Sunday, February 17, 2013

പ്രേമഗാനങ്ങള്‍ വില്‍ക്കുന്ന സുന്ദരി


വണ്ടി സ്റ്റേഷന്‍ വിടുന്നതുവരെ വാതിലും ചാരി നിന്ന്, പ്ലാട്ഫോം പുറകോട്ടു പോയപ്പോള്‍ പെട്ടെന്ന്‍ എവിടെനിന്നോ കിട്ടിയ ശ്രുതിയും ചേര്‍ത്തു അവള്‍ പാടാന്‍ തുടങ്ങി.

‘ദേഖാ ഹെ പെഹലീ ബാര്‍ സാജന്‍ കി ആംഖോം മെ പ്യാര്‍.’

ക്ഷീണവും മുഷിപ്പും ഇടകലര്‍ന്ന ശബ്ദം. കൃത്രിമമായി ഉയര്‍ത്തി പാടുന്ന ആവേശം. കാണാനൊരഴകൊക്കെയുണ്ട്. നീണ്ടു നില്‍ക്കുന്ന മൂക്ക്, തിളങ്ങുന്ന കണ്ണുകളില്‍ അലസമായ്‌ തേച്ച കണ്മഷിയുടെ വശ്യത, സ്ഥിരമായി തിന്നുന്ന വെറ്റിലയുടെതാവും ചുണ്ടുകള്‍ക്ക് അയഥാര്‍ത്തമായ ചുവപ്പും, ഇരുനിറമെങ്കിലും എന്നിലെ സൌന്ദര്യാസ്വാദകന് വിലയിരുത്താന്‍ കഴിയുന്ന വണ്ണം ഒരു കൊച്ചു സുന്ദരി. കവിളുകളിലും കഴുത്തിലും വിയര്‍പ്പില്‍ കുതിര്‍ന്ന പൌഡറിന്റെ ചാലുകള്‍, ശബ്ദം പോലെ തന്നെ മുഷിഞ്ഞ സാരി.

ഈ വണ്ടിയിലെ ഓരോ കമ്പാര്‍ട്ട്മെന്റുകളിലും കയറി ഇറങ്ങി പാടിയിട്ടുണ്ടാവും. ഇങ്ങനെ എത്ര വണ്ടികള്‍, എത്ര സ്റ്റേഷന്‍, എത്ര പാട്ടുകള്‍. വിശപ്പുമാറ്റാന്‍ എന്തെല്ലാം വഴികള്‍.

ജീവിത വ്യായാമത്തിന്റെ ചിന്തകള്‍ക്കുമേല്‍ ഒരു ദീര്‍ഘനിശ്വാസത്തിന്റെ പുതപ്പിട്ട് ഞാന്‍ വായനയിലേക്ക് മടങ്ങി. അടുത്തിരിക്കുന്ന കോളേജ് കുമാരന്മാര്‍ ഉറക്കെ സംസാരിക്കുന്നതുകൊണ്ട് വായനയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. ബുക്കും തുറന്നു വെച്ച് അവരുടെ വാക്കുകളിലേക്ക് ശ്രദ്ധിച്ചു. അവര്‍ അംഗവര്‍ണനയിലായിരുന്നു. ആ പാട്ടുകാരിയുടെ ശരീരത്തിന്‍റെ നിമ്നോന്നതങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നു. സാഹിത്യ വിദ്യാര്‍ഥികള്‍ തന്നെ, മലയാളമായാലും സംസ്കൃതമായാലും. വാഗ്സംപുഷ്ടമായ വിവരണം.

അവരുടെ വാക്കുകള്‍ ഞാനറിയാതെ തന്നെ എനിക്ക് ദിശാസൂചകങ്ങളായോ? കണ്ണുകള്‍ അരുതാത്തതെന്തോ തേടി അലയുന്നോ? വിവേകത്തിന്റെ ആശയ തരംഗങ്ങളെ ബാലിശ ചാപല്യം വഴിതെറ്റിക്കുന്നുവോ?. ബദ്ധപ്പെട്ടു കണ്ണുകളെ വലിച്ചെടുത്തു ബുക്കിലൊളിപ്പിച്ചു. ചുറ്റും നോക്കാന്‍ മടി. എന്‍റെ കണ്ണുകളുടെ അപഥ സഞ്ചാരം എല്ലാവരും ശ്രദ്ധിച്ചു കാണും. ഇനിയെങ്ങിനെ തലയുയര്‍ത്തി നോക്കും?

സ്വിച്ചിട്ടപോലെ പാട്ട് നിന്നപ്പോള്‍ തലയുയര്‍ത്തിപ്പോയി. ഉള്ളംകയ്യില്‍ ചില്ലറത്തുട്ടുകള്‍ കിലുക്കി സീറ്റുകള്‍ തോറും നടന്നു യാചിക്കുകയാണ് സുന്ദരി. അതുവരെ അവളെ നോക്കി ആസ്വദിച്ചുകൊണ്ടിരുന്ന യാത്രക്കാരെല്ലാരും പെട്ടെന്ന് അവിടെയെന്തോ കണ്ടിട്ടെന്നപോലെ അനന്തതയില്‍ കണ്ണും നട്ടിരിക്കുകയാണ്.

കോളേജ് കുമാരന്മാരിലൊരാള്‍ പോക്കെറ്റില്‍ കയ്യിടുന്നത് കണ്ട് പ്രതീക്ഷയോടെ അവള്‍ അടുത്തേക്ക് വന്നു. പിന്നെ കളിപ്പിക്കുകയാണെന്നു മനസ്സിലാക്കി പോകാനൊരുങ്ങി.

‘ഒരു പാട്ട് കൂടി പാടിയാല്‍ പൈസ തരാം.’

അവര്‍ അവളോട്‌ പറയുന്നത് അനന്തതയില്‍ നോക്കിയിരിക്കുകയായിരുന്ന എന്റെ കാതിലും വീണു. വക്ക് പൊട്ടിയ കുറെ ഹിന്ദി വാക്കുകള്‍ ചേര്‍ത്തുവെച്ച് അവള്‍ വീണ്ടും പാടി.

‘ബഹുത് പ്യാര്‍ കര്തെ ഹെ തുംകോ സനം.’

‘ചില്ലറ തുട്ടുകള്‍ക്ക് വേണ്ടി പ്രേമഗാനങ്ങള്‍ വില്‍ക്കുന്ന ഇരുണ്ട സുന്ദരി.’ ഞാന്‍ മനസ്സില്‍ പറഞ്ഞു. ‘രാത്രിയിലും ഇവളിതൊക്കെ തന്നെയായിരിക്കുമോ വില്‍ക്കുന്നത്?’

അസുഖകരമായ ഒരു പ്രതിധ്വനി മനസ്സില്‍ എന്റെ ചോദ്യം ആവര്‍ത്തിച്ചു തീരുന്നതിനു മുന്‍പ് തന്നെ എന്റെ മുന്നിലേക്കും ആ കൈ നീണ്ടു വന്നു.

‘അണ്ണെ, എതാവത്...’

കുറ്റബോധം കൊണ്ട് തലതാഴ്ത്തി മടിയിലെ പുസ്തകത്തിലെ അക്ഷരങ്ങളെ നോക്കി. നനഞ്ഞ കണ്ണുകള്‍ അതില്‍ അച്ചടിച്ചതൊന്നുമല്ല വായിച്ചത്.  

“ഇന്ത്യ ഈസ്‌ മൈ കണ്‍ട്രി, ഓള്‍ ഇന്ത്യന്‍സ്‌ ....”

No comments:

Post a Comment