Sunday, May 10, 2020

ഡൽഹി.

ഇവിടെയിരുന്ന് ഞാൻ കരയുകയാണ്.
കണ്ണുകളും നിറയുന്നുണ്ട്. അവർ അറിയാതിരിക്കാൻ കുട്ടികളോട് തമാശപോലെ പറയുകയാണ്.
ഇരുപത്തിയെട്ട്... അല്ല മുപ്പത്തിരണ്ട്.

പക്ഷേ പാലുവാങ്ങാൻ ഇറങ്ങിയ പിതാവിനെ,
അവനെ കാത്തിരിക്കുന്ന കുഞ്ഞിനെ
വർണിക്കുമ്പോൾ തേങ്ങി പോയി.

ഇന്നലെ രാത്രി അവന്റെ കരച്ചിൽ കേട്ട് കരളു പൊട്ടി ഉണർന്നതല്ലെ ഞാൻ. എന്റെ തേങ്ങൽ അവളെയും ഉണർത്തി.

ഇങ്ങനെ ഇമോഷണൽ ആയാലെങ്ങനെയാ? എവിടെയോ ഉള്ള ഏതോ കുഞ്ഞിനെയോർത്ത്...

ഏതോ കുഞ്ഞോ? ആ പ്രായത്തിലുള്ള ഒന്നല്ലേ എന്റെ ചൂടും പറ്റി ഈ കിടക്കുന്നത്. ഞാനൊന്ന് തിരിഞ്ഞു കിടന്നാൽ അറിയില്ലേ ഇവൻ. അച്ചനെന്തെ വരാത്തെ എന്ന് അവന്റെ ഭാഷയിൽ അവൻ അമ്മയോട് ചോദിക്കുന്നുണ്ടാവില്ലേ? ആരോ ചെയ്ത, ആരും ചെയ്യാത്ത തെറ്റുകൾക്ക് ഉത്തരം പറയാൻ ഈ കുരുന്നിനെ ഏൽപ്പിച്ച ശക്തി സർവശക്തൻ! എനിക്കിന്ന് ഇനി ഉറക്കം വരില്ല. നീ കിടന്നോ.

അവളുറങ്ങി കഴിഞ്ഞിരുന്നു. അല്ലെങ്കിലും ജഡ്ജ്മെന്റ് കഴിഞ്ഞാൽ ജഡ്ജി വാദം കേൾക്കുമോ?

ഉറക്കം വേറെ വഴിക്ക് പോകാതിരിക്കാൻ  ഓർമയുടെ പുതിയ കുപ്പായങ്ങൾ എടുത്തിടാൻ നോക്കി. ഇരുട്ടത്ത് ഒന്നും പാകമായില്ല.

                           * * *

കാലത്ത് കാറിൽ ജീവിത യാത്രയെ പറ്റി കിഷോർ പാടുമ്പോൾ അവൾ  അടുത്തിരുന്നു പറഞ്ഞ് തുടങ്ങി. കാറിന്റെ
ആദ്യ  സർവീസിന് സമയമായി, തുന്നാൻ കൊടുത്ത കുപ്പായങ്ങൾ വാങ്ങണം. അളവ് ശരിയായിട്ടുണ്ടാകുമോ എന്തോ. കൊറോണ നാട്ടിലെത്തി എന്ന് വായിച്ചില്ലേ. കുറച്ച് സാനിറ്റൈസർ വാങ്ങി വയ്ക്കണം.  എല്ലാം ഞാൻ ഓർമിപ്പി ച്ചാലെ ചെയ്യുള്ളു. മോന്റെ ബർത്ത്ഡേ കേക്ക് ഓർഡർ ചെയ്യണം.

ആ മോന്റെ പിറന്നാൾ ഇനി ആരാഘോഷിക്കും? അവന്റെ പിറന്നാളിന് ഇനി പഴയ മധുരം ഉണ്ടാകുമോ? അവന്റെ പിറന്നാൾ സമ്മാനങ്ങൾ ഇനി ആര് വാങ്ങി കൊടുക്കും, പിറന്നാൾ ഉമ്മകൾ മറ്റാര് കൊടുത്താലും ആ ചുണ്ടുകൾക്ക് പകരമാവുമോ?

കൈ കൊണ്ട് നിഷ്കരുണം കൊന്നു തള്ളിയിട്ട് വലിയ വായിൽ ശാന്തിക്ക് വേണ്ടി നിലവിളിക്കുന്നു. നിസ്സംഗത കൊണ്ട് ക്രൂരതക്ക് മതിലുകെട്ടിയിട്ട്‌  കാപട്യം കൊണ്ട് പ്രകടന പരമ്പരയ്ക്ക് വേദിയുണ്ടാക്കുന്നു..

ശാന്തി, നന്മ, സമത്വം, സാഹോദര്യം ഉച്ചത്തിൽ ഉയർന്നു കേൾക്കുന്ന സർവ കക്ഷി സന്ദേശങ്ങൾ.

രാത്രി കണ്ട സ്വപ്നം  ഓർമയിൽ തന്നെയുണ്ട്. ഓർക്കുമ്പോഴെ  വിയർത്തു തുടങ്ങുന്ന കാഴ്ചകൾ. തീയാണ് നിറയെ, ആർത്തനാദങ്ങൾ കേൾക്കാൻ ഉണ്ട്. ചോര ചിന്തുന്ന ശരീരങ്ങളാണ് നാലുഭാഗത്തും. ഒരു ഇരുമ്പ് വേലിക്കപ്പുറത്ത് പേടിച്ച് കരയുന്ന മോന്റെ മുഖം. കയ്യെത്ര നീട്ടിയിട്ടും അവനെ തൊടാനോ തലോടാനോ പറ്റുന്നില്ല. അവൻ എന്നെ വിളിച്ച് കരയുകയാണ്.. അച്ഛാ, പപ്പാ, അബ്ബാ കാതിൽ ഇപ്പോളും ആർത്തലയ്ക്കുന്നു.

ഓഫീസിൽ എത്തിയപ്പൊഴേക്കും വിയർത്തു കുളിച്ചിരുന്നു.  വിഭ്രമത്തിന്റെ ദാഹം കുറേ കുടിച്ചു തീർത്തു. ക്ലാസിലേക്കുള്ള പാഠഭാഗങ്ങൾ ഒന്നു മറിച്ചു നോക്കി. വീട്ടിലേക്ക് ഒന്നു വിളിച്ച് നോക്കണോ. അവന്റെ കൊഞ്ചൽ കേൾക്കുന്നത് എന്ത് രസമാണ്.

വിളിച്ചില്ല.

എന്നത്തേയും പോലെ ക്ലാസ്സ് നന്നായി തന്നെ പോകുകയായിരുന്നു. അന്നത്തെ പത്രത്തിലെ ലേഖനം വായിച്ച്  മനസ്സിലാക്കാൻ പറഞ്ഞ് കസേരയിൽ ഇരുന്നു. 

സർ കല്യാണം കഴിഞ്ഞ് പത്ത് ദിവസം പോലുമാകാത്ത ഒരാൾ  മരിച്ചല്ലോ - കൊല്ലപ്പെട്ടു എന്നാണ് ശരി എന്ന് അവനുമറിയാം, പിന്നെന്താണ് ആ വാക്ക് ഉപയോഗിക്കാത്തത്?

എത്ര പേരാണ് സർ മരിക്കുന്നത്. എന്താണ് പോലീസ് ഒന്നും ചെയ്യാത്തത്?

അച്ഛാ എന്റെയുള്ളിൽ ആ വിളിയുയർന്നു.

പുഞ്ചിരിയുടെ ഒരു മുഖാവരണം എടുത്തിട്ട് എത്ര പേർ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു. ഇരുപത്തിയെട്ട് അല്ല ഇന്ന് രാവിലെ മുപ്പത്തിരണ്ടായി.

അതിൽ കുഞ്ഞിന് പാലുവാങ്ങാൻ പുറത്തിറങ്ങിയ ഒരച്ഛനും. എത്രനേരം വാതിലിനു പുറത്തേക്ക് നോക്കി നിന്നു കാണും ആ കുഞ്ഞ്. വേഗം വരാട്ടോ എന്നും പറഞ്ഞല്ലെ ഏത് അച്ഛനും വീട്ടിൽ നിന്ന് ഇറങ്ങുക.

വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയത് അറിഞ്ഞില്ല. പകരം വിങ്ങലുകൾ പുറത്തേക്ക് ഒഴുകി.

എന്റെ ഉള്ളിലെ തേങ്ങൽ മനസ്സിലായിക്കാണും. കുട്ടികൾ നിശ്ശബ്ദരായി എങ്ങോട്ടോക്കെയോ നോക്കി ഇരിക്കുന്നു. ചില നെടുവീർപ്പുകൾ ക്ലാസ്സിലെ സഹാനുഭൂതിക്ക് അടിവരയിട്ടു.

വാക്കുകൾ അപ്രസക്തമായി. അർത്ഥങ്ങൾ മുറി നിറയെ പറന്നു നടന്നു.

8 comments: