പ്ലീസ് ഹെൽപ് ബ്രോ
പച്ച കത്തിയിട്ടുണ്ട്.
റോഡ് മുറിച്ചു കടക്കാനുള്ള സിഗ്നൽ. സൈക്കിളുകളുടെയും ഇലക്ട്രിക് സ്കൂട്ടികളുടെയും
എന്നെ പോലെ നടക്കാനിറങ്ങിയ മറ്റു പലരുടെയും തിരക്കിൽ കൂടെ ചേർന്ന് നടക്കാൻ
തുടങ്ങുകയായിരുന്നു. അപ്പോളാണ് പുറകിൽ
നിന്ന് സഹായാഭ്യാർത്ഥന കേട്ടത്. തിരിഞ്ഞു
നോക്കി. അത് പ്രതീക്ഷിച്ചിരുന്ന പോലെ അയാൾ ധൃതിപ്പെട്ട് വന്ന് എന്റെ വലതു കൈ ബലമായെടുത്ത് ഒരു
ഹസ്തദാനത്തിലേക്ക് ചേർത്തു.
യെസ്?
ഭായി മെ അബുദബി സെ ആയാ
ഹും. ഏക് ഇന്റര്‍വ്യൂ ഥാ.
ഹിന്ദിയിലേക്ക് ചുവടു
മാറ്റി അയാൾ കാര്യം വിശദീകരിച്ചു. രാവിലെ വന്നതാണ്. കയ്യില്‍ കരുതിയ കാശ് മുഴുവന്‍
തീര്‍ന്നു. തിരിച്ച് പോകാൻ കാശില്ല. അവിടത്തെ ബസ് കാർഡ് മാത്രമേ കയ്യിലുള്ളൂ. ഒരു
പത്തു രൂപ (ദിർഹം) തരുമോ?
പെഡസ്ട്രിയൻ
സിഗ്നലിലേക്ക് കണ്ണ് നട്ടിരുന്ന ഞാൻ മറ്റൊന്നും ഓർക്കാതെ പഴ്സ് കയ്യിലെടുത്തു. അയാളുടെ മുഖത്ത് ഒരു മന്ദഹാസം വിടരുന്നത്
കണ്ടു. പഴ്സ് കാലിയായിരുന്നു. ഗൂഗ്ള്‍ വാലറ്റ് ഉള്ളത് കൊണ്ട് കാശ് അധികം കയ്യില്‍
വെക്കാറില്ല. ഞാന്‍ നിരാശ ഭാവിച്ച് അയാളുടെ മുഖത്ത് നോക്കി.
ബുസ്താന്‍ സെന്ററില്‍ എ
ടി എം ഉണ്ട്
പഴ്സിലുള്ള എന്റെ കാര്‍ഡിലേക്ക് നോക്കി അയാള്‍ റോഡ് സൈഡിലേക്ക് ചൂണ്ടി.
അപ്പോഴാണ് അയാളെ ഞാന്‍ ശ്രദ്ധിക്കുന്നത്. ടക് ഇൻ ചെയ്ത ഫുൾ കൈ ഷർട്ട്, ഫോർമൽ പാന്റ്, ഒരു
ഉദ്യോഗാർത്ഥിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു മുഴുവന്‍ ദിവസത്തെ
മുഷിച്ചില് ഒന്നും അയാളുടെ
ശരീരഭാഷയിൽ ഇല്ല. ചുളിവുകൾ വീണ നെറ്റി മേലേക്ക് പടർന്നു കഷണ്ടിയായി
തുടങ്ങിയിട്ടുണ്ട്. മീശയില്ലാത്ത മുഖത്ത് ദൈന്യമായ
ഒരപേക്ഷാഭാവം.
കുറച്ച് ദിവസം മുൻപും
ഇങ്ങനെ ഒരാൾ സഹായം ചോദിച്ചതായിരുന്നു. ഒരു അത്തറ് കച്ചവടക്കാരൻ. കയ്യിലിരുന്ന
രണ്ടു ചെറിയ കുപ്പികൾ എന്റെ നേരെ നീട്ടി.
ദസ് ദിർഹം ഹെ. ഏക് ഫ്രീ
ലേലോ.
വേണ്ടാ എന്ന് തലയാട്ടി
നടന്നു നീങ്ങിയ എന്റെ മുന്നിൽ വഴി മുടക്കി അയാൾ വന്ന് നിന്നു.
തീൻ ദിൻ സേ കുച്ച് ഖായാ
നഹി. അഞ്ചോ പത്തോ തരൂ.
രാത്രി ഭക്ഷണം വാങ്ങാൻ
ഇറങ്ങിയതായിരുന്നു.
കൂടെ വരൂ ഭക്ഷണം വാങ്ങി
തരാം.
വേണ്ട, പൈസ തന്നാൽ ഞാൻ പിന്നീട് കഴിച്ചോളാം.
സാരമില്ല വരൂ.
നമുക്കൊരുമിച്ചിരുന്ന് കഴിക്കാം.
വിശക്കുന്നവന് ഭക്ഷണം
നൽകുന്ന പുണ്യം ഓർത്ത് സ്വാർഥതയോടെ നിർബന്ധിച്ചു.
ഞാൻ എന്തോ അരുതാത്തത്
ചെയ്തത് പോലെ എന്തൊക്കെയോ പിറുപിറുത്തു
കൊണ്ട് അയാൾ എതിർ ദിശയിലേക്ക് വേഗത്തിൽ നടന്നു പോയി.
സ്ഥിരം പരിപാടിയാണ്
ഇക്കാ. കാശൊന്നും കൊടുത്തില്ലല്ലോ?
മുന്നിലെ സൂപ്പർമാർക്കറ്റിൽ
നിന്ന് ഇറങ്ങി വന്ന ചെറുപ്പക്കാരൻ ചിരിച്ചു കൊണ്ട് അഭിനന്ദിച്ചു. എന്തൊരു ലോകമിത്
എന്ന് അന്ധാളിച്ചു ഞാൻ അന്ന് ഒരു പൊറോട്ട കൂടുതൽ കഴിച്ചു.
എന്താവും ഇങ്ങനെയുള്ള
കക്ഷികള്‍ എന്റെ മുന്നില്‍ തന്നെ വന്ന് ചാടുന്നത്. എന്തു പറഞ്ഞാലും വിശ്വസിക്കുന്ന
തരത്തില്‍ ഒരു നിഷ്കളങ്കന് ആണ് ഞാന്‍ എന്ന് എന്റെ മുഖം കണ്ടുറപ്പിക്കാന്‍ പറ്റുമോ? ഇനി ഈ അബുദാബിക്കാരന്റെ കഥ എന്താണാവോ?
ചിന്തകള്‍ക്കിടയില്‍ പച്ച
സിഗ്നൽ കത്തിയും കെട്ടും ചുവപ്പിലേക്ക് മാറി.
മുന്നിൽ നിൽക്കുന്ന സുഹൃത്തിന്റെ മുഖവും മറ്റു രീതികളും ഒന്നടുത്തു നിരീക്ഷിക്കാൻ
ഞാൻ മുതിർന്നു. ഇടയ്ക്ക് ചുറ്റിലും നോക്കുന്നുണ്ട്. കൂടെക്കൂടെ വാച്ചിലും. കള്ളലക്ഷണങ്ങള്‍
ഒന്നും ഇല്ലെങ്കിലും എന്തോ ഒന്ന് അയാളെ വിഷമിപ്പിക്കുന്നുണ്ട്.
എന്റെ കയ്യിലേക്കും
പഴ്സിലേക്കും മാറി നോക്കി ആ ഉദ്യോഗാർത്ഥി
അക്ഷമനായി. അയാളെ ഒരു സൈഡിലേക്ക് മാറ്റി
നിർത്തി ശാന്തനായി ഞാൻ ചോദിച്ചു.
പത്ത് ദിർഹം കൊണ്ട് നിങൾ
എങ്ങിനെ അബുദാബിയിൽ എത്തും? ഞാൻ നിങ്ങൾക്ക് ഒരു നോൾ കാർഡ് വാങ്ങി തരാം അത്
ഉപയോഗിച്ച് നിങ്ങൾക്ക് മെട്രോയിൽ ബസ് സ്റ്റാൻഡിലും അവിടെ നിന്ന് അബുദാബി ബസ്സിലും
പോകാം.
വേണ്ട ബ്രോ. താങ്കളെ
ബുദ്ധിമുട്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
സാരമില്ല. മനുഷ്യന്
മനുഷ്യനെ സഹായിക്കാൻ ആവുന്നിലെങ്കിൽ പിന്നെ നമ്മുടെ ജീവിതത്തിന് എന്താണ് അർത്ഥം?
അയാളുടെ കൈ പിടിച്ച്
മെട്രോ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ രണ്ടു കാര്യം ഉറപ്പിച്ചു. ഇയാള്‍ പറയുന്നത്
ശരിയാണെങ്കിൽ എന്റെ ചിലവിൽ ഇയാള്‍ അബുദാബിയിൽ എത്തും. അല്ല വേറെ എന്തങ്കിലും ആണ്
കാര്യമെങ്കിൽ അതറിഞ്ഞിട്ട് തന്നെ ബാക്കി.
എന്റെ വേഗത്തിലുള്ള
നടത്തം കണ്ടിട്ടാവും അയാൾ നടന്നൊപ്പമെത്തി. പതിഞ്ഞ ശബ്ദത്തിൽ ഞാൻ മാത്രമേ കേൾക്കൂ
എന്ന് ഉറപ്പു വരുത്തി കുറ്റബോധത്തോടെ താഴോട്ട് നോക്കി പറഞ്ഞു.
ബ്രോ ഞാൻ വെറുതെ
പറഞ്ഞതാണ്. എന്റെ വീട് മുഹൈസ്നയിൽ ആണ്. പൈസക്ക് ആവശ്യം വന്നപ്പോൾ ഇതാണ് ഒരു വഴി
തോന്നിയത്. സോറി.
നമുക്കൊരു ചായ കുടിക്കാം
അയാൾ അനുസരണയോടെ കൂടെ
വന്നു. ഒരു പ്രൈവറ്റ് കമ്പനിയിൽ ക്ലറിക്കൽ ജോലിയാണ്. ഭാര്യയും ഏഴ് വയസ്സുള്ള മോനും
ഉണ്ട് കൂടെ. ശമ്പളം പകുതിയോളം മുറി വാടകയായി പോകും. ബാക്കി കൊണ്ട് മാസത്തിന്റെ രണ്ടറ്റവും
കഷ്ടിച്ച് കൂട്ടി മുട്ടിക്കും. കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് ഒരു പനി വന്നു. ഇൻഷുറൻസ്
കവറേജ് ഇല്ലാത്ത ഒരു മരുന്ന് ഉണ്ടായിരുന്നത് കൊണ്ട് നൂറു ദിർഹം ചിലവായി. ഇന്ന് മകൻ ബ്രോസ്റ്റഡ് ചിക്കന്‍ വേണമെന്ന് വാശി
പിടിച്ചു. ഇല്ലാത്ത പണം ഉണ്ടാക്കാന്‍ വേണ്ടിയാണ് നുണ പറഞ്ഞ് താങ്കളെ പിടിച്ചു
നിർത്തിയത്.
കാശില്ലെന്ന് എന്തെ മോനോട് പറയാത്തത്?
ഇതുവരെ അവന് ആവശ്യപ്പെട്ടത് ഒന്നും വാങ്ങി കൊടുക്കാതിരുന്നിട്ടില്ല. കുഞ്ഞല്ലേ
അവന് ഇതൊന്നും അറിയണ്ട എന്ന് കരുതി.
അടുത്ത് എവിടെയാണ് ബ്രോസ്റ്റഡ് ചിക്കന്‍ കിട്ടുക എന്ന് ഗൂഗിളില്‍ തിരഞ്ഞു. റോഡിന്റെ മറുവശത്ത് കുറച്ചു
മുന്നോട്ട് പോയാല്‍ KFC ഉണ്ട്. മെട്രോ
സ്റ്റേഷന് വഴി റോഡ് മുറിച്ച് കടക്കാം.
നമുക്ക് വാങ്ങാം. വരൂ.
ചായയുടെ പൈസ ഫോണിലൂടെ കൊടുത്ത് ഞാന്‍ നടന്നു. അയാള്‍ എന്റെ പുറകെ വന്ന്
ഒരിക്കല്‍ കൂടി ഹസ്തദാനം ചെയ്തു.
നിങ്ങള്‍ നല്ലവനാണ്. ദൈവം നിങ്ങള്‍ക്ക് നല്ലത് വരുത്തട്ടെ.
ഒരു കിഡ്സ് മീലിന് KFCയില്‍ എത്രയാവും എന്ന് കണക്കു കൂട്ടി നടക്കുമ്പോള്‍ ആണ് അതു
സംഭവിച്ചത്. രണ്ടു ചെറുപ്പക്കാര്‍ മുന്നില്‍.
സര്, ഞങ്ങള്‍ ഇതുവാങ്ങി വരുമ്പോള്‍ ആണ് ഒരു സുഹൃത്ത് വിളിച്ചത്. ഇന്ന് അവന്റെ
ബര്ത്ഡേ പാര്‍ടി ആണ്.
അവരുടെ കയ്യില്‍ പന്ത്രണ്ട് പീസിന്റെ ഒരു ഫാമിലി ബക്കറ്റ്.
ഇത് ഞങ്ങള്‍ താങ്കള്‍ക്ക് തരട്ടെ?
ഞാനത് വാങ്ങി എന്റെ സഹയാത്രികന് കൈമാറി. ഫോണ്‍ എടുത്ത് അവരോടു അക്കൗണ്ട്
നമ്പര്‍ ചോദിച്ചു.
ഏയ് കാശൊന്നും വേണ്ട.
എന്നും പറഞ്ഞ് ധൃതിയില്‍ അവര്‍ നടന്നകന്നു. ഇവരെ എവിടെയാണ് കണ്ടിട്ടുള്ളത്
എന്ന് ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നിറഞ്ഞ കണ്ണുമായി അയാള്‍ കൈ കൂപ്പി.
ബ്രോ കഫറ്റീരിയാ സെ ആപ്നേ ഇന്‍കോ യെ ബോലാ ഥാ?
Very well narrated. നമ്മൾ കടന്നു പോകുന്ന ഒരു ജീവിത സന്ദർഭത്തെ വളരെ രസകരമായി അവതരിപ്പിച്ചു.
ReplyDeleteThank you Rajesh
Deleteനമുക്ക് ചുറ്റും കാണുന്ന കാഴ്ചകൾ.. സിഗ്നലിൽ ഭിക്ഷക്ക് വരുന്ന കുട്ടികൾക്ക് പോലും ഞാൻ പൈസ കൊടുക്കില്ല ചെറിയ ബിസ്ക്കറ്റ് പാക്കറ്റ് മിക്കവാറും ബാഗിൽ വക്കും അവർക്ക് കൊടുക്കാൻ.. അതവിടെ വച്ചു കഴിക്കുന്നത് കണ്ടാൽ സന്തോഷവും
ReplyDeleteഇവിടെ ഇത്തരം പറ്റിപ്പുകള്‍ ഒരു പാടുണ്ട്. കുഴിയില്‍ ചാടാതെ നോക്കാനാ പാട്.
Delete