ആകാശത്തിന്റെ നിറം
മങ്ങിയിട്ടല്ല! തെളിഞ്ഞ ഇളം നീല. മേഘങ്ങളും വെളുത്തിരിയ്ക്കുന്നു നല്ല
പഞ്ഞിക്കെട്ടു പോലെ. താഴെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ ആന്റിനകള്‍ സ്വന്തം നിറം
പുറത്തെടുത്തിരിക്കുന്നു. നല്ല വെളുത്ത് ചളിയും പൊടിയുമെല്ലാം തീരെ ഇല്ലാതെ.
ദുബായ് കഴുകി ഉണക്കാനിട്ടിരിയ്ക്കുകയാണ്.
എന്തായിരുന്നു
വെള്ളിയാഴ്ചത്തെ പുകില്. രാവിലെ ഉണര്ന്നെഴുന്നേറ്റത് തന്നെ തകര്‍ത്തു
പെയ്തുകൊണ്ടായിരുന്നു. ദൂരെ ജുമൈറ കടപ്പുറത്തുനിന്നു തുടങ്ങി പരന്നുപരന്ന് എയര്‍പോര്‍ട്ട്,
ഗിസൈസ് ഇങ്ങു ഷാര്‍ജ വരെ മഴയുടെ ഒരു കര്ട്ടനിട്ട്, മഞ്ഞിന്‍റെ ഒരു പാടയും തീര്‍ത്ത്,
കൂടെ കാറ്റും തണുപ്പും. ഇരുപത്തെട്ടു നില മുകളിലായത് കൊണ്ട് ആ വരവ്
കണ്ടാസ്വദിയ്ക്കാന്‍ പറ്റി. വെളിച്ചവുമില്ല, തെളിച്ചവുമില്ല. ബാല്കണി നിറയെ
പലതുള്ളി പെരുവെള്ളവും. ‘എപ്പ നാട്ടിലെത്തി’ മനസ്സ് എന്ന് ചോദിയ്ക്കണോ.
പിന്നത്തെ പൂരം
വൈകിട്ടായിരുന്നു. ഒരു അഞ്ചര ആറോടുകൂടി. വെടിക്കെട്ടും വെളിച്ചവും കെങ്കേമം.
ഇടിമിന്നലിന്റെ സംസ്ഥാന സമ്മേളനം എന്ന് നാടന്‍ ഭാഷയില്‍ പറയാം. പേടിച്ച്
ബാല്കണിയിലേക്ക് വരാത്തത് കൊണ്ട് കവറേജ് ഏരിയ മനസ്സിലായില്ല. എന്തായാലും ദുബായും
ഷാര്‍ജയുടെ തെക്കുഭാഗങ്ങളും കണ്ടും കേട്ടും അറിഞ്ഞു പ്രകൃതിയുടെ വെടിമരുന്നും
ലൈറ്റ് എഫെക്ടും. കാലത്തെ മഴയ്ക്ക് നാട്ടില്‍ പോവാത്ത മല്ലൂസ് വൈകിട്ട്
എന്തായാലും പോയിട്ടുണ്ടാവും.
ശനിയാഴ്ച കാലത്തെ
കാഴ്ചയായിരുന്നു കാഴ്ച! മുന്നില്‍ വലതു ഭാഗത്ത് കടലുണ്ട് എന്ന് മനസ്സില്‍
പറഞ്ഞിരുന്നു എന്നും. ഇന്ന് ‘കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു’ എന്ന പഴയ പദ്യശകലം
മൂളി തെളിഞ്ഞു. മെട്രോ സ്റ്റേഷന്‍ കണ്ടിരുന്നത്, ദുബായ് മെട്രോ
അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിയ്ക്കുന്നത് കണ്ടു. എയര്‍പോര്‍ട്ടില്‍ നിന്ന്
വിമാനങ്ങള്‍ പറന്നുയര്‍ന്നത് കണ്ടിരുന്നു. ഇന്ന് എമിരേറ്റ്സ്, എയര്‍ ഇന്ത്യ എന്ന്
തെളിഞ്ഞു കണ്ടു. ബുര്‍ജ് ഖലിഫ ദൂരെ ഒരു പെന്‍സില്‍ സ്കെച്ച് മാത്രമായിരുന്നത്, ആ
കെട്ടിടത്തിന്‍റെ എല്ലാ രൂപഭാവങ്ങളും നിറഞ്ഞു കണ്ടു.
അതെ ദുബായ് നഗരം കഴുകി
ഉണക്കാനിട്ടിരിയ്ക്കുകയാണ്. ഷേഖ് സയെദ് റോഡിന്‍റെ ആകാശ ചിത്രം ഇവിടെ നിന്ന് തന്നെ
വരച്ചെടുക്കാം, ദൈരയിലെ കുടുസ്സു കെട്ടിടങ്ങളും ഇടയ്ക്കുള്ള ഒഴിഞ്ഞ സ്ഥലങ്ങളും
കണ്ട് മനസ്സിലാക്കാം, ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഹോട്ടല്‍
വൃത്തിയായി കാണാം, ഇങ്ങ് അല്‍ നാദയില്‍ എന്‍റെ ഇരുപത്തിയെട്ടാം നിലയിലെ
ബാല്കണിയില്‍ നിന്ന്.
മഴദൈവങ്ങളെ, ഇരുപതു ദിവസം
തുലാമഴയും കാത്ത് നാട്ടിലിരുന്ന എനിയ്ക്ക് വൈകിയെങ്കിലും, മറുനാട്ടിലെങ്കിലും,
തകര്‍പ്പന്‍ മഴയും അതിന്റെ പിന്തുടര്ച്ചയും ഭംഗിയായി കാണിച്ചു തന്നതിന്,
അനുഭവിപ്പിച്ചു തന്നതിന് നന്ദി. ഇനി ഇവിടെ (അത്യാഗ്രഹമാണെങ്കില്‍ ക്ഷമിയ്ക്കുക) ആ
പച്ചപ്പും, പുഴകളും മലകളും കൂടി...
No comments:
Post a Comment