Tuesday, April 30, 2024

ദിവ്യപ്രണയം

എനിക്കെന്തിന്റെ കുഴപ്പമായിരുന്നു? എസീ ബസ്സിലിരുന്ന് സുഖമുള്ള വെയിലില്‍ ദുബായ് നഗരക്കാഴ്ചകള്‍ പുറകോട്ട് പോകുന്നത് കണ്ടിരുന്നാല്‍ മതിയായിരുന്നു. കയ്യിലെ ഫോണില്‍ ഫേസ്ബുക്ക്/ ഇന്‍സ്റ്റഗ്രാം റീലുകള്‍ കണ്ടിരുന്നാല്‍ മതിയായിരുന്നു, യുട്യുബില്‍ വീഡിയോ കാണാമായിരുന്നു, ആമസോണ്‍ പ്രൈമില്‍ സിനിമ കാണാമായിരുന്നു (മാസാവസാനം ബാക്കിയുള്ള ഡാറ്റ തീര്‍ന്നു കിട്ടുകയും ചെയ്യുമായിരുന്നു.)



ഇനി രണ്ടു സ്റ്റോപ്പ്‌ അപ്പുറത്തുള്ള ഓഫീസില്‍ എങ്ങിനെ എത്തിച്ചേരും
? ങ്ഹാ പറഞ്ഞിട്ട് കാര്യമില്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലേ (വേലിയിലിരുന്ന പാമ്പിനെ... എന്നതാണ് സന്ദര്‍ഭത്തിന് തികച്ചും അനുയോജ്യം) പഴഞ്ചൊല്ല്.


കണ്ണീരു കണ്ടാല്‍ സ്വതവേ ഞാന്‍ ദുര്‍ബലനാവും. അതൊരു സ്ത്രീയുടെതാണെങ്കില്‍ പറയാനുണ്ടോ!


തൊട്ടടുത്ത സീറ്റില്‍ ഒരു തേങ്ങല്‍ കേട്ടു തിരിഞ്ഞു നോക്കിയത് എന്നിലും ആകാരമുള്ള വിളറി വെളുത്ത ഒരു ഫിലിപ്പിനോ വനിതയുടെ മുഖത്തേക്ക്. കൂളിംഗ് ഗ്ലാസ്സിനടിയില്‍ നിന്ന് തുടച്ചെടുത്ത ടിഷ്യു പേപ്പര്‍ മൂക്കിലേക്ക് വെച്ച് അവര്‍ ഒന്ന് ചീറ്റി. കണ്ണിലെ സങ്കടം കണ്ടില്ലെങ്കിലും ആ ചീറ്റലില്‍ അതിന്റെ ആഴം അറിഞ്ഞ് എന്‍റെ ഗൌരവം ഒന്നയഞ്ഞു.


ആര്‍ യു ആള്‍റൈറ്റ്
?


കാന്റ് യു സീ
? ഐ ഹാവ് എ കോള്‍ഡ്.


കോലോത്തെ തംബ്രാട്ടിയാടോ എന്ന മഞ്ജുവാര്യര്‍ ടോണില്‍ അവര്‍ കരഞ്ഞു. പിന്നെ ആ കൂളിംഗ് ഗ്ലാസ്സിനുള്ളില്‍ നിന്ന് ഒരു കണ്ണീര്‍ കടല്‍ ഒഴുകിയിറങ്ങി. പുറംകൈ കൊണ്ട് മൂക്കും ചുണ്ടും ചേര്‍ത്ത് കുഞ്ഞുങ്ങളെ പോലെ തുടക്കുന്നത് കണ്ട് അയ്യേ എന്നായെങ്കിലും ആ കണ്ണീര്‍ എന്നെ പഞ്ഞിമുട്ടായി പോലെ അലിയിച്ചു.


വാട്ട് ഈസ്‌ ദ മാറ്റര്‍ ഡിയര്‍
? (ആ ഡിയര്‍ ഒക്കെ എവിടുന്ന് വന്നോ ആവോ) തലയ്ക്കു പിന്നാലെ മുഴുവന്‍ ശരീരവും അവര്‍ക്ക് നേരെ തിരിച്ചു കൊണ്ട് ഞാന്‍ ക്ഷമ കെട്ടു.


ഇറ്റ്സ് മൈ ബോയ്ഫ്രണ്ട്. അവന്‍ എന്നെ വിട്ട് പോയി.


സങ്കടക്കടലില്‍ കൊടുങ്കാറ്റടിച്ചിട്ടെന്ന പോലെ അവര്‍ വാവിട്ടു കരയാന്‍ തുടങ്ങി. കമ്പിയില്‍ തൂങ്ങിനിന്ന ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹം
, നോമിനേഷന്‍ പിന്‍വലിച്ചു പാര്‍ട്ടി മാറിയ സ്ഥാനാര്‍ഥിയെ എന്ന പോലെ എന്നെ നോക്കുന്നു.


അവന്‍ ഫിലിപ്പിന്സിലെക്ക് തിരിച്ചു പോയോ
?

അല്ല ഇന്ത്യയിലേക്ക്. ഹീ വാസ് ഏന്‍ ഇന്ത്യന്‍. (ങാഹാ)


അടുത്തിടെ കണ്ടു പ്രേമിച്ചതാണ് രണ്ടുപേരും. രണ്ടു തവണ അവന്‍റെ കൂടെ റൂമില്‍ പോയിട്ടുണ്ട്. പേരും സ്ഥലവുമല്ലാതെ അവനെ കുറിച്ച് ഒന്നും അറിയില്ല. ഇന്ത്യയിലെ അഡ്രസ്‌ കയ്യിലുണ്ട്.


ദിവ്യപ്രണയത്തിന്റെ ഫിലിപ്പിന്‍സ് വേര്‍ഷന്‍ കണ്ടന്തം വിട്ട് ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.


വേര്‍ ഈസ്‌ ഹീ ഫ്രം ഇന്‍ ഇന്ത്യ?


അവരുടെ ഭാഷയില്‍ പറഞ്ഞ സ്ഥലപ്പേര് എനിക്ക് മനസ്സിലായില്ലെന്ന് ഞാന്‍ മുഖം വക്രിച്ചു.


കാലിക്കറ്റ്


ഇംഗ്ലീഷില്‍ അവര്‍ പറഞ്ഞത് കേട്ട് നമ്മുടെ കോഴിക്കോടിന്‍റെ ടാഗലോഗ് തര്‍ജ്ജമയില്‍ നാണിച്ച് ഓര്‍ക്കാതെ ഞാന്‍ കുഴിയില്‍ ചാടി.


ഐ ആം ആള്‍സോ ഫ്രം കാലിക്കറ്റ്.


ഞൊടിയിടയില്‍ അവര്‍ എന്‍റെ കൈകള്‍ അവരുടെ കൈക്കുള്ളിലാക്കി (മൂക്കും കണ്ണീരും തുടച്ചെടുത്ത അതേ കൈ!) ഞങ്ങളുടെ രണ്ടുപേരുടെയും മൊബൈല്‍ ഫോണ്‍ നിലത്തു വീണു. പുതിയ ഫോണ്‍ വാങ്ങാന്‍ അതൊരു കാരണമാവും എന്ന പ്രതീക്ഷ തെറ്റിച്ചുകൊണ്ട് പോറലൊന്നും ഏല്‍ക്കാതെ അതെന്‍റെ മടിയില്‍ തിരിച്ചുവന്നു.


കാന്‍ യു ഹെല്‍പ് മീ ടു റീച് ഹിം
?


ഭാഷ തിരുത്താനൊന്നും കെല്‍പ്പില്ലാതെ
, പ്രഭാരിയെ കണ്ടിട്ടും പാര്‍ട്ടി മാറാന്‍ കഴിയാതെ ചമ്മി നിന്ന നേതാവിന്റെ ഭാവത്തില്‍ ഞാന്‍ ചുറ്റും നോക്കി. ഒരാവേശത്തിനു കുഴിയില്‍ ചാടിയാല്‍ ഒന്‍പത് ആവേശം കൊണ്ടും കാര്യമില്ല എന്നല്ലേ.


ഫോണില്‍ കുറെ തിരഞ്ഞ് അവര്‍ അവന്‍റെ അഡ്രസ്സ് എനിക്ക് നീട്ടി. പെരുവിരലില്‍ നിന്ന് കയറിവന്ന തരിപ്പ് തലയിലെത്തും മുന്‍പേ എന്‍റെ ശബ്ദമുയര്‍ന്നു.


ആളിറങ്ങണം. മൈ സ്റ്റോപ്പ്‌
, മൈ സ്റ്റോപ്പ്‌.


ഗിവ് മീ യുവര്‍ നമ്പര്‍
, പ്ലീസ്. ഐ വില്‍ കാള്‍ യു.


ബസ്സ്‌ മുന്നോട്ടെടുത്ത് പോയപ്പോള്‍ ആണ് ശ്വാസം വീണത്. അവന്‍റെ ഒരഡ്രസ്സ്!!
 

 വരിക്കാശ്ശേരി ഹൌസ്
കമ്മട്ടിപ്പാടം ലൈയ്ന്‍,
ബ്രോഡ് വേ,
കോഴിക്കോട് (Calicut)
കേരള – ഇന്ത്യ
പിന്‍ 680215.

 

തിരക്കിനിടയില്‍ ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുത്ത നമ്പര്‍ ആരുടേതാണോ?

2 comments:

  1. ചിരിച്ചു കുറെ... കണ്ണീരു കാണുമ്പോ ഉള്ള ആവേശം കുറച്ചില്ലെങ്കിൽ അടുത്ത പണി പെട്ടെന്ന് വരും 😂😂😂😂

    ReplyDelete