Thursday, January 9, 2025

മ്യാവൂ...


 

കുറച്ചു ദിവസമായി ഒരു പൂച്ച പുറകെ കൂടിയിട്ട്. കാലത്ത് ഓഫീസിൽ എത്തി കാറിൽ നിന്നിറങ്ങുമ്പോഴേക്കും എവിടെ നിന്നെന്നറിയാതെ ഓടിയെത്തി ചെറു നാണത്തോടെ അനുഗമിക്കും.

വെളുത്ത് ചന്ദന നിറം കലര്ന്ന രോമങ്ങളുള്ള തടിച്ച ഒരു പെൺ പൂച്ച. പൂച്ചകളോട് പൊതുവെ വലിയ മമതയൊന്നുമില്ലാത്ത ഞാൻ ആദ്യമൊക്കെ അവഗണിച്ചെങ്കിലും പിന്നെ പിന്നെ ശല്യം എന്ന് വിരട്ടിയോടിക്കാൻ തുടങ്ങി.

ഉപദ്രവിക്കല്ലേ അത് ഗർഭിണിയാണ്. a

പ്രബാഷ് അതെങ്ങിനെ കണ്ട് പിടിച്ചു എന്ന് ചിന്താകുലനായിരുന്നു പോയ തക്കം നോക്കി ചവിട്ടാനോങ്ങിയ ഷൂവിൽ താടിയുരച്ച് നിർവൃതി കൊള്ളുന്നു വൃത്തികെട്ട പൂച്ച.

പിച്ച്ലേ ജനം മേ ആപ്കാ കോയി ഖാസ് ദോസ്ത് ഥാ ശായദ്

സ്റ്റോറിലെ ഷൗക്കത്ത് ഭായുടെ അനുമാനം ശരി വെക്കുന്നത് പോലെ അതെന്നെ ദയനീയ ഭാവത്തിൽ നോക്കി, പിന്നെ മെല്ലെ മൂളി.

മ്യാവൂ...

ആരാണ് നീ?

നിൻ്റെ കഴിഞ്ഞ ജന്മത്തിലെ പ്രണയം.

ഓഹോ. അപ്പോ ഞാൻ പൂച്ചയായിരുന്നോ അതോ നീ മനുഷ്യനോ?

രണ്ടുമല്ല. നമ്മൾ രണ്ടു കഴുതകൾ ആയിരുന്നു.

ഞാൻ കഴുതയായിരുന്നെന്ന്...

ഞാനും. എന്നെ ഗർഭിണിയാക്കി നീ എങ്ങോട്ടോ പോയി.

എന്നെ അറിയുന്ന ആരും വിശ്വസിക്കില്ല ഈ കഥ.

ഞാൻ നിന്നെ വിശ്വസിച്ചിരുന്നു. ഒടുവിൽ ഉപ്പ് ചാക്കും ചുമന്ന് പുഴയിൽ ചാടി ഞാൻ ആത്മഹത്യ ചെയ്തു.

അത് മണൽ ചാക്കായിരുന്നു.

നിനക്കതറിയാമായിരുന്നു?

അതൊരു കഥയല്ലേ.

നമ്മുടെ ജീവിത കഥ.

നീ ഇപ്പോഴും ഗർഭിണിയാണ്.

അത് നിൻ്റേതല്ല.

പിന്നെ നീ എന്നെ എന്തിന് തിരഞ്ഞു വന്നൂ?

ആയിരം ജന്മങ്ങൾ കൂടെ കിട്ടിയാലും മതിയാവില്ല എന്ന നിൻ്റെ കഴുതക്കരച്ചിൽ ഇപ്പോഴും എൻ്റെ ചെവിയിൽ പാടുന്നുണ്ട്.

അയ്യേ. എനിക്ക് കഴുതകളെ കണ്ണെടുത്താൽ കണ്ടുകൂടാ.

ഈ പൂച്ചയെയോ?

പോ പൂച്ച.

ഇല്ല. പോകാൻ വന്നതല്ല. ഈ പൂച്ചജന്മം മുഴുവൻ നിൻ്റെ കാൽച്ചുവട്ടിൽ ജീവിച്ച് തീർക്കണം. നിൻ്റെ കുഞ്ഞുങ്ങളെ...

ങ്ങേ?

അല്ലെങ്കിൽ വേണ്ട ആരുടെയെങ്കിലും പൂച്ചകുഞ്ഞുങ്ങളെ പെറ്റ് വളർത്തി എനിക്ക് ഈ ജന്മം താണ്ടണം.

നന്നായി.

അടുത്ത ജന്മത്തിലെങ്കിലും നമുക്ക് ഒരുമിക്കാനാവില്ലേ.

പോ പൂച്ച. ജന്മാന്തരങ്ങളിൽ പരസ്പരം കൂട്ടായിരിക്കാൻ ദമ്പതീ സ്നാനം ചെയ്തിട്ട് വർഷമൊന്നു തികഞ്ഞില്ല. അവളറിയണ്ട.

മ്യാവൂ...

എന്റെ ഷൂ വീണ്ടുമുയർന്നു.

No comments:

Post a Comment