Saturday, July 6, 2013

സരിതവിപ്ലവം!

ആശയവിനിമയ രംഗത്ത് അതിഭയങ്കരമായ വിപ്ലവമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. സ്വന്തമായി ഒരു ഉപകരണം (ഫോണ്‍ എന്ന് പറയാന്‍ സഭ്യത അനുവദിക്കുന്നില്ല) പോലുമില്ലാത്ത മുഖ്യമന്ത്രിയും, ശിങ്കിടികളും തുടങ്ങി വെച്ച്, ചില മന്ത്രിമാരും, ചില എം എല്‍ എ മാരും എന്തിന് ചോട്ടാ നേതാക്കന്മാര്‍ വരെ മുന്‍കയ്യെടുത്തു ‘വിളിച്ചു’ വരുത്തിയ വിപ്ലവം!

സ്ത്രീ നാമധേയങ്ങള്‍ ചിലപ്പോള്‍ വിപ്ലവങ്ങള്‍ക്ക് അപാര മാനങ്ങള്‍ നല്‍കാറുണ്ട്. പണ്ട് ഷക്കീല എന്ന ഒരു നാമം മലയാള സിനിമാ ചരിത്രത്തിനു നല്‍കിയ വിപ്ലവകരമായ സംഭാവന നമ്മള്‍ മറന്നിരിക്കാനിടയില്ല! (ആ പേര് പകര്‍ന്നു നല്‍കിയ കോരിത്തരിപ്പുകള്‍ ഇപ്പോളും പല രോമകൂപങ്ങള്‍ക്കിടയിലും കുടുങ്ങികിടപ്പുണ്ടെന്നും, അവയെ ഇക്കിളി കൂട്ടി പുറത്തു കൊണ്ടുവരാന്‍ ഷക്കീലയുടെ ഹാസ്യാവതാരം ഉടനുണ്ടെന്നും വാര്‍ത്തകള്‍ക്കിടയില്‍ എവിടയോ വായിച്ചു.)

ഇവിടെ ഇപ്പോള്‍ ഒന്നല്ല രണ്ടാണ് സ്ത്രീ നാമധാരികള്‍.

ഒരാളെ വിളിച്ചെന്നതാണ് സംഭവമെങ്കില്‍, മറ്റെയാള്‍ വിളിച്ചപ്പോള്‍ വിളി കേട്ടതും, അവിടെ പോയി കരിക്ക് കുടിച്ചതും ഒക്കെ സംഭവത്തിന്‍റെ തുടര്‍ച്ച. വിളികള്‍ പത്തൊന്‍പതു സെക്കന്‍റ് മുതല്‍ നാനൂറു സെക്കന്‍റ് വരെ നീണ്ടു പോയി എന്ന് വാര്‍ത്ത! വിപ്ലവം തന്നെ. എന്തായിരിക്കും ഇത്രയും സെക്കന്‍റ് നീളത്തില്‍ വിനിമയം (തെറ്റിദ്ധരിക്കല്ലേ, ആശയം തന്നെയാണുദ്ദേശിച്ചത്) ചെയ്തിട്ടുണ്ടാവുക?

ഭാഗവതമോ അല്ല കൊണ്ഗ്രെസ്സ് ചരിതം തന്നെയോ ആയിരിക്കില്ല എന്നുറപ്പുണ്ട്, പഴയ പീ സീ സീ പ്രസിഡന്‍റ്ന്. കാരണം പ്രസ്തുത വിളികളെല്ലാം രാത്രിയിലാണ് വിളിക്കപ്പെട്ടത്‌. ഇനി ഇതൊന്നും രാത്രിയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന വല്ല ഇണ്ടാസും ഇറക്കിയിട്ടുണ്ടായിരുന്നോ ആവോ ടിയാന്‍ ആ കസേരയിലിരുന്ന കാലത്ത്.

ഏതായാലും ചാനലുകള്‍ ചാകര കൊയ്യുന്നു. വിളികളും, വളികളും ചര്‍ച്ച ചെയ്തു പെരുപ്പിക്കുന്നു. ക്ഷീരമെത്രയുണ്ടായാലും വിവാദങ്ങളല്ലേ അവര്‍ക്ക് ടി ആര്‍ പി എത്തിച്ചു കൊടുക്കുകയുള്ളൂ.

ഭരണകക്ഷം, (ക്ഷമിക്കണം, വിയര്‍ത്തു നാറി ഇരിക്കുകയല്ലേ, നാക്കൊന്നുടക്കി.) ഭരണപക്ഷം ജാള്യത മറയ്ക്കാന്‍ വിളികളെല്ലാം ജനങ്ങള്‍ക്ക്‌ വേണ്ടി, ജനങ്ങള്‍ക്ക്‌ വേണ്ടി എന്ന് അലമുറയിടുന്നു. നഗ്നനായ രാജാവ് എന്‍റെ വസ്ത്രങ്ങള്‍ സ്ഥാനത്ത് തന്നെ എന്ന് സ്വയം ആശ്വസിക്കുന്നു.

പ്രതിപക്ഷമാണെങ്കില്‍ സ്വപ്രഖ്യാപിത ക്രിയാത്മകത നിയമസഭയിലും, പുറത്തും പ്രദര്‍ശിപ്പിച്ച് വശം കെട്ടിരിക്കുന്നു. ഇവര്‍ ഒന്നിറങ്ങിയിരുന്നെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിന് ഒരുക്കം ചെയ്യാമായിരുന്നു എന്ന് മനോഗതം.

പോലീസിനും പുലിവാല് പിടിച്ച അവസ്ഥയാണ്. സിനിമാ താരത്തെ പിടിച്ചു ജീപ്പില്‍ കയറ്റാമോ? അവര്‍ക്കൊക്കെ എസ്കോര്‍ട്ട് പോയ പരിച്ചയമല്ലേ ഉള്ളൂ. പിന്നെ നാളെ വകുപ്പ്‌ മന്ത്രിയുടെ ചോദ്യം വന്നാല്‍ ആര് മറുപടി പറയും?

കേസും കൂട്ടവുമൊക്കെ അവിടെയിരിക്കട്ടെ. പണം പോയവന് പോയി. ഇനി ഇതും വെച്ച് ആര്‍ക്കൊക്കെ എന്തൊക്കെ നേടാമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്, ശ്രമിക്കുന്നത്, പരിശ്രമിക്കുന്നതും.


സരിതവിപ്ലവം ജയിക്കട്ടെ!

Friday, April 12, 2013

Lunar Double


“Two moons, two moons! Wake up man. You don’t want to miss this.” He woke me up from deep weekend sleep. I must have had a blank look. He pointed to the window. “See there, two moons in the sky.” Still lying on the bed, I turned my sleepy eyes toward the window. He was right. Two pale moons, side by side. ‘Yes’ I agreed, ‘two moons. Now get some sleep.’   I closed my eyes turning to the other side.

Ravish, my cousin, room partner and best friend was not ready to leave it at that. “C’mon man, we cannot just keep sleeping after witnessing a wonder like this.” He shook me from behind. He pulled my hand asking me to get up. I cursed the astronomical wonder that had to happen on that weekend night, and sat up.

It must have been around two and half hours in the early Friday morning. The weekend spirits seldom settle down in two hours.

We were both sitting on my bed now trying to get some explanation as to why there are two moons. ‘It’s the drink’ I suggested through my closed eyes and yawning mouth. ‘We should not buy it again.’ “Huh” he dismissed me with a wave of his hand and was lost in thought for a few seconds. “It could be something like the Big Bang. The moon just broke in two!” I saw sleep fleeing his eyes.  ‘But…’ He didn’t let me complete. “A closer look. How can we take a closer look? Do we have a telescope here?”

A Telescope! The last I had my hands on a binocular was when I visited my friend during college days. He was a bird watcher, watching birds taking bath at a stream near his house! ‘Why don’t we go to the terrace for a closer look?’ “Not a bad idea, you go get the keys from the security” came his orders.

Sleep had deserted me too. Sense hadn’t. Waking someone up at two thirty was criminal. I retracted on my idea. ‘Let’s take a closer look from our window.’ He wasn’t convinced. “What more can you see from here? Let’s break open the terrace door.” I had already moved towards the window, in awe (and to some degree, in sorrow that something so romantic as the full moon is going plural all of a sudden.)

‘Lo, behold!’ I rubbed my eyes and took a second closer look. The second moon was moving away from the first. The moons have drifted apart. Something the scientists believe took millions of years, has hardly taken ten minutes to happen!

Wait a minute. Did I see a hand like shape near the second moon? The picture is clear now. ‘It’s no moon damn it! It’s the light from the crane!’  How did we forget the construction site just behind our building? And this crane had to be positioned in such a way the lamp on top looked just like the moon in the dusty sky!

We sat in silence waiting for the other to speak. Since neither of us had anything left to prove, we preferred silence, the golden silence to prevail till well into the morning…

Wednesday, March 6, 2013

March is the cruelest month


‘April is the cruelest month…’ sang the poet. But I beg to differ to the bard. March it is! March sets anxiety and panic afloat, for it plays host to the most primitive of testing procedures man has derived, exams.  How many hours of a good night’s sleep does man lose owing to these unyielding exercises of questions and answers? Yield, of course they do; marks and grades. But again, no use to the mankind, in the long run or short!

Paranoia rules homes. Fathers develop burning ears, shivering moustaches, mothers suffer head-aches and stomach upsets. And both upset the poor child like what an overheated pan does to some well-kneaded dough.

Remember those study holidays when all you were allowed to do was to be at the study table and ogle at the book? And on the D-days, to eat was mechanical, to breathe was like steaming and even sleep was hard work! Such was the influence of the mere thought of those question papers on you that numbness was all you could feel, if you ever could. Forgetfulness was the order of the day and memory was just another name to fearful loss of it. Such was the buildup, that the world around was totally irrelevant. Parents had joined hands with the army of teachers in all-out war on you. Siblings were nuisance and friends, jealous competition!

The result day was even worse. It is like ‘I will show you fear in a handful of dust’ answer papers! You get to know what the margin of your defeat is. If you scored 60%, you fell short by 40, if you scored 75, your failure margin was down to 25% and if you scored 95, you were still short by 5%. Had it not been for the exams and their results, you would still be confident about your awareness on science and statistics; mathematics and history would not give you nightmares; grammar and phonemics were distant botherations.

The ideal academia in my book will be one without exams.  One where all are evaluated on their forte and not on what they flunk in. And each faculty one flunks adds a bonus point to what one scores in. It makes better sense to produce a master of one faculty than to make a jack of all.

The other day, I wanted to set it right and told my bigger one to relax. ‘Answer what you can remember from the lessons the teacher gave’ I said ‘too much of anything is bad.’ She was silent for a couple of seconds. I thought she would yell in total glee. She yelled alright. Referring to one of the many times when the social animal parent in me overpowered the thinker intellect I pretend to be, she yelled back “and listen to you chiding me all night on the result day?”

Saturday, March 2, 2013

ഒരു പഴയ കടം!


ഇന്നും അയാളെന്നോട് ചോദിച്ചു. “ബാലന്‍സ്? ബാലന്‍സ്?” അയാളെന്നു പറയാന്‍ വയ്യ. ഒരു പത്തിരുപത്തിയഞ്ചു വയസ്സ് കാണും. അവന്‍, അതു മതി. പാര്‍ക്കിനു ചുറ്റും വലംവെക്കുകയായിരുന്ന എന്നോട് ഞാന്‍ അവനെ കടന്നു പോയ ആറു പ്രാവശ്യവും അവന്‍ അതേ ചോദ്യം ആവര്‍ത്തിച്ചു. “ബാലന്‍സ്? ബാലന്‍സ്?” ഇനി വല്ല കടയിലും നിന്ന്, ആരെങ്കിലും പറ്റിച്ചു പോയതാണോ? കണ്ടിട്ട് പക്ഷെ ഒരു മാനസിക പ്രശ്നമുള്ള ഒരു ലക്ഷണവും ഇല്ല. അതോ ഞാന്‍ മറന്നു പോയ വല്ല പഴയ കണക്കും?

ആരോടും കടം പറയുന്നത് എനിക്കിഷ്ടമല്ല. കടം കൊടുക്കുന്നതും. കടം ശത്രുക്കളെ ഉണ്ടാക്കാനേ ഉപകരിക്കൂ എന്ന് അച്ഛന്‍ പണ്ട് പറഞ്ഞത് മറന്നിട്ടില്ല. അത് കൊണ്ട് എവിടെയും ഒന്നും ബാക്കി വെക്കാറില്ല. അഥവാ വല്ലതും ബാക്കി വെച്ചിട്ടുണ്ടെങ്കില്‍ അത് ഇങ്ങോട്ട് കിട്ടാനുള്ളതായിരിക്കും, മാത്രവുമല്ല, അത് മറന്നു പോയിട്ടുമുണ്ടാവും.

മാസം രണ്ടായി ഞാന്‍ ഈ പാര്‍ക്കില്‍ നടക്കാന്‍ വന്നു തുടങ്ങിയിട്ട്. ഇത്രനാളും കാണാതെ, കഴിഞ്ഞ രണ്ടു ദിവസമായി പെട്ടെന്ന് ഒരാള്‍ അടുത്ത് വന്നു ചെവിയില്‍ ചോദിക്കുകയാണ് ബാലന്‍സ് എവിടെ എന്ന്. എന്ത് ബാലന്‍സ്, ഏതു വകയില്‍? ഇതൊന്നും പറയാതെ ആ ചോദ്യം തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ ഞാന്‍ ഏതു വകയില്‍ കൊള്ളിച്ചു കൊടുക്കും? എത്ര എന്ന് വെച്ച് കൊടുക്കും?

ചോദിച്ചിട്ട് തന്നെ കാര്യം. ഈ റൌണ്ടും കൂടി കഴിഞ്ഞിട്ട് അവന്റെ മുന്നില്‍ ചെന്ന് നിന്ന് ചോദിക്കണം. ഏതു വകയിലാ ചങ്ങാതി ഞാന്‍ നിനക്ക് ബാലന്‍സ്‌ തരാന്‍ ഉള്ളത് എന്ന്.

ഇനി എന്നെ പോലെ വേറൊരാള്‍ എന്നോ മറ്റോ ഉണ്ടോ? അല്ല ഒരപരന്‍ ആര്‍ക്കാണുണ്ടാകാന്‍ പാടില്ലാത്തത്? ഒരു അലിബി എവിടെനിന്ന് സംഘടിപ്പിക്കും? സാക്ഷികള്‍ ആവാന്‍ പറ്റിയ ആരെങ്കിലുമുണ്ടോ?

രണ്ടു മാസം കൊണ്ട് കുറച്ചു പരിചയക്കാരൊക്കെ ആയിട്ടുണ്ട്‌. ഒരാവശ്യം വന്നാല്‍ എത്രപേര്‍ കൂടെയുണ്ടാവും എന്നറിയില്ല. എതിര്‍ദിശയില്‍ നടന്നുപോകുമ്പോള്‍ തലയാട്ടി മന്ദഹസിച്ചു പോകുന്ന തടിമാടന്‍ മലയാളി, ഇയര്‍ ഫോണും ചെവിയില്‍ വച്ച് ഫുട്ബാള്‍ കമ്മേന്റെരി കേട്ട് നടക്കുന്ന അറബിച്ചുവയില്‍ ഗുഡ് ഈവനിംഗ് പറയുന്ന ആജാനുബാഹു, കയ്യില്‍ തൂങ്ങിക്കിടക്കുന്ന കുഞ്ഞിനോട് കളി പറഞ്ഞു മുന്നില്‍ നടക്കുന്ന ഭര്‍ത്താവ്, പുറകെ സ്വപ്നലോകത്ത് ഇഴഞ്ഞു നീങ്ങുന്ന ഭാര്യ, ജോഗ്ഗിംഗ് എന്നാല്‍ നടത്തമല്ല, ‘വാക്ക്‌ ഫാസ്റ്റ്’ എന്ന് ഒപ്പമുള്ള മടിയനെ വലിച്ചു കൊണ്ടുപോകുന്ന ഫിലിപ്പിനോ, പരിസര ബോധമില്ലാതെ ഉറക്കെ സംസാരിച്ചു ശ്രദ്ധയാകര്‍ഷിക്കുന്ന ആഫ്രിക്കന്‍ യുവാക്കള്‍. സംഘബലം ഒട്ടും കുറവല്ല എന്ന ധൈര്യം വന്നപ്പോള്‍ ചോദിക്കാന്‍ തന്നെ തീരുമാനിച്ചു.

കുറച്ചു മാറി നിന്ന് ഒന്ന് നിരീക്ഷിക്കാം. എന്താണവന്റെ ഭാവം? സുഹൃത്താണെന്ന് തോന്നുന്നു വേറൊരുത്തന്‍ അവന്റെ കൂടെയുണ്ട്. മൊബൈല്‍ ഫോണെടുത്തു എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നു. ഫോണ്‍ ചെവിയില്‍ വെച്ചു. എവിടെയോ വിളിക്കുകയാണ്. എന്നെ കണ്ടുകാണുമോ? മറ്റെയാളോടെന്തോക്കെയോ പറഞ്ഞു. അയാള്‍ പോകുകയാണ്. പോക്കെറ്റില്‍ നിന്നെന്തോ എടുത്തു കൊടുക്കുന്നു. കാശാണ്. ഇതാ അവന്‍ ഇങ്ങോട്ട് നോക്കുന്നു. ഇങ്ങോട്ട് വരുന്നുണ്ടോ?

“ബാലന്‍സ്?” എന്‍റെ മുഖത്തോട്ട് തന്നെ ചോദ്യം.

ധൈര്യം സംഭരിച്ചേ തീരൂ. ശ്വാസം വലിച്ചു വിട്ടു. ഒറ്റ ചോദ്യം. എന്ത് ബാലന്‍സ്?, ഏതു വകയില്‍? നമ്മള്‍ ഇതിനു മുന്‍പ്‌ കണ്ടിട്ടില്ലല്ലോ? പിന്നെ എവിടെ നിന്നാ തനിക്ക് ബാലന്‍സ്?

“എന്ത്ന്നാ സാറെ? മൊബൈല്‍ ബാലന്‍സ്‌ ബേണോന്നല്ലേ ചോയ്ച്ചുള്ളൂ. അയ്ന്പ്പോ ങ്ങളെന്തിന്നാന്നു ചൂടാവ്ണത്.”

എന്‍റെ ജനറല്‍ നോളെജിന്റെ ശുഷ്ക്കമായ വേര് വലിച്ചൂരി മുന്നിലെക്കിട്ടു തന്നിട്ട് അവന്‍ വലിച്ചു നടന്നു, അടുത്ത കസ്റ്റമറെയും തേടി.

Sunday, February 17, 2013

പ്രേമഗാനങ്ങള്‍ വില്‍ക്കുന്ന സുന്ദരി


വണ്ടി സ്റ്റേഷന്‍ വിടുന്നതുവരെ വാതിലും ചാരി നിന്ന്, പ്ലാട്ഫോം പുറകോട്ടു പോയപ്പോള്‍ പെട്ടെന്ന്‍ എവിടെനിന്നോ കിട്ടിയ ശ്രുതിയും ചേര്‍ത്തു അവള്‍ പാടാന്‍ തുടങ്ങി.

‘ദേഖാ ഹെ പെഹലീ ബാര്‍ സാജന്‍ കി ആംഖോം മെ പ്യാര്‍.’

ക്ഷീണവും മുഷിപ്പും ഇടകലര്‍ന്ന ശബ്ദം. കൃത്രിമമായി ഉയര്‍ത്തി പാടുന്ന ആവേശം. കാണാനൊരഴകൊക്കെയുണ്ട്. നീണ്ടു നില്‍ക്കുന്ന മൂക്ക്, തിളങ്ങുന്ന കണ്ണുകളില്‍ അലസമായ്‌ തേച്ച കണ്മഷിയുടെ വശ്യത, സ്ഥിരമായി തിന്നുന്ന വെറ്റിലയുടെതാവും ചുണ്ടുകള്‍ക്ക് അയഥാര്‍ത്തമായ ചുവപ്പും, ഇരുനിറമെങ്കിലും എന്നിലെ സൌന്ദര്യാസ്വാദകന് വിലയിരുത്താന്‍ കഴിയുന്ന വണ്ണം ഒരു കൊച്ചു സുന്ദരി. കവിളുകളിലും കഴുത്തിലും വിയര്‍പ്പില്‍ കുതിര്‍ന്ന പൌഡറിന്റെ ചാലുകള്‍, ശബ്ദം പോലെ തന്നെ മുഷിഞ്ഞ സാരി.

ഈ വണ്ടിയിലെ ഓരോ കമ്പാര്‍ട്ട്മെന്റുകളിലും കയറി ഇറങ്ങി പാടിയിട്ടുണ്ടാവും. ഇങ്ങനെ എത്ര വണ്ടികള്‍, എത്ര സ്റ്റേഷന്‍, എത്ര പാട്ടുകള്‍. വിശപ്പുമാറ്റാന്‍ എന്തെല്ലാം വഴികള്‍.

ജീവിത വ്യായാമത്തിന്റെ ചിന്തകള്‍ക്കുമേല്‍ ഒരു ദീര്‍ഘനിശ്വാസത്തിന്റെ പുതപ്പിട്ട് ഞാന്‍ വായനയിലേക്ക് മടങ്ങി. അടുത്തിരിക്കുന്ന കോളേജ് കുമാരന്മാര്‍ ഉറക്കെ സംസാരിക്കുന്നതുകൊണ്ട് വായനയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. ബുക്കും തുറന്നു വെച്ച് അവരുടെ വാക്കുകളിലേക്ക് ശ്രദ്ധിച്ചു. അവര്‍ അംഗവര്‍ണനയിലായിരുന്നു. ആ പാട്ടുകാരിയുടെ ശരീരത്തിന്‍റെ നിമ്നോന്നതങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നു. സാഹിത്യ വിദ്യാര്‍ഥികള്‍ തന്നെ, മലയാളമായാലും സംസ്കൃതമായാലും. വാഗ്സംപുഷ്ടമായ വിവരണം.

അവരുടെ വാക്കുകള്‍ ഞാനറിയാതെ തന്നെ എനിക്ക് ദിശാസൂചകങ്ങളായോ? കണ്ണുകള്‍ അരുതാത്തതെന്തോ തേടി അലയുന്നോ? വിവേകത്തിന്റെ ആശയ തരംഗങ്ങളെ ബാലിശ ചാപല്യം വഴിതെറ്റിക്കുന്നുവോ?. ബദ്ധപ്പെട്ടു കണ്ണുകളെ വലിച്ചെടുത്തു ബുക്കിലൊളിപ്പിച്ചു. ചുറ്റും നോക്കാന്‍ മടി. എന്‍റെ കണ്ണുകളുടെ അപഥ സഞ്ചാരം എല്ലാവരും ശ്രദ്ധിച്ചു കാണും. ഇനിയെങ്ങിനെ തലയുയര്‍ത്തി നോക്കും?

സ്വിച്ചിട്ടപോലെ പാട്ട് നിന്നപ്പോള്‍ തലയുയര്‍ത്തിപ്പോയി. ഉള്ളംകയ്യില്‍ ചില്ലറത്തുട്ടുകള്‍ കിലുക്കി സീറ്റുകള്‍ തോറും നടന്നു യാചിക്കുകയാണ് സുന്ദരി. അതുവരെ അവളെ നോക്കി ആസ്വദിച്ചുകൊണ്ടിരുന്ന യാത്രക്കാരെല്ലാരും പെട്ടെന്ന് അവിടെയെന്തോ കണ്ടിട്ടെന്നപോലെ അനന്തതയില്‍ കണ്ണും നട്ടിരിക്കുകയാണ്.

കോളേജ് കുമാരന്മാരിലൊരാള്‍ പോക്കെറ്റില്‍ കയ്യിടുന്നത് കണ്ട് പ്രതീക്ഷയോടെ അവള്‍ അടുത്തേക്ക് വന്നു. പിന്നെ കളിപ്പിക്കുകയാണെന്നു മനസ്സിലാക്കി പോകാനൊരുങ്ങി.

‘ഒരു പാട്ട് കൂടി പാടിയാല്‍ പൈസ തരാം.’

അവര്‍ അവളോട്‌ പറയുന്നത് അനന്തതയില്‍ നോക്കിയിരിക്കുകയായിരുന്ന എന്റെ കാതിലും വീണു. വക്ക് പൊട്ടിയ കുറെ ഹിന്ദി വാക്കുകള്‍ ചേര്‍ത്തുവെച്ച് അവള്‍ വീണ്ടും പാടി.

‘ബഹുത് പ്യാര്‍ കര്തെ ഹെ തുംകോ സനം.’

‘ചില്ലറ തുട്ടുകള്‍ക്ക് വേണ്ടി പ്രേമഗാനങ്ങള്‍ വില്‍ക്കുന്ന ഇരുണ്ട സുന്ദരി.’ ഞാന്‍ മനസ്സില്‍ പറഞ്ഞു. ‘രാത്രിയിലും ഇവളിതൊക്കെ തന്നെയായിരിക്കുമോ വില്‍ക്കുന്നത്?’

അസുഖകരമായ ഒരു പ്രതിധ്വനി മനസ്സില്‍ എന്റെ ചോദ്യം ആവര്‍ത്തിച്ചു തീരുന്നതിനു മുന്‍പ് തന്നെ എന്റെ മുന്നിലേക്കും ആ കൈ നീണ്ടു വന്നു.

‘അണ്ണെ, എതാവത്...’

കുറ്റബോധം കൊണ്ട് തലതാഴ്ത്തി മടിയിലെ പുസ്തകത്തിലെ അക്ഷരങ്ങളെ നോക്കി. നനഞ്ഞ കണ്ണുകള്‍ അതില്‍ അച്ചടിച്ചതൊന്നുമല്ല വായിച്ചത്.  

“ഇന്ത്യ ഈസ്‌ മൈ കണ്‍ട്രി, ഓള്‍ ഇന്ത്യന്‍സ്‌ ....”

Thursday, January 10, 2013

പ്രണയം


ഇന്നു വീണ്ടും പ്രണയം വന്നെന്‍റെ കവിളില്‍ തൊട്ടു. നിന്‍റെ ഓര്‍മ്മകള്‍ ഒരു ദീര്‍ഘനിശ്വാസത്തിന്റെ അലകളായി എന്‍റെ നെഞ്ചില്‍ ചൂട് പകര്‍ന്നു. ഇതു നിന്‍റെ ഗന്ധം തന്നെയോ എന്ന് എന്‍റെ നാസികാഗ്രം വീണ്ടും വിടര്‍ന്നു. ഇന്നു മുഴുവന്‍ നീ ഒരു സുഖസ്വപ്നമായി എന്‍റെ ചിന്തകളെ തഴുകി നിന്നു.

നീ അടുത്തുണ്ടായിരുന്നെങ്കില്‍ നിന്‍റെ വിരലുകളില്‍, മൂര്‍ദ്ധാവില്‍ ചുംബിച്ചു നിന്നില്‍ എന്‍റെ അവകാശം ഉറപ്പിക്കാമായിരുന്നു. നനഞ്ഞുണങ്ങാത്ത നിന്‍റെ മുടി കവിളില്‍ ചേര്‍ത്ത് ദിവസത്തെ ക്ഷീണമകറ്റാമായിരുന്നു. നിന്‍റെ മടിയില്‍ തലവെച്ചു കിടന്ന്, മുഖത്തുനിന്നു കണ്ണെടുക്കാതെ നോക്കി എല്ലാ വേദനകളും മറക്കാമായിരുന്നു. വെറുതെ പിണങ്ങി, പിന്നെ ഇണങ്ങി വീണ്ടും വീണ്ടുമിണങ്ങി അങ്ങിനെ, അങ്ങിനെ... നീ അടുത്തുണ്ടായിരുന്നെങ്കില്‍!

നിന്‍റെ വാക്കുകള്‍ തൊണ്ടയിലുടക്കി കിടക്കുന്നുണ്ടിപ്പോഴും. നടക്കുമ്പോള്‍ കയ്കള്‍ ചേര്‍ത്ത് പിടിച്ചു നടക്കാമായിരുന്നു, വിരലില്‍ വിരല്‍ കൊണ്ട് ചിത്രമെഴുതാമായിരുന്നു. ഒരിക്കലെങ്കിലും വേര്‍പിരിയാതെ, ഒന്നായി, കായ്കറികളും മറ്റും വാങ്ങിവരാമായിരുന്നു. പോയ ഇടങ്ങളിലെല്ലാം നമ്മള്‍ മാത്രം എന്ന് കരുതി സ്വയം മറക്കാമായിരുന്നു. നിന്‍റെ വാക്കുകള്‍ തൊണ്ടയിലുടക്കി കിടക്കുന്നുണ്ടിപ്പോഴും.

നമ്മുടെ സ്വകാര്യതയില്‍ നിന്നെയും മോളെയും ചേര്‍ത്ത് പിടിക്കാന്‍, ചിരിച്ചു മദിക്കാന്‍, മറന്നുപോയി. ഇന്നു മോളെ എത്ര ചേര്‍ത്ത് പിടിച്ചിട്ടും അത് പൂര്‍ണമാവുന്നില്ല. നിന്‍റെ ചെവിയില്‍ മധുരസ്വരങ്ങള്‍ പറയണമെന്നോര്ത്തിരുന്നു. മറന്നതെല്ലാം ഓര്‍ത്തെടുത്തിട്ടും, പറയാന്‍, അത് കേള്‍ക്കാന്‍ നിന്‍റെ കാതുകളില്ലല്ലോ. നിന്‍റെ പദചലനങ്ങള്‍ക്ക് താളമിട്ട്, നിന്‍റെ കൂടെ ചേര്‍ന്നാടാന്‍ മടിയായിരുന്നില്ല, നാണവുമില്ലായിരുന്നു. ആ നേരം കണക്കുകളുടെ യാന്ത്രികത വേറെ വഴിയെ നയിച്ചില്ലേ. നാളെയാകാം എന്നു കരുതി അതും നഷ്ടപ്പെടുത്തി, നമ്മുടെ സ്വകാര്യതയില്‍.

പ്രണയത്തിനു പ്രായമില്ലെന്നു നീ പറഞ്ഞു. കണക്കും ശാസ്ത്രവും യാഥാസ്ഥിതികമെന്നു മറന്ന്, അവയെ കൂട്ടുപിടിച്ച് ഞാന്‍ മാറി നടന്നു. ഒരിക്കലും മരിക്കാത്ത പ്രണയമെന്നു പരിഹസിച്ചെങ്കിലും ഒരിക്കല്‍ സമ്മതിച്ചുതരാമെന്നു മനസ്സില്‍ പറഞ്ഞു. ഇനിയെന്ന്?

വിരലുകള്‍ കൊണ്ട് പറയാവുന്ന പ്രണയം, കണ്ണുകള്‍ കൊണ്ടുണര്ത്താവുന്ന പ്രണയം, ഒരു ദീര്‍ഘനിശ്വാസത്തിലലിയുന്ന പ്രണയം, പ്രായമില്ലാത്ത, മരണമില്ലാത്ത പ്രണയം.  ഇന്നു വീണ്ടും ആ പ്രണയം വന്നെന്‍റെ കവിളില്‍ തൊട്ടു.