ഗൾഫിൽ നിന്ന് കിട്ടിയ ശീലമാണ്. ഏതു കടയിൽ പോയാലും എന്താവശ്യത്തിന് പോയാലും നിവർന്ന് നിന്ന് ആത്മവിശ്വാസത്തോടെ മലയാളത്തിൽ സംസാരിക്കുക.
ഇവിടെ എനിക്കതിനു കഴിയുമെന്ന് തോന്നുന്നില്ല. വിശേഷിച്ചും ഇന്നലത്തെ അനുഭവത്തിനു ശേഷം.
മനുവിന്റെ മുടിവെട്ടിക്കാറായെന്ന് അവന്റെ അമ്മ പറയാൻ തുടങ്ങിയിട്ട് ആഴ്ചയൊന്നു കഴിഞ്ഞു. ഡോക്ടർമാർ ഓക്സിജൻ എത്തിക്കാത്തതിന് മുഖ്യൻ എന്തു പിഴച്ചു എന്നമട്ടിൽ കഫീൽഖാനെതിരെ പോസ്റ്റിടുന്ന ഐടി സെല്ലുകാരെ പോലെ ട്രോളുകൾ ഒന്നൊന്നായി മഞ്ജു എന്റെ നേരെ അയക്കാൻ തുടങ്ങിയപ്പോൾ ഞാനുറപ്പിച്ചു ഇന്നു നേരത്തെ ഇറങ്ങാം.
കാറെടുക്കുന്നില്ല നടന്നു പോകാം എന്നു പറഞ്ഞു മുഖമുയർത്തിയത് 'വിടമാട്ടേ' എന്ന മണിചിത്രതാഴിലെ ഗംഗയുടെ ഭാവഭേദങ്ങളോടെ നിൽക്കുന്ന മനുവിന്റെ മുഖത്തേക്ക്. 'അയോഗ്യ നായേ' എന്ന ഭാവരസം വിരിയുന്നതിനു കാത്തുനിൽക്കാതെ ധൃതിയിൽ പുറത്തിറങ്ങി. മാതാശ്രീയുടെ കണ്ണിൽ നിന്നെന്തോ നിർദേശം പിടിച്ചെടുത്ത മനു 'അച്ഛാ ഞാൻ ____ പാർലറിൽ വെയ്റ്റ് ചെയ്യാം' എന്ന് സൈക്കിളിൽ കയറി കഴിയുന്നത്ര വേഗത്തിൽ ചവിട്ടി നീങ്ങി.
അമ്മമാർ പണ്ടേ അങ്ങിനെയാണ്. മക്കൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ലതേ കൊടുക്കാൻ ശ്രമിക്കൂ. അച്ഛനാണെങ്കിൽ ഒരു പടി കൂടി കടന്ന് ചിന്തിക്കും. ഏറ്റവും നല്ലതും ഏറ്റവും വില കുറഞ്ഞതുമാവണം എന്ന്.
ഇനി പറഞ്ഞിട്ട് എന്തിന്? വിധി വന്ന കേസിൽ ജാമ്യാപേക്ഷക്ക് സാംഗത്യമില്ലല്ലോ.
പാർലറെങ്കിൽ പാർലർ. അതിന്റെ ഉൾവശമൊന്നു കാണാനും പറ്റും. മഞ്ജുവും മക്കളും പോകുമ്പോൾ സർവ്വകക്ഷിയോഗത്തിനു പോയ മാധ്യമ പ്രവർത്തകരെ പോലെ പുറത്തു വരാന്തയിലല്ലെ നമ്മുടെ സ്ഥാനം. കടക്ക് പുറത്ത് എന്നാരും ഉത്തരവിടില്ലാന്നു മാത്രം.
ബാർബർ ഷാപ്പിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണീ 'ജെന്റ്സ് ബ്യൂട്ടി പാർലർ ' രണ്ടു മൂന്നു ചില്ലു കൂടുകൾ. മുന്നിൽ കണ്ണാടി, മുകളിൽ ഏസി, താഴെയൊരു വാഷ്ബേസിൻ. കാത്തിരിക്കാൻ ലെതർ സോഫ. സുഖമുളള നിശബ്ദത. ഹിന്ദി പറയുന്ന ഒരു ജോലിക്കാരൻ.
ഹിന്ദിക്കാരൻ ബാർബറോട് മനു തന്റെ ഹിന്ദി പാണ്ഠിത്യം പുറത്തെടുക്കുന്നത് കേട്ടപ്പോൾ സഹിച്ചില്ല. (ആർക്കായാലും സഹിക്കില്ല). ഞാനിടപെട്ടു. കുരച്ച് വെട്ടണോ എന്ന് ചോദ്യം, കുരക്കാതെ വെട്ട്യാലും മതി എന്ന് ഞാൻ, അച്ഛാ എന്ന് മനു വക താക്കീത്. കാര്യം മനസ്സിലായപ്പോൾ ഞാൻ സഹാനുഭാവിയായി. 'നല്ലോണം കുരച്ചോളൂ'.
എന്റെ ഊഴം വന്നു. ഹിന്ദിക്കാരൻ വിളിച്ചു പറഞ്ഞു. 'അപ്പ്റത്ത്.' 'ഇരിക്കീൻ'. എന്നു കൂടി കേട്ടതോടെ ഞാൻ കസേരയിലേക്ക് വലിഞ്ഞുകയറി.
അവ്ടെ, ഇവ്ടെ, കൊരച്ച്, കൂടേല് എന്നിങ്ങനെ അവന്റെ പദസമ്പത്ത് മുഴുവൻ എനിക്ക് മുന്നിൽ പ്രദർശനത്തിന് വെച്ചു. അങ്ങിങ്ങ് നരച്ച മുടി തൊട്ട് അവൻ ഇവ്ടെ, ഇവ്ടെ എന്നു കാണിച്ചു കൊണ്ടിരുന്നു. സ്നേഹപൂർവ്വം ക്ഷമയോടെ ഓരോ ഇഴയായ് അവൻ മുറിച്ചു കൊണ്ടിരുന്നു. അവന്റെ ശ്രദ്ധയ്ക്ക് കീഴ്പ്പെട്ട് എന്റെ തല ഞാനവനു കാഴ്ച വെച്ചു. കളർ ചെയ്ണ്ടെ എന്ന് കേട്ട ഓർമ്മ ഉണ്ട്. ആ കൈകളിൽ ഊഞ്ഞാലാടിക്കൊണ്ട് എന്റെ തല അവനനുവാദം കൊടുത്തു കാണും.
കളർ ചെയ്യുമ്പോഴും ഇടയ്ക്കിടെ ഇവ്ടേയുണ്ട് എന്ന് ആവർത്തിച്ചു പറയുന്നു. എന്തൊരു ശുഷ്കാന്തി. പക്ഷെ ആ 'ഇവ്ടേയുണ്ട്' വേറൊരു താളത്തിലായിരുന്നു. അതിന്റെ കൂടെ ഛെ എന്നും കൂടെ തലയിലൊരു തലോടലും. എന്നിട്ടും ഞാൻ വിശ്വസിച്ചു 'പാവം തലയിലെ നര കണ്ട് വിഷമിക്കുകയാണ്. തലോടി ആശ്വസിപ്പിക്കുകയാണ്.'
വീട്ടിലെത്തി 'ബേം കുളി' എന്ന് പറഞ്ഞ് അവൻ എന്നെ യാത്രയാക്കി. 'നീ എത്രയാണെന്നു വെച്ചാൽ എടുത്തോ.' കയ്യിലുണ്ടായിരുന്ന 2000 ത്തിന്റെ നോട്ട് കൊടുത്തു ഞാൻ മനസ്സിൽ പറഞ്ഞു.
വീട്ടിലെത്തി കുളിക്കുമ്പോഴേ ശ്രദ്ധിച്ചു. കറുപ്പ് കുറച്ചു കൂടിയില്ലേ? മുടിയില്ലാത്തിടത്തു കൂടി കറുത്തു പോയോ? കുളി കഴിഞ്ഞു. മുടി വെട്ടി സുന്ദരനായ മനു എന്റെ പിന്നിൽ നിന്ന് കളിയാക്കുകയാണ്. അച്ഛന്റെ തലയിൽ വെളുത്ത പാട്. മാളു കണ്ടിട്ട് ചിരിയടക്കുന്നില്ല. ആമി അയ്യേ എന്നും പറഞ്ഞ് സ്ഥലം വിട്ടു.
മഞ്ജു ചുണ്ടിലെ ചിരി കടിച്ചമർത്തി മൊബൈലിൽ ഫോട്ടോ എടുത്തു കാണിച്ചു തന്നു. ഇവ്ടേയുണ്ട് എന്ന് ബഹളമുണ്ടാക്കിയത് വെറുതേയല്ല. . തലയോട്ടി നിറയെ തേച്ചു വച്ചിരിക്കുന്നു കറുപ്പ്. തലയോട്ടിയിലാവാത്തിടത്താണ് മനു വെളുത്ത പാട് കണ്ടത്. ഈ തലയും വെച്ച് ഞാനെങ്ങിനെ നാളെ ഓഫീസിൽ പോകും? ങേ?