നീ എന്നെ മിസ്സ് ചെയ്തിരുന്നോ?
നിനക്ക് എന്തു തോന്നുന്നു? എന്ത് കേൾക്കാനാണ് നിനക്കിഷ്ടം?
അതെന്താണ്, ഒരു പിടി തരാത്ത ഉത്തരം.
യെസ് എന്ന് പറഞ്ഞാൽ നീ പറയും എനിക്ക് നിന്നോടഗാധ പ്രേമമായിരുന്നെന്ന്. നോ എന്നായാലോ ഞാൻ ദുഷ്ടയും ക്രൂരയുമായ തേപ്പുകാരിയുമാവും. എക്‌ട്രീമുകൾ അല്ലെ നിൻ്റെ ഇടത്താവളങ്ങൾ!
എന്നാലും സത്യമെന്താണെന്ന് പറയില്ല?
സത്യമോ? അതൊരു നേർത്ത തൂവൽ സ്പർശമായി, ഏറെക്കാലമായി എന്നെ തലോടുകയാണ്. എനിക്കുപോലും അറിയാതെ ഞാൻ കാത്തിരുന്ന, മറന്നുപോകരുതെ എന്ന പ്രാർത്ഥനയോടെ മറക്കാൻ ശ്രമിച്ച ഒരപ്പൂപ്പൻ താടി. ഓർമയുടെ ഇളം കാറ്റടിച്ചാൽ പോലും ചിറകുകൾ വിടർത്തി മനസ്സിലേക്ക് പാറി വന്നിരുന്ന നരച്ച മുടിയുള്ള ഒരു ചാപല്യം.
സത്യം? നീ എന്നെ ഇത്രയും പ്രണയിച്ചിരുന്നു?
ഇല്ല. പക്ഷേ ഒരു നേർത്ത കുളിരോർമയായ് എന്നിൽ നീയുണ്ടായിരുന്നു.
ഇനി ഞാൻ പറയട്ടെ?
വേണ്ട
വൈ?
നീ എന്നെ മിസ്സ് ചെയ്തിട്ടേ ഇല്ല എന്നല്ലേ?
ഹൌ ബട്? ഹൌ ഡിഡ് യു ഈവൻ ഗെസ്സ്?
നിനക്ക് ഞാനത്ര വലിയ സംഭവമൊന്നുമല്ല എന്നല്ലേ തെളിയിക്കാൻ നോക്കുന്നത്?
സില്ലി.! ഓർമയായും ചിന്തയായും പ്രണയമായും ഓരോ നിമിഷവും ഉള്ളിൽ നീറിയിരുന്ന സ്ത്രീ സങ്കൽപമേ, നിന്നെ ഞാനെങ്ങിനെ മിസ്സ് ചെയ്യാനാണ്? യാത്രപറഞ്ഞിറങ്ങിയവരെ അല്ലെ സ്വാഗതം പറഞ്ഞു കൂട്ടി കൊണ്ടുവരാൻ പറ്റൂ.
ഓഹോ.
അതെ. അതു കൊണ്ടു പ്രിയപ്പെട്ടവളെ. നിന്നെ ഞാൻ ഒരിക്കലും മിസ്സ് ചെയ്തില്ല.
എനിക്കൊരു കുടുംബമുണ്ട്.
അതിന്? എനിക്കുമുണ്ട് എല്ലാമെല്ലാമായ ഒരു കുടുംബം.
പിന്നെ?
എന്നിലും വലിയ എൻ്റെ പ്രണയത്തെ ഞാനെന്തിനീ ചെറിയ ഭൂമിയിൽ തളച്ചിടണം ? അതു പാറി നടക്കട്ടെ. അപ്പൂപ്പൻ താടികളായ് സ്വർഗത്തിനുമുയരെ പറക്കട്ടെ. അവിടെ എന്നെങ്കിലുമൊരിക്കൽ എനിക്ക് നീയാവാം, നിനക്ക് ഞാനാവാം. പ്രണയം മാത്രമാകാം. ആത്മാവിനെ സ്പർശിച്ചിരുന്ന് പ്രണയസാക്ഷാത്കാരം നടത്താം. പ്രപഞ്ചത്തിലെ പ്രണയാംശങ്ങളെ മുഴുവൻ ഒരു ചെറിയ കവിതയിലെ നാല് വരികളിലേക്ക് ആറ്റിക്കുറുക്കാം.
അന്ന് നീ എന്നെയും എനിക്കാവുമെങ്കിൽ ഞാൻ നിന്നെയും ഉള്ളാലെയറിയും.
നാം പ്രണയതരളിതരാവും.
No comments:
Post a Comment