Tuesday, October 8, 2024

അമ്മ

അമ്മയുടെ വയറിൽ ചെവിയും ചേർത്തിരിക്കുമ്പോൾ ഇടക്ക് വെള്ളമൊഴുകുന്നത് പോലെയുള്ള ശബ്ദം കേൾക്കാം. തൊലിപ്പുറത്തുള്ള മുറിപ്പാടുകൾ തലോടുമ്പോൾ ഒരു കൊച്ചഹങ്കാരത്തോടെ ക്ഷീണിച്ചതാണെങ്കിലും ഉറച്ച ശബ്ദത്തിൽ തന്നെ പറയും.

മൂന്നെണ്ണമാണ് കഴിഞ്ഞത്.

അതെ മൂന്നെണ്ണം. 1995 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കുറച്ചു മാസങ്ങൾക്കുള്ളിൽ മൂന്ന് മേജർ സർജറികൾ. അതിൽ രണ്ടാമത്തേതും മൂന്നാമത്തേതും തമ്മിൽ വെറും രണ്ടാഴ്ച്ചയുടെ വ്യത്യാസം. അന്നത്തെ രാത്രിക്ക് രണ്ടാണ്ടിന്റെ നീളം.

രാത്രി പതിനൊന്ന് മണി ആയിക്കാണും. ചേച്ചിയാണ് ഫോണെടുത്തത്. നിനക്കാണ്. എനിക്ക് റിസീവർ നീട്ടിക്കൊണ്ട് ചേച്ചി പറഞ്ഞു. 

സതീ കുറച്ചു കുഴപ്പമാണ്. 

ഏടത്തിയമ്മയുടെ അച്ഛനാണ്. എന്തും ലാഘവത്തോടെ കണ്ട് ചുറ്റുമുള്ളവർക്ക് സമാധാനം പകരുന്ന ഒരു സാന്നിധ്യം. പക്ഷെ ഇപ്പോൾ ശബ്ദത്തിൽ കുറച്ചു ഗൗരവം.

ഞാൻ വേറൊരാളെ കൊണ്ട് ഡോക്ടറെ വിളിപ്പിച്ചു. ഈ രാത്രി കടന്നു കിട്ടുമോന്ന് സംശയം. ഷുഗർ മുന്നൂറിന് മുകളിലാണത്രെ. അങ്ങോർക്ക് വലിയ പ്രതീക്ഷയില്ല. ചേച്ചിമാരോടൊന്നും ഇപ്പൊ പറയണ്ട.

ഉച്ചയോടെയാണ് അമ്മയെ തീയേറ്ററിലേക്ക് കൊണ്ടുപോയത്. ഇനിയെന്താ ഇവിടെ എന്ന് ക്ഷീണിച്ച ചോദ്യം. അവിടെ വീണ്ടും വന്നതിലുള്ള ആധിയാവണം. 

ഒന്നുമില്ലമ്മേ, ഒരു ഇഞ്ചക്ഷൻ വെക്കാനാണ്.

മനസ്സിലില്ലാത്ത പുഞ്ചിരി മുഖത്ത് ധരിച്ചിട്ട് നെറ്റിയിൽ ഒരുമ്മയും കൊടുത്തു ഞാൻ. ഇൻജക്ഷൻ മാത്രമാണ് എന്ന ആശ്വാസത്തിൽ അകത്തു പോയതാണ്. 

കുടൽഭ്രംശം ആയിരുന്നു. ഭക്ഷണമോ വെള്ളമോ അകത്തുചെല്ലാതെ ചെറിയ കുടൽ ഉണങ്ങി പോയി. കഴിച്ച ഭക്ഷണമൊക്കെ തങ്ങിനിന്ന് വലിയ കുടൽ പൊട്ടി രണ്ടാമത്തെ തുന്നിക്കെട്ടിന് ഇടയിലൂടെ പുറത്തേക്ക്. ഡ്യൂട്ടി ഡോക്ടർ വന്ന് നോക്കി. അന്തം വിട്ടുനിന്ന സുഷമയുടെ മുഖത്തു നോക്കാതെ എന്നോട് ഫിസ്റ്റുല എന്ന് പറഞ്ഞു. ഡോക്ടർ നാളെ വന്നിട്ട് തീരുമാനിക്കാം എന്നു കൂടി.

പിറ്റേന്ന് സർജറി കഴിഞ്ഞു ഡോക്ടർ പറഞ്ഞു സ്പെഷ്യൽ ഐസിയു റെഡി ആക്കുന്നുണ്ട്. അവിടെ കിടത്താം. അതിന്റെ ബാക്കിയാണ് ഏടത്തിയമ്മയുടെ അച്ഛൻ പറഞ്ഞത്. അപ്പുറത് ഫോൺ വെച്ചിട്ടും റിസീവർ വെക്കാതെ ചുമരും നോക്കി നിന്നത് കുറച്ചെങ്കിലും പരിഭ്രമം മുഖത്തുണ്ടെങ്കിൽ അത് വാർന്നു പോകാൻ ആയിരുന്നു. ചേച്ചിമാർക്ക് എന്റെ മുഖത്തെ ഭാവം വായിച്ചെടുക്കാൻ പറ്റും. 

ഫ്ലാസ്ക് തരു, ചൂടുവെള്ളം വാങ്ങി വരാം 

അവർക്കു മുഖം കൊടുക്കാതെ പുറത്തിറങ്ങാൻ പറ്റി. എന്റെ ഉള്ളിലെ സങ്കടക്കടലിനോട് മുഖം മറയ്ക്കുന്നതെങ്ങിനെ? ഈ രാത്രി അവസാനിക്കുമെന്നോ? ഞാൻ ആ കൊടുത്ത ഉമ്മ അവസാനത്തേതോ? അതും വാങ്ങി വാത്സല്യത്തോടെ, സമാധാനത്തോടെ എന്നോട് പുഞ്ചിരിച്ചത് ഇനി ഒന്ന് കൂടി കാണാൻ പറ്റില്ലെന്നോ? അമ്മമ്മയോട്, അച്ഛനോട് ഇതെങ്ങിനെ പറയും? വിവരമറിയാൻ കൂടെക്കൂടെ ദുബായിൽ നിന്ന് വിളിക്കുന്ന ചേട്ടൻമാരോട് എന്ത് പറയും?   ഇല്ല. ഇതിനൊന്നും ഡോക്ടറുടെ വാക്ക് അവസാന വാക്കാവില്ല. 

ആശുപത്രി വരാന്തയിൽ ബാബു ഉണ്ടായിരുന്നു. നമ്പ്രാട്ടെ ബാബു..  എനിക്ക് ധൈര്യം തരാൻ, കൂടെ ഇരിക്കാൻ അന്ന് രാത്രി ബാബു ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും റോഡിലേക്കിറങ്ങി. ഒരു ലോറി മുന്നിൽ വന്നു നിന്നു. സർദാർജി വഴി ചോദിച്ചതിന് മുറി ഹിന്ദിയിൽ എനിക്ക് മറുപടി പറയാൻ പറ്റി.  

നീ ഈ സ്റ്റേഷനും പിടിക്കുമോ? ബാബുവിന്റെ ചോദ്യം എന്റെ പിരിമുറുക്കം ഒന്ന് കുറച്ചു. ഹോട്ടലിൽ പോയി ഫ്ലാസ്കിൽ വെള്ളം നിറച്ചു തിരിച്ചു വരുമ്പോൾ അമ്മയെ പറ്റി, ഡോക്ടർ പറഞ്ഞതിനെ പറ്റി  വീണ്ടും ചിന്തിച്ചു. ബാബുവിനോട് പറയാനുള്ള ധൈര്യം വന്നില്ല. ബാബു പക്ഷെ പറഞ്ഞ വാക്കുകൾക്ക് വലിയ അർത്ഥങ്ങളുണ്ടായിരുന്നു, ആഴമുണ്ടായിരുന്നു.

'എപ്പോഴും എന്തെങ്കിലും നഷ്ടപ്പെടാൻ തയ്യാറായി ഇരിക്കണം നമ്മൾ'

സ്വന്തം അനുഭവം ഓർത്തെടുത്ത് ബാബു അച്ഛൻ മരിച്ച രാത്രിയെ കുറിച്ച് പറഞ്ഞു. ഞാൻ ബാബുവിന്റെ കൈ മുറുകെ പിടിച്ചു കാണും എന്നുറപ്പ്. എനിക്ക് ഓർമയുണ്ടായിരുന്നു. അച്ഛനോട് അന്ന് ഒന്നും സംസാരിക്കാൻ പറ്റിയില്ല എന്ന് അജി അവിടെ സോഫയിൽ കിടന്നുറക്കെ കരയുന്നുണ്ടായിരുന്നു. ചുറ്റും സങ്കടക്കടൽ ഒഴുകുമ്പോൾ നമ്മളും ഒഴുകിപോകില്ലേ കൂടെ.  

മുറിയിൽ പോയി ചേച്ചിമാർക്ക് മുഖം കൊടുക്കാതെ തന്നെ പുറത്തിറങ്ങി. ഒരു കടലുണങ്ങി കിടക്കുന്ന മുഖം കണ്ടാൽ അവർ ചോദിക്കാതിരിക്കുമോ ഇവന്റെ മുഖമെന്താ ഇങ്ങനെ എന്ന്? അവരുടെ ഒരു  വാക്ക് വീണാൽ നനഞ്ഞൊഴുകില്ലേ ഞാൻ കരുതിവെച്ച നിസ്സംഗത? 

രാത്രിയായാൽ ആശുപത്രിയിലെ ശ്വാസത്തിന് പോലും ഭാരം കൂടും. അന്നത്തെ രാത്രിക്ക് ഭാരം മാത്രമല്ല നീളവും കൂടുതലായിരുന്നു. അമ്മയെ കിടത്തിയ മുറിക്കു മുൻപിൽ പത്രം വിരിച്ചു ഞാൻ കിടന്നു. കൂടെ ഞാൻ കേൾക്കാത്ത ശബ്ദങ്ങൾ പറഞ്ഞു ബാബുവും. ഇടയ്ക്കിടെ ഉണർന്ന് ഞാൻ ആ വാതിലിലേക്ക് നോക്കും, ഞാനറിയാതെ കാറ്റ് പോലും അകത്തേക്ക് പോകരുത്. ഇടക്ക് നഴ്സ് അകത്തേക്ക് പോകുന്നത് കാണും. കതകിന്റെ വിടവിലൂടെ ഒന്ന് അമ്മയെ കാണാൻ ഞാൻ ഏന്തി നോക്കും. അപ്പോഴേക്കും ആ വാതിലടയും. പിന്നെ എപ്പോഴോ നിലത്തെ തണുപ്പ് പുതച്ചു മയങ്ങിപ്പോയി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മയെ മുറിയിൽ കൊണ്ടുവന്നു. മരുന്നുകളും, നഴ്‌സുമാരും ഒക്കെയായി കുറെ ദിവസങ്ങൾ വീണ്ടും.

അമ്പതു ദിവസത്തെ ആശുപത്രി വാസം അമ്മയ്ക്കും ഞങ്ങൾക്കും മടുത്തിരുന്നു. പക്ഷെ മുറിവ് മുഴുവൻ ഉണങ്ങിയിരുന്നില്ല. ഡോക്ടറും അധികം പ്രതീക്ഷ തന്നില്ല. ഇനി വീട്ടിൽ കൊണ്ടുപോയ്ക്കൂടെ എന്നാണ് ചോദിച്ചത്. ആ ചോദ്യം ഞാൻ അമ്മയോടും ചോദിച്ചു. 

'വീട്ടിൽ പോവാം?'

അതായിരുന്നു മരുന്ന്. അന്ന് തൊട്ട് അമ്മയുടെ മുറിവുണങ്ങി തുടങ്ങി.  രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങൾ ഒലിക്കര മുറ്റത്തു കാറിറങ്ങി. ഡിസ്ചാർജ് ചെയ്യുമ്പോൾ ഡോക്ടർ പറഞ്ഞത് ഒറ്റ കാര്യം. പൊറോട്ട കഴിക്കരുത്. പഴയപോലെ കുടൽ മുഴുവനും ഇല്ല. ദഹനം ശരിക്ക് നടക്കില്ല.

പിന്നെയും പതിനാലു കൊല്ലം, ഇടയ്ക്ക് ഒരു കഷ്ണം പൊറാട്ടയൊക്കെ ചോദിച്ചു വാങ്ങി തിന്ന്, സന്തോഷവും സങ്കടവും വീണ്ടുമറിഞ്ഞ് 2009ലാണ് അമ്മ പോയത്. അന്നാണ് ഞാൻ ആ കടലൊഴുക്കി വിട്ടത്.

2 comments:

  1. പഴയ ലൈബ്രറി തിരയുമ്പോ മുത്തശ്ശൻറെ 1987 ലെ ഡയറി കിട്ടി. ഒരു ജൂണിൽ, അവസാനത്തെ വാക്കുകൾ എഴുതിയ ഡയറി.. അതിനു 3 ദിവസത്തിന് ശേഷം എന്റെ ബാബു ദാദ അത് വീണ്ടും എഴുതി തുടങ്ങി.. "Achan passed away" എന്ന്.. ദാദേടെ സങ്കട കടൽ ഒഴുക്കി വിടാൻ തുടങ്ങിയത് അങ്ങനെ ആവണം.. കഴിഞ്ഞ വർഷം ആ ഡയറി ദാദക്കു കൊടുത്തപ്പോ ആ മുഖത്ത് വന്ന ഭാവങ്ങൾ വായിച്ചെടുക്കാൻ ഞാൻ ശെരിക്കും കഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. He sounded so emotionally philosophical that day. His words carried pain. Still remember that evening very vividly.

      Delete