്തില്‍ കയറാഞ്ഞിട്ട്‌. അതിനുള്ളിലാണെന്കിലോ വേഗമൊന്നെത്താഞ്ഞിട്ട്.

എയര്‍പോര്‍ട്ട് വരാന്തയിലെ ഫിനയലിന്റെ മണം, നാട്ടിലറിയുന്ന ആദ്യ സുഗന്ധം! ടാക്സിയാത്രയിലെ വിയര്‍പ്പും മുഷിപ്പും നാട്ടിലെത്തി എന്ന് ശുഭ ലക്ഷണം. വീട്ടിലേയ്ക്കുള്ള റോഡിലെ അവസാന വളവും കഴിയുമ്പോള്‍ മനസ്സിലെ പെരുമ്പറ ഉച്ചസ്ഥായിയിലെത്തും.

എന്തൊക്കെയായിരിയ്ക്കും എനിയ്ക്കായ്‌ ഒരുങ്ങിയിട്ടുണ്ടാകുക? ഉണ്ണിയപ്പം, ഇഡ്ഡലിയും തേങ്ങാ ചമ്മന്തിയും. വിശദമായി പ്രഭാത ഭക്ഷണം കഴിച്ച കാലം മറന്നു. ഉച്ചയ്ക്ക് കുത്തരി ചോറ്, പയര് തോരന്‍, കാച്ചിയ മോര്, വെള്ളരിയും മാങ്ങയും കൊണ്ട് നാടന്‍ കറി. എനിക്കവിടെ ഒന്നെത്തിയാല്‍ മതി!

എന്‍റെ നാടേ ഞാനിതാ വരുന്നു. എനിയ്‌ക്കായ് കുറച്ചു നന്മകള്‍ ബാക്കി വെയ്ക്കുക. പുഴകളില്‍ വെള്ളം വറ്റാതെ വയ്ക്കുക. വയലുകള്‍, വരമ്പുകള്‍ വേറിട്ട്‌ നിര്‍ത്തുക. പറ്റുമെങ്കില്‍ മനസ്സുകളെ സ്നേഹത്തെ സ്നേഹിയ്ക്കാന്‍ പഠിപ്പിയ്ക്കുക!

Saturday, October 20, 2012

A tragedy that was not


I was not prepared for an ordeal of this measure when I logged in this morning. None of my colleagues were aware of the impending drama as well. After a hectic morning, we were soothing in to the calm pre-noon session when suddenly I noticed a commotion towards the wall facing the road. Shouts of ‘ambulance’ ‘jump’ ‘fire’ pierced my attention away from my computer.

Four of my colleagues were looking out of the glass pane that made the wall and were gesturing to each other. Some more of us were joining them too. Curiosity dragged me to the scene where I witnessed something I had only heard about all my life.

Not far from our building, on the road lied two motionless human forms, with a crowd of firemen, ambulance personnel and police around them. My office-mates were deep into discussions if it was a fire, an attempted homicide or suicide, an accident. They were distraught that the ambulance was still looking over them rather than carrying them to the care of a hospital. Why are the paramedics just moving around as if nothing has to be done? Or were they already dead!

I could feel my heart in my mouth! I felt for them on the floor lying hopelessly in meeting with destiny. I felt for their family. Do they already know? Far off in another country a soul so close to them has ceased to live! 

‘Or’ I wished in vain ‘the paramedics were waiting for specialists to come, or special equipment so that they can give them latest support.’ Let’s not lose hope.

Then we saw fire personnel carrying more people out from the nearby building on stretchers, put them down and go inside the building with more stretchers. I felt my friend’s shiver on the table he was leaning on. My heartbeat was also on the rise. I couldn’t stand the sight anymore. I wanted to sit.

The last couple of minutes have changed the colour of the day. What if this had happened to me? Or a friend, a relative? This is it, this glorious life. An unfortunate uncertainty.  I groped in philosophy.

‘It is a mock drill’ a voice from behind, ‘back to work please…’

WHAT THE #@$%!!!

They were laughing it off, my colleagues. A drill! It almost shoved me deep in philosophic drains, emotional terrains…

Back to work was not fun. I am still pondering over a tragedy that was not. If only we had known beforehand... 

Thursday, October 18, 2012

മകള്‍ക്ക്


മകളേ,

നീയറിയാ നെഞ്ചിന്‍റെ ചൂടേറ്റ്

പാവയൊരെണ്ണമുറങ്ങുന്നുണ്ട്.

തൊട്ടിലിന്‍ താഴെ,

നിന്‍ കൈയ്യെത്തും ദൂരെ,

ഞാന്‍ പണ്ടുറക്കി പഠിച്ചതാണ്.


അവളുടെ കവിളില്‍,

ആയിരമുമ്മകള്‍,

നിനക്കായ്‌

പണ്ടേ കൊടുത്തതാണ്.


അവളുടെ മുടിയില്‍

ഞാന്‍ തൊട്ട സ്നേഹം,

കണ്ണില്‍ കനിവിന്‍റെ

കണ്മഷിക്കൂട്.

നെറ്റിയില്‍ ചന്ദനം.


മകളേ

അമ്മ ശേഷിപ്പതിത്ര മാതം.


കാണാന്‍ കൊതിച്ച നിന്‍

കുസൃതികളെല്ലാം

കാണാമെന്നോര്‍ത്ത് ഞാന്‍ കനവില്‍ വന്നു.


വികൃതികളെല്ലാം കണ്ണിലൊളിപ്പിച്ചു,

കനവിന്റെ വാതില്‍ പുതപ്പിട്ടു മൂടി

വികൃതി, നീ മെല്ലെ ചിരിച്ചുറങ്ങി.


കാല്‍വളരുന്നോ, കൈ വളരുന്നോ

കണ്ണീര്‍ നിറഞ്ഞൊന്നും കാണ്ക വയ്യ.


അച്ഛനെ കെട്ടിപ്പിടിച്ചുറങ്ങിക്കൊള്‍ക

അമ്മ, യച്ഛനെ ഏല്‍പ്പിച്ചു പോന്നതാണ്,

കുസൃതിയ്ക്ക് കൂട്ടായ്‌ തന്നതാണ്,

അച്ഛന, മ്മയുമാകാന്‍ കരുത്തനാണ്.

Monday, October 8, 2012

തൂവാനത്തുമ്പികള്‍ - രണ്ടാമനുഭവം.


ജയകൃഷ്ണനെ പരിചയപ്പെട്ടപ്പോള്‍ മനസ്സില്‍ ഒരാന കയറി നിന്നപോലെ, വല്ലാത്ത ഭാരം. മഴപെയ്ത് ഒരാശ്വാസം കിട്ടിയതായിരുന്നു. രാധയ്ക്ക് വൃത്തിയില്ലാത്ത ഒരസുഖത്തിന്റെ ഇരട്ടപ്പേര് സമ്മാനിച്ചപ്പോള്‍, അതു വീണ്ടും താങ്ങാനാവാതെ തളര്‍ന്നു.

എത്ര മനോഹരമായാണ് ക്ലാര മഴയില്‍ കുതിര്‍ന്നു വന്നതും, ഒരു പഞ്ഞിക്കെട്ടു പോലെ എന്‍റെ മനസ്സുമായി പറന്ന്‍ നടന്നതും! അവള്‍ ജയകൃഷ്ണനെ പാലില്‍ പഞ്ചസാരയെന്ന പോലെ അലിയിച്ചു തീര്‍ത്തു. തടി കോണ്‍ട്രാക്ടര്‍ എന്ന് കളിയാക്കി വിളിച്ചു, വിവാഹമെന്ന അവന്റെ ആവശ്യത്തിന് തലയാട്ടി, പാതിരായ്ക്ക് ലഹരിയില്‍ ഭ്രാന്ത് പിടിച്ച ജയകൃഷ്ണനെ കടപ്പുറത്ത് തിരകള്‍ക്കിടയില്‍ ചികിത്സിച്ചു.

അപ്പൂപ്പന്‍ താടി പോലെ അലസമായി അലഞ്ഞു നടന്ന ആസ്വാദകന്റെ മനസ്സിനെ തീവണ്ടിയുടെ സമയം ചോദിച്ച് ഞെട്ടിച്ചു. പിന്നെ യാഥാര്ത്യത്തിന്റെ ചിത്രങ്ങളിലേയ്ക്ക്, രാധയുടെ അടുത്തേയ്ക്ക് വീണ്ടും നമുക്ക് വഴികാട്ടി.

ശീലമായി വരികയായിരുന്നു, ഇഷ്ടവുമായിരുന്നു, രാധയുടെ നിയന്ത്രണങ്ങളും, ജയകൃഷ്ണന്റെ കീഴടങ്ങലും. ഒരു വിസ്മയത്തിന്റെ കുറവു മാത്രമുണ്ടായിരുന്നു. മറ്റൊരു പതിവില്ലാമഴയുടെ കുടക്കീഴില്‍ ആ സ്വപ്നവും പേറി പോസ്റ്റുമാന്‍ വന്നു. പിന്നെ പാതിരായ്ക്ക് ക്ലാരയും വന്നു.

കുറെ നടന്നും, പിന്നെ തുറന്ന കുന്നിന്‍ ചെരുവുകളില്‍ ഇരുന്നും, കിടന്നും അവള്‍ ജയകൃഷ്ണന് ചുമരുകളില്‍ നിന്ന് നേടാനാഗ്രഹിച്ച സ്വാതന്ത്ര്യത്തിന്‍റെ കഥ പറഞ്ഞു കൊടുത്തു. നമ്മളും ആശ്വസിച്ചു. ആഗ്രഹിച്ചു, കുറച്ചു നേരം കൂടി. അത്രയ്ക്ക് തീക്ഷ്ണമായിരുന്നു ജയകൃഷ്ണന്റെ കണ്ണുകളില്‍ അവള്‍ പിരിയുന്നതിന്റെ നിരാശ.

പിന്നെയെല്ലാം ശുഭം മംഗളം. ഇടയ്ക്ക് രാധയ്ക്ക് കരുത്തേകാന്‍, ജയകൃഷ്ണന് ക്ലാരയുടെ ടെലിഫോണ്‍ വിളിയും വരുന്ന തീവണ്ടിയുടെ സമയം അറിയിച്ച് ഒരു കമ്പിയും. ഭര്‍ത്താവും കുഞ്ഞുമായി സ്വപ്നത്തില്‍ നിന്ന് താഴെയ്ക്കിറങ്ങുന്ന ക്ലാരയുടെ ചിത്രം, ആ യാഥാര്‍ത്ഥ്യം മനസ്സിലായെന്നു ജയകൃഷ്ണന്റെ രാധയ്ക്കുള്ള പുഞ്ചിരി. സമാപ്തം.

ക്ലാരയായി സുമലതയുടെ കണ്ണുകളും ചുണ്ടുകളും, ജയകൃഷ്ണനായി മോഹന്‍ലാലിന്‍റെ മുഖവും, ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ  പൂര്‍ണമാകുമായിരുന്നോ? നിശ്ചയമില്ല.

ആദ്യകാഴ്ചയില്‍ ഇത് വെറും ത്രികോണ പ്രണയമായിരുന്നു. അന്ന് ഞാന്‍ വെറും കുഞ്ഞായിരുന്നല്ലോ.

ശ്രീ പദ്മരാജനെ കുറിച്ചെഴുതാന്‍ ഞാന്‍ പോര എന്ന് നല്ല ബോധ്യമുള്ളതു കൊണ്ട് അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്‍പില്‍ ഈ പേന ഞാന്‍ പൂട്ടി വെയ്ക്കുന്നു.
 

Monday, September 17, 2012

ഓര്‍മകളിലെ ചില്ലറ വിപണിയും, പ്രത്യക്ഷ വിദേശ നിക്ഷേപവും.


നീണ്ടു മെലിഞ്ഞിട്ടായിരുന്നു മമ്മിഹാജി. വെളുത്തു നരച്ച മുടിയും അവിടവിടെ എഴുന്നു നില്‍ക്കുന്ന മീശയും താടിയും. മെലിഞ്ഞ ശരീരത്തിന് തീരെ ചേരാത്ത വലിയ ഒരു വെളുത്ത ഷര്‍ട്ടും കൂടെ ചേര്‍ന്നാല്‍ ഒരു പ്രകാശഗോളത്തിനു നടുവിലെ ചെറിയ മുഖവുമായി മമ്മിഹാജിയുടെ ചിത്രം പൂര്‍ത്തിയായി. അച്ഛന്‍റെ അനേകം സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമായിരുന്നില്ല, ഞങ്ങളുടെ പറ്റുകടയുടെ ഉടമസ്ഥന്‍ കൂടിയായിരുന്നു മമ്മിഹാജി. അരിചാക്കുകള്‍ക്കും എണ്ണപ്പാട്ടകള്‍ക്കും നടുവില്‍ ജോലിക്കാരോരോരുത്തരും വിളിച്ചു പറയുന്ന കണക്കുകള്‍ക്ക് കാതോര്‍ത്ത്, മേശപ്പുറത്ത് കടലാസില്‍ മനക്കണക്ക് പകര്‍ത്തുന്ന അതേ നേരം തന്നെ സാധനങ്ങള്‍ വാങ്ങാന്‍ കാത്തു നില്‍ക്കുന്നവരോട് കുശലം പറയാന്‍ കൂടി സാധിച്ചിരുന്ന അസ്സല്‍ ബിസിനസ്‌ മാന്‍.  

ടെലിഫോണ്‍ ആദ്യമായി കാണുന്നത് അവിടെനിന്നാണ്. മുകളിലെ പത്തു ദ്വാരങ്ങളില്‍ രണ്ടെണ്ണത്തില്‍ ഒന്നിന് പിറകെ ഒന്നെന്ന് വിരലിട്ടു കറക്കി റിസീവറും ചെവിയിലെയ്ക്ക് വെച്ച് ധ്യാനത്തിലെന്ന പോലെ കണ്ണടയ്ക്കുന്ന മമ്മിഹാജിയുടെ മുഖം പൂജാ കര്‍മങ്ങളില്‍ നിരതനായ പൂജാരിയുടെതെന്ന പോലെ ദീപ്തമായിരുന്നു.

ഇന്നത്തെപോലെ പായ്ക്കറ്റുകളില്‍ അല്ലാത്തതുകൊണ്ട് വളരെ ചെറിയ അളവുകളില്‍ പോലും ചായപ്പൊടിയും പഞ്ചസാരയും മറ്റു സാധനങ്ങളും ആവശ്യക്കാരന്റെ കയ്യിലെ കാശിനനുസരിച്ചു അളന്നു കൊടുക്കുമായിരുന്നു മമ്മിഹാജിയുടെ ജോലിക്കാര്‍. അത് കൊണ്ടു തന്നെ വൈകുന്നേരങ്ങളില്‍ കടയില്‍ തിരക്ക് കൂടുമായിരുന്നു. എത്ര തിരക്കായാലും, ‘മൊയ്തീനെ മേനോംകുട്ടീനെ ബേഗം ഒഴിവാക്ക് ഇര്ട്ടാവ്ന്നേനും മുന്നെ’ എന്ന്‍ എനിയ്ക്കൊരു പ്രത്യേക പരിഗണനയുണ്ടായിരുന്നു.

പൊറോട്ട നമ്മുടെ പ്രിയ ഭക്ഷണമാകുന്നതിനു മുന്‍പ്‌, മൈദയ്ക്ക് ഒരു കര്‍മ്മമേയുണ്ടായിരുന്നുള്ളൂ. ചൂടുവെള്ളം ചേര്‍ന്നാല്‍ പശയായി മാറുക. പഴയ പത്രം കൊണ്ട് അരിയും പഞ്ചസാരയുമൊക്കെ പൊതിയാനുള്ള കവര്‍ ഉണ്ടാക്കുന്നത്‌ കണ്ടുപഠിച്ചതും മമ്മി ഹാജിയുടെ കടയില്‍നിന്നു തന്നെ. അധികം തിരക്കില്ലാത്ത നേരത്ത് നാരായണേട്ടന്‍ (ഓര്‍മയിലെ പേര്, ശരിയാണെന്നതിനു ഒരുറപ്പുമില്ല.) മൈദ കൊണ്ട് പശയുണ്ടാക്കുന്നതും, അളവൊപ്പിച്ചു മുറിച്ചു വെച്ച പത്രക്കടലാസ് മടക്കി പശതേച്ചു ഒട്ടിയ്ക്കുന്നതും കണ്ട് അന്തം വിട്ടു നിന്നിട്ടുണ്ട്.

പറയാന്‍ വന്നത് ഇതൊന്നുമല്ല. ക്രെഡിറ്റ്‌ കാര്‍ഡും അതിന്റെ ദോഷങ്ങളും ഒന്നുമില്ലാതിരുന്ന ആ കാലത്ത് ‘കായി പിന്നെ തന്നാ മതി, ജ്ജ് കൊണ്ടോയ്ക്കോ’ എന്ന് എത്രയോ പേരെ സഹായിച്ചിട്ടുണ്ട് ഈ പറ്റുകടക്കാരന്‍. റീടെയില്‍ ശൃംഖല വിദേശ നിക്ഷേപവുമായി വരുമ്പോള്‍, ഈ സംസ്കാരത്തിന് പകരം വെയ്ക്കാന്‍ ഉദാരവല്‍ക്കരണത്തിന്റെ അപ്പോസ്തലന്മാര്‍ എന്താണാവോ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഗ്രാമം നഗരമാവുന്നതിന്റെ ഭാഗമായി, ഒരു ഷോപ്പിംഗ്‌ കോംപ്ലെക്സിനു വഴിമാറി, മമ്മിഹാജിയുടെ പലചരക്കുകട നിന്നിരുന്ന നാലുമുറി കെട്ടിടം. പക്ഷെ ഗോപാലേട്ടന്റെ പച്ചക്കറിക്കട ഇപ്പോഴും അവിടെ തന്നെയുണ്ട്.  

നല്ല പച്ചക്കറികള്‍ അല്പം വിലകൂടിയാലും വാങ്ങാന്‍ നാട്ടുകാര്‍ക്ക്‌ അന്ന് ഗോപാലേട്ടന്റെ കട മാത്രം. പൈസയ്ക്ക് വിലയുണ്ടായിരുന്ന അന്ന് അധികം സാധനങ്ങള്‍ക്കും രൂപയില്‍ താഴെയാണ് വില. പൈസ എന്ന്‍ ഗോപാലേട്ടന് പറയാന്‍ കഴിയില്ല. പൈശ എന്നാണ് അദ്ദേഹത്തിന്റെ നാവു വഴങ്ങുക. വില ചോദിയ്ക്കുമ്പോള്‍ അയ്മ്പത് പൈശ, എഴുപത്തഞ്ചു പൈശ എന്ന്‍ കൊഞ്ചുന്നത് കേള്‍ക്കാന്‍ വേണ്ടി ചിലപ്പോളൊക്കെ അവിടെ പച്ചക്കറികളുടെ ഭംഗി ആസ്വദിച്ചു നില്‍ക്കുന്നത്‌ ശീലമാക്കിയിരുന്നു.

എതിരാളിയില്ലാതെ പച്ചക്കറിമുതലാളിയായി വിലസിയിരുന്ന ഗോപാലേട്ടന് ഗോപിയുടെ കട എതിര്‍വശത്ത് വന്നത് ക്ഷീണമായി. കുറച്ചു ഗ്ലാമര്‍, വാക്സാമര്ത്ഥ്യം, ചെറുപ്പത്തിന്റെ ഉത്സാഹം ഇതെല്ലാം സഹായിച്ച് ഗോപി വളരെ പെട്ടെന്ന് തന്നെ വളര്‍ന്നു. ചെറിയ കട വലുതായി. ഗോപി മോട്ടോര്‍ സൈക്കിളില്‍ കൂളിംഗ് ഗ്ലാസ്സും വെച്ച് യാത്ര തുടങ്ങി.  എങ്കിലും ഗോപാലേട്ടന്‍ തോറ്റില്ല. തിരക്കല്‍പ്പം കുറഞ്ഞെങ്കിലും, തന്റെ ഇടപാടുകാര്‍ക്ക്‌ നല്ല കായ്കറികള്‍ തിരഞ്ഞുകൊടുത്ത് ഗോപലേട്ടന്‍ പിടിച്ചു നിന്നു. ഇപ്പോഴും പിടിച്ചു നില്‍ക്കുന്നു.

വരും തലമുറകളെ മടിയന്മാരും സുഖിയന്മാരും ആക്കി വളര്ത്താനായിരുന്നില്ല ഇവരുടെയൊക്കെയും കഠിനാദ്ധ്വാനം. അന്നന്നത്തെ ചെലവ് കഴിഞ്ഞു പോകണം, മക്കളെ പഠിപ്പിയ്ക്കണം ബാക്കി വല്ലതും വന്നാല്‍ പെണ്‍മക്കളുടെ വിവാഹാവശ്യങ്ങള്‍ക്ക് കരുതിവെയ്ക്കണം. 

ഇവിടെ ഗള്‍ഫിലുമുണ്ടായിരുന്നു ഗ്രോസറികള്‍ എന്ന പേരില്‍ പലചരക്ക് കടകള്‍. ഒരു മുറി പീടികയില്‍ പലവ്യഞ്ജനങ്ങളും, പച്ചക്കറികളും, ചെറു ഫ്രീസറില്‍  ഐസ്ക്രീം മുതല്‍ കോഴിയിറച്ചി വരെ എല്ലാ തരം സാധനങ്ങളും കിട്ടിയിരുന്ന ഗ്രോസറികള്‍ എത്ര പ്രവാസി കുടുംബങ്ങള്‍ക്കാണ് ആശ്രയമായിരുന്നത്. എത്ര മനുഷ്യരുടെ ജീവിതമാര്‍ഗമായിരുന്നു ഇന്ന് അപൂര്‍വ കാഴ്ചയായ ഗ്രോസറികള്‍!

വമ്പന്‍ സൂപ്പര്‍ മാര്‍ക്കെറ്റുകളുടെ വരവോടെ ഒന്ന് പതുങ്ങിയ ഈ ഗ്രോസറി നടത്തിപ്പുകാര്‍ ഹൈപ്പര്മാര്‍ക്കെറ്റ്‌ എന്ന സങ്കല്‍പത്തിന്റെ രംഗപ്രവേശത്തോടെ നാമാവശേഷരായി എന്ന് തന്നെ കണക്കാക്കാം. ഒരു വിധം എല്ലാ കെട്ടിടങ്ങള്‍ക്കു താഴെയും ഒന്ന്‍ എന്ന മട്ടിലുണ്ടായിരുന്ന, പലചരക്ക് കടകളുടെ ഗള്‍ഫ്‌ രൂപമായിരുന്ന ഗ്രോസറികള്‍  ഇപ്പോള്‍ കണ്ടാലുണ്ടെന്നു പറയാം എന്ന അവസ്ഥയാണ്.

ഞങ്ങള്‍ പ്രവാസികള്‍ കണ്ടറിഞ്ഞ പാഠം ഇനി നാട്ടിലും ആവര്‍ത്തിയ്ക്കും. പ്രത്യക്ഷ വിദേശ നിക്ഷേപവുമായി ചില്ലറ വിപണിയിലെ ഭീമന്മാര്‍ ഹരിശ്രീ കുറിയ്ക്കുമ്പോള്‍ അന്നന്നത്തെ അഷ്ടിയ്ക്കുവേണ്ടി, ചെറിയ രീതിയില്‍ കച്ചവടവുമായി കഴിഞ്ഞുകൂടുന്ന സാധാരണക്കാരുടെ കഞ്ഞിയിലാണ് പാറ്റ വീഴുക.

ധനികനും ദരിദ്രനും തമ്മില്‍ വലിയ അന്തരം സൃഷ്ടിച്ചെടുത്ത ഉദാരവല്‍ക്കരണത്തിന്റെ വക്താക്കള്‍ ഭരണ യന്ത്രത്തില്‍ തൂങ്ങി കിടക്കുമ്പോള്‍ വേറെ  എന്ത് പ്രതീക്ഷിക്കാനാണ്? ഒരു വിധം പ്രതീക്ഷകളൊക്കെ നശിച്ചിരിയ്ക്കുന്ന സാധാരണക്കാരന് ഇതില്‍ക്കൂടുതലെന്തോ വരാനിരുന്നതാണ് എന്ന്‍ സമാശ്വസിയ്ക്കാന്‍ പോലും ഒന്നും ബാക്കി വെച്ചില്ലല്ലോ ഇവര്‍! 

ഇനി നമുക്ക് ഷോപ്പിംഗ്‌ മാളുകളില്‍ പോയി സാധനങ്ങള്‍ വാങ്ങിയ്ക്കാം. അവിടത്തെ കണ്ണഞ്ചിപ്പിയ്ക്കുന്ന ദൃശ്യവിസ്മയങ്ങളില്‍ മയങ്ങി ആവശ്യവും അനാവശ്യവും വാങ്ങിക്കൂട്ടാം. ശീതീകരിച്ച മുറികളില്‍ ദിവസങ്ങളോളം ഉറങ്ങിക്കിടന്ന പച്ചക്കറികളും, പഴങ്ങളും പൊങ്ങച്ച സഞ്ചിയില്‍ പൊതിഞ്ഞു വാങ്ങാം. ഉള്ളിലുള്ളത് എന്താണെന്നറിയാതെ ഭംഗിയുള്ള പായ്ക്കറ്റുകള്‍ വാങ്ങി ഉന്തുവണ്ടി നിറയ്ക്കാം.

വികസനമെന്നാല്‍ പടിഞ്ഞാറ് നിന്ന് വീശുന്ന കാറ്റാണെന്നും ആ കാറ്റ് വിഴുങ്ങി വയര് വീര്‍പ്പിച്ചാല്‍ അഭിവൃദ്ധി സൂര്യതേജസ്സോടെ ജന്മമെടുക്കും എന്നൊക്കെ മൂഡസ്വര്‍ഗത്തിലെ വിഡ്ഢികള്‍ക്ക് വിശ്വസിയ്ക്കാം. പാവപ്പെട്ടവന് ഉപകാരപ്പെടാത്ത വികസനം നമുക്ക് വേണ്ടെന്ന മഹദ്വചനം ഓര്‍ക്കുന്നുണ്ടെങ്കിലല്ലേ മറക്കേണ്ടതുള്ളൂ.

Sunday, September 9, 2012

കേരളം ഉദിച്ചുയരട്ടെ!


 ഇന്നിനി കച്ചോടം വേണ്ടാ
കാക്കി, വടിയുമായ്‌ വന്നെന്റെ പുറം പൊളിയ്ക്കും.

ഈ രാത്രിയുപവാസമാകും.

ഉദിച്ചുയരട്ടെ കേരളം, ശേഷം
മാത്രം മതി ഞങ്ങള്ക്കത്താഴക്കഞ്ഞി!


രണ്ടുനാള്‍ പട്ടിണി കൊണ്ടെന്റെ
നാടിന്നു നന്മ വരട്ടെ.


ക്ലബുണ്ട്, ഡാന്‍സുണ്ട്
പ്രധാനമന്ത്രി, പരിവാരവുമായുണ്ട്,
പിന്നെയുമേതോ തൊലിവെള്‌പ്പുള്ളോരും,
നാട്ടുസായിപ്പന്മാരൊരുപട വേറെയും.


മുഖ്യനും കൂട്ടരും പണ്ടേയിരിപ്പുണ്ട്
പദ്ധതിപ്പട്ടിക വെബ്സൈറ്റിലുമുണ്ട്.
കൂട്ടലും, കിഴിയ്ക്കലും, വെട്ടും തിരുത്തും
കഴിഞ്ഞൊട്ടേറെയാപ്പീസറന്മാരുമുണ്ട്.

പാവയ്ക്കപോലത്തെ രാജ്യത്ത്‌, നമ്മുടെ
കോടിക്കണക്കിനു രൂപാ വരും.
തിന്നും കുടിച്ചും മാത്രം കഴിയുന്ന
യുവതയ്ക്കു സ്ഥിരമായി ജോലികിട്ടും.

കാടില്ല, മലയില്ല, നദിയില്ലയെങ്കിലും
നാടുമുഴുവന്‍ തൊഴില്ശാലയാകും.
വയലില്ല കൃഷിയില്ല, വിളവില്ലയെങ്കിലും
വമ്പന്‍ തുകയ്ക്ക് നാം ഭൂമി വില്‍ക്കും.
 
മക്കളീ ധാത്രിയെ പങ്കുവെയ്ക്കുന്നതു
കണ്ടൊരു കാതം മാറി മറഞ്ഞുനില്ക്കും
പ്രതിപക്ഷശബ്ദവും നേര്‍ത്തുപോകും.

ഇന്നിനിയുപവാസമാകാം
നാട്ടിലെന്‍, പട്ടിണിയെത്താതിരിയ്ക്കാന്‍.
ഇനിയെന്നുമുപവാസമാകാം
പട്ടിണി, പുത്തരിയാകാതിരിയ്ക്കാന്‍.

Friday, August 31, 2012

താടിപുരാണം


അര മണിക്കൂറായി ചെരയ്ക്കാനുള്ള ഈ കുന്ത്രാണ്ടം പിടിച്ചു നില്‍ക്കാന്‍ തുടങ്ങിയിട്ട്. സൃഷ്ടിയുടെ വേദനയില്‍ കവികള്‍, കഥാകൃത്തുക്കള്‍ എങ്ങിനെയോ, കത്രിക കയ്യിലെടുത്താല്‍ ഞങ്ങളും അങ്ങിനെത്തന്നെ എന്നവകാശപ്പെടും ചില ബാര്‍ബര്‍മാരത്രേ. ഇതിപ്പോള്‍ സൃഷ്ടിയുടെ വേദനയൊന്നുമല്ല. മനസ്സിലെ ചിത്രം തിമിരം പിടിച്ച കണ്ണിലെ കാഴ്ച പോലെ തെളിയാതെ ബ്രഷും പിടിച്ചു കാത്തു നില്‍ക്കുന്ന ചിത്രകാരന്‍റെതു പോലെ ഒരമാന്തം മാത്രം. പിന്നെ ഞാനൊരു ബാര്‍ബറുമല്ല. സ്വന്തം മുഖസൌന്ദര്യ വര്‍ധനയ്ക്ക്‌ ലാന്‍ഡ്‌സ്കേയ്പിംഗ് കോണ്ട്രാക്റ്റ് എടുത്ത ഒരു പാവം പുരുഷന്‍.

രണ്ടുമൂന്നാഴ്ച കൊണ്ട് വളര്തിയെടുത്തതാണ് വികൃതമെങ്കിലും, ശുഷ്കമെങ്കിലും അവിടെയിവിടെയായി ഇടതൂര്‍ന്ന് പൊങ്ങിനില്‍ക്കുന്ന താടി. അതിനെയാണ് വെറും സാധാരണ താടിയായി വെട്ടി സൂക്ഷിയ്ക്കണോ, വയലില്‍ വരമ്പത്ത് ചാലിടുന്നത്പോലെ, അവിടെയും ഇവിടെയും ഒഴിച്ചിട്ടു ആധുനിക ശൈലിയില്‍ തീര്‍ക്കണമോ, കുറച്ചു കൂടുതല്‍ കലാപരമായി ഒരു സമാന്തര പാത പോലെ, നേര്‍രേഖപോലെ നീട്ടിയെടുക്കണമോ എന്നെല്ലാമുള്ള ചിന്താക്കുഴപ്പത്തില്‍, തൂങ്ങിനില്‍ക്കുന്ന ആ വാളുപോലെ (ഡെമോക്ലെസ്സിന്റെയോ മറ്റോ) ഞാത്തിയിട്ടിരിയ്ക്കുന്നത്‌.

ഇതു വളര്‍ന്നു തുടങ്ങിയ കാലം തൊട്ടുള്ളതാണ് അതുമായി ബന്ധപ്പെട്ട് ആശയ സംഘട്ടനങ്ങളും. ‘മലയാളി യുവത്വത്തിന്റെ മുഖമുദ്രയാണ് താടി!’  പ്രി-ഡിഗ്രി ക്ലാസ്സില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് അടിച്ചേല്‍പ്പിക്കാന്‍ വന്ന താടിക്കാരന്‍ ചേട്ടന്‍റെ സ്വപ്രശംസ. താടിക്കാര്‍ സുഹൃത്തുക്കളും പറഞ്ഞു ഒരു ഗൌരവത്തിനു താടി നല്ലതാണെന്ന്. പിന്നെ താമസിച്ചില്ല, കയ്യില്‍ കിട്ടിയ ബ്ലേഡ് കൊണ്ട് താടിമുഴുവന്‍ മുറിയാക്കി വെച്ചു. ഉഴുതുമറിച്ചിട്ട പറമ്പില്‍ വൈകാതെ പുല്ലു മുളച്ചു. എന്റെ മുഖത്ത് മുറിവിന്‍റെ കരിഞ്ഞ കല മാത്രം.

‘സെക്കന്റ്‌ ഷോയ്ക്ക് ആളിരിയ്ക്കുന്നതുപോലെ’ എന്‍റെ താടി ലക്ഷ്യമാക്കി ഡിഗ്രി ക്ലാസ്സിലെ വിദ്വാന്റെ പരിഹാസം. കേട്ട് ചിരിയ്ക്കാന്‍ ചെക്കന്‍മാരും, പിന്നെ ആരുടെ മുന്‍പിലോ ഗൌരവം ഭാവിയ്ക്കേണ്ടത് ആ പെണ്പിള്ളേരും. ഒരു പടി കടന്നു മറ്റു ചിലരുടെ കമന്റ്‌. ‘ഉമിക്കരികൊണ്ട് പല്ലുതേച്ചിട്ടു കഴുകിയില്ലേ?’ പിന്നെ വേറൊന്ന് ‘മുഖത്തെന്തോ പറ്റിയിരിയ്ക്കുന്നല്ലോ, ടവല്‍ എടുത്തു തുടയ്ക്കൂ.’ കല്‍ക്കരി പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇന്നെടുത്ത നിലപാട് ഞാന്‍ അന്നെടുത്തു. അതേ മൌനം. പിന്നെ അവരുടെയൊക്കെ വീട്ടിലിരിയ്ക്കുന്നവരെ മനസ്സില്‍ മാത്രം ഓര്‍ക്കുക എന്ന ഡിപ്ലോമസിയും.

എന്നിട്ടും ഞാന്‍ വിട്ടില്ല. മലയാളിയ്ക്ക് തടിയില്ലെങ്കിലും താടി കൂടിയേ തീരൂ. ഞാന്‍ എന്‍റെ അവകാശ സംരക്ഷണത്തിനായി ആയുധമെടുക്കാന്‍ തീരുമാനിച്ചു. അച്ഛന്‍റെതും എട്ടന്റെതും ഒന്നുമല്ലാതെ എനിയ്ക്കു മാത്രമായ് ഒരെണ്ണം. പട്ടിണി കിടന്നും (കോളേജ് കാന്‍റീനില്‍ നിന്ന് ചായ കുടിയ്ക്കാന്‍ അച്ഛന്‍ പൈസ തന്നിരുന്നു) ബസ്സില്‍ ടിക്കെറ്റെടുക്കാതെയും ഞാന്‍ സ്വരുക്കൂട്ടി.

വെട്ടിയും വടിച്ചും ഇടയ്ക്കൊക്കെ വളര്‍ച്ചയുടെ പുരോഗതി നോക്കാന്‍ വടിയ്ക്കാതിരുന്നും കാലം മുന്നോട്ടു പോയി. അവസാനം ഞാന്‍ കണ്ടുപിടിച്ചു. ഒരാഴ്ചയൊക്കെ ആയുധം ഉപയോഗിക്കാതിരുന്നാല്‍ മുഖത്ത് ഒരു കൊച്ചു കാര്‍മേഖം ഉരുണ്ടു കൂടുമെന്ന്.

പക്ഷെ വൈകിപ്പോയി. അപ്പോഴേയ്ക്കും മറ്റെല്ലാ മേഖലകളിലും എന്നപോലെ, മലയാളി താടിയുടെ കാര്യത്തിലും വളരെ മുന്നോട്ടു പോയി. വെറും താടി ഔട്ട്‌ ഓഫ് ഫാഷന്‍ ആയി. താടിയിലും കലാസൃഷ്ടികള്‍ ഉയര്‍ന്നുവന്നു. നീണ്ടും, നിരന്നും നിരകളിലായും വളഞ്ഞും പുളഞ്ഞുമൊക്കെ താടികള്‍! എന്‍റെ ഈ കൊച്ചു താടികൊണ്ട് എന്താവാനാണ്?

അന്ന് ഞാനൊരു തീരുമാനമെടുത്തു. ഒരു മൂന്നാഴ്ചയ്ക്ക് എന്‍റെ ആയുധത്തിന് അവധി കൊടുക്കുക. എന്‍റെ അപകര്‍ഷതാ ബോധത്തിനും വേണം എന്റേതായി തന്നെ ഒരു മരുന്ന്. ഓഫീസില്‍ എന്തെങ്കിലും ഒരു കാരണം പറയാം. ത്വക്കുരോഗമോ വേണ്ടിവന്നാല്‍ ഇല്ലാത്ത ഒരു പുലവാലായ്മയോ എന്തെങ്കിലും.

ആ മൂന്നാഴ്ചയ്ക്കവസാനമാണ്, അര മണിക്കൂറായി ഞാന്‍ ചിന്തയിലാണ്ടിരിയ്ക്കുന്നത്. സാധാരണ താടി ഏതായാലും വേണ്ട. ഊശാന്‍ താടി പോലെ നീട്ടിയിടാന്‍ ഈ വളര്‍ച്ച പോര. അവിടെയും ഇവിടെയും നിര്‍ത്തി ബാക്കി വടിച്ചുകളഞ്ഞാല്‍ കട്ടി തീരെ കുറയും. ഒരു നേര്‍രേഖപോലെ, നടുക്ക് ഒരു വൃത്താകൃതിയില്‍ വെട്ടിയെടുക്കാന്‍ മാത്രം വളര്‍ച്ചയില്ല.

ഒരു തീരുമാനത്തിലെത്താന്‍ കഴിയുന്നില്ല.

ഈ അഭംഗി അങ്ങ് മൊത്തമായി എടുത്തു കളയുന്നതല്ലേ, അതുതന്നെയാണ്, അതുതന്നെയാണ് ബുദ്ധി.

ഓരോ തിരഞ്ഞെടുക്കലും ഓരോ ദുരന്തങ്ങള്‍ എന്നു പറഞ്ഞ ആ ചിന്തകന്‍ ആരാണാവോ?

Friday, August 24, 2012

തൃക്കാക്കരയപ്പന്‍


തട്ടിന്‍പുറത്ത് നിന്നും തൃക്കാക്കരപ്പനെ എടുക്കണം. ഒരു കോണിയുണ്ടായിരുന്നത് എടുത്തു മാറ്റിയത് കൊണ്ട്, മേശ വലിച്ചിട്ട് അതിന്റെ മേലെ കസേര വച്ച് ചുമരില്‍ ചവിട്ടി മേല്പുരയുടെ കഴുക്കോലില്‍ തൂങ്ങി വേണം തട്ടിന്പുറത്തേയ്ക്കിറങ്ങാന്‍. ആറെണ്ണം ഉണ്ട് തട്ടിന്‍പുറത്ത്, മരത്തിന്റെ തൃക്കാക്കരയപ്പന്‍മാര്‍. നടുമുറ്റത്ത് മൂന്ന്‍, പുറതളത്തില്‍ മൂന്ന്, പടിഞ്ഞാറേ മുറ്റത്ത്‌ മൂന്ന്‍. മൂന്നെണ്ണം ചളി കൊണ്ടുണ്ടാക്കണം.

‘വെറുതെ അതവിടെ കൊണ്ടുവെച്ചത്കൊണ്ട് ആയില്ല്യ. മൂന്നു നേരം പൂജിക്ക്യേം വേണം.’ അമ്മമ്മ പറയും. ചാണകം കൊണ്ട് വൃത്താകൃതിയില്‍ മെഴുകി, അരിമാവ് കൊണ്ട് കോലം വരച്ച് നാക്കിലയില്‍ വേണം പ്രതിഷ്ഠിക്കാന്‍. അതും, അരിമാവ് കൊണ്ട് അലങ്കരിച്ച്, തുളസി കതിരും, തെച്ചിപൂവും ചന്ദനതിരിയുമൊക്കെ തിരുകി വെച്ചശേഷം.

ഉത്രാടത്തലേന്നു സന്ധ്യയ്ക്ക് തൃക്കാക്കരപ്പനെ വെച്ച് പൂജിയ്ക്കണം. നിവേദ്യമായി അമ്പിളിയട. അമ്മയുണ്ടാക്കിയിരുന്ന അമ്പിളിയടയുടെ സ്വാദ് മനസ്സിലിപ്പോഴും ഉണ്ട്. മൂന്നിടത്തും പൂജ കഴിഞ്ഞു വന്നാലേ ഒരുകഷണം കഴിയ്ക്കാന്‍ കിട്ടൂ. അമ്മയുടെ വിരലില്‍ നിന്നൂരിയെടുത്ത മോതിരം കിണ്ടിയില്‍ മുട്ടി മണിയടിച്ച്, തുളസിപൂവും, ചന്ദനത്തിരിയും കൊണ്ട് ഒരു വഴിപാട്‌ പൂജ. കാലത്ത് നടുമുറ്റത്ത്, ഉച്ചയ്ക്ക് പുറതളത്തില്‍, സന്ധ്യയ്ക്ക് പടിഞ്ഞാറേ മുറ്റത്തും, ഉത്രാടത്തിനും തിരുവോണത്തിനും ഇത്ര മതി. പഴവും ഒരച്ചു ശര്‍ക്കരയും നിവേദിയ്ക്കാനും.

പഴക്കുല വാങ്ങിയ്ക്കണം. പഴമില്ലാതെ എന്ത് അമ്പിളിയട! കാഴ്ചയുംകൊണ്ട് വരുന്നവര്‍ക്ക് മുറുക്കാനും, പപ്പടവും, ഓരോ മുണ്ടും കൂടെ വാങ്ങിയ്ക്കുമായിരുന്നു അച്ഛന്‍. ആണ്ടിലൊരിയ്ക്കലേ അവര്‍ക്കെന്തെങ്കിലും വിശേഷമായിട്ടു കൊടുക്കാറുള്ളൂ എന്ന ഒരാത്മഗതത്തോടെ. അരിയും സാധനങ്ങളും പറ്റുകടയില്‍നിന്ന് വാങ്ങാം. പച്ചക്കറി പഴക്കുലയുടെ കൂടെയും.

കുട്ടികള്‍ക്ക്‌ ഓണക്കോടി വാങ്ങണം. ചേച്ചിമാര്‍ക്ക് ഓരോ സാരിയും. ഇടയ്ക്കിടയ്ക്ക് കുപ്പായം വാങ്ങുന്നത് കൊണ്ട് ഓണക്കോടി കിട്ടുന്നതിന്റെ ആ സന്തോഷം അവര്‍ അറിയുന്നുണ്ടാവില്ല. ‘ഇനി അടുത്ത വിഷുവിനെയുള്ളൂ’ എന്നും പറഞ്ഞായിരുന്നു അച്ഛന്‍ ഓണക്കോടിയ്ക്ക് അടിവരയിട്ടിരുന്നത്.

കുട്ടികള്‍ ക്രിക്കറ്റ്‌ കളിയ്ക്കുമ്പോള്‍ തൃക്കാക്കരപ്പനെ തട്ടിപ്പോവാതെ നോക്കണം. അവരോടത് പ്രത്യേകം പറയണം. എത്ര തവണ അച്ഛന്റെ ചീത്ത കേട്ടിരിയ്ക്കുന്നു. ഓടിതൊട്ടുകളി മൂക്കുമ്പോള്‍ അതവിടെയുള്ളത് കാണില്ല. കുടവെച്ചു മറച്ചത് അതിനു വെയിലുകൊള്ലാതിരിയ്ക്കാനാണ് എന്ന് അച്ഛന്‍ തമാശ പറഞ്ഞതായിരുന്നു എന്ന് പിന്നെയല്ലേ മനസ്സിലായത്‌. കാക്കയുടെ പഴക്കൊതി ഇപ്പോളും ഉണ്ടാവും. കുട ഒന്ന് വേറെതന്നെ കരുതണം.

പായസമൊന്നു മതി. കറികളെല്ലാം ഉണ്ടായിക്കോട്ടെ. കാളനും ഓലനും, അവിയലും, കൂട്ടുകറിയും എലിശേരിയും എല്ലാം. രണ്ടു ദിവസം കുറച്ചു കൂടുതല്‍ നടക്കാം. ജിമ്മിലും അരമണിക്കൂര്‍ കൂടുതല്‍ അധ്വാനിയ്ക്കാം. ഓണമായിട്ടെങ്ങനെയാ ബ്രൌണ്‍ ബ്രെഡും, ഓട്സും വിറ്റാമിന്‍ ഡ്രിങ്കും കഴിയ്ക്കുക?

തൃക്കാക്കരപ്പനെ തിരിച്ചു തട്ടിന്പുറത്തേയ്ക്ക് വെയ്ക്കുന്നതിന് മുന്‍പ്‌ കഴുകി വൃത്തിയാക്കണം. അടുത്തകൊല്ലം വേണ്ടതാണ്. ആണ്ടില്‍ മൂന്ന്‍ ദിവസം മാത്രമാണെങ്കിലും, രാജാവായി, ത്രിക്കാക്കരയപ്പനായി വീടിനെ കാക്കേണ്ടവനാണ്.

മണിയടി കേള്‍ക്കുന്നല്ലോ. ചെവിയ്ക്കുള്ളില്‍ തന്നെ. മൊബൈല്‍ ഫോണായിരുന്നോ! അലാറം വെച്ചതാണ്. വെള്ളിയാഴ്ചയായിട്ടും നേരത്തെ എഴുന്നെല്‍ക്കണം. പ്രവാസി അസോസിയേഷന്‍ വക ഓണ സദ്യയാണ്. സമയത്തിനെത്തിയില്ലെങ്കില്‍ പിന്നെ ഇലയ്ക്കുവേണ്ടി പിടിയും വലിയും! നേരത്തെ പോയേക്കാം. ഒന്ന് കുളിയ്ക്കട്ടെ.