Tuesday, July 25, 2017

കളിയും കാര്യവും

മഴ പെയ്തു തോരുന്നില്ല. ഇന്നത്തെ നടത്തം മിക്കവാറും ഇവിടെ അവസാനിക്കും. ഗ്രൗണ്ടിൽ കുട്ടികൾ കളി നിർത്തിയിട്ടില്ല. ഗാലറിയിൽ ആരും ഇല്ലെങ്കിലും താഴെ മഴ നനയാതിരിക്കാൻ കയറി നിൽക്കുന്ന വഴിപോക്കർ കൂടി നില്ക്കുന്നുണ്ട്. 

ചെറുതായി മഴ ചാറിയപ്പോൾ കയറി ഇരുന്നതാണ്. ഫുട്ബാൾ കാണാനിഷ്ടവുമാണ്. പതിനാലോ പതിനഞ്ചോ വയസ്സുള്ള കുട്ടികൾ. മഴ നനഞ്ഞ് ആസ്വദിച്ചുളള കളി.  കളം നിറഞ്ഞുളള കളി കണ്ട് രസിച്ചിരിക്കുമ്പോൾ കൂട്ടത്തിൽ നിന്നൊരു കുട്ടി കൊക്കി നടന്നു വന്ന് താഴത്തെ പടിയിലിരുന്നു. കാലിൽ ചോരയൊലിക്കുന്ന മുറിവ്.  കണ്ണിൽ വേദനയല്ല കളിക്കാൻ പറ്റാത്ത വിഷമം, നിരാശ.

എന്തു പറ്റീതാ എന്ന ചോദ്യത്തിന് കളിയിൽ നിന്നും കണ്ണെടുക്കാതെ തന്നെ മറുപടി പറഞ്ഞു 'കല്ലു കൂട്ടി അടിച്ചതാ. കളീന്റെ ചൂടിൽ അത് കണ്ടില്ല.' 'വേദനയില്ലേ?' 'ഉം'

 എനിക്കറിയാം ആ വേദന.  മഴ നനഞ്ഞ് മണ്ണു പുരണ്ട് ഉയർന്നു പൊങ്ങി വരുന്ന പന്ത് നെഞ്ചുകൊണ്ട് തടുത്ത്, കാലിലേക്കുരുട്ടിയിറക്കി കാൽ പാദം കൊണ്ടടിച്ചകറ്റുമ്പോൾ അറിയുന്ന വേദന. താടിയിലുരഞ്ഞ് നീറും, നെഞ്ചിൻ കൂട് അമർന്നു വേദനിക്കും, കാൽ മുട്ടുമുതൽ ഷൂവിടാത്ത കാലിലെ വിരലുകൾ വരെ നനഞ്ഞ പന്തിലെ മണൽതരികൾക്ക് കോറിയിടാനുളള കാൻവാസാകും. 

'സതീഷേ, രഘൂ' പോസ്റ്റിൽ നിന്ന് മോഹനന്റെ  ഉറക്കെയുളള വിളി. എന്റെ ഇരട്ടി നീളമുള്ള രഘു, അത്ര തന്നെ വലിയ ആകാരം. പറന്നു വന്ന പന്ത് നെഞ്ചിലേറ്റു വാങ്ങി വലതു കാൽ കൊണ്ട് നിയന്ത്രിച്ചു നിർത്തി, ഇടത്തോട്ടാഞ്ഞ് വലത്തോട്ട് കുതിച്ചു രഘുവിനെ മറികടന്നു. ഞാൻ ഒറ്റയ്ക്കാണെന്ന് കണ്ട് അവരുടെ മിഡ്ഫീൽഡിലെ എട്ടാം ക്ലാസ്സുകാരൻ ഉണ്ണി മുന്നിലോടിയെത്തി. ഓട്ടത്തിൽ  അവനെ പിന്നിലാക്കി വലതു വശത്തു കൂടെ പന്തുമായി പാഞ്ഞു. ലെഫ്റ്റ് വിങ്ങർ ജയൻ പന്തു തട്ടിയെടുക്കാനുളള ശ്രമത്തിൽ തോളുകൊണ്ട് തള്ളുന്നു. തിരിച്ചു തളളി അവന്റെ ബാലൻസ് തെറ്റിച്ച് മുന്നോട്ടു കുതിച്ചു.  ഡിഫൻഡർ മുരളി രഘുവിനെ പോലെ ഭീമാകാരനാണ്. തലയ്ക്ക് മുകളിലൂടെ പന്ത് തട്ടിയിട്ട് ഓടിയെത്തി മുന്നോട്ട് തട്ടി. എന്റെ ആവേശം കണ്ട് രാമകൃഷ്ണൻ മാഷ് ദയാപൂർവം ഒഴിഞ്ഞു മാറി. എല്ലാരും എന്റെ പേര് വിളിക്കുന്നു.  ഇവിടെ, ഇവിടെ എന്ന് ഉറക്കെയുറക്കെ. വലതു കാൽ കൊണ്ട് നീട്ടിയൊരു ലോബ്.  ബാലൻസ് വീണ്ടെടുത്ത് നോക്കുമ്പോൾ വാർഡൻ സ്വാമിയുടെ മൊട്ടത്തല കൊണ്ടുള്ള ഹെഡ്ഡർ കുത്തിയകറ്റുന്നു  അവരുടെ ഗോളി.

സ്വതവേ വാക്കുകൾക്ക് പിശുക്കുന്ന സ്വാമി തലയ്ക്ക് മുകളിൽ കയ്യടിച്ചു സതീഷ്  എന്ന് വിളിച്ച് വിടർന്നു ചിരിക്കുന്നു. രാമകൃഷ്ണൻമാഷ് പുറത്തു തട്ടി അഭിനന്ദിക്കുന്നു. കാലിലും ബനിയനുളളിൽ നെഞ്ചിലും മനസ്സിൽ നിന്നും  തരിപ്പ് പടരുന്നു. വൈകിട്ട് കുളിക്കുമ്പോൾ മാത്രം  ചരലുരഞ്ഞ് നീറുന്ന കാൽ പാദങ്ങൾ. വെച്ചുകുത്തി മുറിഞ്ഞ് കാൽ വിരലുകൾ. മണലുരഞ്ഞ് ചിത്രം വരച്ച നീറ്റൽ മേലാകെ.

 ഗ്രൗണ്ടിൽ കളി നിന്നു. മഴ നിന്നിട്ടില്ല. 

'വേദനയൊക്കെണ്ടങ്കിളേ. ന്നാല് അയിലും വല്ല്യ വേദന ന്താന്നറ്യോ. ക്രിക്കറ്റ് കളീളള ദിവസം കളിക്കാൻ വിള്ച്ചാ ഓര് ന്നെ കള്യാക്കും. അന്റെ ടീമിന് ഇന്ത്യേനെ പൊട്ടിക്കാൻ പറ്റില്ലടോ. അണക്കൊക്കെ പന്ത്അള്യേ പറഞ്ഞിറ്റ്ളളൂന്നൊക്കെ. ൻറെ ടീം ഇന്ത്യെന്നാണ്ന്ന് പറഞ്ഞ് നടക്കണോ.' 
ഒരു ദീർഘനിശ്വാസത്തിന്റെ ഒഴുക്കിൽ വാക്കുകളെ ചവച്ചു വിട്ട് അവൻ നിർത്തി.

'പഠിക്കാനിരിക്കുമ്പൊ ഒറക്കം തൂങ്ങ് ണേന് ഉമ്മാന്റെ ചീത്ത കേക്കാത്ത ദിവസല്ല്യ. ഉപ്പ്യാണ്ച്ചാ പൊലച്ചക്ക് വിളിച്ച് ഓടാൻ പറയും.  കളിച്ച് വല്ല്യാളാവണെങ്കി സ്റ്റാമിന വേണത്രെ.' കണ്ണിൽ നിന്നൊരരുവി ഒഴുകിയിറങ്ങുമ്പോഴും അവന്റെ വാക്കുകൾക്ക് പരിക്കൊന്നുമില്ല. 'ഞാൻ നന്നായി കളിക്കിണില്ലേ അങ്കിളേ'

ഉളളിലുതിർന്ന ഗദ്ഗദം പുറത്തേക്ക് വരില്ലെന്നുറപ്പു വരുത്താൻ പണിപ്പെട്ട് കൈയ്യെത്തിച്ച് അവന്റെ തലയിലൊന്നു തലോടി. 'പിന്നേ, നന്നായി കളിക്കുന്നുണ്ട്. പാസ്സൊക്കെ കിറുകൃത്യം. നല്ല സ്പീഡും. എന്താ നിന്റെ പേര്.' 

കയ്യിന്റെ പിൻഭാഗം കൊണ്ട് കണ്ണു തുടച്ച് അവൻ പേരു പറഞ്ഞു.  'പിന്നെ അങ്കിളേ ഇങ്ങനെ  ഒന്നും കളിച്ചാ പോര. മെസ്സീനപ്പോലെ കളിക്കണം. ബാഴ്സലോണേന്റെ ജേഴ്സി വാങ്ങാൻ കായില്ലാഞ്ഞിട്ടാ. ഉപ്പ പറഞ്ഞു ഇന്ത്യയ്ക്കും വേണ്ടി കളിക്കണംന്ന്.  അങ്കിള് കളിച്ചിറ്റ് ണ്ടോ?' 

ഇല്ല മോനെ ഞാൻ അത്രക്കൊന്നും കളിച്ചിട്ടില്ല. ഇത്രക്കൊന്നും കളിയെ സ്നേഹിച്ചിട്ടുമില്ല.