Sunday, September 29, 2024

മടക്കയാത്ര

 ഇന്ന് മുഴുവൻ നനഞ്ഞിരിക്കേണ്ടത് ഈ തണുപ്പിലാണല്ലോ എന്നോർത്ത് നടുങ്ങി തീരുകയായിരുന്നു രാവിലത്തെ പകൽ നിഴലിൻ്റെ  അളവുകൾ മാറുന്നതിനൊപ്പം. പറയാനാവാത്ത എന്തോ രഹസ്യം ഒളിപ്പിച്ചു വെച്ചത് പോലെ മൂടൽ മഞ്ഞിൻ്റെ നേർത്ത  ഒരു മറ ആശുപത്രിയുടെ കവാടത്തെ പൊതിഞ്ഞു നിന്നു.  കാഴ്ച മറച്ചു നിന്ന ആ നിഗൂഢതയിലേക്ക് കാർ ഓടിച്ചു കയറ്റുന്ന നേരത്ത് വയറിൽ  ആശങ്കയുടെ കനലെരിഞ്ഞു തുടങ്ങിയിരുന്നു. പഴയ പരിഭ്രമ രാപ്പകലുകളുടെ ഓർമ്മചിത്രങ്ങൾ പൊടി തുടയ്ക്കപ്പെട്ട് അനാവൃതമായി തുടങ്ങിയിരുന്നു.

എമർജൻസി വാർഡ് നിശ്ശബ്ദമായിരുന്നു. വൃത്തിയുള്ള കൗണ്ടറിനു പുറകിലിരുന്ന അറബ് വംശജൻ  ചോദ്യഭാവത്തിൽ ഞങ്ങളെ നോക്കി. ഞങ്ങളുടെ ചോദ്യം അയാളിലേക്കെത്തുന്നതിന് മുൻപ് തന്നെ അവിടെ എന്തോ എഴുതിക്കൊണ്ടിരുന്ന സെക്യൂരിറ്റി ഉത്തരം പറഞ്ഞു.

 'ഇവിടെയില്ല. ഐസിയു വിൽ നോക്കൂ'

ഉള്ളിൽ തടവിൽ കിടന്ന വിഭ്രമക്കിളി ചിറകടിച്ച് വയറിലെരിഞ്ഞ കനലാളുന്നത് ചൂടുള്ള നിശ്വാസങ്ങളായി പുറത്തേക്കൊഴുകി.

'അയാൾ മലബാറിയാണ്. താങ്കൾക്ക് സംസാരിക്കാമായിരുന്നു.' കൂടെ വന്ന പഞ്ചാബി സഹപ്രവർത്തകന് അവരെയൊക്കെ അറിയാം. 

അപ്പോഴേക്കും ഐസിയുവിൻ്റെ ഓട്ടോമാറ്റിക് വാതിൽ തുറന്നു ഞങൾ അകത്തു കയറിയിരുന്നു.   അവിടത്തെ തണുപ്പ് ഇപ്പോഴും കുത്തിക്കയറുന്ന സൂചി തന്നെ. അവിടത്തെ മൗനത്തിനും അനിശ്ചിതത്വം തൂങ്ങി നിൽക്കുന്ന അതേപഴയ   ഗാംഭീര്യം.  ബോംബെ ഹോസ്പിറ്റലിലെ  ഏതോ കോണിൽ ഉള്ളെരിഞ്ഞു ഞാൻ തൊഴുതു നിന്ന മൂർത്തീരൂപം മനസ്സിൽ തെളിഞ്ഞു.  അന്ന് ഫലിക്കാതിരുന്ന ഒരു പ്രാർത്ഥന വീണ്ടും ഉതിർന്നു വീണു.

"രക്ഷിക്കണേ ദൈവമേ."

"വെൻ്റിലേറ്ററിൽ ആണെങ്കിൽ മുകളിൽ സിസിയു വിൽ കൂടി ഒന്നു നോക്കിയെക്കൂ. ഇവിടെ എന്തായാലും ഇല്ല."

രണ്ടു രാജ്യക്കാരാണെങ്കിലും സെക്യൂരിറ്റിയുടെയും എൻ്റെ കൂട്ടുകാരൻ്റെയും  ഭാഷ ഒന്നായിരുന്നു. 

ഞങൾ മുകളിലേക്കുള്ള പടികൾ കയറി. അവിടെയും ഞങ്ങളുടെ ചോദ്യത്തിനുത്തരം ഉണ്ടായിരുന്നില്ല. 

അബ്? 

വിറച്ച് വിറച്ച് ലക്ഷ്യം തേടുന്ന തക്കോലിനോട്  കാറും പുറകിലെ സീറ്റിൽ നിന്ന്  പഞ്ചാബിയും ഒരുപോലെ ചോദിച്ചു.  മുന്നിലെ  വലതു സീറ്റിലിരുന്ന ശ്രീലങ്കക്കാരനും എൻ്റെ മുഖത്തേക്ക് പരിഭ്രമ മൗനം  കൊണ്ടെറിഞ്ഞത് അതേ ചോദ്യം.

അസുഖം മൂർഛിച്ച് രാത്രി ആംബുലൻസിൽ കയറ്റിവിട്ട സഹപ്രവർത്തകൻ്റെ വിവരം അറിയാൻ ആശുപത്രിയിൽ വന്ന് തിരിച്ച് പോകുമ്പോൾ പുതിയ ഒരു വിവരവും കയ്യിലില്ലാത്തതിൻ്റെ മാത്രമല്ലാത്ത ഒരു ശൂന്യത ഞങ്ങളെ ചൂഴ്ന്നു നിന്നു.

ഓഫീസിൽ പ്രക്ഷുബ്ധ മനസ്സുകൾ ചോദിക്കാൻ ഇടയുള്ള എല്ലാ ചോദ്യങ്ങൾക്കും അറിയില്ല എന്ന ഉത്തരം മാത്രം പേറി ഞങൾ അവിടെ എത്തി.

ഞങ്ങളെ കാത്ത് ഒടുവിലത്തെ ഒരുത്തരം അവിടത്തെ അന്തരീക്ഷത്തിൽ മ്ലാനത പരത്തുന്നുണ്ടായിരുന്നു.

മരണം എന്നെ അത്ഭുതപ്പെടുത്താതെയായിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. എങ്കിലും ഇടയ്ക്കൊക്കെ ഞെട്ടിക്കാൻ പുറകിൽ വന്ന്  നിശ്ശബ്ദനായി കറുത്ത  രംഗപടം നിവർത്തും ആ കോമാളി.

അത്തരം ഒരു ഞെട്ടലിൽ നിന്ന്, അതിൻ്റെ  ആഘാതത്തിൽ നിന്ന് ഇനിയും പുറത്തു കടന്നിട്ടില്ല. ഉണ്ണിയുടെ മരണം അത്രയും  പൊടുന്നനെയായിരുന്നു.  ഒരു ചെറിയ സൂചന മാത്രം തന്ന് പെട്ടെന്ന് തലകീഴായി മറിച്ച് മരവിക്കത്തക്കവണ്ണം  ഞെട്ടിച്ചു.

ഒരൗപചാരികതയും വേണ്ടാതെ എപ്പോൾ വേണമെങ്കിലും എടുത്തൊക്കത്ത് വെക്കാവുന്ന ഒരു സ്നേഹക്കീറ്. അതായിരുന്നു ഉണ്ണി.  'അത് നമ്മക്കാരെയെങ്കിലും ശരിയാക്കാ സൈശേട്ടാ' എന്നുറപ്പ് തന്ന് മഞ്ജുവിന് ആശുപത്രിയിൽ കൂടെനിൽക്കാൻ ആളെ ഏർപ്പാടാക്കിയതാണ് ഒരു പാട് ശരിയാക്കലുകൾക്കിടയിൽ ഒടുവിലത്തേത്. അതിനു ശേഷവും കൂടെയുള്ള ആർക്കൊക്കെ എന്തൊക്കെ ശരിയാക്കി കൊടുത്ത് കാണും? സ്വന്തം കാര്യം വന്നപ്പോൾ പക്ഷെ ആർക്കുമൊന്നിനും സമയം കൊടുക്കാതെ  ശരിയാക്കാൻ നിൽക്കാതെ ധൃതി പിടിച്ച്  പോയതെന്തെ ഉണ്ണീ? "അതല്ലാന്ന് ..." എന്ന് തുടങ്ങുന്ന ഒരു വിശദീകരണം  നേർമ്മയുറ്റി വീഴുന്ന അവൻ്റെ ശബ്ദത്തിൽ ഇനി എങ്ങിനെ..?

ഇതാ ഇപ്പൊൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു സഹപ്രവർത്തകൻ്റെ മരണം എന്നെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. വളരെ വേണ്ടപ്പെട്ട ഒരാളുടെ എന്നത് പോലെ തന്നെ ഞങൾ എല്ലാവരും  നിശ്ശബ്ദരായി കണ്ണുകൾ കൊണ്ട് ദുഃഖം പങ്കു വെച്ചു.  തോളിൽ കൈ വെച്ചും ചേർത്ത് പിടിച്ചും നെടുവീർപ്പുകൾ ഉതിർത്തും പരസ്പരം സമാധാനിപ്പിച്ചു.

കണ്ണുകൾ നിറഞ്ഞു വരുന്നത് ഒളിക്കാനായി ഞാൻ പലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു. മരണഭയം പല കണ്ണുകളിലും വാക്കുകളിലും പുറത്ത് വന്നു. 

പ്രവാസത്തിൻ്റെ ഏറ്റവും വലിയ വേദന, ഭയം എല്ലാം ഇത് തന്നെ എന്ന് സുഡാനി സഹപ്രവർത്തകൻ ഉറക്കെ വിഷമിച്ചു.

*ഗൈസ്, പ്ലീസ് ടേക് മീ ബാക്ക് ഹോം."

ഒന്ന് നിറുത്തി തൻ്റെ വലിയ ശരീരത്തിൽ നിന്നും ഒരു കുഞ്ഞിനെപ്പോലെ ശബ്ദമുയർത്തി.

"റീയലി, ഐ വാണ്ട് ടു ക്രൈ."

കാരണങ്ങളും, ചെയ്യാമായിരുന്ന സഹായങ്ങളും, എടുക്കാമായിരുന്ന പ്രതിവിധികളും വരും ദിവസങ്ങളിൽ ചർച്ച ചെയ്യും.

ഇപ്പൊൾ ഞങൾ ഈ ദുഃഖം അനുഭവിച്ച് തീർക്കുകയാണ്.

ഫലിക്കാത്ത പ്രാർത്ഥനകളുടെ നീണ്ട ലിസ്ടിൽ ഞാൻ ഒരെണ്ണം കൂടെ എഴുതി ചേർക്കുകയാണ്.

8 comments:

  1. "മരണം എന്നെ അത്ഭുതപ്പെടുത്താതെയായിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു" -- I am not able to get over this!!!!
    . We just turn numb after some missings.. Not all are blessed to be empathetic to understand that.

    ReplyDelete
  2. സഹപ്രവർത്തകനെ അറിയില്ലെങ്കിലും വായിച്ചപ്പോൾ ഒന്ന് ഉലഞ്ഞു പോയി.

    ReplyDelete
    Replies
    1. മനുഷ്യരല്ലേ നാമെല്ലാം. സഹാനുഭൂതി സഹജമല്ലേ. Thanks.

      Delete
  3. "രക്ഷിക്കണേ ദൈവമേ "എന്ന് പറഞ്ഞ്‌ തീരുന്നതിലും കൂടുതലായി മനുഷ്യരെ സ്നേഹിക്കാന്‍ നമ്മുക്ക് ആവില്ല...... അ പ്രാർത്ഥന വിശ്വാസിയുടെ പ്രാർത്ഥന അല്ല എന്നതും സത്യം💔

    ReplyDelete