Friday, August 31, 2012

താടിപുരാണം


അര മണിക്കൂറായി ചെരയ്ക്കാനുള്ള ഈ കുന്ത്രാണ്ടം പിടിച്ചു നില്‍ക്കാന്‍ തുടങ്ങിയിട്ട്. സൃഷ്ടിയുടെ വേദനയില്‍ കവികള്‍, കഥാകൃത്തുക്കള്‍ എങ്ങിനെയോ, കത്രിക കയ്യിലെടുത്താല്‍ ഞങ്ങളും അങ്ങിനെത്തന്നെ എന്നവകാശപ്പെടും ചില ബാര്‍ബര്‍മാരത്രേ. ഇതിപ്പോള്‍ സൃഷ്ടിയുടെ വേദനയൊന്നുമല്ല. മനസ്സിലെ ചിത്രം തിമിരം പിടിച്ച കണ്ണിലെ കാഴ്ച പോലെ തെളിയാതെ ബ്രഷും പിടിച്ചു കാത്തു നില്‍ക്കുന്ന ചിത്രകാരന്‍റെതു പോലെ ഒരമാന്തം മാത്രം. പിന്നെ ഞാനൊരു ബാര്‍ബറുമല്ല. സ്വന്തം മുഖസൌന്ദര്യ വര്‍ധനയ്ക്ക്‌ ലാന്‍ഡ്‌സ്കേയ്പിംഗ് കോണ്ട്രാക്റ്റ് എടുത്ത ഒരു പാവം പുരുഷന്‍.

രണ്ടുമൂന്നാഴ്ച കൊണ്ട് വളര്തിയെടുത്തതാണ് വികൃതമെങ്കിലും, ശുഷ്കമെങ്കിലും അവിടെയിവിടെയായി ഇടതൂര്‍ന്ന് പൊങ്ങിനില്‍ക്കുന്ന താടി. അതിനെയാണ് വെറും സാധാരണ താടിയായി വെട്ടി സൂക്ഷിയ്ക്കണോ, വയലില്‍ വരമ്പത്ത് ചാലിടുന്നത്പോലെ, അവിടെയും ഇവിടെയും ഒഴിച്ചിട്ടു ആധുനിക ശൈലിയില്‍ തീര്‍ക്കണമോ, കുറച്ചു കൂടുതല്‍ കലാപരമായി ഒരു സമാന്തര പാത പോലെ, നേര്‍രേഖപോലെ നീട്ടിയെടുക്കണമോ എന്നെല്ലാമുള്ള ചിന്താക്കുഴപ്പത്തില്‍, തൂങ്ങിനില്‍ക്കുന്ന ആ വാളുപോലെ (ഡെമോക്ലെസ്സിന്റെയോ മറ്റോ) ഞാത്തിയിട്ടിരിയ്ക്കുന്നത്‌.

ഇതു വളര്‍ന്നു തുടങ്ങിയ കാലം തൊട്ടുള്ളതാണ് അതുമായി ബന്ധപ്പെട്ട് ആശയ സംഘട്ടനങ്ങളും. ‘മലയാളി യുവത്വത്തിന്റെ മുഖമുദ്രയാണ് താടി!’  പ്രി-ഡിഗ്രി ക്ലാസ്സില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് അടിച്ചേല്‍പ്പിക്കാന്‍ വന്ന താടിക്കാരന്‍ ചേട്ടന്‍റെ സ്വപ്രശംസ. താടിക്കാര്‍ സുഹൃത്തുക്കളും പറഞ്ഞു ഒരു ഗൌരവത്തിനു താടി നല്ലതാണെന്ന്. പിന്നെ താമസിച്ചില്ല, കയ്യില്‍ കിട്ടിയ ബ്ലേഡ് കൊണ്ട് താടിമുഴുവന്‍ മുറിയാക്കി വെച്ചു. ഉഴുതുമറിച്ചിട്ട പറമ്പില്‍ വൈകാതെ പുല്ലു മുളച്ചു. എന്റെ മുഖത്ത് മുറിവിന്‍റെ കരിഞ്ഞ കല മാത്രം.

‘സെക്കന്റ്‌ ഷോയ്ക്ക് ആളിരിയ്ക്കുന്നതുപോലെ’ എന്‍റെ താടി ലക്ഷ്യമാക്കി ഡിഗ്രി ക്ലാസ്സിലെ വിദ്വാന്റെ പരിഹാസം. കേട്ട് ചിരിയ്ക്കാന്‍ ചെക്കന്‍മാരും, പിന്നെ ആരുടെ മുന്‍പിലോ ഗൌരവം ഭാവിയ്ക്കേണ്ടത് ആ പെണ്പിള്ളേരും. ഒരു പടി കടന്നു മറ്റു ചിലരുടെ കമന്റ്‌. ‘ഉമിക്കരികൊണ്ട് പല്ലുതേച്ചിട്ടു കഴുകിയില്ലേ?’ പിന്നെ വേറൊന്ന് ‘മുഖത്തെന്തോ പറ്റിയിരിയ്ക്കുന്നല്ലോ, ടവല്‍ എടുത്തു തുടയ്ക്കൂ.’ കല്‍ക്കരി പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇന്നെടുത്ത നിലപാട് ഞാന്‍ അന്നെടുത്തു. അതേ മൌനം. പിന്നെ അവരുടെയൊക്കെ വീട്ടിലിരിയ്ക്കുന്നവരെ മനസ്സില്‍ മാത്രം ഓര്‍ക്കുക എന്ന ഡിപ്ലോമസിയും.

എന്നിട്ടും ഞാന്‍ വിട്ടില്ല. മലയാളിയ്ക്ക് തടിയില്ലെങ്കിലും താടി കൂടിയേ തീരൂ. ഞാന്‍ എന്‍റെ അവകാശ സംരക്ഷണത്തിനായി ആയുധമെടുക്കാന്‍ തീരുമാനിച്ചു. അച്ഛന്‍റെതും എട്ടന്റെതും ഒന്നുമല്ലാതെ എനിയ്ക്കു മാത്രമായ് ഒരെണ്ണം. പട്ടിണി കിടന്നും (കോളേജ് കാന്‍റീനില്‍ നിന്ന് ചായ കുടിയ്ക്കാന്‍ അച്ഛന്‍ പൈസ തന്നിരുന്നു) ബസ്സില്‍ ടിക്കെറ്റെടുക്കാതെയും ഞാന്‍ സ്വരുക്കൂട്ടി.

വെട്ടിയും വടിച്ചും ഇടയ്ക്കൊക്കെ വളര്‍ച്ചയുടെ പുരോഗതി നോക്കാന്‍ വടിയ്ക്കാതിരുന്നും കാലം മുന്നോട്ടു പോയി. അവസാനം ഞാന്‍ കണ്ടുപിടിച്ചു. ഒരാഴ്ചയൊക്കെ ആയുധം ഉപയോഗിക്കാതിരുന്നാല്‍ മുഖത്ത് ഒരു കൊച്ചു കാര്‍മേഖം ഉരുണ്ടു കൂടുമെന്ന്.

പക്ഷെ വൈകിപ്പോയി. അപ്പോഴേയ്ക്കും മറ്റെല്ലാ മേഖലകളിലും എന്നപോലെ, മലയാളി താടിയുടെ കാര്യത്തിലും വളരെ മുന്നോട്ടു പോയി. വെറും താടി ഔട്ട്‌ ഓഫ് ഫാഷന്‍ ആയി. താടിയിലും കലാസൃഷ്ടികള്‍ ഉയര്‍ന്നുവന്നു. നീണ്ടും, നിരന്നും നിരകളിലായും വളഞ്ഞും പുളഞ്ഞുമൊക്കെ താടികള്‍! എന്‍റെ ഈ കൊച്ചു താടികൊണ്ട് എന്താവാനാണ്?

അന്ന് ഞാനൊരു തീരുമാനമെടുത്തു. ഒരു മൂന്നാഴ്ചയ്ക്ക് എന്‍റെ ആയുധത്തിന് അവധി കൊടുക്കുക. എന്‍റെ അപകര്‍ഷതാ ബോധത്തിനും വേണം എന്റേതായി തന്നെ ഒരു മരുന്ന്. ഓഫീസില്‍ എന്തെങ്കിലും ഒരു കാരണം പറയാം. ത്വക്കുരോഗമോ വേണ്ടിവന്നാല്‍ ഇല്ലാത്ത ഒരു പുലവാലായ്മയോ എന്തെങ്കിലും.

ആ മൂന്നാഴ്ചയ്ക്കവസാനമാണ്, അര മണിക്കൂറായി ഞാന്‍ ചിന്തയിലാണ്ടിരിയ്ക്കുന്നത്. സാധാരണ താടി ഏതായാലും വേണ്ട. ഊശാന്‍ താടി പോലെ നീട്ടിയിടാന്‍ ഈ വളര്‍ച്ച പോര. അവിടെയും ഇവിടെയും നിര്‍ത്തി ബാക്കി വടിച്ചുകളഞ്ഞാല്‍ കട്ടി തീരെ കുറയും. ഒരു നേര്‍രേഖപോലെ, നടുക്ക് ഒരു വൃത്താകൃതിയില്‍ വെട്ടിയെടുക്കാന്‍ മാത്രം വളര്‍ച്ചയില്ല.

ഒരു തീരുമാനത്തിലെത്താന്‍ കഴിയുന്നില്ല.

ഈ അഭംഗി അങ്ങ് മൊത്തമായി എടുത്തു കളയുന്നതല്ലേ, അതുതന്നെയാണ്, അതുതന്നെയാണ് ബുദ്ധി.

ഓരോ തിരഞ്ഞെടുക്കലും ഓരോ ദുരന്തങ്ങള്‍ എന്നു പറഞ്ഞ ആ ചിന്തകന്‍ ആരാണാവോ?

Friday, August 24, 2012

തൃക്കാക്കരയപ്പന്‍


തട്ടിന്‍പുറത്ത് നിന്നും തൃക്കാക്കരപ്പനെ എടുക്കണം. ഒരു കോണിയുണ്ടായിരുന്നത് എടുത്തു മാറ്റിയത് കൊണ്ട്, മേശ വലിച്ചിട്ട് അതിന്റെ മേലെ കസേര വച്ച് ചുമരില്‍ ചവിട്ടി മേല്പുരയുടെ കഴുക്കോലില്‍ തൂങ്ങി വേണം തട്ടിന്പുറത്തേയ്ക്കിറങ്ങാന്‍. ആറെണ്ണം ഉണ്ട് തട്ടിന്‍പുറത്ത്, മരത്തിന്റെ തൃക്കാക്കരയപ്പന്‍മാര്‍. നടുമുറ്റത്ത് മൂന്ന്‍, പുറതളത്തില്‍ മൂന്ന്, പടിഞ്ഞാറേ മുറ്റത്ത്‌ മൂന്ന്‍. മൂന്നെണ്ണം ചളി കൊണ്ടുണ്ടാക്കണം.

‘വെറുതെ അതവിടെ കൊണ്ടുവെച്ചത്കൊണ്ട് ആയില്ല്യ. മൂന്നു നേരം പൂജിക്ക്യേം വേണം.’ അമ്മമ്മ പറയും. ചാണകം കൊണ്ട് വൃത്താകൃതിയില്‍ മെഴുകി, അരിമാവ് കൊണ്ട് കോലം വരച്ച് നാക്കിലയില്‍ വേണം പ്രതിഷ്ഠിക്കാന്‍. അതും, അരിമാവ് കൊണ്ട് അലങ്കരിച്ച്, തുളസി കതിരും, തെച്ചിപൂവും ചന്ദനതിരിയുമൊക്കെ തിരുകി വെച്ചശേഷം.

ഉത്രാടത്തലേന്നു സന്ധ്യയ്ക്ക് തൃക്കാക്കരപ്പനെ വെച്ച് പൂജിയ്ക്കണം. നിവേദ്യമായി അമ്പിളിയട. അമ്മയുണ്ടാക്കിയിരുന്ന അമ്പിളിയടയുടെ സ്വാദ് മനസ്സിലിപ്പോഴും ഉണ്ട്. മൂന്നിടത്തും പൂജ കഴിഞ്ഞു വന്നാലേ ഒരുകഷണം കഴിയ്ക്കാന്‍ കിട്ടൂ. അമ്മയുടെ വിരലില്‍ നിന്നൂരിയെടുത്ത മോതിരം കിണ്ടിയില്‍ മുട്ടി മണിയടിച്ച്, തുളസിപൂവും, ചന്ദനത്തിരിയും കൊണ്ട് ഒരു വഴിപാട്‌ പൂജ. കാലത്ത് നടുമുറ്റത്ത്, ഉച്ചയ്ക്ക് പുറതളത്തില്‍, സന്ധ്യയ്ക്ക് പടിഞ്ഞാറേ മുറ്റത്തും, ഉത്രാടത്തിനും തിരുവോണത്തിനും ഇത്ര മതി. പഴവും ഒരച്ചു ശര്‍ക്കരയും നിവേദിയ്ക്കാനും.

പഴക്കുല വാങ്ങിയ്ക്കണം. പഴമില്ലാതെ എന്ത് അമ്പിളിയട! കാഴ്ചയുംകൊണ്ട് വരുന്നവര്‍ക്ക് മുറുക്കാനും, പപ്പടവും, ഓരോ മുണ്ടും കൂടെ വാങ്ങിയ്ക്കുമായിരുന്നു അച്ഛന്‍. ആണ്ടിലൊരിയ്ക്കലേ അവര്‍ക്കെന്തെങ്കിലും വിശേഷമായിട്ടു കൊടുക്കാറുള്ളൂ എന്ന ഒരാത്മഗതത്തോടെ. അരിയും സാധനങ്ങളും പറ്റുകടയില്‍നിന്ന് വാങ്ങാം. പച്ചക്കറി പഴക്കുലയുടെ കൂടെയും.

കുട്ടികള്‍ക്ക്‌ ഓണക്കോടി വാങ്ങണം. ചേച്ചിമാര്‍ക്ക് ഓരോ സാരിയും. ഇടയ്ക്കിടയ്ക്ക് കുപ്പായം വാങ്ങുന്നത് കൊണ്ട് ഓണക്കോടി കിട്ടുന്നതിന്റെ ആ സന്തോഷം അവര്‍ അറിയുന്നുണ്ടാവില്ല. ‘ഇനി അടുത്ത വിഷുവിനെയുള്ളൂ’ എന്നും പറഞ്ഞായിരുന്നു അച്ഛന്‍ ഓണക്കോടിയ്ക്ക് അടിവരയിട്ടിരുന്നത്.

കുട്ടികള്‍ ക്രിക്കറ്റ്‌ കളിയ്ക്കുമ്പോള്‍ തൃക്കാക്കരപ്പനെ തട്ടിപ്പോവാതെ നോക്കണം. അവരോടത് പ്രത്യേകം പറയണം. എത്ര തവണ അച്ഛന്റെ ചീത്ത കേട്ടിരിയ്ക്കുന്നു. ഓടിതൊട്ടുകളി മൂക്കുമ്പോള്‍ അതവിടെയുള്ളത് കാണില്ല. കുടവെച്ചു മറച്ചത് അതിനു വെയിലുകൊള്ലാതിരിയ്ക്കാനാണ് എന്ന് അച്ഛന്‍ തമാശ പറഞ്ഞതായിരുന്നു എന്ന് പിന്നെയല്ലേ മനസ്സിലായത്‌. കാക്കയുടെ പഴക്കൊതി ഇപ്പോളും ഉണ്ടാവും. കുട ഒന്ന് വേറെതന്നെ കരുതണം.

പായസമൊന്നു മതി. കറികളെല്ലാം ഉണ്ടായിക്കോട്ടെ. കാളനും ഓലനും, അവിയലും, കൂട്ടുകറിയും എലിശേരിയും എല്ലാം. രണ്ടു ദിവസം കുറച്ചു കൂടുതല്‍ നടക്കാം. ജിമ്മിലും അരമണിക്കൂര്‍ കൂടുതല്‍ അധ്വാനിയ്ക്കാം. ഓണമായിട്ടെങ്ങനെയാ ബ്രൌണ്‍ ബ്രെഡും, ഓട്സും വിറ്റാമിന്‍ ഡ്രിങ്കും കഴിയ്ക്കുക?

തൃക്കാക്കരപ്പനെ തിരിച്ചു തട്ടിന്പുറത്തേയ്ക്ക് വെയ്ക്കുന്നതിന് മുന്‍പ്‌ കഴുകി വൃത്തിയാക്കണം. അടുത്തകൊല്ലം വേണ്ടതാണ്. ആണ്ടില്‍ മൂന്ന്‍ ദിവസം മാത്രമാണെങ്കിലും, രാജാവായി, ത്രിക്കാക്കരയപ്പനായി വീടിനെ കാക്കേണ്ടവനാണ്.

മണിയടി കേള്‍ക്കുന്നല്ലോ. ചെവിയ്ക്കുള്ളില്‍ തന്നെ. മൊബൈല്‍ ഫോണായിരുന്നോ! അലാറം വെച്ചതാണ്. വെള്ളിയാഴ്ചയായിട്ടും നേരത്തെ എഴുന്നെല്‍ക്കണം. പ്രവാസി അസോസിയേഷന്‍ വക ഓണ സദ്യയാണ്. സമയത്തിനെത്തിയില്ലെങ്കില്‍ പിന്നെ ഇലയ്ക്കുവേണ്ടി പിടിയും വലിയും! നേരത്തെ പോയേക്കാം. ഒന്ന് കുളിയ്ക്കട്ടെ.

Thursday, August 9, 2012

ദാഹം!


കൈയും കാലും വിറയ്ക്കുന്നുണ്ടോ? നാക്ക് വറ്റി വരളുന്നുണ്ടോ?? എന്താണ് സംഭവിയ്ക്കുന്നത്? ദാഹം ഇത്ര ഭീകരമാണോ?

രണ്ടു മൂന്നാഴ്ചയായി ഈ ദാഹം ഇങ്ങനെ തുടങ്ങിയിട്ട്. കൃത്യമായ ദിവസവും സമയവുമൊന്നുമോര്‍മയില്ല. ഒന്നറിയാം ഇവിടെ വന്നതില്‍ പിന്നെയാണ്. അവിടെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. പക്ഷെ ദേശത്തിനും കാലത്തിനുമെല്ലാം എന്‍റെ ഈ അവസ്ഥയിലെന്തു പങ്ക്?

ഇനിയിപ്പോ ഷുഗറിന്റെ ആരംഭമാണോ? മധുരമിട്ടൊരു ചായ പോലും കുടിയ്ക്കാത്ത ഈ എനിക്ക് ഷുഗറു വരണമെങ്കില്‍, ചെറുപ്പത്തില്‍ വരണമായിരുന്നു. അന്ന്, ചോറുണ്ണാന്‍ പോലും മറ്റു കറികളൊന്നുമില്ലെങ്കില്‍ കുറച്ചു പഞ്ചാര മാത്രം മതിയായിരുന്ന അന്ന്. എന്ത് കഴിച്ചാലും പുറകെ ഒരച്ചു ശര്‍ക്കര അകത്താക്കുമായിരുന്ന അന്ന്.

ഷുഗറല്ലല്ലോ ദാഹമല്ലേ ഇപ്പോളത്തെ പ്രശ്നം.

വെള്ളമെത്ര കുടിച്ചാലും മാറാത്ത ദാഹം, ഇനിയെന്ത് കുടിച്ചാലും മാറില്ലെന്നറിയുന്ന ദാഹം. അറിവല്ല അറിവില്ലായ്മ യാണ് പ്രശ്നം. ദാഹം മാറ്റാന്‍ ഒരുതുള്ളി എവിടെ കിട്ടുമെന്ന അറിവില്ലായ്മ.

അളിയനെ വിളിച്ചു, സുഹൃത്തിനെ വിളിച്ചു, സുഹൃത്തിന്‍റെ സുഹൃത്തിനെയും വിളിച്ചു. ഇനി വിളിയ്ക്കാന്‍ ഒരു നമ്പര്‍ പോലുമില്ലാത്ത രീതിയില്‍ വിളിച്ചു. നോ രക്ഷ. ഈ ദാഹം എന്നേം കൊണ്ടേ പോകൂ.

അതിനൊക്കെ നാട്ടില്‍ തന്നെ. ഏതു മാസമെന്നില്ല, ഏതു ദിവസമെന്നില്ല. ഒന്നാം തിയ്യതിയും, പിന്നെ ഗാന്ധിജയന്തി പോലെ ചില ദിവസങ്ങളും മാത്രം അവധി. അത് തന്നെ സമ്പാദ്യ ശീലം വളര്‍ത്താന്‍ ഉപകരിയ്ക്കുന്നതും. ആപത്തു കാലത്ത് തിന്നാമെന്നു വിചാരിച്ചു കരുതി വയ്ക്കുന്നതല്ലേ സമ്പാദ്യം. സമ്പത്ത് കാലത്ത് ശേഖരിച്ചു വച്ചാല്‍ ഡ്രൈ ഡേയ്ക്ക് ഉപകരിക്കുമെന്ന് തന്നെ.

തത്വശാസ്ത്രമൊക്കെ പിന്നെ. ഇപ്പൊ ഈ ത്രിശങ്കുവില്‍ നിന്ന് താഴെയിറങ്ങാന്‍ എന്ത് ചെയ്യാം? നാട്ടില്‍ നിന്നാരെങ്കിലും വരുന്നുണ്ടോ? ഡ്യൂട്ടി ഫ്രീ തുറക്കും ഏതു വരള്‍ച്ചയിലും. അല്ല എവിടെ നിന്നെങ്കിലും ആരെങ്കിലും വരുന്നുണ്ടോ ആരുടെയെങ്കിലും പരിചയത്തില്‍?

മനസ്സ് പറയുന്നു ഒരു കിനാവ്‌ കാണാന്‍. ഒരു ഫ്രിഡ്ജ്‌ നൂറു ലിറ്ററിന്റെ, അല്ല അത് കുറച്ചു കൂടിയാലും കുഴപ്പമില്ല, മുന്നിലെയ്ക്കിറങ്ങി വരുന്നു. അത് തനിയെ തുറക്കുന്നു. നിറച്ചു വച്ചിരിക്കയാണ്, പല തരത്തില്‍ വര്‍ണത്തില്‍. സിനിമകളില്‍ മാത്രം കണ്ട കാഴ്ചകള്‍. സിനിമകളില്‍ മാത്രം കാണാന്‍ സാധ്യതയുള്ള കാഴ്ചകള്‍.

ഇവിടെ, ഈ വേനല്‍ ചൂടില്‍, വിയര്‍ത്തു വലഞ്ഞു വരുമ്പോള്‍ ആശയോടെ, അതിലേറെ ആര്‍ത്തിയോടെ ഫ്രിഡ്ജ്‌ വലിച്ചു തുറക്കാന്‍ കൊതിയില്ലാഞ്ഞിട്ടല്ല. സിനിമാ തീയറ്ററിലെ കൌണ്ടറില്‍ ഹൌസ്ഫുള്‍ ബോര്‍ഡ്‌ വെയ്ക്കുന്ന മത്തങ്ങാതലയനെ മനസ്സില്‍ വിളിച്ചിരുന്ന തെറികളൊന്നും ഓര്‍മയില്ലാത്തത് കൊണ്ടും, ഓര്‍മയിലുള്ളത് വിളിച്ചു എന്നത് കൊണ്ട് ഫ്രിഡ്ജിന്‍റെ ഗ്യാസ് ലീക്കാവില്ല എന്ന് നല്ല നിശ്ചയമുള്ളത് കൊണ്ടും കൂടിയാണ്.

മനസ്സിലെ നിരാശ ബ്ലഡ്‌ പ്രഷറിന്റെ രൂപത്തില്‍ തലയ്ക്കു പിടിയ്ക്കണ്ടാ എന്ന് കരുതി ഇനി ഇത് കൂടി കുറിയ്ക്കട്ടെ (വേണ്ടാ, കുറുക്കന്റെയും കിട്ടാത്ത മുന്തിരിങ്ങയുടെയും കാര്യം ആരും ഇനി പ്രത്യേകം ഓര്‍ക്കണ്ട)

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ശരീരത്തിന് വളരെ ഹാനികരം!

വാല്‍കഷ്ണം – ഇതില്‍ ആത്മകഥാംശം ഉണ്ടെന്ന്‍ ആരെങ്കിലും പറഞ്ഞാല്‍, അത് നിഷേധിക്കും ഞാന്‍ എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അവര്‍ക്ക്  തെറ്റി എന്ന് ഞാന്‍ പറയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ അതോ തോന്നുന്നില്ലേ? ആ... എന്തോ...

( ബാച്ചിലര്‍ പാര്‍ട്ടി എന്ന കളിപ്പീര് സിനിമ തീയറ്ററില്‍ പോയി കാശ് കൊടുത്തു ടിക്കറ്റെടുത്ത് കണ്ടു എന്ന അപരാധം, അത് നല്‍കിയ കുറ്റബോധം, ക്ഷീണം എല്ലാം ഈ ബ്ലോഗില്‍ അടങ്ങിയിട്ടുണ്ട്. ആ സാഹസത്തെപറ്റി ബോധം നഷ്ടപ്പെടുന്ന ഒരവസരത്തില്‍ എഴുതാം.)