തട്ടിന്‍പുറത്ത് നിന്നും
തൃക്കാക്കരപ്പനെ എടുക്കണം. ഒരു കോണിയുണ്ടായിരുന്നത് എടുത്തു മാറ്റിയത് കൊണ്ട്, മേശ
വലിച്ചിട്ട് അതിന്റെ മേലെ കസേര വച്ച് ചുമരില്‍ ചവിട്ടി മേല്പുരയുടെ കഴുക്കോലില്‍
തൂങ്ങി വേണം തട്ടിന്പുറത്തേയ്ക്കിറങ്ങാന്‍. ആറെണ്ണം ഉണ്ട് തട്ടിന്‍പുറത്ത്, മരത്തിന്റെ
തൃക്കാക്കരയപ്പന്‍മാര്‍. നടുമുറ്റത്ത് മൂന്ന്‍, പുറതളത്തില്‍ മൂന്ന്, പടിഞ്ഞാറേ
മുറ്റത്ത് മൂന്ന്‍. മൂന്നെണ്ണം ചളി കൊണ്ടുണ്ടാക്കണം.
‘വെറുതെ അതവിടെ
കൊണ്ടുവെച്ചത്കൊണ്ട് ആയില്ല്യ. മൂന്നു നേരം പൂജിക്ക്യേം വേണം.’ അമ്മമ്മ പറയും. ചാണകം
കൊണ്ട് വൃത്താകൃതിയില്‍ മെഴുകി, അരിമാവ് കൊണ്ട് കോലം വരച്ച് നാക്കിലയില്‍ വേണം
പ്രതിഷ്ഠിക്കാന്‍. അതും, അരിമാവ് കൊണ്ട് അലങ്കരിച്ച്, തുളസി കതിരും, തെച്ചിപൂവും ചന്ദനതിരിയുമൊക്കെ
തിരുകി വെച്ചശേഷം.
ഉത്രാടത്തലേന്നു
സന്ധ്യയ്ക്ക് തൃക്കാക്കരപ്പനെ വെച്ച് പൂജിയ്ക്കണം. നിവേദ്യമായി അമ്പിളിയട. അമ്മയുണ്ടാക്കിയിരുന്ന
അമ്പിളിയടയുടെ സ്വാദ് മനസ്സിലിപ്പോഴും ഉണ്ട്. മൂന്നിടത്തും പൂജ കഴിഞ്ഞു വന്നാലേ
ഒരുകഷണം കഴിയ്ക്കാന്‍ കിട്ടൂ. അമ്മയുടെ വിരലില്‍ നിന്നൂരിയെടുത്ത മോതിരം
കിണ്ടിയില്‍ മുട്ടി മണിയടിച്ച്, തുളസിപൂവും, ചന്ദനത്തിരിയും കൊണ്ട് ഒരു വഴിപാട്
പൂജ. കാലത്ത് നടുമുറ്റത്ത്, ഉച്ചയ്ക്ക് പുറതളത്തില്‍, സന്ധ്യയ്ക്ക് പടിഞ്ഞാറേ
മുറ്റത്തും, ഉത്രാടത്തിനും തിരുവോണത്തിനും ഇത്ര മതി. പഴവും ഒരച്ചു ശര്‍ക്കരയും നിവേദിയ്ക്കാനും.
പഴക്കുല വാങ്ങിയ്ക്കണം. പഴമില്ലാതെ
എന്ത് അമ്പിളിയട! കാഴ്ചയുംകൊണ്ട് വരുന്നവര്‍ക്ക് മുറുക്കാനും, പപ്പടവും, ഓരോ
മുണ്ടും കൂടെ വാങ്ങിയ്ക്കുമായിരുന്നു അച്ഛന്‍. ആണ്ടിലൊരിയ്ക്കലേ അവര്‍ക്കെന്തെങ്കിലും
വിശേഷമായിട്ടു കൊടുക്കാറുള്ളൂ എന്ന ഒരാത്മഗതത്തോടെ. അരിയും സാധനങ്ങളും പറ്റുകടയില്‍നിന്ന്
വാങ്ങാം. പച്ചക്കറി പഴക്കുലയുടെ കൂടെയും.
കുട്ടികള്‍ക്ക് ഓണക്കോടി
വാങ്ങണം. ചേച്ചിമാര്‍ക്ക് ഓരോ സാരിയും. ഇടയ്ക്കിടയ്ക്ക് കുപ്പായം വാങ്ങുന്നത്
കൊണ്ട് ഓണക്കോടി കിട്ടുന്നതിന്റെ ആ സന്തോഷം അവര്‍ അറിയുന്നുണ്ടാവില്ല. ‘ഇനി അടുത്ത
വിഷുവിനെയുള്ളൂ’ എന്നും പറഞ്ഞായിരുന്നു അച്ഛന്‍ ഓണക്കോടിയ്ക്ക്
അടിവരയിട്ടിരുന്നത്.
കുട്ടികള്‍ ക്രിക്കറ്റ്
കളിയ്ക്കുമ്പോള്‍ തൃക്കാക്കരപ്പനെ തട്ടിപ്പോവാതെ നോക്കണം. അവരോടത് പ്രത്യേകം
പറയണം. എത്ര തവണ അച്ഛന്റെ ചീത്ത കേട്ടിരിയ്ക്കുന്നു. ഓടിതൊട്ടുകളി മൂക്കുമ്പോള്‍
അതവിടെയുള്ളത് കാണില്ല. കുടവെച്ചു മറച്ചത് അതിനു വെയിലുകൊള്ലാതിരിയ്ക്കാനാണ് എന്ന്
അച്ഛന്‍ തമാശ പറഞ്ഞതായിരുന്നു എന്ന് പിന്നെയല്ലേ മനസ്സിലായത്. കാക്കയുടെ പഴക്കൊതി
ഇപ്പോളും ഉണ്ടാവും. കുട ഒന്ന് വേറെതന്നെ കരുതണം.
പായസമൊന്നു മതി. കറികളെല്ലാം
ഉണ്ടായിക്കോട്ടെ. കാളനും ഓലനും, അവിയലും, കൂട്ടുകറിയും എലിശേരിയും എല്ലാം. രണ്ടു
ദിവസം കുറച്ചു കൂടുതല്‍ നടക്കാം. ജിമ്മിലും അരമണിക്കൂര്‍ കൂടുതല്‍ അധ്വാനിയ്ക്കാം.
ഓണമായിട്ടെങ്ങനെയാ ബ്രൌണ്‍ ബ്രെഡും, ഓട്സും വിറ്റാമിന്‍ ഡ്രിങ്കും കഴിയ്ക്കുക?
തൃക്കാക്കരപ്പനെ തിരിച്ചു
തട്ടിന്പുറത്തേയ്ക്ക് വെയ്ക്കുന്നതിന് മുന്‍പ് കഴുകി വൃത്തിയാക്കണം. അടുത്തകൊല്ലം
വേണ്ടതാണ്. ആണ്ടില്‍ മൂന്ന്‍ ദിവസം മാത്രമാണെങ്കിലും, രാജാവായി,
ത്രിക്കാക്കരയപ്പനായി വീടിനെ കാക്കേണ്ടവനാണ്.
മണിയടി കേള്‍ക്കുന്നല്ലോ. ചെവിയ്ക്കുള്ളില്‍
തന്നെ. മൊബൈല്‍ ഫോണായിരുന്നോ! അലാറം വെച്ചതാണ്. വെള്ളിയാഴ്ചയായിട്ടും നേരത്തെ
എഴുന്നെല്‍ക്കണം. പ്രവാസി അസോസിയേഷന്‍ വക ഓണ സദ്യയാണ്. സമയത്തിനെത്തിയില്ലെങ്കില്‍
പിന്നെ ഇലയ്ക്കുവേണ്ടി പിടിയും വലിയും! നേരത്തെ പോയേക്കാം. ഒന്ന് കുളിയ്ക്കട്ടെ.
No comments:
Post a Comment