രാവിലെ ഉറക്കമെണീറ്റത്
തന്നെ ഒരു ചെറിയ ബഹളത്തിലേയ്ക്കാണ്. ഈ കുട്ടികള്‍ക്കിതെന്തു പറ്റി? ഉറക്കം തൂങ്ങി പല്ലുതേച്ച്
ഉറക്കം തൂങ്ങി തന്നെ സ്കൂളിലേയ്ക്ക് തയ്യാറായി ഉറക്കം തൂങ്ങി നില്‍ക്കാറുള്ള മൂന്നെണ്ണം
ഊര്‍ജ്ജസ്വലരായി, കൌതുക കുതുകികളായി അമ്മയുടെ പുറകെ കൂടിയിരിക്കുന്നു.
അമ്മയാണെങ്കില്‍ യുറേക്കാ എന്നും പറഞ്ഞ് ഓടിനടക്കുകയാണ്. എന്നെ കണ്ടതും സൂര്യോദയം
മുഖത്തേറ്റുവാങ്ങി വിപ്ലവീര്യത്തോടെ ക്ഷണിക്കുന്നു. “ഇങ്ങോട്ട് വരൂ ഒരു സാധനം
കാണിച്ചു തരാം.” ഭാര്യയല്ലേ, ഇത്ര ഔത്സുക്യത്തോടെ വിളിക്കുകയല്ലേ ഭുമുഖത്ത്
ഭാവിയെക്കുറിച്ച് ചിന്തയുള്ള ഏതെങ്കിലും ഭര്‍ത്താവ് പിന്നെ മടിച്ചു നില്‍ക്കുമോ.
ഞാനും ഊര്‍ജ്ജസ്വലനായി.
അടുക്കളയില്‍ പതിവുപോലെ
പ്രാതല്‍ തയ്യാറായിട്ടുണ്ട്. ഉപ്പുമാവ് കണ്ട നിരാശ മുഖത്ത് വിരിയാതിരിക്കാന്‍ നവരസങ്ങളില്‍
ഏതെടുത്തു പ്രയോഗിക്കും എന്ന ചിന്തയ്ക്ക് കുറുകെ അവളുടെ ചൂണ്ടുവിരല്‍ വന്നു നിന്നു.
“ഇത് കണ്ടോ വെളിച്ചെണ്ണയില്‍ നിന്ന് കിട്ടിയതാ” ഒരു രൂപാ നാണയത്തിന്റെ
വലുപ്പത്തില്‍ ഒരു വെളുത്ത സാധനം. തൊട്ടു നോക്കിയപ്പോള്‍ എണ്ണമയമുണ്ട്, രണ്ടോ
മൂന്നോ കടുകുമണികള്‍ പറ്റികിടക്കുന്നുമുണ്ട്. “പ്ലാസ്ടിക്കാ, ഒന്നും വിശ്വസിച്ചു
വാങ്ങാന്‍ പറ്റാതായി.”
എന്നിലെ സോഷ്യല്‍
ആക്ടിവിസ്റ്റ് സടകുടഞ്ഞെഴുന്നേറ്റത് കുളിക്കുമ്പോളാണ്. ധാര്‍മികരോഷത്തില്‍ എന്‍റെ
സോപ്പിന്‍റെ ആകൃതി മാറി. “അത് കത്തിച്ചു നോക്കു” ഷവറിന്റെ കീഴെ നിന്ന് ഞാന്‍ തിളച്ചു
മറിഞ്ഞു. ശ്രീമതി കേട്ടില്ല, അവളതു മറന്നു കഴിഞ്ഞിരുന്നു. മക്കളെ
ഒരുക്കുന്നതിനിടയില്‍ അവളുടെ സാമൂഹ്യ പ്രതിബദ്ധത അവധിയെടുത്ത് നാടുവിട്ടു.
സ്ത്രീവിരുദ്ധമായി ഒന്നും ചിന്തിക്കാതിരിക്കാനും, അബദ്ധ വശാല്‍പോലും അതൊന്നും പുറത്തുവരാതിരിക്കാനും
ഞാനെന്നെ തന്നെ നിയന്ത്രിച്ചു.
കാറില്‍, ഓഫീസില്‍ എന്‍റെ ധാര്‍മികരോഷം
ചൂടോടെ നിലനിര്‍ത്താന്‍ ഇടയ്ക്കിടെ രാവിലെ കണ്ട പ്ലാസ്റ്റിക് കഷണത്തെ സ്മരിച്ചു,
ശപിച്ചു. വീട്ടില്‍ വിളിച്ച് അവളെ ഒന്ന് കൂടി ഓര്‍മിപ്പിച്ചു “കത്തിച്ചുനോക്കണേ”. വൈകാതെ അവളുടെ വിളി
വന്നു. “കത്തുന്നുണ്ട്, കത്തുന്നുണ്ട്. ഉരുകിയൊലിക്കുന്നുമുണ്ട്. ഇത് പ്ലാസ്ടിക്കു
തന്നെ. വീഡിയോ എടുത്തിട്ടുണ്ട്.
വാട്സാപ്പിലിടാം.” Proud of you എന്നു മനസ്സിലെ പറഞ്ഞുള്ളൂ. ഉറക്കെ പറഞ്ഞിരുന്നെങ്കില്‍
പതിനഞ്ചു ലക്ഷം ബാങ്കിലിടാം എന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ അവസ്ഥയാകുമെന്നു
എനിക്കറിയാമല്ലോ.
വാട്സാപ്പിലും ധാര്‍മികരോഷം
പതഞ്ഞു പൊങ്ങി. സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യാം എന്നേറ്റു. ചിലര്‍ ഉപദേശങ്ങള്‍
തന്നു. കമ്പനി വെബ്സൈറ്റില്‍ പോയി പരാതി കൊടുക്കണം, ഉപഭോക്തൃ കോടതിയില്‍ പോകണം.
ഫെസ്ബുകിലും ട്വിട്ടെരിലും ഒക്കെ വയരല്‍ ആക്കണം. ഇത്രയും പിന്തുണ നോട്ട്
പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിനുപോലും ഇല്ല. ഇനി പിന്നോട്ടില്ല മുന്നോട്ട് തന്നെ.
നിയമയുദ്ധമെങ്കില്‍ അതിനും തയ്യാര്‍.
“പ്രമുഖ ബ്രാന്‍റ്
വെളിച്ചെണ്ണയില്‍ പ്ലാസ്ടിക്ക്” ഫേസ്ബുക്ക് പോസ്റ്റിനു തലക്കെട്ടും
തയ്യാറാക്കിയാണ് ഓഫീസില്‍ പ്രവേശിച്ചത്. ജോലി തിരക്കുകള്‍ക്കിടയില്‍
മറന്നുപോകാതിരിക്കാന്‍ ‘things to do’ ലിസ്റ്റില്‍ നമ്പരിട്ടു ചേര്‍ക്കുകയും
ചെയ്തു.
എന്നിട്ടും
ഫോളോ അപ്പ് ഇല്ലാത്ത വാര്‍ത്ത പോലെ മറന്നു പോയതായിരുന്നു. വൈകിട്ട് കാറില്‍
കയറിയതും പെയ്ഡ് ന്യുസ് പോലെ ഭാര്യയുടെ സന്ദേശം വന്നു. ഞാന്‍ ചെന്നിട്ടു വേണമത്രെ
അവരുടെ സൈറ്റില്‍ പോയി പൊങ്കാലയിടാന്‍. ട്രാഫിക്കില്‍ പെട്ട് ഇഴഞ്ഞു നീങ്ങുമ്പോള്‍
വീട്ടിലെത്തുംവരെ പൊങ്കാലയ്ക്കാവശ്യമായ ഇന്ധനം ശേഖരിക്കുകയായിരുന്നു, തികയാതെ
വരരുതല്ലോ.
പതിവിലേറെ
സുന്ദരിയായി, കവിളില്‍ അരുണിമ നിറച്ച് വാതില്‍ തുറന്ന ശ്രീമതി എന്‍റെ
യുദ്ധസന്നാഹത്തെ കുറച്ചൊന്നുമല്ല ചോര്‍ത്തിക്കളഞ്ഞത്. ഝആന്‍സി റാണിയെ പ്രതീക്ഷിച്ച
എന്‍റെ മുന്നില്‍ ഐശ്വര്യ റായ് ഭാവരഹിതയായി നില്‍ക്കുന്നു. പ്ലാസ്ടിക്കിനെപറ്റി
ചോദിച്ചപ്പോളാവട്ടെ കള്ളപ്പണത്തെ പറ്റി ചോദിക്കുമ്പോള്‍ കാഷ് ലെസ്സ് എന്ന് പറയുന്ന
പോലെ ഒരു ചുറ്റിക്കളി. പോരാട്ടവീര്യം ആളിക്കത്തിക്കാന്‍ അടുക്കളയിലേക്കു
നീങ്ങിയ എന്നെ പകുതിവഴിക്ക് എന്‍റെ ഐശ്വര്യ റായ് തടഞ്ഞു നിര്‍ത്തി. മധ്യപ്രദേശില്‍
നിന്ന് മടങ്ങിയ മുഖ്യനെ പോലെ ഞാന്‍ തിരിച്ചു മുറിയിലേക്ക് നടക്കുമ്പോള്‍ അവള്‍
മധുരമായ് മൊഴിഞ്ഞു:
“അതേയ്,
അതിന്റെ ഉള്ളിലെ അടപ്പ് തുറക്കാന്‍ പറ്റാതെ ഞാന്‍ കത്തികൊണ്ട് മുറിച്ചു
കളഞ്ഞതായിരുന്നു. അത് ഉള്ളിലെക്കാണ് വീണതെന്ന് ഞാന്‍ മറന്നു.”
നീയൊക്കെ
എന്തിനാ പഠിക്കണേ എന്ന് സിനിമയില്‍ ചോദിച്ചപോലെ ഒരു ചോദ്യം മനസ്സില്‍ ഉരുവിട്ട്
ഞാനവളെ ചേര്‍ത്ത് നിര്‍ത്തി. “ഒരു തെറ്റൊക്കെ ഏതു മൂ(ധേവി)ര്‍ത്തിക്കും പറ്റും.”
😀😀😀😀😀😀
ReplyDeleteഅങ്ങനെ "പ്രമുഖൻ" കഷ്ടിച്ച് രക്ഷപ്പെട്ടു..
ReplyDelete