കൈയും കാലും
വിറയ്ക്കുന്നുണ്ടോ? നാക്ക് വറ്റി വരളുന്നുണ്ടോ?? എന്താണ് സംഭവിയ്ക്കുന്നത്? ദാഹം
ഇത്ര ഭീകരമാണോ?
രണ്ടു മൂന്നാഴ്ചയായി ഈ ദാഹം
ഇങ്ങനെ തുടങ്ങിയിട്ട്. കൃത്യമായ ദിവസവും സമയവുമൊന്നുമോര്‍മയില്ല. ഒന്നറിയാം ഇവിടെ
വന്നതില്‍ പിന്നെയാണ്. അവിടെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. പക്ഷെ ദേശത്തിനും
കാലത്തിനുമെല്ലാം എന്‍റെ ഈ അവസ്ഥയിലെന്തു പങ്ക്?
ഇനിയിപ്പോ ഷുഗറിന്റെ
ആരംഭമാണോ? മധുരമിട്ടൊരു ചായ പോലും കുടിയ്ക്കാത്ത ഈ എനിക്ക് ഷുഗറു വരണമെങ്കില്‍,
ചെറുപ്പത്തില്‍ വരണമായിരുന്നു. അന്ന്, ചോറുണ്ണാന്‍ പോലും മറ്റു കറികളൊന്നുമില്ലെങ്കില്‍
കുറച്ചു പഞ്ചാര മാത്രം മതിയായിരുന്ന അന്ന്. എന്ത് കഴിച്ചാലും പുറകെ ഒരച്ചു ശര്‍ക്കര
അകത്താക്കുമായിരുന്ന അന്ന്.
ഷുഗറല്ലല്ലോ ദാഹമല്ലേ
ഇപ്പോളത്തെ പ്രശ്നം.
വെള്ളമെത്ര കുടിച്ചാലും
മാറാത്ത ദാഹം, ഇനിയെന്ത് കുടിച്ചാലും മാറില്ലെന്നറിയുന്ന ദാഹം. അറിവല്ല
അറിവില്ലായ്മ യാണ് പ്രശ്നം. ദാഹം മാറ്റാന്‍ ഒരുതുള്ളി എവിടെ കിട്ടുമെന്ന
അറിവില്ലായ്മ.
അളിയനെ വിളിച്ചു,
സുഹൃത്തിനെ വിളിച്ചു, സുഹൃത്തിന്‍റെ സുഹൃത്തിനെയും വിളിച്ചു. ഇനി വിളിയ്ക്കാന്‍
ഒരു നമ്പര്‍ പോലുമില്ലാത്ത രീതിയില്‍ വിളിച്ചു. നോ രക്ഷ. ഈ ദാഹം എന്നേം കൊണ്ടേ
പോകൂ.
അതിനൊക്കെ നാട്ടില്‍ തന്നെ.
ഏതു മാസമെന്നില്ല, ഏതു ദിവസമെന്നില്ല. ഒന്നാം തിയ്യതിയും, പിന്നെ ഗാന്ധിജയന്തി
പോലെ ചില ദിവസങ്ങളും മാത്രം അവധി. അത് തന്നെ സമ്പാദ്യ ശീലം വളര്‍ത്താന്‍
ഉപകരിയ്ക്കുന്നതും. ആപത്തു കാലത്ത് തിന്നാമെന്നു വിചാരിച്ചു കരുതി വയ്ക്കുന്നതല്ലേ
സമ്പാദ്യം. സമ്പത്ത് കാലത്ത് ശേഖരിച്ചു വച്ചാല്‍ ഡ്രൈ ഡേയ്ക്ക് ഉപകരിക്കുമെന്ന്
തന്നെ.
തത്വശാസ്ത്രമൊക്കെ പിന്നെ.
ഇപ്പൊ ഈ ത്രിശങ്കുവില്‍ നിന്ന് താഴെയിറങ്ങാന്‍ എന്ത് ചെയ്യാം? നാട്ടില്‍
നിന്നാരെങ്കിലും വരുന്നുണ്ടോ? ഡ്യൂട്ടി ഫ്രീ തുറക്കും ഏതു വരള്‍ച്ചയിലും. അല്ല
എവിടെ നിന്നെങ്കിലും ആരെങ്കിലും വരുന്നുണ്ടോ ആരുടെയെങ്കിലും പരിചയത്തില്‍?
മനസ്സ് പറയുന്നു ഒരു കിനാവ്
കാണാന്‍. ഒരു ഫ്രിഡ്ജ് നൂറു ലിറ്ററിന്റെ, അല്ല അത് കുറച്ചു കൂടിയാലും
കുഴപ്പമില്ല, മുന്നിലെയ്ക്കിറങ്ങി വരുന്നു. അത് തനിയെ തുറക്കുന്നു. നിറച്ചു
വച്ചിരിക്കയാണ്, പല തരത്തില്‍ വര്‍ണത്തില്‍. സിനിമകളില്‍ മാത്രം കണ്ട കാഴ്ചകള്‍. സിനിമകളില്‍
മാത്രം കാണാന്‍ സാധ്യതയുള്ള കാഴ്ചകള്‍.
ഇവിടെ, ഈ വേനല്‍ ചൂടില്‍,
വിയര്‍ത്തു വലഞ്ഞു വരുമ്പോള്‍ ആശയോടെ, അതിലേറെ ആര്‍ത്തിയോടെ ഫ്രിഡ്ജ് വലിച്ചു
തുറക്കാന്‍ കൊതിയില്ലാഞ്ഞിട്ടല്ല. സിനിമാ തീയറ്ററിലെ കൌണ്ടറില്‍ ഹൌസ്ഫുള്‍ ബോര്‍ഡ്
വെയ്ക്കുന്ന മത്തങ്ങാതലയനെ മനസ്സില്‍ വിളിച്ചിരുന്ന തെറികളൊന്നും ഓര്‍മയില്ലാത്തത്
കൊണ്ടും, ഓര്‍മയിലുള്ളത് വിളിച്ചു എന്നത് കൊണ്ട് ഫ്രിഡ്ജിന്‍റെ ഗ്യാസ് ലീക്കാവില്ല
എന്ന് നല്ല നിശ്ചയമുള്ളത് കൊണ്ടും കൂടിയാണ്.
മനസ്സിലെ നിരാശ ബ്ലഡ്
പ്രഷറിന്റെ രൂപത്തില്‍ തലയ്ക്കു പിടിയ്ക്കണ്ടാ എന്ന് കരുതി ഇനി ഇത് കൂടി
കുറിയ്ക്കട്ടെ (വേണ്ടാ, കുറുക്കന്റെയും കിട്ടാത്ത മുന്തിരിങ്ങയുടെയും കാര്യം ആരും ഇനി
പ്രത്യേകം ഓര്‍ക്കണ്ട)
നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
മദ്യപാനം ശരീരത്തിന് വളരെ ഹാനികരം!
വാല്‍കഷ്ണം – ഇതില്‍
ആത്മകഥാംശം ഉണ്ടെന്ന്‍ ആരെങ്കിലും പറഞ്ഞാല്‍, അത് നിഷേധിക്കും ഞാന്‍ എന്ന്
ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അവര്‍ക്ക്
തെറ്റി എന്ന് ഞാന്‍ പറയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ അതോ
തോന്നുന്നില്ലേ? ആ... എന്തോ...
(
ബാച്ചിലര്‍ പാര്‍ട്ടി എന്ന
കളിപ്പീര് സിനിമ തീയറ്ററില്‍ പോയി കാശ് കൊടുത്തു ടിക്കറ്റെടുത്ത് കണ്ടു എന്ന
അപരാധം, അത് നല്‍കിയ കുറ്റബോധം, ക്ഷീണം എല്ലാം ഈ ബ്ലോഗില്‍ അടങ്ങിയിട്ടുണ്ട്. ആ
സാഹസത്തെപറ്റി ബോധം നഷ്ടപ്പെടുന്ന ഒരവസരത്തില്‍ എഴുതാം.)
ഇതിൽ ആത്മകഥാംശമുണ്ട് എന്ന് ഞാൻ പറഞ്ഞാൽ താങ്കൾ അത് നിഷേധിക്കുമെന്ന് അറിയാമെന്നതിനാൽ ഞാൻ അങ്ങനെ പറയുമെന്ന് താങ്കൾ കരുതുന്നുണ്ടെങ്കിൽ താങ്കൾക്കു തെറ്റി..
ReplyDelete