Friday, July 27, 2012

ഉസ്താദ്‌ ഹോട്ടല്‍


അതങ്ങിനെയാണ്. അതിതീവ്രമായി എന്തെങ്കിലും മനസ്സില്‍ തട്ടിയാല്‍, മൂക്കിന്റെ അരികിലൂടെ, മീശയെ നനയ്ക്കാന്‍ രണ്ടുതുള്ളി കണ്ണീര്‍കണങ്ങള്‍ ഇറങ്ങി വരും. നായകന്‍റെ കയ്യില്‍ വിരല്‍ത്തുമ്പുകൊണ്ട് നന്ദി രചിയ്ക്കുന്ന ആ കുഞ്ഞുങ്ങളുടെ ചിത്രം മനസ്സിനെ മഥിച്ചു എന്നുറപ്പ്.

ഭക്ഷണം എങ്ങിനെ ഉണ്ടാക്കുന്നു എന്നതിലുപരി, എന്തിന് ഉണ്ടാക്കുന്നു എന്നു പറഞ്ഞു തരാനായിരുന്നെങ്കില്‍ ഉസ്താദ്‌ ഹോട്ടലിന്റെ അവസാനത്തെ ആ പതിനഞ്ചു മിനുട്ട് മാത്രം മതിയായിരുന്നു. കഥയും, കഥാപാത്രങ്ങളും പിന്നെ പശ്ചാത്തല രൂപീകരണവുമൊക്കെയായി ഇടവേളയ്ക്കു ശേഷമുള്ള ഭാഗം മാത്രവും.

എങ്കിലും എനിക്കിഷ്ടമായി ഉസ്താദ്‌ ഹോട്ടല്‍. മൂന്നു മണിക്കൂറിനടുതുള്ള ദൈര്‍ഘ്യവും, തികച്ചും അവസര ബോധമില്ലാതെയുള്ള പശ്ചാത്തല സംഗീതവും, സമയം തികയ്ക്കാനെന്നോണമുള്ള ചില അനാവശ്യ ദൃശ്യവിന്യാസങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍, ഒരു നല്ല സിനിമ. പാട്ടുകളുടെ കാര്യത്തിലും, ചില ഔചിത്യങ്ങള്‍ പാലിയ്ക്കാമായിരുന്നെന്നു തോന്നി.

കോഴിക്കോടന്‍ രീതിയിലുള്ള ഒരു നൈര്‍മല്യം അനുഭവപ്പെടുന്നുണ്ട്, കഥാവതരണത്തിലും, കഥാപാത്രരൂപീകരണത്തിലും. കഥ അവതരിപ്പിയ്ക്കാന്‍ ഒരു പുതിയ ശൈലി എന്ന രീതിയില്‍ തുടക്കം പക്ഷെ നിരാശപ്പെടുത്തി. അത്രയൊന്നും ബുദ്ധിമുട്ടില്ലാതെ തന്നെ ഫൈസലിന്‍റെ കുടുംബ പശ്ചാത്തലം പ്രേക്ഷകനെ പരിചയപ്പെടുത്താമായിരുന്നു. സിനിമയൊന്നു തുടങ്ങിയെങ്കില്‍ എന്ന് ഈയുള്ളവന്‍ ശ്വാസം മുട്ടിപ്പോയി.

കഥാപാത്രത്തെ മറന്ന്‍, നടനെ ഓര്‍ക്കാന്‍ തുടങ്ങുമ്പോള്‍ ആ നടന്‍ പരാജയപ്പെടുന്നു. ഒരു സീനില്‍ കരയാന്‍ പാടുപെടുന്ന ദുല്ഖര്‍ ‘ഇത് മമ്മൂട്ടിയുടെ മോന്‍ തന്നെയോ’ എന്ന് എന്നില്‍ ആത്മഗതം ഉണര്‍ത്തി. പക്ഷെ ഇടവേളയോടടുത്തപ്പോള്‍ ‘ഇവന്റെ screen presence അപാരം’ എന്നായി. പിന്നെ  ‘way to go Dulqar’ എന്നും.

തിലകന്‍റെ എത്ര കഥാപാത്രങ്ങള്‍ കണ്ട് കോരിത്തരിച്ചിട്ടുണ്ട്! തികച്ചും വ്യത്യസ്തനായ ഒരു കഥാപാത്രത്തെ, ഇതുവരെ കാണാത്ത ഒരു പ്രത്യേക ശരീര ഭാഷ കൊണ്ട് അതി ഗംഭീരമാക്കിയിരിക്കുന്നു അദ്ദേഹം. സിദ്ദിക്കും, മാമുക്കോയയും, നിത്യയുമൊക്കെ നന്നായി.

എല്ലാമുണ്ട് ഉസ്താദ്‌ ഹോട്ടലില്‍. കഥയ്ക്ക് കഥ, നല്ല കാമ്പുള്ള കഥാപാത്രങ്ങള്‍, ദുബായില്‍ തുടങ്ങി, വലിയ നാടന്‍ ബംഗ്ലാവുകളിലൂടെ കടപ്പുറത്തെ ഉസ്താദ്‌ ഹോട്ടലില്‍ എത്തുന്ന രംഗ പശ്ചാത്തലം.

കടലിനെ കുറച്ചുകൂടി ഉപയോഗപ്പെടുത്താമായിരുന്നു! മോഹബ്ബത് ചേര്‍ത്ത സുലൈമാനി കുടിയ്ക്കുന്ന മനോഹാരിതയും, അര്‍ത്ഥശൂന്യമായ ചില സീനുകള്‍ കൃത്രിമത്വം നിറച്ചു മുഴച്ചുനിന്നിരുന്നതും ഒഴിച്ചാല്‍, കടല്‍ പശ്ചാത്തലമായുള്ള രംഗങ്ങള്‍ തീരെ ഇല്ലാതെ പോയി, ഇത്ര അടുത്തുണ്ടായിട്ടുപോലും.

ഇടതുകൈ കൊണ്ട് ബിരിയാണി വാരി വായിലെയ്ക്ക് വെയ്ക്കുന്ന ആ കൊച്ചുകുഞ്ഞിന്റെ മുഖം മായുന്നില്ല മനസ്സില്‍ നിന്ന്. ശരിയ്ക്കു പറഞ്ഞാല്‍ ആ മുഖങ്ങളൊന്നും.

ലിസ്ടിന്‍ സ്റീഫന്‍, അഞ്ജലി മേനോന്‍, അന്‍വര്‍ റഷീദ്‌. അഭിനന്ദനങ്ങള്‍! നിങ്ങളുടെ ഉദ്ദേശ ശുദ്ധിയ്ക്കും, ഉസ്താദ്‌ ഹോട്ടല്‍ എന്ന നല്ല സിനിമയ്ക്കും.

No comments:

Post a Comment