Saturday, December 29, 2012

മാപ്പ്!


സോദരി

നിന്നെ വേട്ടനായ്ക്കള്‍ പിച്ചിച്ചീന്തി, മരിക്കാന്‍ വഴിയിലുപേക്ഷിച്ചു. പെണ്ണായി, ഇന്ത്യക്കാരിയായി ജനിച്ചതിനുള്ള ശിക്ഷ പക്ഷേ അവിടെ തീര്‍ന്നില്ല. ഞങ്ങള്‍ നിന്നെ മരിക്കാന്‍ വിടാതെ ആശുപത്രിയില്‍ കിടത്തി. നിന്‍റെ മാതാപിതാക്കള്‍ക്കും വേണ്ടേ ശിക്ഷ.

നേതാക്കള്‍ പ്രതിഷേധിച്ചു. മാനഭംഗത്തിന് മരണശിക്ഷ! മാധ്യമങ്ങള്‍ക്ക് ആഘോഷമായി. പ്രത്യേക പ്രതിനിധികള്‍ ഊര്‍ജ്ജസ്വലരായി. ഞങ്ങള്‍ നീ ധരിച്ചിരുന്ന വസ്ത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. അതാണോ അവര്‍ക്ക് പ്രചോദനമായത്? നിന്‍റെ ശരീര ഭാഗങ്ങള്‍ പുറത്തു കാട്ടി നീ അവരെ പ്രലോഭിപ്പിച്ചോ? (ഭ്രാന്തന്മാര്‍ക്ക് നിന്‍റെ ശരീരം വെറുമൊരു പ്രതീകം മാത്രമാണെന്ന് ഞങ്ങള്‍ ഉറക്കെ പറഞ്ഞില്ല. അവരുടെ ഉദ്ധരിച്ചു നിന്ന ഈഗോ തേടിയ മറുമരുന്ന് മാത്രമായിരുന്നു നീ. നിനക്ക് പകരം ഒരമ്മൂമ്മയായിരുന്നെന്കില്‍ പോലും അവര്‍ വിടില്ലായിരുന്നു എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ പുരുഷന്മാരായതിന്റെ ദുരഭിമാനം ഞങ്ങളെയും ബാധിക്കുമല്ലോ.)

ഞങ്ങള്‍ നിന്നെ കൊല്ലാതെ കൊന്നു. നിന്‍റെ അച്ഛനമ്മമാരെയും.

എന്നിട്ടും നിന്നെ മരിക്കാനനുവദിച്ചില്ല ഞങ്ങള്‍. ഇരുമ്പ് ദണ്ട് നിന്‍റെ ശരീരത്തില്‍ ഏതെല്ലാം വഴിയില്‍ സഞ്ചരിച്ചു എന്നറിയണമായിരുന്നു. അതുകൊണ്ടെന്തു കാര്യം എന്നല്ലേ, നാളെ കോടതിയില്‍ വക്കീലന്മാര്‍ക്ക് വേണ്ടിവരും. പിന്നെ നിന്‍റെ ശരീരത്തിലെ നഖപ്പാടുകള്‍, നരനായ്ക്കളുടെ പല്ലുകള്‍ തീര്‍ത്ത ചിത്രങ്ങള്‍ എല്ലാം രേഖപ്പെടുത്തേണ്ടേ.

അബോധാവസ്ഥയില്‍, അര്‍ദ്ധബോധാവസ്ഥയില്‍ നീ പുലമ്പിയ വാക്കുകള്‍ അരിച്ചെടുത്ത് ഹ്യുമന്‍ ഇന്റെരെസ്റ്റ്‌ സ്റ്റോറി ഉണ്ടാക്കി. അതുകൊണ്ട് നാല് പത്രം അധികം വിറ്റുപോകുമെങ്കില്‍ അതെന്തിന് വേണ്ടാന്നു വെയ്ക്കണം!

നാണമില്ലാതെ ആസനത്തില്‍ വാലും ചുരുട്ടി ഇരിക്കുന്ന ഭരണ സാരഥികള്‍ക്ക് ജനങ്ങളോട് പറയാനെന്തെന്കിലും വേണ്ടേ. ‘നിന്നെ ഞങ്ങള്‍ക്ക് മരിക്കാന്‍ വിടാനായില്ല. നിന്നെ രക്ഷിക്കാന്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകും. നിനക്കെന്തെങ്കിലും ഒന്ന് സംഭവിച്ചു കിട്ടേണ്ടേ ഞങ്ങള്‍ക്ക് രംഗത്തിറങ്ങാന്‍! ഇനി നിന്നെ ആര്‍ക്കും വിട്ടുകൊടുക്കില്ല’.

നിന്നെ ഇനിയും ഞങ്ങള്‍ മരിക്കാന്‍ വിടില്ല. പ്രതിഷേധിക്കുന്ന ജനങ്ങളെ ഞങ്ങള്‍ വര്‍ഗ്ഗവും വര്‍ണവും പറഞ്ഞു വിഭജിക്കാന്‍ നോക്കി. നടന്നില്ല. ക്രിക്കറ്റിന്‍റെ ദൈവത്തെ തല്‍സ്ഥാനത്തുനിന്നു നീക്കി. എന്നിട്ടും യുവാക്കള്‍ പിന്നോട്ടു പോയില്ല! രാഷ്ട്രപതിയുടെ മകനെക്കൊണ്ട് വരെ പുലഭ്യം പറയിച്ചു. അവരുടെ വീര്യം കൂടിയതെയുള്ളൂ.

നീ മരണാസന്നയായ്‌ കിടക്കുമ്പോള്‍ ഞങ്ങള്‍ വേറെന്തു ചെയ്യും? മരിച്ചെന്നും, ഇല്ല മൃതപ്രായയായെന്നും പറഞ്ഞു നിന്നെ വിദേശത്തേയ്ക്ക് യാത്രയാക്കാം. ഇവിടെ ഒന്ന് തണുക്കുമ്പോള്‍ നിന്‍റെ മൃതദേഹം കൊണ്ടുവരാം,  മുതലക്കണ്ണീരൊഴുക്കാം.

കഴിഞ്ഞില്ല. ഇനി കോടതികളില്‍ ഞങ്ങള്‍ക്ക് നിന്നെ വീണ്ടും ബലാത്സംഗം ചെയ്യേണ്ടിവരും. നിന്‍റെ അമ്മയെയും അച്ഛനെയും സാക്ഷികളാക്കി വീണ്ടും നിന്‍റെ ശരീരത്തില്‍ ഇരുമ്പ് ദണ്ട് പ്രയോഗിക്കേണ്ടി വരും. നിന്‍റെ ശരീരത്തിന്റെ രേഖാചിത്രം വരച്ച് അതില്‍ നഖമെവിടെ, പല്ലെവിടെ എന്ന് തിരയേണ്ടി വരും. ഇതൊന്നും കഴിയാതെ നിന്നെ ഞങ്ങള്‍ ചിതയില്‍ വെക്കില്ല.

പിന്നെ വീണ്ടും ഏതെങ്കിലും ഇടുങ്ങിയ തെരുവില്‍, ഓടുന്ന ബസ്സില്‍ നിന്നും അടുത്ത സഹോദരി പുറത്തു വീഴുന്നത് വരെ നിന്‍റെ ബലാത്സംഗം ഞങ്ങള്‍ ആചരിക്കും, ആഘോഷിക്കും.

ഇപ്പോഴൊരു മെഴുകുതിരി കത്തിച്ചു വെച്ച് നിന്‍റെ ബലി ഞങ്ങള്‍ സ്വീകരിക്കട്ടെ. ഇനി അടുത്ത ഇര വീഴുന്നതുവരെ ഞങ്ങള്‍ക്കിത് മതി.

മാപ്പ്!  

No comments:

Post a Comment