Saturday, August 26, 2017

തിന്നു തുടങ്ങാം

കൊന്നു മടുക്കുമ്പോൾ
തിന്നു തുടങ്ങാം.

വെട്ടാനും കുത്താനും
പഠിച്ച നിലയ്ക്ക്,
നമുക്കിനി പരസ്പരം
തിന്നാനും കൂടിയേ പഠിക്കാനുളളൂ.

Friday, August 18, 2017

കറുക്കാൻ തേച്ചത് പാണ്ടായി

ഗൾഫിൽ നിന്ന് കിട്ടിയ ശീലമാണ്. ഏതു കടയിൽ പോയാലും എന്താവശ്യത്തിന് പോയാലും നിവർന്ന് നിന്ന് ആത്മവിശ്വാസത്തോടെ മലയാളത്തിൽ സംസാരിക്കുക.

ഇവിടെ എനിക്കതിനു കഴിയുമെന്ന് തോന്നുന്നില്ല. വിശേഷിച്ചും ഇന്നലത്തെ അനുഭവത്തിനു ശേഷം.

മനുവിന്റെ മുടിവെട്ടിക്കാറായെന്ന് അവന്റെ അമ്മ പറയാൻ തുടങ്ങിയിട്ട് ആഴ്ചയൊന്നു കഴിഞ്ഞു. ഡോക്ടർമാർ ഓക്സിജൻ എത്തിക്കാത്തതിന് മുഖ്യൻ എന്തു പിഴച്ചു എന്നമട്ടിൽ കഫീൽഖാനെതിരെ പോസ്റ്റിടുന്ന ഐടി സെല്ലുകാരെ പോലെ ട്രോളുകൾ ഒന്നൊന്നായി മഞ്ജു എന്റെ നേരെ അയക്കാൻ തുടങ്ങിയപ്പോൾ ഞാനുറപ്പിച്ചു ഇന്നു നേരത്തെ ഇറങ്ങാം. 

കാറെടുക്കുന്നില്ല നടന്നു പോകാം എന്നു പറഞ്ഞു മുഖമുയർത്തിയത് 'വിടമാട്ടേ' എന്ന മണിചിത്രതാഴിലെ ഗംഗയുടെ ഭാവഭേദങ്ങളോടെ നിൽക്കുന്ന മനുവിന്റെ മുഖത്തേക്ക്. 'അയോഗ്യ നായേ' എന്ന ഭാവരസം വിരിയുന്നതിനു കാത്തുനിൽക്കാതെ ധൃതിയിൽ പുറത്തിറങ്ങി. മാതാശ്രീയുടെ കണ്ണിൽ നിന്നെന്തോ നിർദേശം പിടിച്ചെടുത്ത മനു 'അച്ഛാ ഞാൻ ____ പാർലറിൽ വെയ്റ്റ് ചെയ്യാം' എന്ന് സൈക്കിളിൽ കയറി കഴിയുന്നത്ര വേഗത്തിൽ ചവിട്ടി നീങ്ങി.

അമ്മമാർ പണ്ടേ അങ്ങിനെയാണ്. മക്കൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ലതേ കൊടുക്കാൻ ശ്രമിക്കൂ.  അച്ഛനാണെങ്കിൽ ഒരു പടി കൂടി കടന്ന് ചിന്തിക്കും.  ഏറ്റവും നല്ലതും ഏറ്റവും വില കുറഞ്ഞതുമാവണം എന്ന്. 

ഇനി പറഞ്ഞിട്ട് എന്തിന്? വിധി വന്ന കേസിൽ ജാമ്യാപേക്ഷക്ക് സാംഗത്യമില്ലല്ലോ.

പാർലറെങ്കിൽ പാർലർ. അതിന്റെ ഉൾവശമൊന്നു കാണാനും പറ്റും. മഞ്ജുവും മക്കളും പോകുമ്പോൾ സർവ്വകക്ഷിയോഗത്തിനു പോയ മാധ്യമ പ്രവർത്തകരെ പോലെ പുറത്തു വരാന്തയിലല്ലെ നമ്മുടെ സ്ഥാനം. കടക്ക് പുറത്ത് എന്നാരും ഉത്തരവിടില്ലാന്നു മാത്രം.

ബാർബർ ഷാപ്പിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണീ 'ജെന്റ്സ് ബ്യൂട്ടി പാർലർ ' രണ്ടു മൂന്നു ചില്ലു കൂടുകൾ.  മുന്നിൽ കണ്ണാടി,  മുകളിൽ ഏസി, താഴെയൊരു വാഷ്ബേസിൻ. കാത്തിരിക്കാൻ ലെതർ സോഫ. സുഖമുളള നിശബ്ദത. ഹിന്ദി പറയുന്ന ഒരു ജോലിക്കാരൻ.

ഹിന്ദിക്കാരൻ ബാർബറോട് മനു തന്റെ ഹിന്ദി പാണ്ഠിത്യം പുറത്തെടുക്കുന്നത് കേട്ടപ്പോൾ സഹിച്ചില്ല. (ആർക്കായാലും സഹിക്കില്ല). ഞാനിടപെട്ടു. കുരച്ച് വെട്ടണോ എന്ന് ചോദ്യം, കുരക്കാതെ വെട്ട്യാലും മതി എന്ന് ഞാൻ, അച്ഛാ എന്ന് മനു വക താക്കീത്. കാര്യം മനസ്സിലായപ്പോൾ ഞാൻ സഹാനുഭാവിയായി. 'നല്ലോണം കുരച്ചോളൂ'.

എന്റെ ഊഴം വന്നു.  ഹിന്ദിക്കാരൻ വിളിച്ചു പറഞ്ഞു.  'അപ്പ്റത്ത്.' 'ഇരിക്കീൻ'. എന്നു കൂടി കേട്ടതോടെ ഞാൻ കസേരയിലേക്ക് വലിഞ്ഞുകയറി.

അവ്ടെ, ഇവ്ടെ, കൊരച്ച്, കൂടേല് എന്നിങ്ങനെ അവന്റെ പദസമ്പത്ത് മുഴുവൻ എനിക്ക് മുന്നിൽ പ്രദർശനത്തിന് വെച്ചു.  അങ്ങിങ്ങ് നരച്ച മുടി തൊട്ട്  അവൻ ഇവ്ടെ, ഇവ്ടെ എന്നു കാണിച്ചു കൊണ്ടിരുന്നു.  സ്നേഹപൂർവ്വം ക്ഷമയോടെ ഓരോ ഇഴയായ് അവൻ മുറിച്ചു കൊണ്ടിരുന്നു.  അവന്റെ ശ്രദ്ധയ്ക്ക് കീഴ്പ്പെട്ട്  എന്റെ തല ഞാനവനു കാഴ്ച വെച്ചു. കളർ ചെയ്ണ്ടെ എന്ന് കേട്ട ഓർമ്മ ഉണ്ട്.  ആ കൈകളിൽ ഊഞ്ഞാലാടിക്കൊണ്ട് എന്റെ തല അവനനുവാദം കൊടുത്തു കാണും.

കളർ ചെയ്യുമ്പോഴും ഇടയ്ക്കിടെ ഇവ്ടേയുണ്ട് എന്ന് ആവർത്തിച്ചു പറയുന്നു. എന്തൊരു ശുഷ്കാന്തി.  പക്ഷെ ആ 'ഇവ്ടേയുണ്ട്' വേറൊരു താളത്തിലായിരുന്നു. അതിന്റെ കൂടെ ഛെ എന്നും കൂടെ തലയിലൊരു തലോടലും. എന്നിട്ടും ഞാൻ വിശ്വസിച്ചു 'പാവം തലയിലെ നര കണ്ട് വിഷമിക്കുകയാണ്.  തലോടി ആശ്വസിപ്പിക്കുകയാണ്.'

 വീട്ടിലെത്തി 'ബേം കുളി' എന്ന് പറഞ്ഞ് അവൻ എന്നെ യാത്രയാക്കി. 'നീ എത്രയാണെന്നു വെച്ചാൽ എടുത്തോ.' കയ്യിലുണ്ടായിരുന്ന 2000 ത്തിന്റെ നോട്ട് കൊടുത്തു ഞാൻ മനസ്സിൽ പറഞ്ഞു.

വീട്ടിലെത്തി കുളിക്കുമ്പോഴേ ശ്രദ്ധിച്ചു. കറുപ്പ് കുറച്ചു കൂടിയില്ലേ? മുടിയില്ലാത്തിടത്തു കൂടി കറുത്തു പോയോ? കുളി കഴിഞ്ഞു. മുടി വെട്ടി  സുന്ദരനായ മനു എന്റെ പിന്നിൽ നിന്ന്  കളിയാക്കുകയാണ്. അച്ഛന്റെ തലയിൽ വെളുത്ത പാട്. മാളു കണ്ടിട്ട് ചിരിയടക്കുന്നില്ല. ആമി അയ്യേ എന്നും പറഞ്ഞ് സ്ഥലം വിട്ടു.

മഞ്ജു ചുണ്ടിലെ ചിരി കടിച്ചമർത്തി മൊബൈലിൽ  ഫോട്ടോ എടുത്തു കാണിച്ചു തന്നു.  ഇവ്ടേയുണ്ട് എന്ന് ബഹളമുണ്ടാക്കിയത് വെറുതേയല്ല. . തലയോട്ടി നിറയെ തേച്ചു വച്ചിരിക്കുന്നു കറുപ്പ്. തലയോട്ടിയിലാവാത്തിടത്താണ് മനു വെളുത്ത പാട് കണ്ടത്.  ഈ തലയും വെച്ച്  ഞാനെങ്ങിനെ നാളെ ഓഫീസിൽ പോകും? ങേ?

Monday, August 7, 2017

ആധാർ

ആധാറില്ലാതെ
മരിക്കാൻ പറ്റില്ലെന്ന്.
മോർച്ചറിയിൽ നിന്നെന്നെ
വെന്റിലേറ്ററിലേക്ക് മാറ്റി.

Tuesday, July 25, 2017

കളിയും കാര്യവും

മഴ പെയ്തു തോരുന്നില്ല. ഇന്നത്തെ നടത്തം മിക്കവാറും ഇവിടെ അവസാനിക്കും. ഗ്രൗണ്ടിൽ കുട്ടികൾ കളി നിർത്തിയിട്ടില്ല. ഗാലറിയിൽ ആരും ഇല്ലെങ്കിലും താഴെ മഴ നനയാതിരിക്കാൻ കയറി നിൽക്കുന്ന വഴിപോക്കർ കൂടി നില്ക്കുന്നുണ്ട്. 

ചെറുതായി മഴ ചാറിയപ്പോൾ കയറി ഇരുന്നതാണ്. ഫുട്ബാൾ കാണാനിഷ്ടവുമാണ്. പതിനാലോ പതിനഞ്ചോ വയസ്സുള്ള കുട്ടികൾ. മഴ നനഞ്ഞ് ആസ്വദിച്ചുളള കളി.  കളം നിറഞ്ഞുളള കളി കണ്ട് രസിച്ചിരിക്കുമ്പോൾ കൂട്ടത്തിൽ നിന്നൊരു കുട്ടി കൊക്കി നടന്നു വന്ന് താഴത്തെ പടിയിലിരുന്നു. കാലിൽ ചോരയൊലിക്കുന്ന മുറിവ്.  കണ്ണിൽ വേദനയല്ല കളിക്കാൻ പറ്റാത്ത വിഷമം, നിരാശ.

എന്തു പറ്റീതാ എന്ന ചോദ്യത്തിന് കളിയിൽ നിന്നും കണ്ണെടുക്കാതെ തന്നെ മറുപടി പറഞ്ഞു 'കല്ലു കൂട്ടി അടിച്ചതാ. കളീന്റെ ചൂടിൽ അത് കണ്ടില്ല.' 'വേദനയില്ലേ?' 'ഉം'

 എനിക്കറിയാം ആ വേദന.  മഴ നനഞ്ഞ് മണ്ണു പുരണ്ട് ഉയർന്നു പൊങ്ങി വരുന്ന പന്ത് നെഞ്ചുകൊണ്ട് തടുത്ത്, കാലിലേക്കുരുട്ടിയിറക്കി കാൽ പാദം കൊണ്ടടിച്ചകറ്റുമ്പോൾ അറിയുന്ന വേദന. താടിയിലുരഞ്ഞ് നീറും, നെഞ്ചിൻ കൂട് അമർന്നു വേദനിക്കും, കാൽ മുട്ടുമുതൽ ഷൂവിടാത്ത കാലിലെ വിരലുകൾ വരെ നനഞ്ഞ പന്തിലെ മണൽതരികൾക്ക് കോറിയിടാനുളള കാൻവാസാകും. 

'സതീഷേ, രഘൂ' പോസ്റ്റിൽ നിന്ന് മോഹനന്റെ  ഉറക്കെയുളള വിളി. എന്റെ ഇരട്ടി നീളമുള്ള രഘു, അത്ര തന്നെ വലിയ ആകാരം. പറന്നു വന്ന പന്ത് നെഞ്ചിലേറ്റു വാങ്ങി വലതു കാൽ കൊണ്ട് നിയന്ത്രിച്ചു നിർത്തി, ഇടത്തോട്ടാഞ്ഞ് വലത്തോട്ട് കുതിച്ചു രഘുവിനെ മറികടന്നു. ഞാൻ ഒറ്റയ്ക്കാണെന്ന് കണ്ട് അവരുടെ മിഡ്ഫീൽഡിലെ എട്ടാം ക്ലാസ്സുകാരൻ ഉണ്ണി മുന്നിലോടിയെത്തി. ഓട്ടത്തിൽ  അവനെ പിന്നിലാക്കി വലതു വശത്തു കൂടെ പന്തുമായി പാഞ്ഞു. ലെഫ്റ്റ് വിങ്ങർ ജയൻ പന്തു തട്ടിയെടുക്കാനുളള ശ്രമത്തിൽ തോളുകൊണ്ട് തള്ളുന്നു. തിരിച്ചു തളളി അവന്റെ ബാലൻസ് തെറ്റിച്ച് മുന്നോട്ടു കുതിച്ചു.  ഡിഫൻഡർ മുരളി രഘുവിനെ പോലെ ഭീമാകാരനാണ്. തലയ്ക്ക് മുകളിലൂടെ പന്ത് തട്ടിയിട്ട് ഓടിയെത്തി മുന്നോട്ട് തട്ടി. എന്റെ ആവേശം കണ്ട് രാമകൃഷ്ണൻ മാഷ് ദയാപൂർവം ഒഴിഞ്ഞു മാറി. എല്ലാരും എന്റെ പേര് വിളിക്കുന്നു.  ഇവിടെ, ഇവിടെ എന്ന് ഉറക്കെയുറക്കെ. വലതു കാൽ കൊണ്ട് നീട്ടിയൊരു ലോബ്.  ബാലൻസ് വീണ്ടെടുത്ത് നോക്കുമ്പോൾ വാർഡൻ സ്വാമിയുടെ മൊട്ടത്തല കൊണ്ടുള്ള ഹെഡ്ഡർ കുത്തിയകറ്റുന്നു  അവരുടെ ഗോളി.

സ്വതവേ വാക്കുകൾക്ക് പിശുക്കുന്ന സ്വാമി തലയ്ക്ക് മുകളിൽ കയ്യടിച്ചു സതീഷ്  എന്ന് വിളിച്ച് വിടർന്നു ചിരിക്കുന്നു. രാമകൃഷ്ണൻമാഷ് പുറത്തു തട്ടി അഭിനന്ദിക്കുന്നു. കാലിലും ബനിയനുളളിൽ നെഞ്ചിലും മനസ്സിൽ നിന്നും  തരിപ്പ് പടരുന്നു. വൈകിട്ട് കുളിക്കുമ്പോൾ മാത്രം  ചരലുരഞ്ഞ് നീറുന്ന കാൽ പാദങ്ങൾ. വെച്ചുകുത്തി മുറിഞ്ഞ് കാൽ വിരലുകൾ. മണലുരഞ്ഞ് ചിത്രം വരച്ച നീറ്റൽ മേലാകെ.

 ഗ്രൗണ്ടിൽ കളി നിന്നു. മഴ നിന്നിട്ടില്ല. 

'വേദനയൊക്കെണ്ടങ്കിളേ. ന്നാല് അയിലും വല്ല്യ വേദന ന്താന്നറ്യോ. ക്രിക്കറ്റ് കളീളള ദിവസം കളിക്കാൻ വിള്ച്ചാ ഓര് ന്നെ കള്യാക്കും. അന്റെ ടീമിന് ഇന്ത്യേനെ പൊട്ടിക്കാൻ പറ്റില്ലടോ. അണക്കൊക്കെ പന്ത്അള്യേ പറഞ്ഞിറ്റ്ളളൂന്നൊക്കെ. ൻറെ ടീം ഇന്ത്യെന്നാണ്ന്ന് പറഞ്ഞ് നടക്കണോ.' 
ഒരു ദീർഘനിശ്വാസത്തിന്റെ ഒഴുക്കിൽ വാക്കുകളെ ചവച്ചു വിട്ട് അവൻ നിർത്തി.

'പഠിക്കാനിരിക്കുമ്പൊ ഒറക്കം തൂങ്ങ് ണേന് ഉമ്മാന്റെ ചീത്ത കേക്കാത്ത ദിവസല്ല്യ. ഉപ്പ്യാണ്ച്ചാ പൊലച്ചക്ക് വിളിച്ച് ഓടാൻ പറയും.  കളിച്ച് വല്ല്യാളാവണെങ്കി സ്റ്റാമിന വേണത്രെ.' കണ്ണിൽ നിന്നൊരരുവി ഒഴുകിയിറങ്ങുമ്പോഴും അവന്റെ വാക്കുകൾക്ക് പരിക്കൊന്നുമില്ല. 'ഞാൻ നന്നായി കളിക്കിണില്ലേ അങ്കിളേ'

ഉളളിലുതിർന്ന ഗദ്ഗദം പുറത്തേക്ക് വരില്ലെന്നുറപ്പു വരുത്താൻ പണിപ്പെട്ട് കൈയ്യെത്തിച്ച് അവന്റെ തലയിലൊന്നു തലോടി. 'പിന്നേ, നന്നായി കളിക്കുന്നുണ്ട്. പാസ്സൊക്കെ കിറുകൃത്യം. നല്ല സ്പീഡും. എന്താ നിന്റെ പേര്.' 

കയ്യിന്റെ പിൻഭാഗം കൊണ്ട് കണ്ണു തുടച്ച് അവൻ പേരു പറഞ്ഞു.  'പിന്നെ അങ്കിളേ ഇങ്ങനെ  ഒന്നും കളിച്ചാ പോര. മെസ്സീനപ്പോലെ കളിക്കണം. ബാഴ്സലോണേന്റെ ജേഴ്സി വാങ്ങാൻ കായില്ലാഞ്ഞിട്ടാ. ഉപ്പ പറഞ്ഞു ഇന്ത്യയ്ക്കും വേണ്ടി കളിക്കണംന്ന്.  അങ്കിള് കളിച്ചിറ്റ് ണ്ടോ?' 

ഇല്ല മോനെ ഞാൻ അത്രക്കൊന്നും കളിച്ചിട്ടില്ല. ഇത്രക്കൊന്നും കളിയെ സ്നേഹിച്ചിട്ടുമില്ല.