ഒഴിഞ്ഞ കസേരകൾ ഒരുപാടുണ്ടായിരുന്നിട്ടും അയാൾ എന്റെ മുന്നിൽ തന്നെ വന്നിരുന്നതെന്താണ് എന്ന് എനിക്കപ്പോൾ മനസ്സിലായിരുന്നില്ല. ഒരു മഴക്കാലം മുഴുവൻ ഇരുണ്ടു കൂടിയ മുഖഭാവത്തോടെ അശ്രദ്ധമായി കസേര വലിച്ചിട്ടിരുന്നതിന് ശേഷമാണയാൾ എന്റെ മുഖത്തേക്ക് നോക്കുന്നതു തന്നെ. ക്ഷീണമോ സംഭ്രമമോ എന്ന് തിരിച്ചറിയാനാവാത്ത വിധം വലിഞ്ഞു മുറുകിയ കണ്ണുകളോടെ എന്നെ തെല്ലൊന്നു നോക്കി, ഞാൻ കുടിക്കുന്ന ചായ ഗ്ളാസ്സിലേക്ക് അയാൾ ശ്രദ്ധ മാറ്റി. വിശപ്പുകൊണ്ടുള്ള ക്ഷീണമാണെന്ന് കരുതിയ ഞാൻ മുന്നിലെ പ്ളേറ്റിലിരുന്ന പഴംപൊരി അയാളുടെ മുന്നിലേക്ക് കഴിക്കൂ എന്ന ചിരിയോടെ നീട്ടി. പിരിമുറുക്കം അയയാതെ തന്നെ അയാളുടെ മുഖത്ത് പുച്ഛം കലർന്ന നിരാസം വിടർന്നു. പഴംപൊരിയും പ്ലേറ്റും തിരിച്ചെന്റെ മുന്നിലേക്ക് നീക്കിവെക്കപ്പെട്ടു.
ഒരാഴ്ചയെങ്കിലും വടിക്കാതെ വളർന്ന താടി അലസമായി ആ ചെറുപ്പക്കാരന്റെ മുഖത്ത് പരന്നു കിടന്നു. നല്ല ഉള്ളുള്ള ആ താടിയോട് ചെറിയൊരിഷ്ടവും അസൂയയുമൊക്കെ തോന്നി. അലക്കുസോപ്പിന്റെ മണം വിട്ടുപോയിട്ടില്ലാത്ത, വെള്ളയിൽ കറുപ്പുകലർന്ന പച്ചപൂക്കൾ വരച്ചുചേർത്ത ടീ ഷർട്. വലതു കയ്യിൽ ഒരു സ്റ്റീൽ വള. കടലാസ്സുകൾ പുറത്തേക്ക് തളളിനിൽക്കുന്ന ഒരു ഫയൽകൊണ്ട് വീശി, ഇല്ലാത്ത വിയർപ്പിന് ശമനം തേടുന്ന ഇടതു കൈ. മേശമേൽ അമർന്നിരിക്കുന്ന വലതു കൈ ചെറുതായി വിറയ്ക്കുന്നുണ്ട്.
എന്റെ കണ്ണുകളിലേക്ക്, അവയുടെ ആഴമളക്കുന്നത് പോലെ ഇമവെട്ടാതെ അയാൾ നോക്കി കൊണ്ടിരിക്കുകയാണ്. ചെറുതായൊന്ന് ചൂളിയെങ്കിലും തളരാതിരിക്കാൻ ഞാനും തിരിച്ചു നോക്കുന്നുണ്ട്. സമയാന്തരങ്ങൾക്കപ്പുറത്ത് ക്ഷീണിച്ച കണ്ണുകൾ പിൻവലിച്ച് ഞാൻ ചോദിക്കാൻ നിർബന്ധിതനായി.
ക്യാ ബാത് ഹെ ഭായ്? കോൻ ഹോ തും?
ആരെന്നോ എന്തെന്നോ പറയാതെ അവനും മുഖം താഴ്ത്തി. വിറയ്ക്കുന്ന വലതുകൈ ശ്രമപ്പെട്ട് ഉയർത്തി മൂക്ക് ചൊറിഞ്ഞു, പിന്നെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി മൂക്ക് പിഴിഞ്ഞു. ശേഷം ആ കൈ പാൻറ്സിൽ തുടച്ച് മേശപ്പുറത്ത് വെച്ചു. അത് വിറ തുടർന്നു. ഞാൻ എടുത്തുനീട്ടിയ ടിഷ്യു ബോക്സ് ശ്രദ്ധിക്കാതെ വിരലുകൾ മേശമേൽ അമർത്തി തുടച്ച് എന്റെ മുഖത്തേക്ക് കണ്ണുയർത്തി.
ഭായ്, ഡർ ലഗ് രഹാ ഹെ.
അതിന് ഞാനെന്തു വേണം എന്നാണ് മനസ്സിൽ ആദ്യം തോന്നിയത്. പക്ഷേ യാതൊരു മുൻപരിചയവുമില്ലാത്ത എന്നോട് അയാൾ സ്വന്തം പേടിയെ പറ്റി പറയുമ്പോൾ അതിൽ എവിടെയോ പിണഞ്ഞുകിടക്കുന്ന ഒരു രഹസ്യം ഉണ്ടെന്ന് എനിക്ക് തോന്നി.
മനശ്ശാസ്ത്രജ്ഞന്റെ വേഷം എനിക്കു ചേരുമോ എന്നൊന്നും ഓർക്കാതെ ഞാൻ അവനെ ചികിത്സിക്കാൻ തിടുക്കം കൂട്ടി.
എന്താണ് നിന്റെ പേടി. എനിക്ക് ഒരു പക്ഷേ നിന്നെ സഹായിക്കാൻ കഴിഞ്ഞേക്കും.
നഹി ഭായ്. നിന്നെയാണെനിക്ക് പേടി.
എന്തിന്? എനിക്ക് നിന്നെ അറിയുക പോലുമില്ല.
പക്ഷെ നിന്നെ ഞാനെന്നും സ്വപ്നം കാണാറുണ്ട്. നീ കാരണം എനിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല.
ഞാൻ...
അതെ നീ തന്നെ. നിന്നെ എനിക്ക് പേടിയാണ്.
അവന്റെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞു വന്നു. നീർചാലുകൾ ഗദ്ഗദം നിറഞ്ഞ് താഴേക്കൊഴുകി.
എനിക്ക് പേടിയാണ്. എന്നെ കോടതി കയറ്റുമെന്നല്ലേ നീയന്ന് പറഞ്ഞത്. ഞാൻ പാവമാണ്. കഷ്ടപ്പെട്ട് ജോലിചെയ്ത് ഉണ്ടാക്കിയ പണം നീ തട്ടിയെടുക്കും. ഞാൻ തരില്ല.
എന്റെ അച്ഛൻ കിടപ്പിലാണ്. അമ്മയാണ് എന്നെ വളർത്തിയത്. വലിയ വീടുകളിൽ പുറം ജോലിക്ക് പോയി കിട്ടുന്ന പൈസ കൊണ്ട് അമ്മ കുടുംബം നോക്കി നടത്തി. അതിനിടയിൽ ഞാനെങ്ങിനെയോ പഠിച്ച് പത്താം ക്ളാസ്സിലെത്തി. കുറെ കാശ് കടം വരുത്തിയാണ് ഇങ്ങോട്ട് വന്നത്. എല്ലാം ശരിയാവും എന്ന് വിശ്വസിച്ച്. അമ്മയ്ക്ക് ഇനി വിശ്രമിക്കാമെന്ന് പറഞ്ഞ വാക്ക് വെറുംവാക്കായി.
കറുത്തിരുണ്ട് വന്ന മഴമേഘങ്ങൾ ആർത്തു പെയ്യാൻ തുടങ്ങി. നീർച്ചാലുകൾ നിറഞ്ഞ് കരകവിഞ്ഞൊഴുകി തുടങ്ങി. അവൻ വാവിട്ട് കരയാൻ തുടങ്ങി. അവന്റെ തേങ്ങലുകൾ കാരണമൊന്നുമില്ലാതെ എന്നിൽ കുറ്റബോധം നിറച്ചു.
ഞാനോ?
നീയല്ലേ, അന്ന് നിനക്ക് താടിയുണ്ടായിരുന്നു, അതെ നീ തന്നെ. നിന്റെ മീശ നരച്ചിട്ടുണ്ടായിരുന്നു. മുടി അന്ന് മുകളിലേക്ക് ചീകിവെച്ചിരിക്കുകയായിരുന്നു. നിന്റെ ഭീഷണി ദുസ്വപ്നം കണ്ട് എന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. നിന്റെ കമ്പനിയിൽ ജോലി ചെയ്യുന്നു എന്ന തെറ്റ് ഞാനവസാനിപ്പിക്കുകയാണ്. നിനക്കു വേണമെങ്കിൽ എന്നെ തൂക്കി കൊന്നോളൂ.
പക്ഷേ എനിക്കങ്ങിനെയൊരു സ്ഥാപനമില്ലല്ലോ സുഹൃത്തേ. നിങ്ങൾക്ക് ആളു തെറ്റിയതാവും.
നാളെ തുടങ്ങിക്കൂടാ എന്നില്ലല്ലോ. തുടങ്ങണം സാറെ. എത്ര പേർക്ക് ജോലി കൊടുക്കാം, എത്ര പേരുടെ ദുവാ കിട്ടും, എത്ര കുടുംബങ്ങൾ രക്ഷപ്പെടും.
കണ്ണീരുണങ്ങുന്നതിന് മുമ്പേ അവന്റെ മുറിവുണങ്ങി. കാലചക്രം പുറകോട്ട് തിരിച്ച് അവൻ പ്രതീക്ഷ നട്ടു. എങ്ങിനെ പ്രതികരിക്കണം എന്നറിയാതെ ഞാൻ പരിഭ്രമത്തിലാണ്ടു.
പക്ഷെ...
ഒന്നും പറയണ്ട സാറെ. ഞാൻ കൂടെയുണ്ട്. എല്ലാ ജോലിയും ഞാൻ ചെയ്തോളാം. അടിക്കാം, തുടയ്ക്കാം, കാണിച്ചുതന്നാൽ കംപ്യൂട്ടറും ഞാൻ നോക്കിക്കൊള്ളാം. നല്ല ഇഞ്ചിചായ ഉണ്ടാക്കി തരാം. കാശിന്റെ കാര്യം മാത്രം സാറ് നോക്കിയാൽ മതി.
പെരുമഴയ്ക്ക് ശേഷമുളള പൊൻവെയിൽ എന്റെ മുഖത്തും പ്രകാശിച്ചു. അവന്റെ പ്രതീക്ഷയിൽ എന്റെ നിറം പടരുന്നത് അത്ഭുതത്തോടെ ഞാനറിഞ്ഞു. എന്താണ്, ഏതാണ് എന്നൊന്നും ഓർക്കാതെ അക്കൗണ്ടിൽ എത്ര നീക്കിയിരിപ്പുണ്ടെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. ലാഭമുള്ള ബിസിനസ്സ് ഏതാണ് എന്ന് ഗണിച്ചു നോക്കാനൊരുങ്ങി എന്റെ മനസ്സ്. അറിയാതെ, പറയാതെ തന്നെ ഫോണിൽ ഗൂഗ്ൾ തുറന്നു വിരലുകൾ.
മുന്നിലെ നിഴൽ പെട്ടെന്നെഴുന്നേറ്റു. മേശപ്പുറത്തിരുന്ന ജഗ്ഗിൽ നിന്നും ഒരു കവിൾ വെളളം നേരിട്ട് വായിലൊഴിച്ച് ഇറക്കി.
ഇനിയെങ്കിലും എന്നെ ഒരു മനുഷ്യനായ് കാണൂ. ഒന്നുമില്ലെങ്കിലും നിനക്കുവേണ്ടി ഇത്രയും വെയിൽ കൊണ്ടതല്ലേ.
നിഴൽ മാറുന്നതിന് മുന്നേ വെട്ടത്ത് നോക്കാൻ കണ്ണുയർത്തി. വെളിച്ചമിരുട്ടായ് മാറി എന്റെ കണ്ണു നിറഞ്ഞു.
താടിയും നരച്ച മീശയുമായി അവനെ കാത്തിരിക്കാൻ സ്വയം ഓർമപ്പെടുത്തി ഞാൻ പഴംപൊരിയുടെ സ്വത്വം തേടിയിറങ്ങി.