നീണ്ടു
മെലിഞ്ഞിട്ടായിരുന്നു മമ്മിഹാജി. വെളുത്തു നരച്ച മുടിയും അവിടവിടെ എഴുന്നു നില്‍ക്കുന്ന
മീശയും താടിയും. മെലിഞ്ഞ ശരീരത്തിന് തീരെ ചേരാത്ത വലിയ ഒരു വെളുത്ത ഷര്‍ട്ടും കൂടെ
ചേര്‍ന്നാല്‍ ഒരു പ്രകാശഗോളത്തിനു നടുവിലെ ചെറിയ മുഖവുമായി മമ്മിഹാജിയുടെ ചിത്രം
പൂര്‍ത്തിയായി. അച്ഛന്‍റെ അനേകം സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമായിരുന്നില്ല,
ഞങ്ങളുടെ പറ്റുകടയുടെ ഉടമസ്ഥന്‍ കൂടിയായിരുന്നു മമ്മിഹാജി. അരിചാക്കുകള്‍ക്കും
എണ്ണപ്പാട്ടകള്‍ക്കും നടുവില്‍ ജോലിക്കാരോരോരുത്തരും വിളിച്ചു പറയുന്ന കണക്കുകള്‍ക്ക്
കാതോര്‍ത്ത്, മേശപ്പുറത്ത് കടലാസില്‍ മനക്കണക്ക് പകര്‍ത്തുന്ന അതേ നേരം തന്നെ സാധനങ്ങള്‍
വാങ്ങാന്‍ കാത്തു നില്‍ക്കുന്നവരോട് കുശലം പറയാന്‍ കൂടി സാധിച്ചിരുന്ന അസ്സല്‍
ബിസിനസ് മാന്‍.
ടെലിഫോണ്‍ ആദ്യമായി
കാണുന്നത് അവിടെനിന്നാണ്. മുകളിലെ പത്തു ദ്വാരങ്ങളില്‍ രണ്ടെണ്ണത്തില്‍ ഒന്നിന്
പിറകെ ഒന്നെന്ന് വിരലിട്ടു കറക്കി റിസീവറും ചെവിയിലെയ്ക്ക് വെച്ച് ധ്യാനത്തിലെന്ന
പോലെ കണ്ണടയ്ക്കുന്ന മമ്മിഹാജിയുടെ മുഖം പൂജാ കര്‍മങ്ങളില്‍ നിരതനായ
പൂജാരിയുടെതെന്ന പോലെ ദീപ്തമായിരുന്നു.
ഇന്നത്തെപോലെ
പായ്ക്കറ്റുകളില്‍ അല്ലാത്തതുകൊണ്ട് വളരെ ചെറിയ അളവുകളില്‍ പോലും ചായപ്പൊടിയും
പഞ്ചസാരയും മറ്റു സാധനങ്ങളും ആവശ്യക്കാരന്റെ കയ്യിലെ കാശിനനുസരിച്ചു അളന്നു
കൊടുക്കുമായിരുന്നു മമ്മിഹാജിയുടെ ജോലിക്കാര്‍. അത് കൊണ്ടു തന്നെ വൈകുന്നേരങ്ങളില്‍
കടയില്‍ തിരക്ക് കൂടുമായിരുന്നു. എത്ര തിരക്കായാലും, ‘മൊയ്തീനെ മേനോംകുട്ടീനെ ബേഗം
ഒഴിവാക്ക് ഇര്ട്ടാവ്ന്നേനും മുന്നെ’ എന്ന്‍ എനിയ്ക്കൊരു പ്രത്യേക
പരിഗണനയുണ്ടായിരുന്നു.
പൊറോട്ട നമ്മുടെ പ്രിയ
ഭക്ഷണമാകുന്നതിനു മുന്‍പ്, മൈദയ്ക്ക് ഒരു കര്‍മ്മമേയുണ്ടായിരുന്നുള്ളൂ.
ചൂടുവെള്ളം ചേര്‍ന്നാല്‍ പശയായി മാറുക. പഴയ പത്രം കൊണ്ട് അരിയും പഞ്ചസാരയുമൊക്കെ
പൊതിയാനുള്ള കവര്‍ ഉണ്ടാക്കുന്നത് കണ്ടുപഠിച്ചതും മമ്മി ഹാജിയുടെ കടയില്‍നിന്നു
തന്നെ. അധികം തിരക്കില്ലാത്ത നേരത്ത് നാരായണേട്ടന്‍ (ഓര്‍മയിലെ പേര്,
ശരിയാണെന്നതിനു ഒരുറപ്പുമില്ല.) മൈദ കൊണ്ട് പശയുണ്ടാക്കുന്നതും, അളവൊപ്പിച്ചു
മുറിച്ചു വെച്ച പത്രക്കടലാസ് മടക്കി പശതേച്ചു ഒട്ടിയ്ക്കുന്നതും കണ്ട് അന്തം
വിട്ടു നിന്നിട്ടുണ്ട്.
പറയാന്‍ വന്നത്
ഇതൊന്നുമല്ല. ക്രെഡിറ്റ് കാര്‍ഡും അതിന്റെ ദോഷങ്ങളും ഒന്നുമില്ലാതിരുന്ന ആ
കാലത്ത് ‘കായി പിന്നെ തന്നാ മതി, ജ്ജ് കൊണ്ടോയ്ക്കോ’ എന്ന് എത്രയോ പേരെ
സഹായിച്ചിട്ടുണ്ട് ഈ പറ്റുകടക്കാരന്‍. റീടെയില്‍ ശൃംഖല വിദേശ നിക്ഷേപവുമായി
വരുമ്പോള്‍, ഈ സംസ്കാരത്തിന് പകരം വെയ്ക്കാന്‍ ഉദാരവല്‍ക്കരണത്തിന്റെ
അപ്പോസ്തലന്മാര്‍ എന്താണാവോ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഗ്രാമം നഗരമാവുന്നതിന്റെ
ഭാഗമായി, ഒരു ഷോപ്പിംഗ് കോംപ്ലെക്സിനു വഴിമാറി, മമ്മിഹാജിയുടെ പലചരക്കുകട
നിന്നിരുന്ന നാലുമുറി കെട്ടിടം. പക്ഷെ ഗോപാലേട്ടന്റെ പച്ചക്കറിക്കട ഇപ്പോഴും അവിടെ
തന്നെയുണ്ട്.
നല്ല പച്ചക്കറികള്‍ അല്പം
വിലകൂടിയാലും വാങ്ങാന്‍ നാട്ടുകാര്‍ക്ക് അന്ന് ഗോപാലേട്ടന്റെ കട മാത്രം. പൈസയ്ക്ക്
വിലയുണ്ടായിരുന്ന അന്ന് അധികം സാധനങ്ങള്‍ക്കും രൂപയില്‍ താഴെയാണ് വില. പൈസ എന്ന്‍
ഗോപാലേട്ടന് പറയാന്‍ കഴിയില്ല. പൈശ എന്നാണ് അദ്ദേഹത്തിന്റെ നാവു വഴങ്ങുക. വില
ചോദിയ്ക്കുമ്പോള്‍ അയ്മ്പത് പൈശ, എഴുപത്തഞ്ചു പൈശ എന്ന്‍ കൊഞ്ചുന്നത് കേള്‍ക്കാന്‍
വേണ്ടി ചിലപ്പോളൊക്കെ അവിടെ പച്ചക്കറികളുടെ ഭംഗി ആസ്വദിച്ചു നില്‍ക്കുന്നത്
ശീലമാക്കിയിരുന്നു.
എതിരാളിയില്ലാതെ
പച്ചക്കറിമുതലാളിയായി വിലസിയിരുന്ന ഗോപാലേട്ടന് ഗോപിയുടെ കട എതിര്‍വശത്ത് വന്നത്
ക്ഷീണമായി. കുറച്ചു ഗ്ലാമര്‍, വാക്സാമര്ത്ഥ്യം, ചെറുപ്പത്തിന്റെ ഉത്സാഹം ഇതെല്ലാം
സഹായിച്ച് ഗോപി വളരെ പെട്ടെന്ന് തന്നെ വളര്‍ന്നു. ചെറിയ കട വലുതായി. ഗോപി മോട്ടോര്‍
സൈക്കിളില്‍ കൂളിംഗ് ഗ്ലാസ്സും വെച്ച് യാത്ര തുടങ്ങി. എങ്കിലും ഗോപാലേട്ടന്‍ തോറ്റില്ല. തിരക്കല്‍പ്പം
കുറഞ്ഞെങ്കിലും, തന്റെ ഇടപാടുകാര്‍ക്ക് നല്ല കായ്കറികള്‍ തിരഞ്ഞുകൊടുത്ത്
ഗോപലേട്ടന്‍ പിടിച്ചു നിന്നു. ഇപ്പോഴും പിടിച്ചു നില്‍ക്കുന്നു.
വരും തലമുറകളെ മടിയന്മാരും
സുഖിയന്മാരും ആക്കി വളര്ത്താനായിരുന്നില്ല ഇവരുടെയൊക്കെയും കഠിനാദ്ധ്വാനം.
അന്നന്നത്തെ ചെലവ് കഴിഞ്ഞു പോകണം, മക്കളെ പഠിപ്പിയ്ക്കണം ബാക്കി വല്ലതും വന്നാല്‍
പെണ്‍മക്കളുടെ വിവാഹാവശ്യങ്ങള്‍ക്ക് കരുതിവെയ്ക്കണം.
ഇവിടെ ഗള്‍ഫിലുമുണ്ടായിരുന്നു
ഗ്രോസറികള്‍ എന്ന പേരില്‍ പലചരക്ക് കടകള്‍. ഒരു മുറി പീടികയില്‍ പലവ്യഞ്ജനങ്ങളും,
പച്ചക്കറികളും, ചെറു ഫ്രീസറില്‍ ഐസ്ക്രീം
മുതല്‍ കോഴിയിറച്ചി വരെ എല്ലാ തരം സാധനങ്ങളും കിട്ടിയിരുന്ന ഗ്രോസറികള്‍ എത്ര
പ്രവാസി കുടുംബങ്ങള്‍ക്കാണ് ആശ്രയമായിരുന്നത്. എത്ര മനുഷ്യരുടെ ജീവിതമാര്‍ഗമായിരുന്നു
ഇന്ന് അപൂര്‍വ കാഴ്ചയായ ഗ്രോസറികള്‍!
വമ്പന്‍ സൂപ്പര്‍ മാര്‍ക്കെറ്റുകളുടെ
വരവോടെ ഒന്ന് പതുങ്ങിയ ഈ ഗ്രോസറി നടത്തിപ്പുകാര്‍ ഹൈപ്പര്മാര്‍ക്കെറ്റ് എന്ന സങ്കല്‍പത്തിന്റെ
രംഗപ്രവേശത്തോടെ നാമാവശേഷരായി എന്ന് തന്നെ കണക്കാക്കാം. ഒരു വിധം എല്ലാ
കെട്ടിടങ്ങള്‍ക്കു താഴെയും ഒന്ന്‍ എന്ന മട്ടിലുണ്ടായിരുന്ന, പലചരക്ക് കടകളുടെ ഗള്‍ഫ്
രൂപമായിരുന്ന ഗ്രോസറികള്‍ ഇപ്പോള്‍
കണ്ടാലുണ്ടെന്നു പറയാം എന്ന അവസ്ഥയാണ്.
ഞങ്ങള്‍ പ്രവാസികള്‍
കണ്ടറിഞ്ഞ പാഠം ഇനി നാട്ടിലും ആവര്‍ത്തിയ്ക്കും. പ്രത്യക്ഷ വിദേശ നിക്ഷേപവുമായി ചില്ലറ
വിപണിയിലെ ഭീമന്മാര്‍ ഹരിശ്രീ കുറിയ്ക്കുമ്പോള്‍ അന്നന്നത്തെ അഷ്ടിയ്ക്കുവേണ്ടി, ചെറിയ
രീതിയില്‍ കച്ചവടവുമായി കഴിഞ്ഞുകൂടുന്ന സാധാരണക്കാരുടെ കഞ്ഞിയിലാണ് പാറ്റ വീഴുക.
ധനികനും ദരിദ്രനും തമ്മില്‍
വലിയ അന്തരം സൃഷ്ടിച്ചെടുത്ത ഉദാരവല്‍ക്കരണത്തിന്റെ വക്താക്കള്‍ ഭരണ യന്ത്രത്തില്‍
തൂങ്ങി കിടക്കുമ്പോള്‍ വേറെ എന്ത്
പ്രതീക്ഷിക്കാനാണ്? ഒരു വിധം പ്രതീക്ഷകളൊക്കെ നശിച്ചിരിയ്ക്കുന്ന സാധാരണക്കാരന്
ഇതില്‍ക്കൂടുതലെന്തോ വരാനിരുന്നതാണ് എന്ന്‍ സമാശ്വസിയ്ക്കാന്‍ പോലും ഒന്നും ബാക്കി
വെച്ചില്ലല്ലോ ഇവര്‍!
ഇനി നമുക്ക് ഷോപ്പിംഗ്
മാളുകളില്‍ പോയി സാധനങ്ങള്‍ വാങ്ങിയ്ക്കാം. അവിടത്തെ കണ്ണഞ്ചിപ്പിയ്ക്കുന്ന
ദൃശ്യവിസ്മയങ്ങളില്‍ മയങ്ങി ആവശ്യവും അനാവശ്യവും വാങ്ങിക്കൂട്ടാം. ശീതീകരിച്ച
മുറികളില്‍ ദിവസങ്ങളോളം ഉറങ്ങിക്കിടന്ന പച്ചക്കറികളും, പഴങ്ങളും പൊങ്ങച്ച
സഞ്ചിയില്‍ പൊതിഞ്ഞു വാങ്ങാം. ഉള്ളിലുള്ളത് എന്താണെന്നറിയാതെ ഭംഗിയുള്ള പായ്ക്കറ്റുകള്‍
വാങ്ങി ഉന്തുവണ്ടി നിറയ്ക്കാം.
വികസനമെന്നാല്‍ പടിഞ്ഞാറ്
നിന്ന് വീശുന്ന കാറ്റാണെന്നും ആ കാറ്റ് വിഴുങ്ങി വയര് വീര്‍പ്പിച്ചാല്‍ അഭിവൃദ്ധി
സൂര്യതേജസ്സോടെ ജന്മമെടുക്കും എന്നൊക്കെ മൂഡസ്വര്‍ഗത്തിലെ വിഡ്ഢികള്‍ക്ക്
വിശ്വസിയ്ക്കാം. പാവപ്പെട്ടവന് ഉപകാരപ്പെടാത്ത വികസനം നമുക്ക് വേണ്ടെന്ന മഹദ്വചനം
ഓര്‍ക്കുന്നുണ്ടെങ്കിലല്ലേ മറക്കേണ്ടതുള്ളൂ.