Saturday, February 21, 2026

പ്രകാശത്തിനെന്തൊരു വെളിച്ചം

 


റമദാനില്‍ നോമ്പുതുറക്കുന്ന സമയത്ത് പുറത്തിറങ്ങിയാല്‍ പൊതുവേ തിരക്കുള്ള നഗരപരിസരങ്ങളില്‍ സുഖമുള്ള ഒരു തരം ശാന്തതയാണ്. പള്ളികളില്‍ നിന്ന് പതിഞ്ഞ ശബ്ദത്തില്‍ കേള്‍ക്കുന്ന പ്രാര്‍ഥനാ വചനങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ഓരോ ചുവടിലും അവാച്യമായ ഒരു ധ്യാനസുഖം നിറയ്ക്കും. 

ഫുട്പാത്തില്‍ അധികമാരുമില്ലായിരുന്നു. നടക്കാനിറങ്ങിയവരും ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്നവരും ആയ കുറച്ചു സഹജീവികള്‍ നിശ്ശബ്ദരായി മുന്നില്‍ നടന്നു. 

അങ്കിള്‍, ഈസ്‌ ദിസ്‌ യുവര്‍ കാര്‍?

പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന ഒരു കാറിന്റെ അരികില്‍ നിന്നൊരു ശബ്ദം. പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു പയ്യന്‍. ചുരുണ്ട മുടി, മെലിഞ്ഞ പ്രകൃതം, മുഖത്തൊരു തിടുക്കം കലര്‍ന്ന വിഷമം.

അല്ലെന്നു തലയാട്ടി അവന്‍റെ അടുത്തേക്ക് ചെന്നു. വിയര്‍ത്തു നനഞ്ഞ ടീ ഷര്‍ട്ടിനു താഴെ കൈമുട്ടില്‍ മണ്ണുരഞ്ഞ ചോര പൊടിയുന്ന പോറലുകള്‍. ട്രാക്ക് പാന്റ്സിന്റെ കാല്‍മുട്ടിലും മണ്ണ്. കയ്യില്‍ ഫ്ലാഷ് ലൈറ്റ് ഓണ്‍ ആക്കിയ മൊബൈല്‍ ഫോണ്‍. കളിയുടെ ഇടയില്‍ പന്ത് പോയതാവും കാറിനടിയില്‍.

ഈസ്‌ യുവര്‍ ബോള്‍ അണ്ടര്‍ ദ കാര്‍?

നോ. 

മുട്ടുകുത്തി ഇരുന്ന് ഫോണിലെ ലൈറ്റ് കാറിന്നടിയിലേക്ക് തിരിച്ച് അവന്‍ കാര്യം പറഞ്ഞു. ഇവിടെ ഒരു പൂച്ചയുണ്ട്. അതവിടെ കുടുങ്ങി കിടക്കുകയാണെന്ന് തോന്നുന്നു. കേട്ടില്ലേ അതു കരയുന്നു. 

ശ്രദ്ധിച്ചപ്പോള്‍ ഞാനും കേട്ടു. തളര്‍ന്ന ശബ്ദത്തില്‍ ഒരു പൂച്ചയുടെ കരച്ചില്‍. പേടിച്ചത് പോലെയുള്ള മുരളല്‍ ആണ്. 

നമ്മള്‍ മാറിനിന്നാല്‍ അതു പൊയ്ക്കോളും. പേടിച്ചിട്ടാണെങ്കിലോ. ഞാന്‍ അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്‍റെ നടത്തം തുടങ്ങിയിട്ടേ ഉള്ളൂ..

ഡോണ്ട് ഗോ അങ്കിള്‍. 

പൂച്ചയുള്ളത് അറിയാതെ കാര്‍ മുന്നോട്ടെടുത്താല്‍ അതിനു വല്ലതും പറ്റില്ലേ എന്ന ആശങ്കയില്‍ അവന്‍ എന്നെയും തളച്ചിട്ടു. നമുക്കിവിടെ നില്‍ക്കാം കാറിന്റെ ആള്‍ വന്നാല്‍ പറയാമല്ലോ.

അയാള്‍ എപ്പോള്‍ വരും എന്നറിയില്ലല്ലോ. എത്ര നേരം നമ്മള്‍ ഇവിടെ നില്‍ക്കും? പൂച്ചയെ പുറത്തേക്ക് എടുക്കാന്‍ പറ്റില്ലേ? 

കുറെ ശ്രമിച്ചു നോക്കിയിട്ടും പറ്റിയില്ലെന്നും പൂച്ച പിന്നെയും കാറിന്റെ ടയറിനോട് പറ്റിയിരിക്കുകയാണെന്നും ഒക്കെ അവന്‍ പറഞ്ഞു കൊണ്ടിരുന്നു. 

തലയ്ക്കു മുകളില്‍ നിന്ന് എന്തോ ശബ്ദം കേട്ടു തല പൊക്കി നോക്കിയപ്പോള്‍ ആണ് ഞാനും മുട്ടിലിരിക്കുകയാണ് എന്ന് ബോധം വന്നത്. കളിക്കാനിറങ്ങിയ കുറച്ചു കുട്ടികള്‍. ഒരാളുടെ കയ്യില്‍ ഒരു ഫുട്ബാള്‍. 

കാര്യമറിഞ്ഞപ്പോള്‍ അവര്‍ ഒന്നായി. കാറ് വളഞ്ഞ് അവര്‍ മുട്ടിലിറങ്ങി. ആദ്യത്തെ പയ്യനെ പിന്നെ ആ കൂട്ടത്തില്‍ എനിക്ക് തിരിച്ചറിയാനായില്ല. അവര്‍ക്ക് ഒരേ ഭാഷയായി. വാക്കുകള്‍ അപ്രസക്തമായി. ബഹളം കൂട്ടി അവരെന്തോക്കെയോ തീരുമാനിച്ചു. 

അതിലൊരാള്‍ വന്നെന്റെ തോളത്ത് തട്ടി.

മാഫി മുശ്കില്‍. യു ഗോ. വീ പ്ലേ ഹിയര്‍ ടുഡേ.

ഞാന്‍ ഒന്ന് മടിച്ചു, പിന്നെ മുന്നോട്ട് നടന്നു. 

ഇരുട്ടു പടരുമ്പോള്‍ പ്രകാശത്തിനെന്തൊരു വെളിച്ചമാണ്.

Friday, January 2, 2026

മലയാളികളെ കണ്ടാല്‍

 


‘മലയാളികളെ ആരെയെങ്കിലും കണ്ടാല്‍ ചോദിക്കാമായിരുന്നു.’


ഉറക്കത്തിനും ഉണര്‍വിനും ഇടയില്‍ ട്രാന്‍സിലെന്നപോലെ കണ്ണടച്ചിരുന്ന എന്‍റെ ബോധത്തിലേക്ക് ഇങ്ങനെയൊരു ശബ്ദശകലം ചെറിയ ഒരു പ്രകമ്പനത്തോടെ ഇറങ്ങി വന്നു. ഞാനൊരു മലയാളി തന്നെ എന്ന തിരിച്ചറിവില്‍ കണ്ണു തുറന്ന് ചുറ്റും നോക്കി. വലതു വശത്തെ സീറ്റില്‍ സുമുഖനായ ഒരു യുവാവ്. അശ്രദ്ധമായെന്നപോലെ ചീകി വെച്ചിരിക്കുന്ന ചുരുണ്ട മുടി. ഒതുക്കമില്ലാത്ത താടി. മനോഹരമായ പുഞ്ചിരി.

‘യെസ്?’ ഞാന്‍ മലയാളത്തില്‍ തന്നെ ചോദിച്ചു.

മറുപടി വന്നത് ഇടതു ഭാഗത്ത്‌ നിന്ന്. വേറൊരു യുവാവ്. രണ്ടുപേര്‍ക്കും വല്ലാത്ത സാദൃശ്യം. മുടിയും താടിയും ചിരിയും ഒക്കെ ഒരുപോലെ.

പാലക്കാട്ടുകാരായ രണ്ടു ചെറുപ്പക്കാര്‍. രണ്ടു പേരും ബിടെക് കഴിഞ്ഞ് ജോലി തേടി ദുബൈയില്‍ എത്തിയവര്‍. ഇറങ്ങേണ്ട സ്റ്റേഷന്‍ എവിടെയാണെന്ന് പരിഭ്രമിച്ച് മലയാളികളെ തേടുകയായിരുന്നു ഇംഗ്ലീഷ് സൈന്‍ ബോര്‍ഡുകളാല്‍ നിറഞ്ഞ, ഇടയ്ക്കിടെ അടുത്ത സ്റ്റേഷന്‍ ഏതാണെന്ന് ഇംഗ്ലീഷ് അനൌണ്സ്മെന്‍റ് ഉള്ള ദുബായ് മെട്രോയില്‍.

ജോലി സാധ്യതകളെ പറ്റിയും ദുബായ് ജീവിതത്തെ പറ്റിയും നാട്ടിലെ കാര്യങ്ങളും അങ്ങിനെ കുറെ സംസാരിച്ചതിന് ശേഷമാണ് ഒരു കാര്യം ശ്രദ്ധിച്ചത്. അവര്‍ എന്‍റെ പേര് ചോദിച്ചിട്ടില്ല. പേര് ചോദിച്ചതിനു ശേഷം മാത്രം സംസാരം തുടങ്ങുന്ന ഒരുപാട് സന്ദര്‍ഭങ്ങളില്‍ നിന്ന് സ്വയം പിന്‍വാങ്ങിയ അനുഭവം ഉള്ള എനിക്കതൊരു ശുഭാപ്തി വിശ്വാസത്തിനു കാരണമായി.

അവര്‍ക്ക് ഇറങ്ങേണ്ടത് ഞാന്‍ ഇറങ്ങുന്ന സ്റ്റേഷനില്‍ തന്നെ. അവിടെ നിന്ന് ഇന്റര്‍വ്യൂവിനു പോകേണ്ട സ്ഥലത്തേക്ക് ബസ് കിട്ടുമത്രേ. അതെനിക്കറിയില്ല എന്ന് മനസ്സിലായപ്പോള്‍ അവര്‍ പറഞ്ഞു.

‘മലയാളികളെ ആരെയെങ്കിലും കണ്ടാല്‍ ചോദിക്കാം.’

ആശംസകള്‍ കൈമാറി കൈ പിടിച്ചു കുലുക്കി പിരിയുമ്പോള്‍ ഞാന്‍ പറഞ്ഞു ‘ഇന്റര്‍വ്യൂ ബോര്‍ഡിലും മലയാളികള്‍ ഉണ്ടാവട്ടെ.’

ആ തമാശ അവര്‍ക്ക് മനസ്സിലായിക്കാണുമോ എന്തോ...