Thursday, January 10, 2013

പ്രണയം


ഇന്നു വീണ്ടും പ്രണയം വന്നെന്‍റെ കവിളില്‍ തൊട്ടു. നിന്‍റെ ഓര്‍മ്മകള്‍ ഒരു ദീര്‍ഘനിശ്വാസത്തിന്റെ അലകളായി എന്‍റെ നെഞ്ചില്‍ ചൂട് പകര്‍ന്നു. ഇതു നിന്‍റെ ഗന്ധം തന്നെയോ എന്ന് എന്‍റെ നാസികാഗ്രം വീണ്ടും വിടര്‍ന്നു. ഇന്നു മുഴുവന്‍ നീ ഒരു സുഖസ്വപ്നമായി എന്‍റെ ചിന്തകളെ തഴുകി നിന്നു.

നീ അടുത്തുണ്ടായിരുന്നെങ്കില്‍ നിന്‍റെ വിരലുകളില്‍, മൂര്‍ദ്ധാവില്‍ ചുംബിച്ചു നിന്നില്‍ എന്‍റെ അവകാശം ഉറപ്പിക്കാമായിരുന്നു. നനഞ്ഞുണങ്ങാത്ത നിന്‍റെ മുടി കവിളില്‍ ചേര്‍ത്ത് ദിവസത്തെ ക്ഷീണമകറ്റാമായിരുന്നു. നിന്‍റെ മടിയില്‍ തലവെച്ചു കിടന്ന്, മുഖത്തുനിന്നു കണ്ണെടുക്കാതെ നോക്കി എല്ലാ വേദനകളും മറക്കാമായിരുന്നു. വെറുതെ പിണങ്ങി, പിന്നെ ഇണങ്ങി വീണ്ടും വീണ്ടുമിണങ്ങി അങ്ങിനെ, അങ്ങിനെ... നീ അടുത്തുണ്ടായിരുന്നെങ്കില്‍!

നിന്‍റെ വാക്കുകള്‍ തൊണ്ടയിലുടക്കി കിടക്കുന്നുണ്ടിപ്പോഴും. നടക്കുമ്പോള്‍ കയ്കള്‍ ചേര്‍ത്ത് പിടിച്ചു നടക്കാമായിരുന്നു, വിരലില്‍ വിരല്‍ കൊണ്ട് ചിത്രമെഴുതാമായിരുന്നു. ഒരിക്കലെങ്കിലും വേര്‍പിരിയാതെ, ഒന്നായി, കായ്കറികളും മറ്റും വാങ്ങിവരാമായിരുന്നു. പോയ ഇടങ്ങളിലെല്ലാം നമ്മള്‍ മാത്രം എന്ന് കരുതി സ്വയം മറക്കാമായിരുന്നു. നിന്‍റെ വാക്കുകള്‍ തൊണ്ടയിലുടക്കി കിടക്കുന്നുണ്ടിപ്പോഴും.

നമ്മുടെ സ്വകാര്യതയില്‍ നിന്നെയും മോളെയും ചേര്‍ത്ത് പിടിക്കാന്‍, ചിരിച്ചു മദിക്കാന്‍, മറന്നുപോയി. ഇന്നു മോളെ എത്ര ചേര്‍ത്ത് പിടിച്ചിട്ടും അത് പൂര്‍ണമാവുന്നില്ല. നിന്‍റെ ചെവിയില്‍ മധുരസ്വരങ്ങള്‍ പറയണമെന്നോര്ത്തിരുന്നു. മറന്നതെല്ലാം ഓര്‍ത്തെടുത്തിട്ടും, പറയാന്‍, അത് കേള്‍ക്കാന്‍ നിന്‍റെ കാതുകളില്ലല്ലോ. നിന്‍റെ പദചലനങ്ങള്‍ക്ക് താളമിട്ട്, നിന്‍റെ കൂടെ ചേര്‍ന്നാടാന്‍ മടിയായിരുന്നില്ല, നാണവുമില്ലായിരുന്നു. ആ നേരം കണക്കുകളുടെ യാന്ത്രികത വേറെ വഴിയെ നയിച്ചില്ലേ. നാളെയാകാം എന്നു കരുതി അതും നഷ്ടപ്പെടുത്തി, നമ്മുടെ സ്വകാര്യതയില്‍.

പ്രണയത്തിനു പ്രായമില്ലെന്നു നീ പറഞ്ഞു. കണക്കും ശാസ്ത്രവും യാഥാസ്ഥിതികമെന്നു മറന്ന്, അവയെ കൂട്ടുപിടിച്ച് ഞാന്‍ മാറി നടന്നു. ഒരിക്കലും മരിക്കാത്ത പ്രണയമെന്നു പരിഹസിച്ചെങ്കിലും ഒരിക്കല്‍ സമ്മതിച്ചുതരാമെന്നു മനസ്സില്‍ പറഞ്ഞു. ഇനിയെന്ന്?

വിരലുകള്‍ കൊണ്ട് പറയാവുന്ന പ്രണയം, കണ്ണുകള്‍ കൊണ്ടുണര്ത്താവുന്ന പ്രണയം, ഒരു ദീര്‍ഘനിശ്വാസത്തിലലിയുന്ന പ്രണയം, പ്രായമില്ലാത്ത, മരണമില്ലാത്ത പ്രണയം.  ഇന്നു വീണ്ടും ആ പ്രണയം വന്നെന്‍റെ കവിളില്‍ തൊട്ടു.

No comments:

Post a Comment