Saturday, December 13, 2025

അർദ്ധമൃത്യു



ആരും പരിഭ്രമിക്കരുത്. വിഷമിച്ച് കരയാനും തുടങ്ങരുത്.  ഇന്നലെ രാത്രി ഞാനൊന്ന് ചെറുതായി മരിച്ചു.

നിങ്ങളുടെ കണ്ണിൽ ഇപ്പോൾ എന്നോടുള്ള സ്നേഹം, കരുണ, പുച്ഛം എന്നീ വികാരങ്ങളിൽ ഏതെങ്കിലുമൊക്കെ തെളിഞ്ഞു വന്നുകാണും. അതവിടെ ഇരിക്കട്ടെ.

ഒരൊമ്പതരയൊക്കെ കഴിഞ്ഞു കാണും. അബുദാബി എയർപോർട്ടിൽ ഒരു സുഹൃത്തിനെ യാത്രയാക്കി വരുന്ന വഴി വിശപ്പും മൂത്രശങ്കയും ഒരുമിച്ച് വിഷമിപ്പിച്ചപ്പോൾ വഴിയരികിലെ സൈൻ ബോർഡുകൾ നോക്കി നോക്കി കാറിന്റെ സ്പീഡ് കുറച്ചു. അടുത്ത പെട്രോൾ പമ്പ്  23 കിലോമീറ്ററുകൾ കഴിഞ്ഞാണെന്ന് മനസ്സിലായ വയറ് വലിയൊരു വായു വായവഴി പുറത്തേക്ക്  വിട്ടു. മൂത്ര സഞ്ചി ഭാഗ്യത്തിന് അങ്ങിനെയൊരു കടുംകൈക്ക് മുതിർന്നില്ല.

നിയോൺ വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന പെട്രോൾ പമ്പ്. വിശാലമായ പാർക്കിങ് സൗകര്യം, പലവിധ ഫാസ്റ്റ് ഫുഡ്  ഔട്ലറ്റുകൾ,  നിസ്കാര പള്ളി, ബാത്റൂം അറ്റാച്ച്ഡ് സൂപർമാർക്കറ്റ്.  പമ്പ് എന്നെ വിടർന്ന പുഞ്ചിരിയോടെ സ്വാഗതം ചെയ്തു.

അവിടെ വച്ചാണ് അത് സംഭവിക്കുന്നത്.

കാറ് പാർക്ക് ചെയ്ത് പുറത്തിറങ്ങി ധൃതിയിൽ നടക്കവേ എതിർദിശയിൽ വന്ന പാകിസ്ഥാനി ക്യാ ഹാൽ ഹെ എന്ന് തലയാട്ടി ചിരിച്ചു. 6-0 എന്ന് ആ ചിരിക്ക് അർത്ഥമുണ്ടോ എന്ന് സംശയിച്ച് ഞാനും മുഖം കോട്ടി 3-0 എന്ന് തിരിച്ച് ചിരിച്ചു.

അപ്പോഴും ഞാൻ അടുത്ത നിമിഷങ്ങൾക്കുള്ളിൽ സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് തികച്ചും അജ്ഞനാണ്.

ഉച്ചത്തിലുള്ള ഒരു പൂച്ചരോദനം  കേട്ട് തിരിഞ്ഞു നോക്കിയതാണ് അവസാനത്തെ ഓർമ. അല്ല ഞാനതിനെ കണ്ടിരുന്നു. ആ വണ്ടിയുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ. കടും കറുപ്പ് നിറത്തിൽ
ഒരു കരിംപൂച്ച.

പിന്നെ ഞാനയാളുടെ മടിയിൽ കിടക്കുന്നതേ ഓർമയിലുള്ളൂ. 

ആരാണ്?

കാലൻ.

എന്നിട്ട് പോത്തെവിടെ?

അതിന്റെ പുറത്താണ് ഇരിക്കുന്നത്.

ഇതൊരു ബൈക്കല്ലേ?

ഹാർലി ഡേവിഡ്സൺ.

ഓ. യൂറോപ്യൻ കാലനോ?

അമേരിക്കൻ

ഞാൻ ഹിന്ദുവാണ്.

ഹഹഹ. നീ വെറും പ്രേതം. യശഃശരീരൻ.

ബട്, യു ഷുഡ് സ്പീക് ഇംഗ്ലീഷ്.

ലൈക് ഹെൽ, ഐ ഷുഡ്. വിട്ട് പിടി മോനേ.

വൈ മീ?

ടു ബീ ഓർ നോട് ടു ബീ, ദാറ്റ്സ് ദ ക്വസ്റ്റ്യൻ

ഹാംലറ്റ് ഞാൻ പഠിച്ചിട്ടുണ്ട്.

അതോണ്ട്?

എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ?

എന്നിട്ട്?

കുറച്ചുകൂടി ജീവിതം ആസ്വദിക്കട്ടെ.

തഥാസ്തു. ബുദ്ധിമുട്ടുകളും വിഷമങ്ങളുമൊന്നും അനുഭവിക്കാത്ത നീ പൂതി തീരുന്നത് വരെ അനുഭവിച്ചിട്ട് വാ.

ബൈക്കും സ്റ്റാർട്ട്  ചെയ്ത് സായിപ്പ് ഒരു ഉപദേശവും തന്നു.

കെയർഫുൾ വെൻ യു ക്രോസ് ദ റോഡ്.

ആറ് ദിർഹത്തിന്റെ ചായയും അഞ്ചിന്റെ വെള്ളവും വാങ്ങി ഞാൻ റോഡ് സൂക്ഷിച്ച് മുറിച്ചു കടന്നു.

കരിംപൂച്ച എന്നെ സ്നേഹത്തോടെ നോക്കി നീട്ടിയൊന്ന് മൂളി.   

മരണമവിടെ ഉപേക്ഷിച്ച് ഹൈവേയിലേക്ക് കാറോടിച്ച് ഞാൻ കയറി. 


No comments:

Post a Comment